അധ്യായം ഒന്ന്
പ്രവാചകന്‍റെ കുടുംബം, നിയോഗം
പേര്: മുഹമ്മദ് (സ്വ)
പിതാവ്: അബ്ദുല്ലാഹ്
മാതാവ്: ആമിന
പിതാമഹന്മാര്‍: അബ്ദുല്‍ മുത്തലിബ്, ഹാശിം, അബ്ദുമനാഫ്, ക്വുസ്വയ്യ്, കിലാബ്, മുര്‍റത്ത്, നിസാര്‍, മഅദ്, അദ്നാന്‍
ഗോത്രം: അറബികളിലെ ഖുറൈശ്.
മഹാനായ ഇബ്റാഹീം നബിയുടെ പുത്രന്‍ ഇസ്മാഈല്‍ നബിയുടെ സന്താന സമൂഹമാണ് അറബികള്‍.
ജനനം: മക്കയില്‍ നടന്ന ആനക്കലഹ വര്‍ഷം, റബീഉല്‍ അവ്വല്‍ മാസത്തിലെ ഒരു തിങ്കളാഴ്ച ദിവസം. ക്രിസ്താബ്ദം 571ല്‍.
മരണം: മദീനയില്‍. തന്‍റെ 63മത്തെ വയസ്സില്‍. നാല്‍പതു വര്‍ഷം പ്രവാചകത്വത്തിന് മുമ്പും 23 വര്‍ഷം പ്രവാചകനായും ആ ധന്യജീവിതം ചെലവഴിച്ചു.
ആരില്‍ നിന്നും എല്ലാ നിലക്കും വ്യത്യസ്തനായിരുന്നു മുഹമ്മദ്(സ്വ). ചെറുപ്പം മുതല്‍ക്കേ ആളുകളുടെ കണ്ണിലുണ്ണിയായിത്തീര്‍ന്ന അദ്ദേഹത്തെ അവര്‍ വിളിച്ചിരുന്നത് അല്‍ അമീന്‍ അഥവാ വിശ്വസ്തന്‍ എന്നായിരുന്നു. തങ്ങളുടെ ഏതൊരു കാര്യത്തിലും മുഹമ്മദി(സ്വ)ന്‍റെ വാക്കിനായും തീര്‍പ്പിനായും മക്കന്‍ ജനത പ്രാമുഖ്യം കല്‍പിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു. ജാഹിലിയ്യാ വിശ്വാസങ്ങളൊ, ആചാരങ്ങളൊ, ധാര്‍മ്മിക ച്യുതികളൊ ആ മഹാപുരുഷനെ ബാധിച്ചിരുന്നേയില്ല. ബിംബാരാധകരായ സമൂഹത്തില്‍ ജീവിച്ചിട്ടും ഒരിക്കല്‍ പോലും ബിംബങ്ങള്‍ക്കു മുന്നിൽ അദ്ദേഹം ആരാധനാപൂര്‍വം നിന്നിട്ടില്ല. കള്ളും പെണ്ണും യുദ്ധകോലാഹങ്ങളുമില്ലാതെ ജീവിക്കാന്‍ വയ്യായിരുന്ന ആളുകള്‍ക്കിടയില്‍ മുഹമ്മദ് നബി അക്കാര്യങ്ങളിലൊക്കെ തീര്‍ത്തും അപരിചിതനായിരുന്നു.
കൗമാരത്തില്‍ ആടുകളെ മേച്ചും, യൗവനത്തില്‍ കച്ചവടകാര്യങ്ങളിലേര്‍പ്പെട്ടും മുഹമ്മദ് നബിയുടെ ജീവിതം മുന്നോട്ടുപോയി. മക്കയില്‍ അന്നുണ്ടായിരുന്ന വര്‍ത്തക പ്രമുഖയായിരുന്നൂ ഖുവൈലിദിന്‍റെ പുത്രി ഖദീജ. ധനാഡ്യ. കുലീന. തറവാടിത്തത്തിന്‍റെ കാര്യത്തില്‍ അവര്‍ ഏറെ മുന്നിലായിരുന്നു. ചുറുചുറുക്കും വിശ്വസ്തതയുമുള്ള, കച്ചവടത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് കഴിവുതെളിയിച്ച മുഹമ്മദി(സ്വ)നെ ഒരിക്കലവര്‍ ശാമിലേക്കുള്ള തന്‍റെ കച്ചവടസംഘത്തിന്‍റെ നേതാവാക്കി നിശ്ചയിച്ചു. കൈ നിറയെ ലാഭവുമായി തിരിച്ചെത്തിയ അദ്ദേഹത്തില്‍ അവര്‍ സംതൃപ്തയായിരുന്നു.
ഭൗതികമായി സമ്പല്‍ സമൃദ്ധിയിലായിരുന്നൂ ഖദീജയെങ്കിലും അവര്‍ വിധവയായിരുന്നു. ഒരുപാട് പ്രമുഖരുടെ വിവാഹാലചനകള്‍ക്ക് ചെവികൊടുക്കാതെ കഴിയുകയായിരുന്നു അവര്‍, മുഹമ്മദ് നബിയുടെ സ്വഭാവ സവിശേഷതകളും, പെരുമാറ്റ മര്യാദകളും കണ്ടപ്പോള്‍ തന്‍റെ വരനായി അദ്ദേഹത്തെ ലഭിച്ചിരുന്നെങ്കില്‍ എന്ന് അവർ ആഗ്രഹിച്ചു. തന്‍റെ തോഴിയായിരുന്ന നഫീസ ബിന്‍ത് മുനബ്ബഹു വഴി തിരുമേനിയുടെ പിതൃവ്യന്‍ അബൂത്വാലിബുമായി വിവാഹാലോചന നടത്തുകയും ചെയ്തു.
അങ്ങനെ 20 ഒട്ടകങ്ങള്‍ മഹ്റായി നല്‍കിക്കൊണ്ട് മുഹമ്മദ്(സ്വ) ഖദീജയെ വിവാഹം കഴിച്ചു. അന്ന് പ്രവാചകന്ന് 25 വയസ്സും ഖദീജക്ക് 40 വയസ്സുമായിരുന്നൂ പ്രായം. അറുപത്തി അഞ്ചാമത്തെ വയസ്സില്‍ ഖദീജ (റ) മരണമടയുന്നതുവരെ മറ്റൊരു സ്ത്രീയെ പ്രവാചകന്‍ പരിണയിച്ചിരുന്നില്ല. ഖദീജയുമൊത്തുള്ള പതിമൂന്ന് കൊല്ലത്തെ ദാമ്പത്യജീവിതത്തില്‍ ഖാസിം, സൈനബ്, റുഖിയ്യ, ഉമ്മുകുല്‍സും, ഫാത്വിമ, അബ്ദുല്ല എിങ്ങനെ അഞ്ചു മക്കള്‍ പിറന്നു. പിന്നീട് മാരിയ്യത്തുല്‍ ഖിബ്തിയ്യയില്‍ നബി(സ്വ)ക്ക് ഇബ്റാഹീം എന്ന ഒരു കുഞ്ഞുകൂടി ജനിക്കുകയുണ്ടായി. ഖാസിമും, അബ്ദുല്ലയും, ഇബ്റാഹീമും വളരെ ചെറുപ്പത്തില്‍ തന്നെ മരണമടഞ്ഞു. പ്രവാചകത്വത്തിനു ശേഷം തില്‍ വിശ്വസിച്ചവരായിരുന്നു മൂന്ന് പെണ്‍മക്കളും. സൈനബും, റുഖിയ്യയും, ഉമ്മുകുല്‍സൂമും പ്രവാചകന്‍റെ ജീവിതകാലത്തു തന്നെ മരണമടയുകയുണ്ടായി. പ്രവാചക വിയോഗാനന്തരമാണ് ഫാത്വിമ(റ)യുടെ മരണം.
ഖദീജ(റ)യെ കൂടാതെ, ആയിഷ ബിന്‍ത് അബീബകര്‍(റ), സൗദ ബിന്‍ത് സംഅത്ത്(റ), ഹഫ്സ് ബിന്‍ത് ഉമര്‍(റ), സൈനബ ബിന്‍ത് ഖുസൈമ(റ), ഉമ്മു സല്‍മ ഹിന്ത് ബിന്‍ത് അബീഉമയ്യ(റ), സൈനബ ബിന്‍ത് ജഹ്ശ്(റ), ജുവൈരിയ ബിന്‍ത് ഹാരിസ്(റ), ഉമ്മു ഹബീബ റംല ബിന്‍ത് അബീ സുഫ്യാന്‍(റ), സ്വഫിയ ബിന്‍ത് ഹുയയ്യ്(റ), മൈമൂന ബിന്‍ത് ഹാരിസ്(റ) എന്നീ ഭാര്യമാരുണ്ടായിരുന്നു. എല്ലാവരുമായും നന്മയില്‍ വര്‍ത്തിച്ചും, മനംകവർന്നും, അവകാശങ്ങളെ നീതിപൂര്‍വം തുല്യമായി വകവെച്ചു കൊടുത്തും നബി തിരുമേനി(സ്വ) നല്ലൊരു ഭര്‍ത്താവിന്‍റെ ധര്‍മ്മം നിര്‍വഹിച്ചു. ഇവരെല്ലാവരുമായി നബി(സ്വ) വിവഹബന്ധത്തിലേര്‍പ്പെട്ടത്, പ്രഥമ ഭാര്യ ഖദീജ(റ)യുടെ വിയോഗം കഴിഞ്ഞ്, മദീനാ പാലായനത്തിനും ശേഷമാണ്.
മക്കന്‍ ജനതയിലുണ്ടായിരുന്ന ബിംബാരാധനയോട് മുഹമ്മദ് നബിക്ക് താത്പര്യമില്ലായിരുന്നു. അദ്ദേഹത്തിന് ഏകാന്തവാസത്തോട് താത്പര്യമേറി. താന്‍ മനസ്സാ വിശ്വസിക്കുന്ന ദൈവത്തോടുള്ള ചിന്തയും ആരാധനാഭാവവും നാള്‍ക്കുനാള്‍ ഏറിവരികയായിരുന്നു. അങ്ങനെയാണ് അദ്ദേഹം കൂടുതല്‍ സ്വസ്ഥത ലഭിക്കാവുന്ന, മക്കയിലെ നൂര്‍ പര്‍വതത്തിനു മുകളിലുള്ള ഹിറാ ഗുഹയില്‍ ദിവസങ്ങള്‍ നീണ്ട താമസം ആരംഭിച്ചത്. ഭക്ഷണങ്ങള്‍ കൊണ്ടു നല്‍കി, പ്രിയപത്നി ഖദീജ(റ) അദ്ദേഹത്തിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു.
അങ്ങനെ ഹിറയില്‍ കഴിയവെയാണ്, അല്ലാഹുവില്‍ നിന്ന് ജീബ്രീല്‍(അ) എ മലക്ക് അദ്ദേഹത്തിന്‍റെ അടുക്കലേക്ക് ദിവ്യസന്ദേശവുമായി വരുന്നതും ലോകജനതക്കാകമാനമുള്ള പ്രവാചകനായി നിയോഗിതനാകുന്നതും. അന്ന് അദ്ദേഹത്തിന് പ്രായം നാല്‍പതായിരുന്നു.
ലോകജനതക്ക് ശിര്‍ക്കിനെ സംബന്ധിച്ച് താക്കീതു നല്‍കുക, വിശുദ്ധ തൗഹീദിലേക്ക് അവരെ ക്ഷണിക്കുക എന്ന മഹത്തായ ദൗത്യമായിരുന്നു തിരുമേനിയുടേത്. അല്ലാഹുവിന്‍റെ ഏകത്വത്തിലേക്ക് പ്രബോധനം ചെയ്തുകൊണ്ടിരിക്കവേ, പത്താം വര്‍ഷം അദ്ദേഹം ആകാശാരോഹണം നടത്തി. അവിടെ വെച്ചാണ് അഞ്ചു നേരത്തെ നമസ്കാരം നിര്‍ബന്ധമാക്കപ്പെട്ടത്. ഹിജ്റയുടെ മൂന്ന് വര്‍ഷം മുമ്പ് മുതല്‍, മക്കയില്‍ വെച്ചു തന്നെ, അഞ്ചു നമസ്കാരങ്ങളും അദ്ദേഹം നിര്‍വഹിച്ചു തുടങ്ങി.
അല്ലാഹുവിന്‍റെ കല്‍പനാനുസൃതം മദീനയിലേക്ക് ഹിജ്റ ചെയ്തെത്തിയ തിരുമേനി(സ്വ), സകാത്ത്, നോമ്പ്, ഹജ്ജ്, ജിഹാദ്, ബാങ്ക്, നന്മ കല്‍പിക്കുക തിന്മ വിരോധിക്കുക തുടങ്ങിയ ആരാധനകള്‍ വിശ്വാസികള്‍ക്ക് പഠിപ്പിച്ചു കൊടുത്തു.
പത്തു വര്‍ഷക്കാലം അല്ലാഹുവിന്‍റെ വഹ്യിനെ മുന്നിൽ വെച്ചു കൊണ്ട് മഹാനായ പ്രവാചകന്‍(സ്വ) ഇസ്ലാമിക പാഠങ്ങള്‍ മുഴുവനും തന്‍റെ ഉമ്മത്തിന് വിശദീകരിച്ചു നല്‍കി. അറുപത്തിമൂന്നാമത്തെ വയസ്സില്‍ ഈ ദുനിയാവിനോട് വിടപറയുമ്പോള്‍ തിരുമേനിയുടെ ദൗത്യനിര്‍വഹണം പരിപൂര്‍ണ്ണമായിരുന്നു. എല്ലാ നിലക്കും സമ്പൂര്‍ണ്ണമായ ദൈവികമതം: ഇസ്ലാം. ലോകത്ത് അത് ഇന്നും അവശേഷിക്കുന്നു; ഏവരുടേയും കണ്‍മുന്നില്‍. അല്ലാഹു പറഞ്ഞു:
“ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു.” (മാഇദ:3)
പ്രവാചക തിരുമേനി (സ്വ) തന്‍റെ ഉമ്മത്തിന് ഒരൊറ്റ നന്മയും പഠിപ്പിക്കാതെ പോയിട്ടില്ല. ഒരൊറ്റ തിന്മയെപറ്റിയും അവരെ താക്കീതു ചെയ്യാതിരുന്നിട്ടുമില്ല.
അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) നിവേദനം. നബി(സ്വ) പറഞ്ഞു: “ജനങ്ങളേ, സ്വര്‍ഗത്തിലേക്ക് നിങ്ങളെ അടുപ്പിക്കാവുന്ന കാര്യങ്ങളും, നരകത്തില്‍ നിന്ന് നിങ്ങളെ അകറ്റാവുന്ന കാര്യങ്ങളും നിങ്ങളോട് ഞാന്‍ കല്‍പിക്കാതെ വിട്ടിട്ടില്ല. നരകത്തിലേക്ക് നിങ്ങളെ അടുപ്പിക്കാവുന്ന കാര്യങ്ങളെപ്പറ്റിയും, സ്വര്‍ഗത്തില്‍ നിന്ന് നിങ്ങളെ അകറ്റാവുന്ന കാര്യങ്ങളെപ്പറ്റിയും നിങ്ങള്‍ക്കു ഞാന്‍ മുറിയിപ്പു നല്‍കാതെയിരുന്നിട്ടുമില്ല.” (മുസ്വന്നഫ് ഇബ്നു അബീശൈബ)
പ്രവചാകന്മാരിലെ അന്തിമനാണ് തിരുമേനി(സ്വ). അദ്ദേഹത്തിന് ശേഷം ഇനിയൊരു പ്രവാചകന്‍ നിയോഗിതനാവുകയില്ല. ലോകര്‍ക്കാകമാനമായിട്ടാണ് തിരുമേനി നിയോഗിതനായത്. ജിന്നാകട്ടെ മനുഷ്യനാകട്ടെ സകലരും അദ്ദേഹത്തെ അനുസരിച്ചേ പറ്റൂ; അല്ലാഹുവിന്‍റെ നിയമമാണത്. നബി(സ്വ)യെ അനുസരിച്ച് ജീവിച്ചവന്‍ സ്വര്‍ഗപ്രാപ്തനാണ്. അദ്ദേഹത്തോട് അനുസരണക്കേട് കാണിക്കുന്നവന്‍ നരകാവകാശിയുമാണ്.
നബി(സ്വ) അതീവ ശ്രേഷ്ഠനാണ്. ജനങ്ങളിലെ മഹാന്‍. കുലമഹിമയുള്ള ഉല്‍കൃഷ്ടന്‍. ധിഷണകൊണ്ടും, സ്ഥാനമാനങ്ങള്‍ കൊണ്ടും, പെരുമ കൊണ്ടും മികച്ചു നില്‍ക്കുന്ന പൂര്‍ണ്ണ പുരുഷന്‍. ഖിയാമത്തു നാളില്‍ പ്രവാചകശ്രേഷ്ഠന്‍റെ അനുയായികളായിരിക്കും ഇതര പ്രവാചകാനുയായികളേക്കാള്‍ കൂടുതല്‍.
പ്രവാചക തിരുമേനിയെ ദുനിയാവിലെ മറ്റാരേക്കാളും, എന്തിനേക്കാളും കൂടുതല്‍ സ്നേഹിക്കണമെന്നത് മതനിയമമാണ്. ആ മഹാനുഭാവന്‍റെ ജീവിതം പിന്‍പറ്റിക്കൊണ്ടും, പ്രവൃത്തിപഥത്തില്‍ നടപ്പിലാക്കിക്കൊണ്ടുമാകണം വിശ്വാസികള്‍ നബി(സ്വ)യോടുള്ള സ്നേഹബഹുമാനങ്ങള്‍ പ്രകടിപ്പിക്കേണ്ടത്.
അല്ലാഹു പറഞ്ഞു: “പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളെക്കാളും അടുത്ത ആളാകുന്നു.” (അഹ്സാബ്/6)
അനസ് ബ്നു മാലിക് (റ) നിവേദനം. നബി(സ്വ) അരുളി: “എന്‍റെ ആത്മാവിന്‍റെ ഉടമ തെ സത്യം! സ്വന്തം പിതാവിനേക്കാള്‍, മക്കളേക്കാള്‍, മുഴുവന്‍ ജനങ്ങളേക്കാള്‍ ഈ ഞാന്‍ നിങ്ങള്‍ക്ക് പ്രിയങ്കരനായിത്തീരുവോളം നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല.” (ബുഖാരി, മുസ്ലിം)
നബി തിരുമേനി (സ്വ) മദീനാ പള്ളിയില്‍ സ്വഹാബത്തിനോടൊപ്പം ഇരിക്കുന്ന സമയം. മഹാനായ ഉമര്‍ ബ്നുല്‍ ഖത്താബും(റ) അവര്‍ക്കിടയിലുണ്ട്. അദ്ദേഹം പറഞ്ഞു: ‘റസൂലേ, അല്ലാഹുവാണ സത്യം! എന്‍റെ ദേഹത്തെക്കഴിഞ്ഞാല്‍ മറ്റെന്തിനേക്കാളും സ്നേഹം എനിക്ക് അങ്ങയോടാണ്’. നബി(സ്വ) പറഞ്ഞു: “അങ്ങനെയല്ല ഉമര്‍! നിന്‍റെ ശരീരത്തേക്കാന്‍ ഞാന്‍ നിനക്ക് പ്രിയങ്കരനായിരിക്കണം.” ഉമര്‍(റ) പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, അല്ലാഹു സത്യം! സര്‍വതിനേക്കാളും, എന്‍റെയീ ശരീരത്തേക്കാളും എനിക്കിഷ്ടം അങ്ങയോടാണ്.’ “ഉമറേ, ഇപ്പോഴാണ് നിന്‍റെ സ്നേഹം യഥാര്‍ഥമായത്. നബി(സ്വ) ഉമറി(റ)നെ സത്യപ്പെടുത്തി.” (ബുഖാരി)
അല്ലാഹു പറഞ്ഞു: “(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.” (ആലുഇംറാൻ/31)
നബി(സ്വ)യുടെ നിയോഗലക്ഷ്യം സമൂഹത്തെ തൗഹീദിലേക്ക് ക്ഷണിക്കുക എന്നതാ യിരുന്നു. ശിര്‍ക്കിന്‍റെ അന്ധകാരത്തില്‍ നിന്ന് ഏകദൈവാരാധനയുടെ വെളിച്ചത്തിലേക്ക് അവരെ കൈപിടിച്ചു നയിക്കുക എന്ന ദൗത്യം അദ്ദേഹം കൃത്യനിഷ്ഠയോടെ നിര്‍വഹിക്കുകയുണ്ടായി. പാപകര്‍മ്മങ്ങളും താന്തോന്നിത്തങ്ങളും കൊണ്ട് ഇരുള്‍മുറ്റിയ ജീവിത വീഥിയെ സല്‍കര്‍മ്മങ്ങളുടേയും, സദാചാരങ്ങളുടേയും പൊന്‍പ്രഭ കൊണ്ട് പ്രകാശമാനമാക്കി അവിടുന്ന്. മനുഷ്യ ഹൃദയങ്ങളിലടിഞ്ഞു കൂടിയ അജ്ഞത നീക്കംചെയ്ത് അവയെ വിജ്ഞാനം കൊണ്ട് അലങ്കൃതമാക്കിയതും പ്രവാചക ശ്രേഷ്ഠന്‍ തന്നെയാണ്. സമൂഹത്തിനാവശ്യമായ ഒരു നന്മയും അദ്ദേഹം പഠിപ്പിക്കാതെ വിട്ടില്ല. മനുഷ്യജീവിതത്തെ സാരമായി ബാധിക്കാവുന്ന ഒരു തിന്മയെപ്പറ്റിയും ഉദ്ബോധിപ്പിക്കാതെ നബി(സ്വ) മാറ്റിവെച്ചതുമില്ല.
അല്ലാഹുമ്മ സ്വല്ലി വസല്ലിം അലാ ഹബീബിക, യാ റബ്ബൽ ആലമീൻ
Source: www.nermozhi.com
(ദഅ് വ ബുക്സ് പ്രസിദ്ധീകരിച്ച ‘മുഹമ്മദ് നബി(സ്വ) ചന്തമാർന്ന വ്യക്തിത്വം’ എന്ന കൃതിയിൽ നിന്ന്)