11 – അവസാനത്തെ കല്ല്
തൊട്ടകലെ പഞ്ചാരമണലില്‍ കാലും നീട്ടിയിരിക്കുന്ന ആ വൃദ്ധയെ അയാള്‍ വെറുതെ ശ്രദ്ധിക്കുകയായിരുന്നുയ
മണല്‍ത്തരികളോട് മല്ലടിക്കുന്ന കുഞ്ഞു തിരമാലകളിലേക്ക് ഇടക്കിടെ കല്ലെറിഞ്ഞ് അവര്‍ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ട്.
കുട്ടികളുടെ കളിയും ചിരിയും മുഴങ്ങുന്ന, കൊണ്ടുവന്ന ഭക്ഷണ വിഭവങ്ങള്‍ വട്ടം കൂടിയിരുന്ന് ആളുകള്‍ തിന്നു രസിക്കുന്ന ചുറ്റുപാടില്‍ ഏകാകിനിയായൊരു വൃദ്ധ.
ആരെങ്കിലും ചുറ്റുവട്ടങ്ങളില്‍ ഉണ്ടാകുമായിരിക്കും. അയാള്‍ സ്വയം പറഞ്ഞു.
മണിക്കൂറുകള്‍ കടന്നുപോയി. സൂര്യന്‍ അസ്തമയത്തിന് ധൃതികൂട്ടുകയാണ്. തന്‍റെ സാധനങ്ങള്‍ പെറുക്കിക്കൂട്ടുന്നതിനിടയില്‍ ഒരിക്കല്‍ കൂടി അയാള്‍ അങ്ങോട്ട് തിരിഞ്ഞു നോക്കി. അപ്പോഴും ആ വൃദ്ധമാത്രം തനിച്ച്!
നേരം ഇരുട്ടാനടുക്കുമ്പോഴും കടല്‍ക്കരയില്‍ നിന്ന് ആളുകള്‍ ഒഴിയാന്‍ തുടങ്ങുമ്പോഴും അരികത്താരുമില്ലാതെ… ?!!
“ഉമ്മാ, ഇതെന്താ ഇങ്ങനെ ഒറ്റക്ക്… വീട്ടില്‍ പോകണ്ടെ? ഉമ്മാടൊപ്പം ആരുമില്ലെ?” അയാള്‍ അടുത്ത് ചന്ന് ചോദിച്ചു.
“ഇന്‍റെ മോന്‍ പ്പൊ വരും… ഓന്‍ ഒടനെ വരാന്ന് പറഞ്ഞിട്ടാ പോയേ…”
“നേരം ഇരുട്ടിത്തുടങ്ങി… ആളുകളെല്ലാം പോകുന്നത് കണ്ടില്ലെ? ഉമ്മ മാത്രം ഇവിടെ തനിച്ചിരുന്നാല്‍…?”
“സാരല്ല, ഓന്‍ വരും… ഇന്നൊടൊരു വാക്ക് പറഞ്ഞാ ഓന്‍ തെറ്റൂലാ… മോന്‍ പൊയ്ക്കോ…”
എന്തു ചെയ്യും? വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ഇനിയുമെത്തിയിട്ടില്ലാത്ത മകന്നു വേണ്ടി ആ വൃദ്ധയെ അവിടെത്തന്നെ വിട്ടേച്ചു പോകണൊ, അതൊ… ? അയാള്‍ ആശങ്കയിലായി.
“ഉമ്മാ, ഉമ്മാനെ ഞാന്‍ വീട്ടില്‍ കൊണ്ടാക്കാം.. മോന്‍ വരാന്‍ ഇനിയും താമസിച്ചാലൊ? അവന്‍ വല്ല പണിത്തിരിക്കിലുമാകും. ഉമ്മാന്‍റെ വീടെവിടെയാണ്?”
“ഇന്‍റെ മോന്‍ ഇപ്പൊ വരും കുട്ട്യേ…” ആ കണ്ണുകളില്‍ അപ്പോഴും പ്രതീക്ഷയുടെ തിളക്കം. “ഓന്‍ ന്‍റെ കയ്യില്‍ ഈ കടലാസ് തന്നിട്ടാ പോയ്രിക്കണേ… ഓന്‍ വേഗം വരാതിരിക്കൂലാ…”
തന്‍റെ കയ്യിലുണ്ടായിരുന്ന കടലാസ് കഷ്ണം അവരയാള്‍ക്ക് കാണിച്ചു കൊടുത്തു.
അയാളതു വാങ്ങി. വായിച്ചു.
ആകാശത്തില്‍ അവശേഷിച്ചിരുന്ന സൂര്യത്തുടിപ്പ് പൊടുന്നനെ മാഞ്ഞതു പോലെ!
ആ കടലാസു കഷ്ണത്തിലെ അക്ഷരങ്ങളില്‍ നിന്നും നീറ്റുന്ന കരിമ്പുക അയാളുടെ കണ്ണുകളില്‍ പടർന്നു കയറി.!!
ആ വൃദ്ധ, നിഷ്കളങ്കതയുടെ, നിര്‍മ്മല സ്നേഹത്തിന്‍റെ നിറക്കുടം അയാളിലേക്ക് ആകാംക്ഷയോടെ നോക്കി.
“ന്തേ അത്ല് എയ്തീര്ക്ക്ണ്…?”
അതെ, എന്താണ് ഇതില്‍ എഴുതിയിരിക്കുന്നത്?!
എന്തു പറയും താനീ വൃദ്ധയോട്?!
അയാൾ ഒന്നുകൂടി ആ കടലാസു കഷണത്തിലേക്ക് നോക്കി..
“സുഹൃത്തേ, എനിക്ക് ഇതിനെ മടുത്തിരിക്കുന്നു…ശല്യം! നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഇതിനെ വല്ല വൃദ്ധസദനത്തിലും കൊണ്ടാക്കുക.”
വിഷമഷി കൊണ്ടെഴുതിയ ഈ വരികള്‍ അവരെ ഞാന്‍ വായിച്ചു കേള്‍പ്പിക്കണൊ? അതൊ…?
തനിക്ക് പോറ്റാനാവില്ലെങ്കില്‍ വേണ്ട, സ്വന്തം ഉമ്മയെ മറ്റേതെങ്കിലും പോറ്റുഭവനത്തില്‍ കൊണ്ടാക്കാനെങ്കിലും മനസ്സുവരാത്ത ഒരു മകന്‍ നമുക്കിടയില്‍ മനുഷ്യനായി ജീവിക്കുന്നുവെന്നൊ? കഷ്ടം!!! അയാള്‍ നെടുവീര്‍പ്പിട്ടു.
“എന്തേയ്…?”
“ഒന്നൂല്ല, ഉമ്മ എഴുന്നേൽക്ക്. ഇതിലെല്ലാം എഴുതിയിട്ടുണ്ട്… ബാക്കിയെല്ലാം ഞാന്‍ നോക്കിക്കോളാം…”
ആ വൃദ്ധയുടെ വിലക്കിന് കാത്ത് നില്‍ക്കാതെ അയാള്‍ അവരുടെ കൈപിടിച്ചു.
തന്‍റെ കയ്യില്‍ ആ സമയം അവശേഷിച്ചിരുന്ന അവസാനത്തെ ചരല്‍ക്കല്ല് നീട്ടിയെറിഞ്ഞു കൊണ്ട് ആ വൃദ്ധ എഴുറ്റേുന്നു!
ആരുടെ ഹൃദയത്തില്‍ കൊണ്ടിരിക്കണം അവരെറിഞ്ഞ ആ അവസാനത്തെ കല്ല്?
എന്‍റെ??!!!!
Source: www.nermozhi.com