അധ്യായം അഞ്ച്
പ്രവാചകന്‍റെ ഐഹിക വിരക്തി
ഐഹിക ജീവിതത്തിന്‍റെ സുഖവും സുഭഗതയും അധിക നേതാക്കള്‍ക്കും ദൗര്‍ബല്യമാണ്. അശരണന്‍റെ കൈപിടിക്കാനെന്നവണ്ണം സിദ്ധാന്തങ്ങളാവിഷ്കരിച്ച്, കര്‍മ്മമണ്ഡലത്തിലിറങ്ങി ജീവിക്കുന്ന ഒരുപാട് സാധജുനസ്നേഹികളെ നമുക്ക് നിത്യവും കണ്ടു പരിചയമുണ്ട്. സ്വന്തം ജീവിതത്തിന് നേട്ടവും സുഭിക്ഷതയുമുണ്ടാക്കുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും അധിക പേർക്കും ഇല്ലെന്നതാണ് വാസ്തവം. ത്യാഗങ്ങള്‍ നിറഞ്ഞ സേവനങ്ങള്‍ ഭൂരിഭാഗം നേതാക്കളിലും അന്യമാണ്. ആത്മീയരംഗത്ത് മതസന്ദേശങ്ങള്‍ പകർന്ന് നിലകൊള്ളുന്നവര്‍ പോലും തങ്ങളുടെ ഭൗതികമായ സുഖഭോഗങ്ങള്‍ ഒഴിവാക്കി ജീവിക്കാന്‍ തയ്യാറല്ല. ബാബമാരും, അമ്മമാരും, തങ്ങന്മാരുമൊക്കെ സംസാരസൗഖ്യങ്ങളുടെ പിന്നിൽത്തന്നെയാണ്. രമ്യഹര്‍മ്മ്യങ്ങളിലാണ് താമസം. ആഡംബര വാഹനങ്ങളിലാണ് യാത്ര. വിഭവ സമൃദ്ധമാണ് ഭക്ഷണം. ജലദോഷമായാലും മലബന്ധമായാലും സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിലാണ് ചികിത്സ. ഭൗതിക നേതാവിന്‍റെയും ആത്മീയ നേതാവിന്‍റേയും ജീവിതം ഒരേ ശൈലിയിലാണ്. ആരും ആരില്‍ നിന്നും വ്യത്യസ്തരല്ല!
ലോകത്തിന്‍റെ ഗുരു വ്യത്യസ്തനാകുന്നത് ഇവിടെയാണ്. മുഹമ്മദ് നബി(സ്വ) സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്നു. ഭൗതിക ജീവിതത്തിന്‍റെ നശ്വരതയെ ബോധ്യപ്പെട്ട വിനയാന്വിതനായ പ്രവാചകന്‍. അദ്ദേഹം ലോകത്തിന്‍റെ പിന്നിലായിരുന്നില്ല; ലോകം അദ്ദേഹത്തിന്‍റെ പിന്നിലായിരുന്നു. ദൈവനിയോഗിതനാണു താനെന്ന അഹങ്കാരമോ, ദുനിയാവു മുഴുവന്‍ അനുഭവിക്കാന്‍ താന്‍ അര്‍ഹനാണ് എന്ന അത്യാഗ്രഹമൊ, അനുയായികളഖിലം തന്നെ സേവിക്കാന്‍ സന്നദ്ധരാകണം എന്ന അതിമോഹമോ അവിടുത്തേക്കില്ലായിരുന്നു. താലപ്പൊലിയേന്തിയ സ്വീകരണമോ, വെഞ്ചാമരം വീശുന്ന സിംഹാസനമോ പ്രവാചകന്‍ കൊതിച്ചിരുന്നില്ല. അവയൊന്നും ലഭിക്കായ്ക കൊണ്ടായിരുന്നില്ല. ദുനിയാവിലെ സുഗഭോഗങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ ഒരു കൊതുകിന്‍റെ ചിറകിനുള്ള വിലപോലുമില്ല എന്ന തിരിച്ചറിവുള്ളതു കൊണ്ട് മാത്രമായിരുന്നു അത്.
തിരുമേനി(സ്വ) ഒരിക്കല്‍ പറഞ്ഞു: “പരലോക ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇഹലോക വിഭവങ്ങള്‍ക്ക്, ഒരാള്‍ സമുദ്രത്തില്‍ വിരല്‍ മുക്കിയാല്‍ ലഭിക്കുന്ന ജലകണികയുടെയത്ര വിലയേയുള്ളൂ.” (സ്വഹീഹു മുസ്ലിം)
വിശുദ്ധ ഖുര്‍ആനിലൂടെ പ്രവാചകന്‍ പറഞ്ഞു പഠിപ്പിച്ച സുപ്രധാനമായ കാര്യം: “ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല” (ആലു ഇംറാൻ/185) എന്നതാണ്. ഇത്തരം വിഭവങ്ങളോടുള്ള ആത്യന്തികമായ ആഭിമുഖ്യമല്ല വിശ്വാസിക്കുണ്ടാകേണ്ടത് എന്ന് ചുരുക്കം.
എളിമയാര്‍ന്ന ജീവിതമാണ് തിരുമേനിയുടേത്. പിന്നിട്ട വഴികളെ എപ്പോഴും അനുസ്മ രിക്കാറുള്ള പ്രവാചകന്‍ (സ്വ), കഅബാലയം ത്വവാഫു ചെയ്യുന്നതിനിടെ തന്നെ കണ്ടു ഭയന്ന ഒരാളോട് ഇപ്രകാരം പറയുകയുണ്ടായി: “ഭയക്കല്ലേ സഹോദരാ, മക്കയില്‍ ഉണക്ക റൊട്ടി തിന്നു ജീവിച്ച ഒരു സാധുപ്പെണ്ണിന്‍റെ മകനാണു ഞാന്‍!”
അനര്‍ഹമായ ഒരു പുകഴ്ത്തല്‍ പോലും അനുയായികളില്‍ നിന്ന് ഇഷ്ടപ്പെട്ടിരുന്നില്ല മുഹമ്മദു നബി(സ്വ). അവിടുന്ന് പറയാറുണ്ടായിരുന്നു: “മര്‍യ(റ)മിന്‍റെ പുത്രന്‍ ഈസ(അ)യെ കൃസ്ത്യാനികള്‍ അതിരുവിട്ട് പുകഴ്ത്തിയതുപോലെ നിങ്ങളെന്നെ പുകഴ്ത്തരുത്. ഞാനൊരു ദാസന്‍ മാത്രമാണ്. അല്ലാഹുവിന്‍റെ ദാസന്‍, അവന്‍റെ ദൂതന്‍ എന്നേ എന്നെപ്പറ്റി നിങ്ങളും പറയാവൂ.” (സ്വഹീഹുൽ ബുഖാരി)
ഉമര്‍ ബ്നുല്‍ ഖത്താബ്(റ) ഒരിക്കല്‍ നബി(സ്വ)യെ സന്ദര്‍ശിച്ചപ്പോള്‍ അവിടുന്ന് ഉറക്കില്‍ നിന്ന് എഴുറ്റേ സമയമായിരുന്നു. ഈന്തയോലകൊണ്ട് മെടഞ്ഞ പായും, ഈന്തയോലകള്‍ നിറച്ച തലയണയും ആ മൃദുല ശരീരത്തില്‍ തുടുത്ത പാടുകള്‍ വീഴ്ത്തിയിരുന്നു! ഉമറി(റ)ന്‍റെ കണ്ണുകള്‍ നിറഞ്ഞു. കിസ്റയും ഖൈസറും ദുനിയാവിന്‍റെ മുഴുവന്‍ ആസ്വാദ്യതകളും അനുഭവിച്ചു കഴിയുമ്പോൾ, തന്‍റെ പ്രവാചകന്നു തലചായുച്ചുറങ്ങാന്‍ പഞ്ഞി നിറച്ച ഒരു കിടക്കപോലുമില്ലല്ലൊ എന്ന ദുഃഖം കവിള്‍ത്തടങ്ങളില്‍ കണ്ണീര്‍ചാലുകളൊഴുക്കി. അദ്ദേഹം ചോദിച്ചു: ‘പ്രവാചകരേ, ഒരല്‍പം നല്ല മെത്ത അങ്ങേക്കായി ഞാന്‍ കൊണ്ടുവന്നോട്ടെ?’ തിരുമേനി മന്ദഹസിച്ചു കൊണ്ടു പറഞ്ഞു: “ഉമര്‍! എനിക്കും ഈ ദുനിയാവിനും തമ്മിലെന്തു ബന്ധമാണുള്ളത്? ഈ ദുനിയാവില്‍ ഞാനൊരു യാത്രക്കാരനായി വന്നൂ എന്നതല്ലാതെ? ചൂടുള്ളൊരു ദിവസം തണലിനടിയില്‍ അല്പം വിശ്രമിക്കുന്ന ഒരു യാത്രികനാണു ഞാന്‍. പകലിന്‍റെ ചൂടകന്നാല്‍ വീണ്ടും യാത്ര തുടരേണ്ടവന്‍.” (സ്വഹീഹുത്തിർമിദി)
മറ്റൊരിക്കല്‍ തിരുമേനി(സ്വ) പറഞ്ഞു: “എന്‍റെ കൈവശം ഉഹദു മലയോളം പോന്ന സ്വര്‍ണ്ണമുണ്ടാകുന്നുവെങ്കില്‍ മൂന്ന് ദിവസമാകുമ്പോഴേക്കും അതില്‍ നിന്ന് അല്പമെങ്കിലും അവശേഷിക്കുന്ന്ത് എന്നില്‍ സന്തോഷമുണ്ടാക്കുകയില്ല. എന്‍റെ കടം വീട്ടാനായി ഞാന്‍ കാത്തു വെക്കുന്ന കുറച്ചു വിഹിതമല്ലാതെ.!” (ബുഖാരി, മുസ്ലിം)
മൂന്നു ദിവസം തുടര്‍ച്ചയായി വയറു നിറച്ചുണ്ട അനുഭവം മരണം വരെ പ്രവാചകന്നില്ലായിരുന്നു. അരുമ ശിഷ്യന്‍ അബൂ ഹുറയ്റ(റ) ഒരിക്കലത് അനുസ്മരിച്ചിട്ടുണ്ട്. “മുഹമ്മദി(സ്വ)ന്‍റെ കുടുംബം തുടർച്ചയായി മൂന്നു ദിനങ്ങള്‍ വയറുനിറയെ ഭക്ഷിച്ചിട്ടില്ല; തിരുമേനിയുടെ മരണം വരെ.” (ബുഖാരി)
വെച്ചു കഴിക്കാന്‍ വിഭവമില്ലാത്തതു കൊണ്ടു മാത്രമല്ലായിരുന്നു ഈ അനുഭവം. വിശക്കുന്ന മറ്റു വയറുകളെ കാണുമ്പോള്‍ പ്രവാചക കുടുംബത്തിന് വയറുനിറച്ചുണ്ണാന്‍ കഴിയുമായിരുന്നില്ല. കയ്യിലുള്ളതെന്തും അപരന്നു നല്‍കി അവരുടെ പശിയകറ്റാന്‍ ശ്രദ്ധിക്കുകയായിരുന്നു തിരുമേനിയും കുടുംബവും! പ്രവാചക തിരുമേനിയുടെ ഐഹിക വിരക്തിയെപ്പറ്റി മഹതി ആയിഷ(റ) ഏറെപ്പറഞ്ഞിട്ടുണ്ട്. പരുക്കന്‍ ഗോതമ്പിന്‍റെ റൊട്ടിയെങ്കിലും വയറു നിറയെ ഭക്ഷിച്ച നിലയിലല്ല പ്രവാചകന്‍ ഇഹലോകത്തു നിന്ന് യാത്രപോയത്. (ബുഖാരി) ഒരു ദിവസം രണ്ടു നേരത്തെ ഭക്ഷണമല്ലാതെ, അതും ഒരു നേരം വെറും കാരക്ക മാത്രം, മുഹമ്മദി(സ്വ)ന്‍റെ കുടുംബത്തിന് തിന്നാനില്ലായിരുന്നു. (ബുഖാരി) മൂന്നു മാസങ്ങള്‍ പ്രവാചക പത്നിമാരുടെ വീടുകളില്‍ അന്നമുണ്ടാക്കാന്‍ അടുപ്പില്‍ തീ പുകയാറില്ലാത്ത അനുഭവങ്ങളുണ്ടായിട്ടുണ്ട്. ആ നാളുകളില്‍ പശിയടക്കാന്‍ പച്ച വെള്ളവും കാരക്കച്ചീന്തും മാത്രമായിരുന്നു തിരുമേനിയുടേയും കുടുംബത്തിന്‍റേയും ഭക്ഷണം! എന്നിട്ടും അവിടുന്ന് പ്രാര്‍ഥിക്കുമായിരുന്നു: “അല്ലാഹുവേ, മുഹമ്മദിന്‍റെ കുടുംബത്തിന്‍റെ വിഭവം പശിയടക്കാന്‍ മാത്രമുള്ള ഭക്ഷണമാക്കേണമേ.” (ബുഖാരി, മുസ്ലിം)
അന്യായമായതൊ അനര്‍ഹമായതോ ആയ ഒന്നും പ്രവാചക തിരുമേനിയുടെ വയറിലെത്തിയിട്ടേയില്ല. തികഞ്ഞ സൂക്ഷ്മതയും ഭയവും അക്കാര്യത്തില്‍ പ്രവാചകുണ്ടായിരുന്നു. നബി തിരുമേനിയുടെ വാക്കുകള്‍ കേള്‍ക്കൂ: “ഞാനെന്‍റെ പത്നിമാരുടെ വീടുകളില്‍ ചെല്ലാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഒന്നേോ രണ്ടോ കാരക്കകള്‍ എന്‍റെ വിരിപ്പില്‍ വീണു കിടക്കുന്നതു ഞാന്‍ കാണും. അതെടുത്തു തിന്നാനായി ഞാനെന്‍റെ വായിലേക്കുയര്‍ത്തുമ്പോഴായിരിക്കും എനിക്കോര്‍മ്മ വരിക; ഇതെങ്ങാനും സകാത്തിന്‍റെ വിഹിതമായിരിക്കുമോ? ഭയപ്പാടോടെ, ഞാനതു തിന്നാതെ മാറ്റിവെക്കും!” വിശപ്പിന്‍റെ വിളിയെയല്ല, പടച്ചവന്‍റെ വിചാരണയെയായിരുന്നു പ്രവാചകന്‍ എപ്പോഴും പരിഗണിച്ചതും ഭയപ്പെട്ടതും എന്നര്‍ഥം!
അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ ഹബീബിക!
Source: www.nermozhi.com
(DA’WA BOOKS പ്രസിദ്ധീകരിച്ച ‘മുഹമ്മദു നബി(സ്വ):ചന്തമാർന്ന വ്യക്തിത്വം’ എന്ന കൃതിയിൽ നിന്ന്)