മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 7

1598

അധ്യായം ഏഴ്
പ്രവാചകന്‍ സ്ത്രീയവകാശത്തിന്‍റെ കാവലാള്‍

മനുഷ്യന്‍റെ നഷ്ടപ്പെട്ടതോ, അവഗണിക്കപ്പെട്ടതോ ആയ, അര്‍ഹമായ സകല അവകാശങ്ങളും ഒന്നിനു പിറകെ മറ്റൊന്ന് എന്ന നിലക്ക് ഇസ്ലാം കണ്ടെത്തിക്കൊടുത്തിട്ടുണ്ട്. ഇസ്ലാമികാഗമനത്തിന്‍റെ ആദിശേഷങ്ങള്‍ പരിശോധിച്ചാല്‍ അത് കൃത്യമായി ബോധ്യപ്പെടും. ഇസ്ലാം മുഴുവന്‍ മനുഷ്യരേയും ആണ്‍ പെണ്‍ വക ഭേദമില്ലാതെ ആദരിക്കുന്ന മതമാണ്. ഇക്കാര്യം ഈ വിശുദ്ധ മതത്തിന്‍റെ വ്യതിരിക്തതയായി പറയേണ്ടി വരുന്നത്, ആണിനെ മനുഷ്യനായും പെണ്ണിനെ പിശാചായും കാണുന്ന മതങ്ങളും ആദര്‍ശങ്ങളും പ്രത്യയശാസ്ത്രങ്ങളും ഭൂമുഖത്ത് നിലവിലുണ്ടായിരുന്നതു കൊണ്ടാണ്. കാലിത്തൊഴുത്തിലെ മൃഗത്തേപ്പോലെയെങ്കിലും തങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നെങ്കിൽ എന്ന സ്ത്രീ സമൂഹം ചിന്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സാമ്പ്രദായിക മതങ്ങളിലെ സ്ത്രീജനം അവകാശങ്ങളല്ല, നിത്യജീവിതത്തിലെ സാധാരണ ആവശ്യങ്ങള്‍ പോലും നിവൃത്തിച്ചു കിട്ടാത്തതില്‍ നെടുവീര്‍പ്പിട്ടവരായിരുന്നു.

പ്രവാചക തിരുമേനി (സ്വ) ജീവിച്ച അറേബ്യയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. നിത്യദുരിതത്തിലായിരുന്നു അന്നത്തെ സ്ത്രീ. ജനിച്ച പെണ്‍കുഞ്ഞിന് ചിരിക്കാന്‍ പോലും ഇടനല്‍കാതെ ജീവനോടെ മറമാടിയ സമൂഹത്തില്‍, ജീവിക്കാന്‍ അവസരം കിട്ടിയ പെണ്ണിന്‍റെ അവസ്ഥയെന്തായിരിക്കും എന്ന് ചിന്തിച്ചു നോക്കുക. സ്ത്രീയോടുള്ള അന്നത്തെ ആണ്‍വര്‍ഗത്തിന്‍റെ സമീപനം വിശുദ്ധ ഖുര്‍ആന്‍ എടുത്തു കാട്ടുന്നത് കാണുക:

“അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്‍റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്‍റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!” (നഹ്ൽ/58, 59)

സ്ത്രീക്ക് സമ്പൂര്‍ണ്ണമായ അംഗീകാരവും അവകാശവും വകവെച്ചു നല്‍കിയ മതമാണ് ഇസ്ലാം. അതിന്‍റെ പ്രവാചകന്‍ അവര്‍ക്കു വേണ്ടി എത്രയെത്ര പ്രസംഗിച്ചിരിക്കുന്നുവെന്നോ! സ്ത്രീസമൂഹത്തിന്‍റെ ഉന്നമനത്തിനായി തിരുമേനി(സ്വ) നല്‍കിയ ഉപദേശങ്ങള്‍ എക്കാലത്തേക്കും അനുയോജ്യമാണ്. ഇസ്ലാമിനേയും അതിന്‍റെ നിയമാവലികളേയും ഉപരിതലചിന്ത നടത്തുന്നവര്‍ക്ക് അവയുടെ ആഴങ്ങളിലേക്കിറങ്ങിച്ചന്നാല്‍ അക്കാര്യം ബോധ്യപ്പെടും.
ഒരു സ്ത്രീ മകളായും സഹോദരിയായും ഭാര്യയായും ഉമ്മയായും ജീവിക്കുമ്പോള്‍, പ്രസ്തുത മേഖലകളിലൊക്കെ പരിപൂര്‍ണ്ണ സംരക്ഷണവും നീതിയുമാണ് ഇസ്ലാം അവള്‍ക്ക് നല്‍കുന്നത്. അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട പെണ്ണിന്‍റെ ജന്മത്തെപ്പറ്റി പറയുന്നേടം മുതല്‍ ഇസ്ലാം അവളെ പരിഗണിച്ചു തുടങ്ങുന്നൂ എന്നതാണ് ഈ മതത്തിന്‍റെ പ്രത്യേകത. മഹാനായ പ്രവാചകന്‍ ഖുര്‍ആനോതിക്കൊണ്ട് അക്കാര്യം ഇങ്ങനെ വ്യക്തമാക്കി:

“മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.” (നിസാഅ്/1)

സന്താനോല്‍പാദന രംഗത്തു പോലും സ്ത്രീയുടെ പങ്കിനെ അംഗീകരിക്കാതിരുന്ന സാമ്പ്രദായിക മതങ്ങളുടേയും പുരുഷമേലാളന്മാരുടേയും തലക്കു പ്രഹരിക്കും വിധമാണ് “അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തു” എന്ന പ്രസ്താവന ഖുര്‍ആന്‍ നടത്തുന്നത്. സ്രഷ്ടാവിങ്കല്‍ ആണ്‍പെണ്‍ വ്യത്യാസത്താലല്ല, കര്‍മ്മങ്ങളുടെ മഹിമ കൊണ്ടാണ് ആദരീണയരും പ്രതിഫലാര്‍ഹരുമാകുന്നത് എന്ന കാര്യം കൂടി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.

“ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുവനാകുന്നു.” (ഹുജുറാത്/13)

“ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.” (നിസാഅ്/124)

പുരുഷന്മാരെ മുന്നില്‍ നിര്‍ത്തി സ്ത്രീകള്‍ക്കു വേണ്ടി ഉപദേശിക്കുന്ന മതം ഇസ്ലാമല്ലാതെ വേറെയില്ല. കാരുണ്യത്തിന്‍റെ, നീതിയുടെ, ഗുണകാംക്ഷയുടെ പ്രവാചകന്‍ സ്ത്രീകള്‍ക്കു വേണ്ടി പറഞ്ഞ സാരോപദേശങ്ങള്‍ നിരവധിയാണ്. ഓരോ ധര്‍മ്മഘട്ടങ്ങളിലുമുള്ള സ്ത്രീയുടെ പരിരക്ഷക്കുവേണ്ടി തിരുമേനി(സ്വ) നല്‍കിയ പരിഗണനയും കല്‍പനകളും വേര്‍തിരിച്ച് മനസ്സിലാക്കുമ്പോള്‍ നമുക്കത് സുതരാം ബോധ്യമാകും.

പെണ്‍മക്കള്‍ക്കു വേണ്ടി

ആണ്‍മക്കള്‍ക്കു മാത്രമായി പിതാവിന്‍റെ സ്വത്ത് വീതിക്കപ്പെട്ടിരുന്ന കാലത്ത്, പ്രസ്തുത സ്വത്തില്‍ പെണ്‍മക്കള്‍ക്കും അവകാശമുണ്ട് എന്ന് പഠിപ്പിച്ചത് കാരുണ്യത്തിന്‍റെ പ്രവാചകനായ മുഹമ്മദു നബി(സ്വ)യാണ്.

“മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. (ആ ധനം) കുറച്ചാകട്ടെ, കൂടുതലാകട്ടെ. അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു.” (നിസാഅ്/7)

മഹാനായ പ്രവാചകന്‍(സ്വ) പറഞ്ഞു: “രണ്ട് പെണ്‍കുഞ്ഞുങ്ങളെ പ്രായപൂര്‍ത്തിയാകുവോളം പോറ്റിവളര്‍ത്തിയവന്‍, ഖിയാമത്തു നാളില്‍ എന്നോടൊപ്പം ഇതുപോലെ (പ്രവാചകന്‍ അവിടുത്തെ കൈവിരലുകള്‍ പരസ്പരം ചേര്‍ത്തു പിടിച്ചു) ചേർന്നു നില്‍ക്കുന്നവനാകും.” (മുസ്ലിം)

നബി(സ്വ) പറഞ്ഞു: “കൂടെയുള്ളേടത്തോളം തന്‍റെ രണ്ടു പെണ്‍മക്കളേയും നന്നായി വളര്‍ത്തിയവന്‍, അവര്‍ കാരണത്താല്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്.” (ഇബ്നു മാജ, ഹാകിം)

ജനിച്ചാല്‍ ജീവിക്കാനനുവാദം ലഭിക്കാതിരുന്ന, അനുവദിച്ചാല്‍ തന്നെ അവഗണിക്കപ്പെട്ടിരുന്ന പെണ്‍കുഞ്ഞുങ്ങളുടെ പരിരക്ഷ, അവരുടെ രക്ഷിതാക്കളെ എത്ര ഗൗരവത്തോടെയാണ് നബി തിരുമേനി(സ്വ) ഏല്‍പ്പിച്ചു കൊടുക്കുന്നത്! ദൈവഭയവും പരലോകബോധവുള്ള ഒരൊറ്റ വിശ്വാസിക്കും ഈ പ്രവാചക നിര്‍ദ്ദേശങ്ങളെ അവഗണിക്കാന്‍ കഴിയില്ല.

സഹോദരിമാര്‍ക്കു വേണ്ടി

സ്വന്തം മകളുടെ മാത്രമല്ല, സഹോദരിയുടെ ഉത്തരവാദിത്തവും സഹോദരനെക്കൊണ്ട് ശ്രദ്ധിപ്പിക്കുന്ന മതമാണ് ഇസ്ലാം. തിരുമേനി(സ്വ) പറഞ്ഞു: “ആരാണൊ തന്‍റെ മൂന്നു പുത്രിമാരോട്, അല്ലെങ്കില്‍ മൂന്ന് സഹോദരിമാരോട്, രണ്ടു പുത്രിമാരോട് അല്ലെങ്കില്‍ രണ്ട് സഹോദരിമാരോട് അവര്‍ക്ക് നന്മകള്‍ ചെയ്തു കൊടുത്ത് കൊണ്ട് സഹവര്‍ത്തിക്കുന്നത്, അവരുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയൂം ചെയ്യുന്നത്, അവന്ന് സ്വര്‍ഗമുണ്ട്.” (തിർമിദി)

മാതാക്കള്‍ക്കു വേണ്ടി

സ്ത്രീയുടെ മാതൃത്വം ഇസ്ലാമിന്‍റെ കണ്ണില്‍ മഹത്തരമാണ്. അല്ലാഹുവിനെ മാത്രമാണ് ആരാധിക്കേണ്ടത് എന്ന് ഒന്നാമതായി മനുഷ്യനെ പഠിപ്പിക്കുന്ന ഖുര്‍ആന്‍ രണ്ടാമതായി പറയുന്നത് മാതാവിനോടും പിതാവിനോടും കരുണ കാണിക്കണമെന്നാണ്. അല്ലാഹു പറഞ്ഞു:

“നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക.” (നിസാഅ്/36)

“തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയൊ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക.” (ഇസ്രാഅ്/23)

പ്രവാചക തിരുമേനിയെ സമീപിച്ച് ഒരു സ്വഹാബി ചോദിച്ചു; ‘എന്‍റെ നല്ലസഹവ ര്‍ത്തിത്വത്തിന് ഏറ്റവും അര്‍ഹരായത് ആരാണ് റസൂലേ?’ അവിടുന്ന് പറഞ്ഞു: “നിന്‍റെ ഉമ്മ.” ‘പിന്നെയാരാണ്?’ “നിന്‍റെ ഉമ്മ.” അദ്ദേഹം വീണ്ടും ചോദിച്ചു; ‘പിന്നെയാരാണ് നബിയേ?’ “നിന്‍റെ ഉമ്മ” നബി(സ്വ) പ്രതിവചിച്ചു. ‘പിന്നെ?’ അയാള്‍ നാലാമതും ചോദിച്ചപ്പോള്‍ പ്രവാചനരുളി: “നിന്‍റെ ഉപ്പ.”

പ്രവാചക സവിധത്തിലെത്തിലതാ ഒരു സ്വഹാബി വന്നു നില്‍ക്കുന്നു, പേര് മുആവിയ അസ്സുലമി; ദൈവമാര്‍ഗത്തില്‍ സമരത്തിനിറങ്ങാന്‍ അനുമതിക്കായി വന്നതാണയാള്‍ ജിഹാദിന്‍റെ വഴിയില്‍ മരണം പുല്‍കാനായാല്‍ സ്വര്‍ഗമാണ് പ്രതിഫലം എന്നയാള്‍ക്കറിയാം. അദ്ദേഹം ചോദിച്ചു: റസൂലേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദിനിറങ്ങാനാണ് ഞാന്‍ വന്നിട്ടുള്ളത്. കാരുണ്യത്തിന്‍റെ പ്രവാചകന്‍ തിരിച്ചു ചോദിച്ചു: ആരുണ്ട് നിന്‍റെ വീട്ടില്‍? പ്രായമായ ഉമ്മയുണ്ടോ? അദ്ദേഹം പറഞ്ഞു: അതേ, റസൂലേ, വയോധികയായ എന്‍റെ മാതാവുണ്ട് വീട്ടില്‍. റസൂല്‍ പറഞ്ഞു: നീ തിരിച്ചു പോവുക, നിന്‍റെ ഉമ്മയോടൊപ്പം നീ ചേര്‍ന്നു നില്‍ക്കുക, നീ കൊതിക്കുന്ന സ്വര്‍ഗം അവിടെയാണുള്ളത്!  (ഇബ്നു മാജ)

ഉമ്മയെ പുരസ്കരിച്ചുകൊണ്ടുള്ള നബിമൊഴികള്‍ ഹദീസു ഗ്രന്ഥങ്ങളില്‍ ഇനിയുമുണ്ട് ധാരാളം. പ്രാവചക തിരുമേനിയെ യഥാതഥം അനുധാവനം ചെയ്യു വിശ്വാസികള്‍ ഇത്തരം നിര്‍ദ്ദേശങ്ങളെ സ്വന്തം ജീവിതത്തില്‍ കണിശമായി പാലിക്കാന്‍ ആവതു ശ്രമിക്കാറുണ്ട്. മക്കളുടെ തണലും തലോടലുമേല്‍ക്കാതെ, കാരുണ്യത്തിന്‍റെ തൂവല്‍ സ്പര്‍ശമേല്‍ക്കാതെ വൃദ്ധസദനങ്ങളില്‍ ജീവിതമവസാനിപ്പിക്കേണ്ടി വരുന്ന ഉമ്മ വാപ്പമാര്‍ മുസ്ലിംകളിലുണ്ടായിക്കൂടാ എന്നതു കൊണ്ടാണ് ലോകത്തിന്‍റെ ഗുരുവായ മുഹമ്മദ് നബി(സ്വ) തന്‍റെ ഉമ്മത്തിന് അവരുടെ കാര്യത്തില്‍ ഇത്തരം സാരോപദേശങ്ങള്‍ നല്‍കിയിട്ടുള്ളത്.

ഭാര്യമാര്‍ക്കു വേണ്ടി

ഇണകളോട് സ്നേഹവും കാരുണ്യവും കാണിക്കാന്‍ ഇസ്ലാം നിഷ്കര്‍ഷിക്കുന്നുണ്ട്. ശാന്തിനിറഞ്ഞ ജീവിതമാണ് ദാമ്പത്യതത്തിന്‍റെ ലക്ഷ്യങ്ങളിലൊന്നായി ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്വസ്ഥവും ശാന്തവുമായ ജീവിതത്തിന് ഭാര്യാഭര്‍ത്താക്കളിലുണ്ടാകേണ്ടത് കലവറയില്ലാത്ത സ്നേഹവും കരുണയുമാണ്. അല്ലാഹു പറഞ്ഞു:

“നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.” (റൂം/21)

അവരോട് (ഭാര്യമാരോട്) നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുണ്ട്, (നിസാഅ്/19) എന്നതാണ് ഖുര്‍ആനിന്‍റെ കണിശമായ അനുശാസനം.

“ഭാര്യമാരോട് ഏറ്റവും നല്ലനിലയില്‍ പെരുമാറുന്നവനാണ് നിങ്ങളിലെ ഉത്തമന്‍, ഞാന്‍ എന്‍റെ ഭാര്യമാരുമായി മാന്യമായി പെരുമാറുന്നവനാണ്” (തിർമിദി) എന്ന് ഒരിക്കലവിടുന്ന് പറയുകയുണ്ടായി.

“ഒരു വിശ്വാസിയും വിശ്വാസിനിയായ തന്‍റെ ഭാര്യയെ പ്രകോപിപ്പിക്കരുത്. അവളുടെ ഒരു സ്വഭാവത്തില്‍ അവന്ന് നീരസമൂണ്ടാകാം, എ്ന്നാല്‍ അവളുടെ മറ്റെത്രയോ സ്വഭാവങ്ങള്‍ അവന്ന് സന്തോഷം പകരുന്നതാകാം.” (മുസ്ലിം) മഹാനായ നബി(സ്വ) മറ്റൊരിക്കല്‍ പ്രസ്താവിച്ചതാണിത്.

വീണ്ടും വായിക്കുക: “പുരുഷന്മാരേ, നിങ്ങളില്‍ നല്ലവര്‍ നിങ്ങളുടെ ഭാര്യമോരോട് മര്യാദ കാട്ടുന്നവരാണ്” (അഹ്മദ്, തിർമിദി)

“ഒരു വിശ്വാസി തന്‍റെ ഭാര്യയുടെ സംരക്ഷണത്തിനായി ചെലവാക്കുന്ന സംഖ്യയാണ് ഏറ്റവും ഉത്തമമായ സംഖ്യ”  എന്ന് നബിതിരുമേനി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്.
“ജനങ്ങളേ, നിങ്ങളുടെ സ്ത്രീകളുടെ നന്മയില്‍ ഗുണകാംക്ഷ കാണിക്കുക” (മുസ്ലം) എന്നും പ്രവചാകൻ അരുളിയിട്ടുണ്ട്.

ഏതെല്ലാം നിലക്കാണ് ഭാര്യയെ പരിഗണിക്കേണ്ടത് എന്ന് വ്യക്തമാക്കുന്ന സാരോപദേശങ്ങള്‍ സൃഷ്ടി ശ്രേഷ്ഠനായ പ്രവാചകനില്‍ നിന്നും എത്രയോ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യക്ക് ഭര്‍ത്താവില്‍ നിന്ന് ലഭിക്കേണ്ട പരിഗണനകളെ സംബന്ധിച്ച് ചോദിച്ച സ്വഹാബിയോട് നബി തിരുമേനി പറഞ്ഞത് വായിക്കുക:
“നീ അവള്‍ക്ക് ഭക്ഷണം നല്‍കുക, അവള്‍ക്ക് വസ്ത്രം നല്‍കുക, അവളുടെ മുഖത്തടിക്കാതിരിക്കുക, അവളുടെ അഭിമാനത്തിന് ക്ഷതമുണ്ടാക്കും വിധം അവളെ ആക്ഷേപിക്കാതിരിക്കുക, അവളുമായുള്ള പിണക്കങ്ങള്‍ വീട്ടിനു വെളിയില്‍ പ്രകടിപ്പിക്കാതിരിക്കുക.” (അബൂദാവൂദ്) എത്ര മഹിതമാണ്, അനര്‍ഘമാണ് പ്രവാചകൻറെ ഈ സാരോപദേശങ്ങള്‍!

“ഭാര്യ, ഭര്‍തൃവീട്ടിലെ വേലക്കാരിയൊ, ദാസിയൊ അല്ല, ഭരണാധികാരിയാണ്” (ബുഖാരി, മുസ്ലിം) എന്ന അധ്യാപനം മുഹമ്മദ് നബിയില്‍ നിന്ന് മാത്രമേ ലോകത്തിന് ശ്രവിക്കാനായിട്ടുള്ളൂ. സ്വല്ലല്ലാഹു അലൈഹി വസല്ലം.

Source: www.nermozhi.com
(DA’WA BOOKS പ്രസിദ്ധീകരിച്ച ‘മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം’ എന്ന കൃതിയിൽ നിന്ന്)