ഉമ്മാ നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ… 10

1552

10 – ഞാനെന്‍റെ ഉമ്മയെ സ്നേഹിക്കുന്നു

ഞാനവര്‍ക്കു വേണ്ടി സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നു
അവരുടെ ഇംഗിതങ്ങള്‍ക്കാണ് എന്‍റരികില്‍ മുന്‍ഗണന
അവര്‍ക്ക് പുണ്യം ചെയ്യലാണ് എന്‍റെ ധാര്‍മ്മികത
എനിക്കു വേണ്ടി അവര്‍ സഹിച്ച ത്യാഗങ്ങള്‍ക്കും, അവര്‍ ത്യജിച്ച മോഹങ്ങള്‍ക്കും പകരം നല്‍കാന്‍ എന്‍റെ ഒരായുസ്സ് മതിയാകില്ലെന്നറിയാം
ആ കൈകളില്‍ തലോടും ഞാന്‍, ആ തലയിലുമ്മവെക്കും.
അവര്‍ എന്നെ ഭയക്കുന്ന ഒരു നോട്ടം പോലും അറിയാതെയെങ്കിലും എന്നില്‍ നിന്നുണ്ടാകരുതേ എന്നതാണെന്‍റെ തേട്ടം.
അവരെന്നെ ഭയന്നാല്‍, അവരെന്നെ വെറുത്താല്‍ അല്ലാഹുവിന്‍റെ വെറുപ്പായിരിക്കും എനിക്കുള്ള ശിഷ്ടം!
അലി ബ്ന്‍ ഹുസൈന്‍(റ): മഹാനായ അലി(റ)യുടെ പേരമകന്‍.
അദ്ദേഹത്തോട് ഒരിക്കല്‍ ചിലര്‍ ചോദിച്ചു:
ഉമ്മയോട് ഇത്രമേല്‍ കരുണയുള്ള താങ്കള്‍, അവര്‍ക്കുവേണ്ടി ഇത്രമേല്‍ പുണ്യം ചെയ്യു താങ്കള്‍, എന്തു കൊണ്ടാണ് ഒരിക്കലെങ്കിലെങ്കിലും ആ ഉമ്മയോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കാത്തത്?
അദ്ദേഹം പറഞ്ഞു: ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഭക്ഷണത്തളികയില്‍ നിന്ന് എന്‍റെ ഉമ്മയെടുക്കാന്‍ കൊതിച്ച ഒരു വിഭവം, അവരെടുക്കും മുമ്പേ ഞാനെടുത്തു പോകുമോ എന്ന് ഭയന്നതു കാണ്ടാണ്; അതുവഴി, എന്‍റെ ഉമ്മയോട് ഞാന്‍ അതിക്രമം ചെയ്തവനായിത്തീരുമോ എന്ന ആശങ്കകൊണ്ടാണ്!! (ബിര്‍റുല്‍ വാലിദൈന്‍, അബ്ദുര്‍റഊഫ് അല്‍ ഹന്നാവി, പേജ് 62)
യാലല്‍അജബ്: ഇത് അത്ഭുതം തന്നെ!!
പ്രിയപ്പെട്ട ഉമ്മാ, ഞാനങ്ങയെ സ്നേഹിക്കുന്നൂ.
എന്‍റെ കാരുണ്യത്തിന്‍റെ ചിറകുകള്‍ അങ്ങേക്കായി ഞാനിതാ കരുതി വെക്കുന്നു.
ചെറുപ്പത്തില്‍ എന്നെ പോറ്റി വളര്‍ത്തിയതുപോലെ, നാഥാ എന്‍റെ മാതാവിനെ നീ കരുണ ചൊരിഞ്ഞനുഗ്രഹിച്ചാലും എന്ന് പ്രാര്‍ഥിക്കുന്നൂ.
എനിക്കു വേണ്ടത് ആ തലോടലാണ്;
എനിക്കു കാണേണ്ടത് ആ പുഞ്ചിരിയാണ്;
എന്‍റെ സമ്പാദ്യം എനിക്കു വേണ്ടിയുള്ള എന്‍റെ മാതാവിന്‍റെ പ്രാര്‍ഥനകളായിരുന്നെങ്കിൽ…!

Source: www.nermozhi.com