മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 4

2030

അധ്യായം നാല്
പ്രവാചകന്‍റെ പെരുമാറ്റവും സമീപനങ്ങളും

സഹജീവികളുമായുള്ള പ്രവാചകന്‍റെ സഹവാസവും അവരോടുള്ള പെരുമാറ്റവും അനിതരവും മാതൃകായോഗ്യവുമായിരുന്നു. ഉല്‍കൃഷ്ടമായ സ്വഭാവങ്ങളുടെ പ്രഭവസ്ഥാന മായിരുന്നു അവിടുന്ന്. പ്രവാചകന്‍റെ സൗന്ദര്യം തന്നെ സല്‍സ്വഭാവമായിരുന്നു! അല്ലാഹു തന്‍റെ ദൂതന്നു നല്‍കിയ സാക്ഷ്യപത്രം കാണുക:

“തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തില്‍ തന്നെയാകുന്നു.” (ഖലം)

പ്രബോധിത സമൂഹത്തെ ആദരവോടെ കാണാനും അവരെ വെറുപ്പിക്കുന്ന എല്ലാ സ്വഭാവങ്ങളില്‍ നിന്നും അകലാനുമുള്ള മാനസിക ഗുണം അല്ലാഹു പ്രവാചകനില്‍ സിവേശിപ്പിച്ചിരുന്നു. അത് അവനില്‍ നിന്നു ള്ള അനുഗ്രമാണെന്ന് തന്‍റെ ദൂതനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

“(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു.” (ആലു ഇംറാന്‍: 159)

വ്യക്തികളോടുള്ള പ്രവാചകന്‍റെ മാന്യമായ സമീപനത്തിനുള്ള ഒരു സംഭവം കാണുക. നബി(സ്വ) ഒരു ജൂതനില്‍ നിന്നും അല്പം കടം വാങ്ങിയിരുന്നു. സന്ദര്‍ഭവശാല്‍ അതു വീട്ടാന്‍ പ്രവാചകന്നായില്ല. കടം നല്‍കിയ വ്യക്തി പ്രവാചകനെ സമീപിച്ചു കൊണ്ട് കടം വീട്ടാത്തതിന്‍റെ പേരില്‍ തിരുമേനിയെ ശകാരിക്കാന്‍ തുടങ്ങി. ഇത് സ്വഹാബികള്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. അവര്‍ ആ മനുഷ്യനെ മര്‍ദ്ദിക്കാനായി അടുത്തേക്ക് നീങ്ങി. അതു കണ്ട പ്രവാചകന്‍ സ്വഹാബത്തിനോടായി പറഞ്ഞു: “കിട്ടാനുള്ളവന്ന് കൊടുക്കാനുള്ളവനോട് എന്തു പറയാനും അവകാശമുണ്ട്. നിങ്ങളവനെ വെറുതെ വിടുക. കഴിയുമെങ്കില്‍ എനിക്കുവേണ്ടി ഒരു ഒട്ടകം വാങ്ങി അയാൾക്ക് നിങ്ങള്‍ നല്‍കുക.” സ്വഹാബികള്‍ പറഞ്ഞു: ‘റസൂലേ, ഇതാ ഞങ്ങളുടെ കയ്യിലൊരൊട്ടകമുണ്ട്. പക്ഷെ, അയാളുടെ കയ്യില്‍ നിന്നും അങ്ങ് കടം വാങ്ങിയതിനേക്കാള്‍ നല്ലതും വിലകൂടിയതുമാണത്.’ നബി(സ്വ) പറഞ്ഞു: “ആയ്ക്കോട്ടെ, നിങ്ങളതവന്ന് നല്‍കുക.” സ്വഹാബികള്‍ ഒട്ടകത്തെ അയാള്‍ക്കു കൊടുത്തു. അതിന്‍റെ മൂക്കുകയറും പിടിച്ചു നടന്നു നീങ്ങവേ, ആ ജൂതന്‍ പറഞ്ഞു: ‘താങ്കളെനിക്ക് മനംനിറയെ നല്‍കി അല്ലാഹു താങ്കള്‍ക്കും മതിയായത്ര നല്‍കട്ടെ.’ തിരുമേനി പറഞ്ഞു: “മനുഷ്യരില്‍ ആദരണീയന്‍ കടബാധ്യത വീട്ടുന്നതില്‍ മാന്യത കാട്ടുന്നവനാണ്.” (ബുഖാരി, മുസ്ലിം)

ഒരിക്കല്‍ നബി(സ്വ)യൊടൊപ്പം ദാറുർറഖാഅ് യുദ്ധത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ജാബിര്‍ ബ്ന്‍ അബ്ദില്ല(റ). അദ്ദേഹത്തിന്‍റെ ഒട്ടകം എത്ര തെളിച്ചിട്ടും നടക്കുന്നില്ല. നബിതിരുമേനി അതു കണ്ടു. അദ്ദേഹം ജാബിറിന്നടുത്തേക്ക് ചെന്നു. ഒട്ടകത്തിന്‍റെ പിന്നിൽ തന്‍റെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് ഒന്ന് കുത്തി. അത് എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി. തുടര്‍ യാത്രയില്‍ ജാബിറിന്‍റെ ജീവിതാവസ്ഥയെപ്പറ്റി ചോദിച്ചറിയുകയായിരുന്നു തിരുമേനി(സ്വ). അവിടുന്ന് ചോദിച്ചു: “ജാബിര്‍, നീ വിവാഹിതനായി അല്ലെ.” അദ്ദേഹം പറഞ്ഞു: ‘അതെ റസൂലേ.’ നബി: “വധു കന്യകയാണൊ അതൊ വിധവയോ?” ജാബിര്‍: ‘വിധവയാണ്.’ നബി: “നിനക്കൊരു കന്യകയെ വിവാഹം കഴിക്കാമായിരുന്നു. പരസ്പരം സ്നേഹപ്രകടനങ്ങള്‍ക്ക് അതായിരുന്നില്ലെ നല്ലത്.” ജാബിര്‍: “ആകാമായിരുന്നു, പക്ഷെ, ഉഹദ് യുദ്ധത്തില്‍ എന്‍റെ പിതാവ് വധിക്കപ്പെടുമ്പോള്‍ ഏഴ് സഹോദരികളെ വീട്ടില്‍ ബാക്കിയാക്കിയാണ് അദ്ദേഹം വിടപറഞ്ഞത്. അവരെല്ലാം എന്‍റെ സംരക്ഷണച്ചുമലിലാണ് റസൂലേ. അവരുടെ കാര്യങ്ങള്‍ കൃത്യമായി നോക്കുന്ന പക്വതയുള്ള ഒരു പെണ്ണായിരിക്കണം എന്‍റെ ഭാര്യ എന്ന് കരുതിയാണ് ഞാനൊരു വിധവയെ വിവാഹം ചെയ്തത്.”

ബാധ്യതകളേറെയുള്ള ഒരാളാണ് ജാബിറെന്ന് പ്രവാചകറിയാമായിരുന്നു. എഴുന്നേറ്റു നടക്കാന്‍ പോലും ശേഷിയില്ലാത്ത ഒരു ഒട്ടകമല്ലാതെ ജാബിറിന്‍റെ കയ്യില്‍ അധികമൊന്നുമില്ല. നബി ചോദിച്ചു: “നിന്‍റെ ഒട്ടകത്തെ എനിക്ക് വില്‍ക്കുന്നോ?” ജാബിര്‍ പറഞ്ഞു: ‘അതെ റസൂലേ. വില്‍ക്കാനൊരുക്കമാണ്.’ അങ്ങനെ ഒരു ഊഖിയ സ്വര്‍ണ്ണത്തിന് അദ്ദേഹമത് റസൂലിന് നല്‍കി. വിലയും വാങ്ങി, ഒട്ടകത്തെ പ്രവാചക ഭവനത്തിനരികെ നിര്‍ത്തി ജാബിര്‍ നടന്നു പോകവേ, തിരുമേനി(സ്വ) അദ്ദേഹത്തെ തിരിച്ചു വിളിച്ചു കൊണ്ടു പറഞ്ഞു: “ജാബിര്‍ ഇതാ ഈ ഒട്ടകവും നിനക്കുള്ളതാണ്.!” (ബുഖാരി/2097)

ഇതാണ് പ്രവാചകന്‍! കാരുണ്യം നിറഞ്ഞ മനസ്സിന്‍റെ ഉടമ! അന്യന്‍റെ ദാരിദ്ര്യത്തെ മുതലെടുക്കുകയല്ല, അവന്‍റെ നിസ്സഹായാവസ്ഥകള്‍ക്ക് കൈത്താങ്ങ് നല്‍കുകയാണ് അവിടുത്തെ സമീപന മഹിമ!!

അതിമഹത്തായ സ്വഭാവത്തിന്‍റെ ആള്‍രൂപമായിരുന്നു പ്രവാചക ശ്രേഷ്ഠന്‍ എന്നത് വെറും ഭംഗിവാക്കല്ല. മാനവരാശിയെ മഹിതദര്‍ശനങ്ങള്‍ പഠിപ്പിക്കാന്‍ സ്രഷ്ടാവ് നല്‍കിയ വിശുദ്ധ ഖുര്‍ആനിന്‍റെ തനിപ്പകര്‍പ്പായിരുന്നു അവിടുന്ന്. തന്‍റെ പ്രിയ പത്നി ആയിഷ(റ) അതിന്ന് സാക്ഷ്യം നില്‍ക്കുന്നുണ്ട്. എന്തായിരുന്നൂ നബിയുടെ സ്വഭാവ മഹിമകള്‍? എന്നന്വേഷിച്ച വ്യക്തിക്ക് അവര്‍ നല്‍കിയ മറുപടി; “തിരുമേനിയുടെ സ്വഭാവം ഖുര്‍ആനാണ്” (മുസ്ലിം) എന്നായിരുന്നു! “ആദരണീയമായ സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്” (ബൈഹഖി, അഹ്മദ്) എന്ന്, നബി(സ്വ) തന്നേയും തന്‍റെ നിയോഗത്തിന്‍റെ ലക്ഷ്യങ്ങളിലൊന്നായി ലോകത്തെ അറിയിച്ചിട്ടുണ്ട്.

തിരുമേനി(സ്വ) ആരേയും ദ്രോഹിച്ചിട്ടില്ല. ആര്‍ദ്ര ഹൃദയമായിരുന്നു അവിടുത്തേത്. മനുഷ്യരോട് മാത്രമല്ല, മൃഗങ്ങളോടുപോലും പ്രവാചകന്‍റെ സമീപനം അലിവാര്‍ന്ന തായിരുന്നു. സ്വന്തം ഒട്ടകത്തെ മര്‍ദ്ദിക്കുമായിരുന്ന സ്വഹാബിയെ ശാസിച്ചതും, പക്ഷിക്കുഞ്ഞുമായി വന്ന സ്വഹാബിയോട്, തള്ളപ്പക്ഷിയുടെ ദുഃഖം ഓര്‍മ്മപ്പെടുത്തി അതിന്‍റെ കൂട്ടില്‍ തന്നെ കൊണ്ടിടാന്‍ ആവശ്യപ്പെട്ടതും. ഏത് പച്ചക്കരളുള്ള ജീവിക്ക് നന്മചെയ്താലും അതിന്ന് പ്രതിഫലമുണ്ട് എന്ന് ഉമ്മത്തിനെ പഠിപ്പിച്ചതും ഹദീസു ഗ്രന്ഥങ്ങളില്‍ സുവിദിതമാണ്.

ഒരു ഹദീസ് കാണുക. അബൂദര്‍റ് (റ) നിവേദനം. നബി(സ്വ) അരുളി. “ഒരാള്‍ ഒരുവഴിയിലൂടെ സഞ്ചരിക്കുകയാണ്. യാത്രാ മധ്യേ അയാള്‍ക്ക് കലശലായ ദാഹം അനുഭവപ്പെട്ടു. തൊട്ടടുത്ത് ഒരു കിണര്‍ കണ്ട അദ്ദേഹം കിണറിലിറങ്ങി ദാഹം തീരുവോളം വെള്ളം കുടിച്ച് പുറത്തു വന്നു. അപ്പോഴുണ്ട്, നാവുനീട്ടിക്കൊണ്ടൊരു നായ. അത് ദാഹത്താല്‍ മണ്ണ് മാന്തിക്കൊണ്ടിരിക്കുകയാണ്. അയാള്‍ മനസ്സില്‍ പറഞ്ഞു: ഈ നായക്ക് എനിക്കുണ്ടായിരുന്നത് പോലെ അങ്ങേയറ്റത്തെ ദാഹമുണ്ടെന്ന് തോന്നുന്നു. അയാള്‍ കിണറ്റിലിറങ്ങി. തന്‍റെ ഷൂസില്‍ വെള്ളം നിറച്ച്, പല്ലു കൊണ്ട് കടിച്ചു പിടിച്ച് വെളിയിലേക്കു വന്നു. ജലം നായക്കു നല്‍കി. അല്ലാഹു ആ മനുഷ്യനില്‍ സംപ്രീതനായി. പടച്ചവന്‍ അയാളുടെ പാപങ്ങള്‍ പൊറുത്തു കൊടുത്തു. സ്വാഹാബികള്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, ഞങ്ങളുടെ മൃഗങ്ങളിലൂടേയും ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമൊെ?’ നബി(സ്വ) പറഞ്ഞു: “ഏത് പച്ചക്കരളുള്ള ജീവിയിലും പ്രതിഫലമുണ്ട്.” (ബുഖാരി, മുസ്ലിം)

തിരുദൂതരിൽ അല്ലാഹുവിൻറെ സ്വലാത്തുകളും സലാമുകളും നിരന്തരം വർഷിക്കട്ടെ. ആമീൻ

Source: www.nermozhi.com
(Da’wa Books പ്രസിദ്ധീകരിച്ച ‘മുഹമ്മദു നബി(സ്വ):ചന്തമാർന്ന വ്യക്തിത്വം’ എന്ന കൃതിയിൽ നിന്ന്)