13 – ഉമ്മാക്ക് പുണ്യം ചെയ്യുന്നവന്‍ മഹാന്‍
മാതൃകായോഗ്യരായവരെയൊക്കെ മാതൃകയാക്കാന്‍ ഉപദേശിക്കുന്ന മഹത്തായ മാതൃകയാണ് മഹാനായ പ്രവാചകന്‍റേത്.
മദീനാ പള്ളിയില്‍ തന്നോട് ചേർന്നിരിക്കുന്ന സ്വഹാബത്തിനോടായി പ്രവാചകനൊരിക്കല്‍ പറഞ്ഞു: ഖര്‍ന് ഭാഗത്തു നിന്നും യമന്‍ നിവാസികളുടെ കച്ചവട സംഘത്തോടൊപ്പം ഉവൈസ് ബ്നു ആമിര്‍ നിങ്ങളിലേക്ക് വന്നെത്തെുന്നതാണ്.
ഒരു സ്വര്‍ണ്ണ നാണയത്തോളം വലുപ്പമുള്ള വെള്ളപ്പാണ്ഡിന്‍റെ അടയാളം അയാളുടെ ശരീരത്തിലുണ്ടാകും.
തന്‍റെ ഉമ്മയോട് ആദരവുള്ള, അവര്‍ക്ക് പുണ്യ ചെയ്യുന്ന മാതൃസേവകനായിരിക്കും അയാള്‍.
അല്ലാഹുവിന്‍റെ മേല്‍ അയാളൊരു കാര്യം ശപഥം ചെയ്തു പറഞ്ഞാല്‍ അതു സംഭവിച്ചതു തന്നെ.
ഉമറേ, നീയെങ്ങാനും അദ്ദേഹത്തെ കണ്ടുമുട്ടുന്നുവെങ്കില്‍ നിനക്ക് വേണ്ടി പാപമോചനത്തിനു തേടാന്‍ നീയദ്ദേഹത്തോട് ആവശ്യപ്പെടുക.
യമനില്‍ നിന്നെത്തുന്ന കച്ചവട സംഘങ്ങളെ കാണുമ്പോഴൊക്കെ മഹാനായ ഉമര്‍(റ) പിന്നീടെപ്പോഴും ചോദിക്കുമായിരുന്നു: നിങ്ങളുടെ കൂട്ടത്തില്‍ ഉവൈസുല്‍ ഖര്‍നിയുണ്ടൊ?
പ്രവാചക വിയോഗാനന്തരവും പ്രവാചക നിര്‍ദ്ദേശം പാലിക്കാന്‍ അതീവ ശ്രദ്ധകാട്ടിയ സ്വഹാബത്തിന്‍റെ ചിത്രം മഹാനായ ഉമറിലൂടെ നമുക്ക് ദര്‍ശിക്കാനാവുകയാണ്.
പ്രവാചകനെ കാണാത്ത ഒരു മനുഷ്യന്‍, പ്രവാചകനെ കണ്ടും, കേട്ടും, കൂടെ ജീവിച്ചും വളർന്നുവന്ന തന്നെക്കാൾ മഹാനാവുകയോ? പ്രവിശാലമായ ഇസ്ലാമിക ഭരണകൂടത്തിന്‍റെ ഭരണാധികാരിയായ, കിരീടമഴിക്കാത്ത കിസ്റാ കൈസര്‍ അഹങ്കാരങ്ങളുടെ അന്തകനായ ഉമറിനേക്കാള്‍ ആദരണീയനാവുകയോ, അയാള്‍?
മഹാനായ ഉമര്‍(റ) അവ്വിധമൊന്നും ചിന്തിച്ചില്ല.
തിരുദൂതര്‍(സ്വ) ഉവൈസിനെപ്പറ്റി തന്നോടു മൊഴിഞ്ഞ ചിലകാര്യങ്ങളുണ്ട്:
അദ്ദേഹം അല്ലാഹുവിന്ന് ഇഷ്ടമുള്ളവനാണ്,
അദ്ദേഹത്തിന്‍റെ പ്രാര്‍ഥന അല്ലാഹുവിങ്കല്‍ സ്വീകാര്യമാണ്,
എന്തു കൊണ്ടെന്നാല്‍…
അദ്ദേഹം ഉമ്മാക്ക് പുണ്യം ചെയ്യുന്നവനാണ്!
അദ്ദേഹത്തെ കണ്ടുമുട്ടാനായാല്‍ തനിക്കുവേണ്ടി പാപമോചനത്തിന് പ്രാര്‍ഥിക്കാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കണം. അത്രമാത്രം; അതുമാത്രമാണ് ഉമറി(റ)ന്‍റെ മനസ്സിലുണ്ടായിരുന്ന ചിന്ത.
ഒരിക്കല്‍ മദീനയിലെത്തിയ യമന്‍ സംഘത്തോട് പതിവുപോലെ ചോദിച്ചു:
ഉവൈസുല്‍ ഖര്‍നിയുണ്ടൊ നിങ്ങളോടൊപ്പം?
അവര്‍ പറഞ്ഞു: അതെ, ഉണ്ട്.
ഉമര്‍(റ) അദ്ദേഹത്തെ ചെന്നുകണ്ടു. നബി(സ്വ) പറഞ്ഞ അടയാളം ചോദിച്ചറിഞ്ഞു. ഖര്‍നുകാരന്‍ തന്നെയൊ എന്ന് ഉറപ്പു വരുത്തി.
അദ്ദേഹം ചോദിച്ചു: ജീവിച്ചിരിക്കുന്ന മാതാവുണ്ടൊ നിങ്ങള്‍ക്ക്?
ഉവൈസ്(റ): ഉണ്ട്
ഉമര്‍(റ) സന്തോഷിച്ചു. അല്ലാഹുവിനെ സ്തുതിച്ചു.
പ്രവാചക തിരുമേനി(സ്വ) അദ്ദേഹത്തെപ്പറ്റി പറഞ്ഞ സന്തോഷവര്‍ത്തമാനങ്ങള്‍ ഉവൈസിനദ്ദേഹം കൈമാറി.
എന്നിട്ട് പറഞ്ഞു: താങ്കള്‍ അല്ലാഹുവിനോട് എനിക്കു വേണ്ടി ഇസ്തിഗ്ഫാര്‍ ചെയ്യണം.
ഉവൈസ്(റ) മടിച്ചില്ല, ഉമറിനു(റ) വേണ്ടി അല്ലാഹുവിനോടദ്ദേഹം മാപ്പിരുന്നു പ്രാര്‍ഥിച്ചു.
ഉമര്‍(റ) ചോദിച്ചു: ഉവൈസ്, ഇനി എങ്ങോട്ടേക്കാണ് താങ്കളുടെ യാത്ര?
ഉവൈസ് പറഞ്ഞു: കൂഫയിലേക്ക്
ഉമര്‍: താങ്കളുടെ വരവറിയിച്ചു കൊണ്ട് കൂഫാ ഗവര്‍ണ്ണര്‍ക്ക് ഞാന്‍ ഒരു കത്തെഴുതി നല്‍കട്ടെയോ?
ഉവൈസ്(റ): വേണ്ട, ജനങ്ങളില്‍ അപരിചിതനായി കഴിയാനാണ് എനിക്കിഷ്ടം. എന്നെ വിട്ടാലും…
സുബ്ഹാനല്ലാഹ്!
സൃഷ്ടികളില്‍ ശ്രേഷ്ഠനായ പ്രവാചക തിരുമേനി(സ്വ) മഹാനെന്ന് പരിചയപ്പെടുത്തിയ ഉവൈസുല്‍ ഖര്‍നി(റ)യുടെ ബഹുമതി എന്തായിരുന്നു?
അദ്ദേഹം ഉമ്മാക്ക് പുണ്യം ചെയ്യുവനാണ്
ഉമ്മാക്ക് പുണ്യം ചെയ്യുന്നവന്‍ മഹാന്‍!
Source: www.nermozhi.com