ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 09

1031

09 ഈ മനസ്സളക്കാന്‍ മാപിനിയില്ല!

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മുന്നിൽ വന്നു നില്‍ക്കുകയാണ് തന്‍റെ പ്രിയശിക്ഷ്യന്‍; അബൂഹുറയ്റ(റ)!

പ്രവാചകന്‍(സ്വ) ചോദിച്ചു: “എന്തു പറ്റീ അബൂഹുറയ്റാ?”

“റസൂലേ, എന്‍റെ ജീവിതത്തില്‍ ഇത്രമേല്‍ എന്നെ വേദനിപ്പിച്ച മറ്റൊരു ദിവസമുണ്ടായിട്ടില്ല… അങ്ങ് പ്രാര്‍ഥിക്കുമോ പ്രവാചകരേ…”

“എന്തു പറ്റീ നിനക്ക്? കാര്യം പറയൂ..” തിരുമേനി(സ്വ) ആകാംക്ഷയോടെ തിരക്കി

“റസൂലേ, അങ്ങേക്കറിയാമല്ലൊ, ഇപ്പോഴും എന്‍റെ മാതാവ് അങ്ങയില്‍ വിശ്വസിച്ചിട്ടില്ല, ഇസ്ലാമിന്‍റെ ശാദ്വലതീരത്തേക്ക് അവര്‍ കാലെടുത്തു വെച്ചിട്ടില്ല.”

“എത്രയായി ഞാനവരെ ഈ വിശുദ്ധ ദീനിലേക്ക് ക്ഷണിക്കുന്നു! അവരെന്നും വിസമ്മതിക്കുകയാണ് പതിവ്.. ഇന്നും ഞാനെന്‍റെ ഉമ്മയെ ഇസ്ലാമിലേക്ക് ക്ഷണിച്ചു.”

“പക്ഷെ, ഇന്ന് എൻറ ഉമ്മ അങ്ങയെപ്പറ്റി ചില മോശമായ പ്രയോഗങ്ങള്‍ നടത്തുകയുണ്ടായി…”

“അസഹ്യമാണതു റസൂലേ,, അബൂഹുറയ്റയുടെ ഉമ്മാക്ക് ഹിദായത്തു കിട്ടാനായി അങ്ങ് പ്രാര്‍ഥിച്ചാലും റസൂലേ…”

തന്നെ പോറ്റിവളര്‍ത്തിയ മാതാവിന്‍റെ ഇഹപര നന്മക്ക് കൊതിക്കുന്ന, അതിന്നുതകുന്ന നന്മയിലേക്ക് അവരെ നിരന്തരം ക്ഷണിക്കുന്ന, വിസമ്മതിക്കുമ്പോഴൊക്കെ ആശകൈവിടാതെ സസ്നേഹം ഉപദേശിക്കുന്ന മാതൃസ്നേഹിയായ ഒരു മകന്‍റെ മുഖം നാം അബൂഹുറയ്റ(റ)യില്‍ കാണുന്നു.

പ്രവാചക ചാരത്തു ചെന്നുള്ള അദ്ദേഹത്തിന്‍റെ ആവശ്യം ഒന്നു കൂടി വായിക്കുക:

“അബൂഹുറയ്റയുടെ ഉമ്മാക്ക് ഹിദായത്തു കിട്ടാനായി അങ്ങ് പ്രാര്‍ഥിച്ചാലും റസൂലേ…!”

തിരുമേനി(സ്വ) തന്‍റെ പ്രിയ ശിഷ്യന്‍റെ ആവശ്യത്തിന് ചെവികൊടുത്തു, അവിടുന്നു പ്രാര്‍ഥിച്ചു: അല്ലാഹുമ്മ ഇഹ്ദി ഉമ്മ അബീ ഹുറയ്റ (അല്ലാഹുവേ, അബൂ ഹുറയ്റയുടെ ഉമ്മാക്ക് നീ ഹിദായത്തു നല്‍കിയാലും)

അബൂഹുറയ്റയുടെ ആനന്ദത്തിന് അതിരില്ലായിരുന്നൂ; തന്‍റെ ഹബീബിന്‍റെ പ്രാര്‍ഥന നല്‍കിയ ആശ്വാസത്തില്‍ അദ്ദേഹം തന്‍റെ വീട്ടിലേക്കോടി.

ഉമ്മയെ കാണണം, ‘ഉമ്മാ, നിങ്ങള്‍ പഴിപറഞ്ഞ പ്രവാചകനിതാ നിങ്ങളുടെ സന്മാര്‍ഗത്തിനായി അല്ലാഹുവോട് പ്രാര്‍ഥിച്ചിരിക്കുന്നൂ’ എന്ന സന്തോഷവാര്‍ത്ത അവരെ അറിയിക്കണം. ഒരിക്കല്‍ കൂടി ഈ വിശുദ്ധ ദീനിലേക്ക് വരാന്‍ അവരെ ഉപദേശിക്കണം. ഇസ്ലാമിന്‍റെ ശാദ്വല ഭൂമിയില്‍ ഈ ഉമ്മാക്കും മകനും ഒന്നിച്ചു കഴിയണം…

അങ്ങനെയങ്ങനെ ഒരുപാടു വികാരങ്ങളായിരുന്നൂ ആ മകന്‍റെ മനസ്സു നിറയെ!

വീടെത്തിയതും അദ്ദേഹം നീട്ടി വിളിച്ചു: “ഉമ്മാാാ…”

“അബൂ ഹുറയ്റാ, നീ അല്പ നേരം അവിടെ നില്‍ക്കുക, ഞാനിതാ വരുന്നു.” അകത്തു നിന്നും ഉമ്മ വിളിച്ചു പറഞ്ഞു.

‘എന്തേ…?!’ അബൂ ഹുറയ്റ(റ) ചെവിയോര്‍ത്തു: അകത്തു നിന്നും വെള്ളം വീഴുന്നതിന്‍റെ ശബ്ദം കേള്‍ക്കുുണ്ട്. അതെ; ഉമ്മ കുളിക്കുകയാണ്.

അദ്ദേഹം കാത്തു നിന്നു.

കുളികഴിഞ്ഞ്, ഉടുത്തൊരുങ്ങി അല്‍പം ധൃതിയില്‍ നടന്നു വന്ന് അവര്‍ വാതില്‍ തുറന്നു. തന്‍റെ മകന്‍റെ കൈകള്‍ ചേര്‍ത്ത് പിടിച്ചു കൊണ്ട് അവര്‍ പറഞ്ഞു:

“അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്”

അബൂ ഹുറയ്റ(റ) തന്‍റെ ഉമ്മയെ കെട്ടിപ്പുണര്‍ന്നു; ആ നെറ്റിത്തടത്തില്‍ ഉമ്മവെച്ചു.

ആനന്ദക്കണ്ണീര്‍ പൊഴിച്ചു കൊണ്ട് അദ്ദേഹം തിരുനബിയുടെ സവിധത്തിലേക്ക് ഓടി.

“റസൂലേ, അങ്ങയുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചിരിക്കുന്നു… അബൂഹുറയ്റയുടെ ഉമ്മാക്ക് ഹിദായത്ത് ലഭിച്ചിരിക്കുന്നു… അല്‍ഹംദുലില്ലാഹ്!”

പ്രവാചകന്‍ പറഞ്ഞു: “നല്ലതു വരട്ടെ.”

നരക വക്കില്‍ നിന്നിരുന്ന മാതാവിനെ, സ്വര്‍ഗവീഥിയിലേക്ക് നടത്താനായ, മാതൃസ്നേഹിയായ ഒരു പുത്രന്‍റെ അപ്പോഴത്തെ മനോനിലയെ അളക്കാന്‍ ഏതു മാപിനിക്കാണാകുക?!!! സുബ്ഹാനല്ലാഹ്!

മാതാവിന്‍റെ നന്മക്ക് നിദാനമായി നിന്ന അബൂ ഹുറയ്റ(റ) അതുകൊണ്ടും മതിയാക്കിയില്ല. അദ്ദേഹം പറഞ്ഞു:

“റസൂലേ, എനിക്കൊരപേക്ഷ കൂടിയുണ്ട്, വിശ്വാസികള്‍ക്കാകമാനം, ഈ അബൂബഹുറയ്റയോടും, അബൂബഹുറയ്റയുടെ ഉമ്മയോടും സ്നേഹമുണ്ടാകാന്‍ അങ്ങൊന്നു പ്രാര്‍ഥിക്കണം.”

തിരുമേനി(സ്വ) പ്രാര്‍ഥിച്ചു: “അല്ലാഹുമ്മ ഹബ്ബിബ് ഉബൈദക ഹാദാ വ ഉമ്മഹു ഇലാ ഇബാദികല്‍ മുഅ്മിനീന്‍, വ ഹബ്ബിബ് ഇലൈഹില്‍ മുഅ്മിനീന്‍!”

അല്ലാഹുവേ, നിന്‍റെ ഈ ചെറുദാസനേയും അവന്‍റെ ഉമ്മയേയും സത്യവിശ്വാസികളായ നിന്‍റെ ദാസന്‍മാര്‍ക്ക് പ്രിയമുള്ളവരാക്കേണമേ.

ഇതാണ് കാരുണ്യത്തിന്‍റെ പ്രവാചകന്‍: ഹരീസുന്‍ അലൈക്കും ബില്‍ മുഅ്മിനീന റഊഫുര്‍റഹീം!!  (നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം. – തൌബ/128)

അബൂ ഹുറയ്റ പറയുകയാണ്: തിരുമേനിയുടെ പ്രസ്തുത പ്രാര്‍ഥനക്കു ശേഷം ഞങ്ങളോട് ഏല്ലാ വിശ്വാസികള്‍ക്കും സ്നേഹമായിരുന്നൂ.

ദീനിനെ സ്നേഹിച്ച ദാസന്‍!  ഉമ്മയെ സ്നേഹിച്ച മകന്‍! ഉമ്മയോടൊപ്പം സ്വര്‍ഗത്തില്‍ പാര്‍ക്കാന്‍ അത്യധികം കൊതിച്ചതില്‍ എന്തത്ഭുതം, അല്ലെ!

ഞങ്ങളും കൊതിക്കുന്നു

അഖീഖീലുള്ള തന്‍റെ തറവാട്ടു മുറ്റത്തുകൂടെ കടന്നു പോകുമ്പോഴൊക്കെ അബൂ ഹുറയ്റ(റ) നീട്ടി വിളിക്കും; “ഉമ്മാാാ… അല്ലാഹുവിന്‍റെ കരുണാ കടാക്ഷങ്ങള്‍ അങ്ങയുടെ മേല്‍ വര്‍ഷിക്കട്ടെ.”

ആ വൃദ്ധമാതാവ് പ്രതികരിക്കും; “കുഞ്ഞേ… അവന്‍റെ അനുഗ്രഹാശിസ്സുകള്‍ നിന്നിലും വര്‍ഷിക്കുമാറാകട്ടെ.”

അദ്ദേഹം പറയും: “ഉമ്മാ, ചെറുപ്പത്തില്‍ അങ്ങെന്നെ പോറ്റി വളര്‍ത്തിയതുപോലെ അല്ലാഹു നിങ്ങള്‍ക്കു കരുണ പകരട്ടെ.”

അവര്‍ പറയും: “മോനേ, ഈ വാര്‍ദ്ധക്യ ഘട്ടത്തില്‍ ഈയുള്ളവള്‍ക്ക് പുണ്യം ചെയ്ത് നിലകൊള്ളുന്ന നിനക്ക് അല്ലാഹു മതിയായത്ര പ്രതിഫലം നല്‍കട്ടെ, അവന്‍ നിന്നില്ർ തൃപ്തിയടയട്ടെ.”

മുഹമ്മദ് ബ്നു സീരീന്‍(റ) പറയുകയാണ്: “ഞങ്ങള്‍ അബൂഹുറയ്റയുടെ സമീപം ഇരിക്കുകയായിരുന്നു; അദ്ദേഹം ഇങ്ങനെ പ്രാര്‍ഥിച്ചു:

“അല്ലാഹുവേ, അബൂഹുറയ്റക്കും അവന്‍റെ ഉമ്മാക്കും നീ പൊറുത്തു തരേണമേ, അവര്‍ രണ്ടുപേര്‍ക്കും വേണ്ടി പൊറുക്കലിനെ തേടുന്നവര്‍ക്കും നീ പൊറുത്തു കൊടുക്കേണമേ.”

ഇതു കേട്ടമാത്രയില്‍, ഞങ്ങളും അവര്‍ക്കു വേണ്ടി ഇസ്തിഗ്ഫാര്‍ നടത്തുകയുണ്ടായി; അതെ, അബൂഹുറയ്റയുടെ പ്രാര്‍ഥനയില്‍ ഞങ്ങളും ഉള്‍പ്പെടണമെന്ന അതീവ കൊതിയാല്‍!!

അബൂഹുറയ്റാ… അങ്ങേക്കു മംഗളങ്ങള്‍,

തൊട്ടടുത്ത മുറിയിലെ ഉമ്മയോടൊരു സലാം പറയാത്ത,

അല്ലാഹു നിങ്ങള്‍ക്കു കരുണ ചൊരിയട്ടെ എന്ന് പ്രാര്‍ഥിക്കാത്ത,

ഉമ്മാ നിങ്ങള്‍ക്കല്ലാഹു പൊറുത്തു തരട്ടെ എന്നാശംസിക്കാത്ത,

ശുഷ്കിച്ച കൈകള്‍ കൂട്ടിപ്പിടിച്ച്, ചുളിവു വീണ നെറ്റിത്തടത്തിലൊരുമ്മ നല്‍കാത്ത,

ഈ ഞങ്ങളും കൊതിക്കുന്നൂ…

അബൂഹുറയ്റാ, ഇനിമുതല്‍ നിങ്ങളാകാന്‍.

Source: www.nermozhi.com