നബീല്‍ മൈതാനത്തേക്ക് കടന്നു ചെല്ലുമ്പോള്‍ കുട്ടികള്‍ കൂട്ടച്ചിരിയിലായിരുന്നു.
വഴിയോരത്തെ ചെറിയൊരു മൈതാനമായിരുന്നു അത്. അവിടെ രണ്ടു മൂന്ന് മാവിൻ മരങ്ങളുണ്ട്. അവയുടെ ചുവട്ടിലാണ് ഒഴിവു ദിവസങ്ങളില്‍ കുട്ടികള്‍ സമ്മേളിക്കാറ്.
അവിടെ നിന്നാണ് കുട്ടികളുടെ ചിരികളുയരുന്നുത്.
“എന്തു പറ്റീ, കൂട്ടുകാരേ?” നബീല്‍ ചെന്നപാടെ ചോദിച്ചു.
അപ്പോഴാണ് അവര്‍ അല്‍പം അകലെ ഇരിക്കുന്ന ഒരാളിലേക്ക് വിരല്‍ ചൂണ്ടിയത്.
ഒരു വൃദ്ധനാണത്. നബീല്‍ സൂക്ഷിച്ചു നോക്കി.
“ഏ, അത് നമ്മുടെ ബാലന്‍ മാഷല്ലെ?”
“അതെ, മാഷ് തന്നെ.” കുട്ടികള്‍ ഒപ്പം പറഞ്ഞു.
“മാഷ് നടന്നു വരുമ്പൊ, ദാ കണ്ടൊ, ആ ചെളി വെള്ളത്തില് വീണു.” ജാബിറാണ് അത് പറഞ്ഞത്.
“എന്നിട്ട്?” നബീല്‍ ആകാംക്ഷയോടെ ചോദിച്ചു.
“അതിനാ ഇവരൊക്കെ ഇങ്ങനെ ചിരിക്കണത്.” സമീര്‍ അത് പറയുമ്പോള്‍ അവന്‍റെ മുഖത്ത് കൂട്ടുകാരുടെ പ്രവൃത്തിയിൽ നീരസമുണ്ടായിരുന്നു.
“മോശമാണ്, കൂട്ടുകാരെ, മോശം! ഒരു പ്രായമായ ആള്‍ കാലു തെന്നിവീണിട്ട് അയാളെ സഹായിക്കാതെ കളിയാക്കി ചിരിക്കുകയാണൊ നിങ്ങളൊക്കെ?”
നബീല്‍ എല്ലാവരേയും രൂക്ഷമായി നോക്കി.
അവന്‍ ബാലന്‍ മാഷിന്‍റെ അടുത്തേക്ക് ചെന്നു. സാറിന്‍റെ കൈപിടിച്ച് ചോദിച്ചു: “മാഷെ, സാരമായത് വല്ലതും പറ്റിയൊ?”
അദ്ദേഹം നബീലിനെ പുഞ്ചിരിയോടെ നോക്കി. എന്നിട്ട് തലയാട്ടിക്കൊണ്ട് പറഞ്ഞു: “ഇല്ല മോനെ, പെട്ടെന്ന് വീണതോണ്ട് ചെറിയൊരു ക്ഷീണം, അത്രേള്ളൂ.”
ബാലന്‍ മാഷ്. എപ്പോഴും മടിയില്‍ മിഠായിപ്പൊതിയുമായിട്ടായിരിക്കും മാഷിന്‍റെ നടത്തം. കാണുന്ന കുട്ടികള്‍ക്കൊക്കെ ഓരോ മിഠായി നല്‍കും. അവരുടെ കവിളില്‍ തലോടും. കുറച്ചു സമയം എന്തെങ്കിലുമൊക്കെ അവരോട് സംസാരിച്ചു ചിരിക്കും. ഇതാണ് മാഷിന്‍റെ പതിവ്.
അദ്ദേഹമാണ് കാലു തെന്നിവീണത്. അദ്ദേഹത്തില്‍ നിന്ന് എന്നും മീഠായി വാങ്ങിത്തിന്നുന്നവരാണ് അദ്ദേഹം വീണത് കണ്ട് കളിയാക്കി ചിരിക്കുന്നത്. കഷ്ടം!
നബീലിന് തന്‍റെ കൂട്ടുകാരോട് അങ്ങേയറ്റത്തെ ദേഷ്യം വന്നു.
നബീല്‍ ബാലന്‍ മാഷിന്‍റെ അടുത്തിരുന്നു. കയ്യിലും കാലിലും പറ്റിയ ചെളി അവന്‍ തുടച്ചു കളഞ്ഞു. മാഷ് വേണ്ടെന്ന് പറഞ്ഞെങ്കിലും അവന്‍ അദ്ദേഹത്തിന് വേണ്ടതെല്ലാം ചെയ്തു കൊടുത്തു.
“കുറച്ച് ആശ്വാസമുണ്ട് മോനെ, ഞാന്‍ വീട്ടിലേക്ക് നടക്കട്ടെ.” മാഷ് പറഞ്ഞു
“എങ്കില്‍ മാഷിനൊപ്പം വീടുവരെ ഞാനും വരാം. മാഷ് തനിച്ചു പോകണ്ട.”
“വേണ്ട കൂട്ടീ, ഞാനൊറ്റക്ക് പോയേക്കാം.”
“എന്നാ ഞാന്‍ വരാം മാഷേ…” അതിന്നിടയില്‍ അവിടെ എത്തിയിരുന്ന സമീര്‍, മാഷിനോടായി പറഞ്ഞു.
അദ്ദേഹം അവന്‍റെ മുഖത്തു നോക്കി ചിരിച്ചു. എഴുന്നേല്‍ക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു: “മക്കള് കളിക്ക്… മാഷ് പൊയ്ക്കോളാം.”
ബാലന്‍ മാഷ് നടന്നു. കണ്ണില്‍ നിന്നും മറയുന്നതുവരെ നബീലും സമീറും അദ്ദേഹത്തെയും നോക്കി നിന്നു.
‘നല്ല മനുഷ്യന്‍’ നബീല്‍ ആത്മഗതം ചെയ്തു.
നബീലും സമീറും തങ്ങളുടെ മറ്റു കൂട്ടുകാരുടെ അടുത്തേക്ക് ചെന്നു. എല്ലാവരും വല്ലാത്ത മൗനത്തിലാണ്. തങ്ങള്‍ മാഷിനെ കളിയാക്കിച്ചിരിച്ചതില്‍ എല്ലാവരിലും കുറ്റബോധമുണ്ട്.
“കൂട്ടുകാരെ, നിങ്ങള്‍ ചെയ്തത് വല്ലാത്ത മോശമായിപ്പോയി.” ചെന്നപാടെ നബീല്‍ പറഞ്ഞു.
“വലിയവരെ ബഹുമാനിക്കണമെന്ന് നമ്മള് പഠിച്ചിട്ട്ണ്ടല്ലൊ?”
എല്ലാവരും തലതാഴ്ത്തി ഇരിക്കുകയാണ്.
നബീല്‍ പറഞ്ഞു: “കൂട്ടുകാരേ, നിങ്ങള് ചെയ്തതില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും കുറ്റബോധമുണ്ട് എന്നെനിക്കറിയാം. ഇനി മാഷിനെ കാണുമ്പോള്‍ നിങ്ങളെല്ലാവരും അദ്ദേഹത്തോട് മാപ്പ് ചോദിക്കണം. അത് മര്യാദയാണ്.”
അവര്‍ നബീലിന്‍റെ മുഖത്തേക്ക് നോക്കി: “തീര്‍ച്ചയായും നബീല്‍, ഞങ്ങള് മാഷിനോട് മാപ്പ് ചോദിക്കും.” ഒരുമിച്ചാണ് അവരത് പറഞ്ഞത്.
“നോക്കൂ, നമ്മള്‍ വലിയവരെ സ്നേഹിക്കണം. അവര്‍ക്ക് നമ്മളെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കണം… അങ്ങനെയല്ലെ സമീറെ?” നബീല്‍ സമീറിനെ നോക്കി ചോദിച്ചു. അവന്‍ ‘അതെ’ എന്ന് തലയാട്ടി.
കളി തുടങ്ങുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ഞാനിന്നൊരു കഥ പറഞ്ഞു തരട്ടെ. നബീല്‍ എല്ലാവരോടുമായി ചോദിച്ചു.
“പറയ് നബീല്‍, ഞങ്ങള് റെഡി.” അവർ ഒന്നിച്ചു തലയാട്ടി
“കൂട്ടുകാരേ, പ്രായമായവരെ സഹായിക്കുന്ന കാര്യത്തില്‍ നമ്മുടെ പ്രവാചകന്‍റെ സ്വഭാവമെന്തായിരുന്നു എന്നറിയുമൊ നിങ്ങൾക്ക്? ഞാനൊരു സംഭവം പറയാം…” നബീൽ കഥ പറയാൻ തുടങ്ങി
നബി(സ്വ) മദീനയിലേക്ക് ഹിജ്റ വന്നിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ. ഒരിക്കലദ്ദേഹം മദീനയിലെ തെരുവിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് കുറച്ചകലെ ഒരു വൃദ്ധയിരിക്കുന്നത് പ്രവാചകന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹം അവരുടെ അടുത്തേക്ക് ചെന്നു.
ഒരുപാടു ദൂരം നടന്ന ക്ഷീണമുണ്ട് അവരുടെ മുഖത്ത്.
“ഉമ്മാ, എന്താണിവിടെ ഇരിക്കുന്നത്. വല്ല സഹായവും…?”
അവര്‍ പറഞ്ഞു: “മോനെ, നടന്ന് നടന്ന് ക്ഷീണിച്ചപ്പൊ ഒന്ന് ഇരുന്നു പോയതാണ്. പിന്നെ, ഈ സാധനങ്ങളും ഏറ്റി നടക്കാന്‍ എനിക്ക് വയ്യ..” അവരത് പറയുമ്പോള്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
അപ്പോഴാണ് അവരുടെ സമീപത്തുണ്ടായിരുന്ന വലയൊരു ഭാണ്ഡം നബി(സ്വ)യുടെ ശ്രദ്ധയിൽപ്പെട്ടത്.
“ഉമ്മാക്ക് എവിടേക്കാണ് പോകേണ്ടത്.” നബി ചോദിച്ചു
“കുറച്ചകലെയാണ് മോനെ..”
പിന്നെ നബി(സ്വ) വൈകിയില്ല. അവരുടെ ആ വലിയ ഭാണ്ഡമെടുത്ത് തന്‍റെ തലയില്‍ വെച്ചു. “വരൂ ഉമ്മാ… ഞാനിത് വീട്ടിലേക്ക് കൊണ്ട് തരാം.”
അതും പറഞ്ഞ് നമ്മുടെ നബി മുന്നില്‍ നടന്നു.
ആ വൃദ്ധ നബി(സ്വ)യെ പിന്തുടരുകയും ചെയ്തു.
അവരുടെ വീടെത്തിയപ്പോള്‍ നബി(സ്വ) സാധനങ്ങളുടെ ഭാണ്ഡം അവിടെ ഇറക്കി വെച്ചു.
“ശരിയുമ്മാ… ഞാന്‍ പോട്ടെ.” അതും പറഞ്ഞ് നബി(സ്വ) പോകാനൊരുങ്ങുമ്പോള്‍ ആ വൃദ്ധ ചോദിച്ച:
“മോന്‍ ആരാ? എവിടുന്നാ? ഇതുവരെ നിന്നെ ഞാന്‍ ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലൊ?”
അതു കേട്ടപ്പോള്‍ പ്രവാചകന്‍ ചിരിച്ചു.
അവര്‍ തുടര്‍ന്നു: “മോനെ നീ നന്നായി വരട്ടെ. നിന്‍റെ ഈ സഹായത്തിന് എന്‍റെ കയ്യില് ഒന്നും തരാനില്ലാലൊ…” അവര്‍ വിഷമം പറഞ്ഞു.
“എന്തിനാണുമ്മ… ഒന്നും വേണ്ട.” നബി(സ്വ) പ്രതിവചിച്ചു
“എന്നാലും… മോനെ..” എന്തൊ ഗൗരവമുള്ള ഒരു കാര്യം പറയാനെന്ന പോലെ വൃദ്ധ അദ്ദേഹത്തിന്നടുത്തേക്ക് നീങ്ങി നിന്നു.
“… ഈ അടുത്ത സമയത്ത് മക്കയില്‍ നിന്നും ഒരു മനുഷ്യന്‍ വന്നിട്ടുണ്ട്. പുതിയൊരു മതവും കൊണ്ടാണ് അയാള് വന്നിട്ടുള്ളത്.. മോന്‍ അയാളുടെ വര്‍ത്തമാനത്തില് പെട്ട് പിഴച്ച് പോകരുത് ട്ടൊ. സൂക്ഷിക്കണം…”
അത് കേട്ടപ്പോള്‍ പ്രവാചകന്‍ ചിരിച്ചു. എന്നിട്ട് പറഞ്ഞു: “ഉമ്മാ… മക്കത്ത് നിന്ന് വന്നൂന്ന് ഉമ്മ പറഞ്ഞ ആ ആളില്ലെ… ഈ ഞാന്‍ തന്നെയാണ് അത്.
അതു കേട്ടപ്പോള്‍ എന്തു പറയണം എന്നറിയാതെ ആ വൃദ്ധ തരിച്ചു നിന്നുപോയി.
ആരുമാരും സഹായിക്കാനില്ലാതെ വഴിവെക്കില്‍ അവശയായി ഇരിക്കുന്ന സമയത്ത് തന്‍റെ സാധനങ്ങളും തലയിലേറ്റി തന്നെ വീടുവരെ കൊണ്ടത്തിച്ച ഈ മനുഷ്യനാണ് താന്‍ മോശമായിപ്പറഞ്ഞ ആ മനുഷ്യന്‍ എന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് വല്ലാത്ത വിഷമം തോന്നി.
“ക്ഷമിക്കു മോനെ…” അവര്‍ കരയുന്ന സ്വരത്തില്‍ പറഞ്ഞു. “ഞാന്‍ ആളറിയാതെ….”
“… ഉമ്മാ.. അതിന് ഞാനൊന്നും പറഞ്ഞില്ലാലൊ.” പ്രവാചകന്‍ അവരെ ആശ്വസിപ്പിച്ചു.
പിന്നെയും അവര്‍ കുറെ സംസാരിച്ചു. നബി(സ്വ) താരാണെന്ന് അവര്‍ക്ക് വിശദമായി പരിചയപ്പെടുത്തിക്കൊടുത്തു. എന്താണ് താന്‍ പറയുന്നത് എന്ന് അവരെ ബോധ്യപ്പെടുത്തി. പിന്നീട് അവർ മുസ്ലിമായി എന്ന് ചരിത്രം പറയുന്നുണ്ട്.
നബീല്‍ കഥ പറഞ്ഞു നിര്‍ത്തി. എല്ലാ കുട്ടികളും അവനെ സാകൂതം ശ്രദ്ധിക്കുകയായിരുന്നു.
“കൂട്ടുകാരേ, വലിയവരെ ബഹുമാനിക്കേണ്ടതിന്‍റെയും അവര്‍ക്ക് സഹായം ചെയ്തു കൊടുക്കേണ്ടതിന്‍റെയും ആവശ്യകത ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായൊ?”
“തീര്‍ച്ചയായും നബീല്‍. നമ്മുടെ നബി(സ്വ)യുടെ മാന്യമായ സ്വഭാവം ഞങ്ങള്‍ക്കെല്ലാം മനസ്സിലായി.” കാസിമാണത് പറഞ്ഞത്
“നാളെ മാഷിനെ കാണുമ്പോള്‍ ഞാന്‍ ആദ്യം പോയി മാപ്പു ചോദിക്കും.” മുഹ്സിന്‍ പറഞ്ഞു. മാഷിനെ കളിയാക്കിയതിന്‍റെ കുറ്റബോധം അവന്‍റെ മനസ്സില്‍ നിന്ന് അപ്പോഴും മാഞ്ഞുപോയിരുന്നില്ല.
“എന്നാൽ ശരി, ഇനി നമുക്ക് അല്‍പം കളിക്കാം… എല്ലാവരും വന്നേ.” നബീല്‍ മൈതാന മധ്യത്തിലേക്ക് പന്തുമായി ഇറങ്ങി.
Source: www.nermozhi.com