മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം – 3

2732

അധ്യായം മൂന്ന്
പ്രവാചകന്‍റെ ത്യാഗ പരിശ്രമങ്ങള്‍

അധ്വാനനിരതരായിരുന്നു റസൂല്‍ (സ്വ). തന്നിലേല്‍പ്പിക്കപ്പെട്ട ഇസ്ലാമിക പ്രബോധനമെന്ന ഉത്തരവാദിത്ത നിര്‍വഹണത്തില്‍ കണിശത വെച്ചു പുലര്‍ത്തിയ ത്യാഗസമ്പന്നന്‍. അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ഇസ്ലാമിക പാഠങ്ങള്‍ സ്വയം ജീവിതത്തില്‍ പകര്‍ത്തുന്നതിലും, തന്‍റെ അനുയായികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നതിലും തിരുമേനി(സ്വ) അതീവ ശ്രദ്ധകാട്ടി. ഇസ്ലാമിന്‍റെ ആദര്‍ശത്തിലേക്ക് മനുഷ്യകുലത്തെ ക്ഷണിച്ചത് ജ്ഞാനത്തിന്‍റേയും ഉള്‍ക്കാഴ്ചയുടേയും വെളിച്ചത്തിലായിരുന്നു.

പ്രവാചകന്‍റെ പ്രബോധനവഴി അത്ര എളുപ്പമായിരുന്നില്ല. പക്ഷെ, അല്ലാഹുവിന്‍റെ നിയോഗം സാര്‍ത്ഥകമായിത്തീരാന്‍ ആ വഴിയില്‍ ഏറെ സഹനവും ക്ഷമയും കാണിച്ചായിരുന്നു അവിടുന്ന് നടന്നു നീങ്ങിയത്. ദഅ്വത്തിന്‍റെ മാര്‍ഗത്തിലുണ്ടായിരുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രവാചകനേല്‍ക്കേണ്ടി വന്ന പ്രയാസങ്ങള്‍ നിരവധിയാണ്. പിശാച് സമൂഹത്തിലുണ്ടാക്കുന്ന സന്ദേഹങ്ങളേയും ആശയക്കുഴപ്പങ്ങളേയും സന്ധിയില്ലാതെ നേരിട്ട പ്രവാചകന്‍(സ്വ), അവന്‍റെ കുതന്ത്രങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പുകളും അവയില്‍ നിന്ന് രക്ഷപ്രാപിക്കാനുള്ള മാര്‍ഗങ്ങളും തന്‍റെ ഉമ്മത്തിന് പഠിപ്പിച്ചു കൊടുക്കുകയുണ്ടായി.

താന്‍ കൊണ്ടുനല്‍കിയ തെളിമയാര്‍ന്ന സത്യത്തെ നിഷേധിച്ചു തള്ളിയ ഒരു വിഭാഗം ആളുകള്‍ പ്രവാചകന്‍റെ പ്രബോധനമാര്‍ഗത്തില്‍ പ്രശ്നങ്ങളുമായി നിലകൊണ്ടിരുന്നു. അവരെ വിവേകപൂര്‍വം നേരിടേണ്ടത് അവിടുത്തെ ബാധ്യതയായി. ശ്രമകരമായ ജോലിയായിരുന്നൂ അത്. തങ്ങളുടെ ആത്യന്തിക വിജയസ്രോതസ്സായ ഇസ്ലാമിനെ കലവറയില്ലാതെ, സുതാര്യമായി അവതരിപ്പിച്ചു നല്‍കുമ്പോഴും, അഹങ്കാരം കൊണ്ട് ശാഠ്യം കാണിക്കുന്ന സത്യനിഷേധികളെ വിവിധ നിലകളില്‍ പ്രവാചകന്ന് നേരിടേണ്ടതുണ്ടായിരുന്നു. ഹൃദയം കൊണ്ടും, നാവു കൊണ്ടും ധനം കൊണ്ടും, കൈകൊണ്ടുമൊക്കെയുള്ള ജിഹാദ് പ്രവാചക ജീവിതത്തില്‍ നമുക്ക് കാണാനാകുന്നത് അതുകൊണ്ടാണ്. ജിഹാദിന്‍റെ സകല ഘട്ടങ്ങളും സമ്പൂര്‍ണ്ണമായും വിജയകരമായും പൂര്‍ത്തിയാക്കുന്നതില്‍ തിരുമേനി അനുഭവിച്ച ത്യാഗങ്ങള്‍ അക്ഷരങ്ങള്‍ക്കു വഴങ്ങില്ല.

വെറും യുദ്ധത്തിന്‍റെ പാഠമല്ല ജിഹാദ്. നരകാഗ്നിയിലേക്ക് നടന്നു ചെല്ലുന്ന തന്‍റെ ഉമ്മത്തിനോട്, അവരുടെ അവിവേകങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടുള്ള അധ്യാപന മായിരുന്നു നബി(സ്വ)യുടേത്. കരണത്തടിച്ചു ശിക്ഷിക്കുക എതിനേക്കാള്‍ കൈപിടിച്ചു രക്ഷിക്കുക എന്ന ദയാപൂര്‍വമായ നിലപാടാണ് പ്രവാചക ശൈലിയെ വ്യതിരിക്തമാക്കിയിരുന്നത്. പ്രവാചകന്‍ ഇസ്ലാമിന്‍റെ ശത്രുസംഘങ്ങളോട് ഏറ്റുമുട്ടലുകളും യുദ്ധങ്ങളും നടത്തിയിട്ടുണ്ട് എന്നത് നേരാണ്. ഇരുപത്തിയേഴ് യുദ്ധങ്ങളില്‍ നബി(സ്വ) നേരിട്ട് നായകത്വം വഹിച്ചിട്ടുണ്ട്. അതിലെ ഏഴ് യുദ്ധങ്ങളില്‍ സധീരം പോരാടിയിട്ടുമുണ്ട്. നേരിട്ട് നായകത്വം വഹിക്കാത്ത, അമ്പത്തിയാറ് യുദ്ധ സംഘങ്ങളെ സ്വഹാബത്തിന്‍റെ നേതൃത്വത്തില്‍ യുദ്ധമുഖത്തേക്ക് തിരുമേനി പറഞ്ഞയച്ചിട്ടുണ്ട്. ഇതൊന്നും പക്ഷെ, പ്രവാചകന്‍റേയും സ്വഹാബത്തിന്‍റേയും ഭാഗത്തു നിന്നുണ്ടായ ഏകപക്ഷീയമായ നീക്കങ്ങളായിരുന്നില്ല. ആദര്‍ശ പ്രബോധനത്തിനും, ആദര്‍മനുസരിച്ചുള്ള ജീവിതത്തിനും സ്വൈര്യം നല്‍കാതെ ഇസ്ലാമിന്‍റെ ശത്രുക്കള്‍ തങ്ങളെ പിന്തുടര്‍പ്പോള്‍ സാന്ദര്‍ഭികമായി സംഭവിച്ച അനിവാര്യതകളായിരുന്നു. ഈ രംഗത്തെ പ്രവാചകന്‍റെ ത്യാഗങ്ങളും അധ്വാനങ്ങളും അനന്യവും മാതൃകാപരവുമായിരുന്നു എന്നത് ചരിത്രമാണ്.

സമൂഹത്തില്‍ കുറേ ശത്രുസംഘങ്ങളെ സൃഷ്ടിച്ച്, അവരോടേറ്റുമുട്ടി പച്ചമനുഷ്യരെ കൊന്നൊടുക്കുക എന്ന ദൗത്യവുമായി നിയോഗിതരായവരായിരുന്നില്ല പ്രവാചക ശ്രേഷ്ഠന്‍. നാല്‍പതു വയസ്സുവരെ സമൂഹത്തില്‍ മാന്യനായി, ആദരണീയനായി, പരിഗണനീയനായി, സാധുമനസ്കനായി, വിശ്വസ്തനായി ജീവിച്ചു പോന്ന നബി(സ്വ)യുടെ ഹൃദയത്തിലേക്ക് നാല്‍പതാമത്തെ വയസ്സില്‍ ചോരക്കൊതി കയറിവരില്ലെന്നത് തീര്‍ച്ച. പ്രവാചക തിരുമേനിയുടെ ജീവിതത്തിന്‍റെ ഏതു വശം പരിശോധിച്ചാലും ചോരയുടെ മണം പിടിച്ചെടുക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല.

ജനസമൂഹത്തെ കിതാബും ഹിക്മത്തുമുപയോഗിച്ച് നേര്‍മാര്‍ഗത്തിലേക്ക് നയിക്കുക എന്നതായിരുന്നു പ്രവാചകന്‍റെ നിയോഗം. അല്ലാഹു അക്കാര്യം വ്യക്തമാക്കുന്നുണ്ട്.
“അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പി ക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിുതയെുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുു അവന്‍.” (ജുമുഅ/2)

സ്രഷ്ടാവിനെ പരിചയപ്പെടുത്തിക്കൊണ്ടും, അവനെ മാത്രം ആരാധിക്കേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടും, ശിര്‍ക്കിന്‍റെ അപകടത്തെപ്പറ്റി താക്കീതു ചെയ്തുകൊണ്ടും, പരിശുദ്ധ ജീവിതത്തിനാവശ്യമായ സ്വഭാവങ്ങളും, പെരുമാറ്റ രീതികളും, ജീവിതച്ചിട്ടകളും പഠിപ്പിച്ചു കൊണ്ടും, പരലോക ജീവിതത്തിന്‍റെ സത്യതയും സംഭവ്യതയും ബോധ്യപ്പെടുത്തിക്കൊണ്ടും പ്രവാചകശ്രേഷ്ഠന്‍ മാനവകുലത്തെ നന്മയിലേക്ക് നയിക്കുകയുണ്ടായി. തീര്‍ത്തും വിജയകരമായിരുന്നു ആ ദൗത്യം! തന്‍റെ അധ്യാപനങ്ങളെ മനസാ, വാചാ, കര്‍മ്മണാ പ്രതിനീധീകരിക്കുന്ന വലിയൊരു അനുയായീ വൃന്ദത്തെ കണ്‍കുളിര്‍ക്കെ കണ്ടിട്ടാണ് അവിടുന്ന് വിടപറഞ്ഞു പോയതുതന്നെ!

ദൈവദൂതനായി നിയോഗിതനായതിനു ശേഷമുള്ള അദ്ദേഹത്തിൻറെ മക്കയിലെ പതിമൂന്ന് വര്‍ഷക്കാലം സംഭവ ബഹുലമായിരുന്നു. ഇരുളില്‍ ജീവിക്കുന്ന മനുഷ്യരെ വെളിച്ചം കാണിച്ച് ലക്ഷ്യത്തിലേക്ക് നയിക്കാനൊരുങ്ങിയ പ്രവാചകന്മാര്‍ക്കൊക്കെ ഉണ്ടായ തിക്താനുഭവങ്ങള്‍ മുഹമ്മദു നബിക്കുമുണ്ടായി. നാല്‍പതു വയസ്സുവരെ സമൂഹത്തിനിടയില്‍ അഭിമതനായും ആദരണീയനായും അല്‍അമീനായും ജീവിച്ച തിരുമേനി(സ്വ)യെ നാല്‍പതു വയസ്സിനു ശേഷമുള്ള ജീവിതത്തിലും തന്‍റെ സമൂഹം ആദരിക്കുകയും അനുധാവനം ചെയ്യേണ്ടതായിരുന്നു. എന്തുകൊണ്ടെന്നാല്‍ അദ്ദേഹത്തിന്‍റെ കൈവശമുണ്ടായിരുന്നത് അവര്‍ക്കുള്ള വെളിച്ചമായിരുന്നു. അവരെ ക്ഷണിച്ചത് അവര്‍ നടക്കേണ്ട വഴിയിലേക്കായിരുന്നു. അവര്‍ക്കു മുന്നില്‍ സമര്‍പ്പിച്ചത് അവര്‍ക്കായി ലഭിക്കേണ്ട സ്വര്‍ഗമായിരുന്നു. പക്ഷെ, ആ സമൂഹത്തിന്‍റെ നിലപാട് തികച്ചു നിഷേധാത്മകമായിരുന്നു!

നബി തിരുമേനിയുടെ പ്രബോധന സംരംഭം പ്രതിസന്ധികള്‍ക്കുമുന്നില്‍ തളരുകയോ നിലച്ചു പോകുകയോ ചെയ്തില്ല. ആഭിചാരക്കാന്‍, മാന്ത്രികന്‍, ഭ്രാന്തന്‍, കവി, സമൂഹഭദ്രത നശിപ്പിക്കുന്നവന്‍ തുടങ്ങിയ പരിഹാസങ്ങള്‍. അബൂജഹ്ലിന്‍റെയും കൂട്ടരുടേയും വിവിധ തരത്തിലുള്ള പീഢനമുറകള്‍. അബൂ ലഹ്ബിന്‍റേയും ഭാര്യയുടേയും നിരന്തര ദ്രോഹങ്ങള്‍. ശഅബ് അബീ ത്വാലിബ് മലഞ്ചെരുവിലെ മൂന്നു വര്‍ഷക്കാലത്തെ ഉപരോധിത ജീവിതം. ത്വാഇഫിന്‍റെ മണ്ണില്‍ നിന്നനുഭവിക്കേണ്ടി വന്ന മര്‍ദ്ദനങ്ങള്‍. മുശ്രിക്കുകളുടെ വധശ്രമങ്ങള്‍…

ഒരു സാധാരണ മനുഷ്യന്‍റെ ഏത് സംരംഭത്തേയും തളര്‍ത്താവുന്നതും തകര്‍ക്കാവുന്നതുമായ പ്രതിസന്ധികള്‍ ഫണം നീര്‍ത്തി നിന്നിരുന്നു തിരുമേനിയുടെ മുന്നിൽ! പക്ഷെ പ്രവാചകന്‍റെ ഇച്ഛാശക്തിയും, ഫലപ്രതീക്ഷയും, പടച്ചതമ്പുരാനില്‍ ഭരമേല്‍പിക്കാനുള്ള മാനസിക ശേഷിയും അദ്ദേഹത്തെ സധീരം ലക്ഷ്യത്തിലേക്ക് നയിക്കുകയാണുണ്ടായത്! മനുഷ്യകുലത്തെ സ്വര്‍ഗത്തിലേക്കെത്തിക്കാന്‍ ആ മഹാനുഭാവന്‍ സഹിച്ച യാതനകളെത്രയായിരുന്നു എന്നോർത്താൽ, ആ ജീവിതമാതൃകയെ അവഗണിക്കാന്‍ യാതൊരാള്‍ക്കുമാവില്ല എന്നതാണ് സത്യം; അഹങ്കാരികള്‍ക്കല്ലാതെ.

Source: www.nermozhi.com
(ദഅ് വ ബുക്സ് പ്രസിദ്ധീകരിച്ച ‘മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം’ എന്ന കൃതിയിൽ നിന്ന്)