അധ്യായം ആറ്
പ്രവാചകനും അനുയായികളും
സ്വന്തം ജീവിതത്തില്‍ ആരാധനാ മുറകളനുഷ്ഠിക്കുന്നതില്‍ അനിതരസാധാരണമായ ത്യാഗപരിശ്രമങ്ങളേര്‍പ്പെട്ടിരുന്നവരാണ് പ്രവാചക തിരുമേനി(സ്വ). പക്ഷെ, അദ്ദേഹം തന്‍റെ സ്വഹാബത്തിനെ നിര്‍ബന്ധിച്ചിരുന്നത്, അവര്‍ക്ക് താങ്ങാനും നിര്‍വഹിക്കാനുമാകുന്ന കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനായിരുന്നു. അവര്‍ക്ക് വിഷമകരമായിത്തീരുന്ന ഒന്നും തന്‍റെ ഭാഗത്തു നിന്നും ഉണ്ടാകരുത് എന്ന സ്നേഹം നിറഞ്ഞ ശ്രദ്ധ പ്രവാചകുണ്ടായിരുന്നു. അവിടുന്ന് പറയുമായിരുന്നു: “സ്വഹാബികളേ, നിങ്ങള്‍ക്ക് സാധ്യമാകുന്ന കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുക. ഒരാവേശത്തില്‍ തുടങ്ങുകയും പിന്നീട് മടുപ്പനുഭവപ്പെട്ട് നിര്‍ത്തിവെക്കുകയും ചെയ്യുന്ന സ്വഭാവമരുത്. നിങ്ങള്‍ക്ക് മടുപ്പനുഭവപ്പെടുന്നതുവരെ അല്ലാഹുവിന് മടുപ്പുണ്ടാവുന്നതല്ല. ഒരാള്‍ തുടര്‍ച്ചയായി ചെയ്യുന്ന കര്‍മ്മങ്ങളോടാണ്, അതെത്ര ലഘുവായിരുാലും ശരി, അല്ലാഹുവിന്നിഷ്ടം.” (ബുഖാരി, മുസ്ലിം)
തന്‍റെ സുന്നത്തിനപ്പുറം ആത്മപീഡനം നടത്തിക്കൊണ്ടുള്ള ആരാധനാ സമ്പ്രദായങ്ങളില്‍ നിന്ന് സ്വന്തം സ്വഹാബത്തിനെ ഉപദേശിച്ചു വിലക്കിയ സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുണ്ട്. പ്രവാചകണ എന്ത് പഠിപ്പിച്ചുവോ അതായിരിക്കണം വിശ്വാസികളുടെ ജീവിതം. പ്രവാചകന്‍റെ ജീവിതം നോക്കി, തിരുമേനിക്ക് ഇത്രയൊക്കെ മതിയായേക്കും, പാവപ്പെട്ട നമ്മള്‍ അതിലുമധികം ചെയ്തെങ്കിലേ പരലോകത്ത് രക്ഷപ്രാപിക്കൂ എന്ന ചിന്ത, ഇസ്ലാമില്‍ നിന്നു തന്നെ അകറ്റാവുന്ന അപകട ചിന്തയാണ്. അല്ലാഹു അടിമകളോട് ആവശ്യപ്പെടുതു തന്നെ:
“നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക.” (ഹശ്ര്‍: 7)
ഒരു സംഭവം വായിക്കുക. പ്രവാചക പത്നിയായ ആയിഷ(റ)യെ സമീപിച്ചു കൊണ്ട് തിരുമേനിയുടെ ആരാധനാ സ്വഭാവങ്ങളെപ്പറ്റി മൂന്ന് സ്വഹാബികള്‍ ചോദിച്ചറിയുകയുണ്ടായി. ശേഷം അവര്‍ പറഞ്ഞു, കഴിഞ്ഞതും, വരാനിരിക്കുന്നതുമായ മുഴുവന്‍ അപാകതകള്‍ക്കും അല്ലാഹുവില്‍ നിന്ന് മാപ്പു ലഭിച്ചിട്ടുള്ള തിരുദൂതര്‍ക്ക് ഇത്രയൊക്കെ മതിയാകുമായിരിക്കും. നമ്മുടെ കാര്യം എത്രയോ വ്യത്യസ്തമാണ്. ഇപ്പറയപ്പെട്ടതില്‍ നിന്നും കൂടുതലനുഷ്ഠിക്കാന്‍ നാം തയ്യാറാകുന്നില്ലെങ്കില്‍ അല്ലാഹുവിങ്കല്‍ നമ്മുടെ കാര്യം കഷ്ടമാണ്. അതിലൊരാള്‍ പറഞ്ഞു: “ഇനിമുതല്‍ ഞാന്‍ മുഴുരാത്രിയും എന്നേക്കും നമസ്കരിക്കുന്നതാണ്.” മറ്റൊരാള്‍ പറഞ്ഞു: “ഇനി മുതല്‍ ഞാന്‍ തുടര്‍ച്ചയായ നോമ്പില്‍ തന്നെയായിരിക്കും.” മൂന്നാമന്‍ പറഞ്ഞു: “ഞാനിതാ വിവാഹ ചിന്തയേത്തന്നെ വെടിയുകയാണ്. ഇനി മുതല്‍ ആരാധനാ നിമഗ്നനായിരിക്കും ഞാന്‍.”
ഇത്തരം പ്രസ്താവനകള്‍ നടത്തി അവര്‍ മദീനാ പള്ളിയിലേക്ക് മടങ്ങി. നബിതിരുമേനി(സ്വ) വീട്ടിലെത്തി. അന്നു സംഭവിച്ച കാര്യങ്ങളും മൂന്നു സ്വഹാബി കളെടുത്ത ശപഥങ്ങളും ആയിഷ(റ) തിരുമേനിയെ ധരിപ്പിച്ചു. പ്രവാചകന്‍ പിന്നെയവിടെ നിന്നില്ല. പള്ളിയിലേക്ക് നടന്നു. ആ മൂന്നു പേരേയും സമീപിച്ചു കൊണ്ട് ചോദിച്ചു: “നിങ്ങളാണൊ ഇന്ന് ഇന്നിന്ന വിധം ശപഥങ്ങളെടുത്തത്?” അവര്‍ സമ്മതിച്ചു. നബി(സ്വ) അവരോടായി പറഞ്ഞു: “പ്രിയ സ്വഹാബികളേ, നിങ്ങളേക്കാള്‍ അല്ലാഹുവിനെ ഭയക്കുന്നതും അവനോട് ഭക്തി കാണിക്കുന്നതും ഈ ഞാനാണ്. ആ ഞാന്‍, നോമ്പനുഷ്ഠിക്കാറുമുണ്ട് ചിലപ്പോള്‍ നോമ്പ് മുറിക്കാറുമുണ്ട്. ഞാന്‍ രാത്രി സമയങ്ങളില്‍ നമസ്കരിക്കാറുണ്ട്, കിടന്നുറങ്ങാറുമുണ്ട്. ഞാന്‍ വിവാഹിതനാണ് അവരുമായി രമിക്കാറുമുണ്ട്. ആകയാല്‍ അറിയുക, എന്‍റെ ഈ സുന്നത്തിനപ്പുറം പ്രവർത്തിക്കാൻ കൊതിക്കുന്നവര്‍ എന്നില്‍പ്പെട്ടവനല്ല.” (ബുഖാരി, മുസ്ലിം)
ആരാധനകള്‍ക്കായുള്ള അനുയായികളുടെ ആത്മപീഡന പ്രവണതകളെ നബി(സ്വ) മുളയിലേ നുള്ളുകയായിരുന്നു. ഇസ്ലാം നിഷ്ക്രിയത്വത്തിനും തീവ്രമനസ്ഥിതിക്കും എതിരാണ്. പ്രവാചകന്‍(സ്വ) അനുയായികളെ വളര്‍ത്തിയെടുത്തിട്ടുള്ളത് ഈ രണ്ട് അവസ്ഥകള്‍ക്കും മധ്യേയുള്ള നിലപാടിലാണ്. അവിടുത്തെ മാര്‍ഗമാണ് തെളിഞ്ഞ മാര്‍ഗം. അവിടുത്തെ സുന്നത്താണ് അവക്രമായ സുന്നത്ത്. ആ സരണിക്കപ്പുറം കൊതിക്കുന്നതും ചരിക്കുന്നതും പ്രവാചക സുന്നത്തിന് വിരുദ്ധമാണ്.
കര്‍മ്മങ്ങളില്‍ അതിതീവ്രത പാടില്ലെന്ന് വിലക്കിയ പ്രവാചകന്‍, അനുഷ്ഠിക്കേണ്ടതും അഭികാമ്യങ്ങളുമായ ആരാധനകളില്‍ താത്പര്യവും കൃത്യനിഷ്ഠയും കാണിക്കണമെന്ന് ഉണര്‍ത്തുന്നുണ്ട്. തിരുമേനി വിശ്വാസികള്‍ക്കു നല്‍കുന്ന ഒരു ഉപദേശം ശ്രദ്ധിക്കുക:
“നിങ്ങള്‍ ആരാധനാകാര്യങ്ങളില്‍ നേരാംവണ്ണം പരിശ്രമിക്കുക, പടച്ചവനുമായടുപ്പിക്കുന്ന കര്‍മ്മങ്ങളില്‍ മിതത്വം കാണിക്കുകയും ചെയ്യുക. കര്‍മ്മങ്ങള്‍കൊണ്ട് മാത്രം അല്ലാഹുവിങ്കല്‍ ഒരാളും രക്ഷപ്രാപിക്കുകയില്ല എന്നും നിങ്ങളറിയുക.” (മുസ്ലിം) അഥവാ മതിയായത്ര സല്‍കര്‍മ്മങ്ങള്‍ ചെയ്തിരിക്കുന്നൂ, പരലോകത്ത് രക്ഷപ്പെടാന്‍ ഇനി ആരുടേയും ഔദാര്യം ആവശ്യമില്ല എന്ന അഹങ്കാരത്തില്‍ അകപ്പെടരുത് എന്ന താക്കീത് പ്രവാചകന്‍ നല്‍കുകയായിരുന്നു ഇതിലൂടെ. ‘അല്ലാഹുവിന്‍റെ കാരുണ്യവും അവന്‍റെ അനുഗ്രവും എന്നെ ചുറ്റിപൊതിഞ്ഞെങ്കിലല്ലാതെ ഈ ഞാന്‍ പോലും സ്വന്തം കര്‍മ്മങ്ങള്‍ കൊണ്ട് രക്ഷപ്രാപിക്കില്ല’ (മുസ്ലിം) എന്നും നബി(സ്വ) സ്വഹാബത്തിനെ തുടര്‍ന്ന് തെര്യപ്പെടുത്തുന്നുണ്ട്.
ഇസ്ലാമിക ആദര്‍ശത്തിലും അതിന്‍റെ ധര്‍മ്മങ്ങളിലും മനസ്സിനെ സദാ പിടിച്ചു നിര്‍ത്താനുള്ള തേട്ടം പ്രവാചക പ്രാര്‍ഥനകളില്‍ കാണാമായിരുന്നു.
‘ഹൃദയങ്ങളെ മാറ്റിമറിക്കുന്ന നാഥാ! എന്‍റെ ഹൃദയത്തെ നിന്‍റെ ദീനില്‍ സ്ഥിരപ്പെടുത്തി നിര്‍ത്തേണമേ’ (മുസ്ലിം) എന്നും,
‘മനസ്സുകളില്‍ കൈകാര്യാധികാരമുള്ള അല്ലാഹുവേ, നീയെന്‍റെ മനസ്സിനെ നിന്നെ അനുസരിക്കുന്നതിലേക്ക് മാറ്റേണമേ’ (തിർമിദി) എന്നും നബി(സ്വ) പ്രാര്‍ഥിക്കാറുണ്ടായിരുന്നു.
വിശ്വാസികള്‍ക്ക് തങ്ങളുടെ നിത്യജീവിതത്തിലുള്‍പ്പെടുത്താവുന്ന ആശയഗാംഭീര്യമുള്ള പ്രാര്‍ഥനകളാണ് ഈ പ്രവാചക പ്രാർത്ഥനകളെല്ലാം.
അല്ലാഹുമ്മ സ്വല്ലി വ സല്ലിം അലാ ഹബീബികൽ മുസ്ത്വഫ
Source: www.nermozhi.com
(DA’WA BOOKS പ്രസിദ്ധീകരിച്ച ‘മുഹമ്മദു നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം’ എന്ന കൃതിയിൽ നിന്ന്)