ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 08

1320

08 – കുഴിക്കു കാലുനീട്ടാറായ തള്ള!

അയാള്‍ കയറിച്ചെല്ലുമ്പോള്‍ ജ്വല്ലറി തിരക്കൊഴിഞ്ഞതായിരുന്നു.

ഭാര്യയും, തന്‍റെ കൈകുഞ്ഞിനേയുമെടുത്ത് അയാളുടെ പ്രായമായ ഉമ്മയും അയാളോടൊപ്പമുണ്ടായിരുന്നു.

കണ്ണഞ്ചിപ്പിക്കുന്ന മഞ്ഞലോഹങ്ങളോടുള്ള ആര്‍ത്തി പെണ്‍വര്‍ഗത്തിന്‍റെ കൂടെപ്പിറപ്പാണെന്ന് പറയാറുണ്ട്.

ആവശ്യമുള്ളത് വാങ്ങുക എന്നതിലുപരി, ആഭരണക്കടയിലുള്ളതെന്തൊ അതില്‍നിന്ന് വാങ്ങുക എന്നതാണ് അദ്ദേഹത്തിന്‍റെ ഭാര്യയുടെ ഉദ്ദേശ്യമെന്ന് തോന്നുന്നു. ആ സ്ത്രീ ഓരോ ആഭരണവും വാരിവലിച്ചിട്ട് നോക്കുകയായിരുന്നു.

തെരഞ്ഞെടുക്കുന്ന ഓരോ ആഭരണത്തിന്‍റേയും വില ചോദിച്ചറിഞ്ഞ് അപ്പപ്പോള്‍ തന്നെ അയാള്‍ കണക്കു കൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്.

സെലക്ഷന്‍ കഴിഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു: “ഓ.കെ., ആകെ എത്രയായി? അല്പസ്വല്പം വിട്ടുവീഴ്ചയൊക്കെ വേണേ…”

സെയില്‍സുമാന്‍ പതിവു രീതിയില്‍ പത്തിരുപത്തു പ്രാവശ്യം നൂറ്റി ഇരുപത് മൈല്‍ സ്പീഡില്‍ കാല്‍കുലേറ്ററില്‍ വിരലമര്‍ത്തി.

“എണ്‍പത്തെണ്ണായിരത്തി എഴുന്നേറ്റി അമ്പത്”

അയാള്‍ താന്‍ കണക്കുക കൂട്ടിയ കടലാസിലേക്ക് നോക്കി. ‘എണ്‍പത്തയ്യായിരത്തി മുന്നൂറ്റി അമ്പത്.’ മൂവായിരത്തി നാനൂറ് രൂപയുടെ വ്യത്യാസം!

“എന്താ മാഷേ ഇത്? സാധനങ്ങള്‍ എടുക്കുന്ന സമയത്ത് പറഞ്ഞ വിലയും, താങ്കള്‍ പറഞ്ഞ ആകെ വിലയും തമ്മില്‍ വല്ലാത്ത വ്യത്യാസമുണ്ടല്ലൊ.” എടുത്ത ആഭരണങ്ങള്‍ സെയില്‍സ്മാന്‍റെ മുന്നിലേക്ക് നീക്കി വെച്ചു കൊണ്ട് അയാള്‍ ചോദിച്ചു.

“ഇല്ലല്ലൊ… നിങ്ങള്‍ ആ മോതിരത്തിന്‍റെ വില കൂട്ടാന്‍ മറന്നതാകണം.”

“ഏത് മോതിരം?”

സെയില്‍സ്മാന്‍ അയാളുടെ ഉമ്മയുടെ കൈവിരലിലേക്ക് ചൂണ്ടി.

ആ വൃദ്ധ തന്‍റെ ശുഷ്കിച്ച കൈവിരലിലെ തിളങ്ങുന്ന സ്വര്‍ണ്ണമോതിരത്തിലേക്ക് നോക്കി പുഞ്ചിരിക്കുകയായിരുന്നൂ, അപ്പോൾ. ഹൃദയത്തില്‍ തിരതല്ലുന്ന ആഹ്ലാദത്തിന്‍റെ തോത് ആ കണ്ണുകളില്‍ തുടിച്ചു നില്‍ക്കുന്നത് സ്പഷ്ടമായി കാണാം.

“ഇങ്ങട്ട് ഊര് തള്ളെ, കുഴിക്ക് കാല് നീട്ടാറായിട്ടാണ് ഒരു മോതിരം…”

കലികയറിയ അയാള്‍ തന്‍റെ ഉമ്മയുടെ കയ്യില്‍ കടന്ന് പിടിച്ചതും വിരലില്‍ നിന്നും ആ മോതിരം ഊരിയെടുത്തതും പെട്ടെന്നായിരുന്നു.

സെയില്‍സ്മാന്‍ സ്തബ്ധനായി നിന്നു. അയാൾ തന്‍റെ കയ്യിലേക്കെറിഞ്ഞു തന്ന മോതിരത്തെയല്ല, തന്‍റെ കടയില്‍ നിന്നിറങ്ങിപ്പോകുന്ന ഒരു മരിച്ച ഹൃദയത്തെ നോക്കി നില്‍ക്കുകയായിരുന്നൂ അയാളപ്പോള്‍.

അയാള്‍ ആ വൃദ്ധക്കരികില്‍ ചെന്ന് തന്‍റെ കയ്യിലുണ്ടായിരുന്ന മോതിരം നീട്ടിക്കൊണ്ട് പറഞ്ഞു: “ഉമ്മാ, ഉമ്മാക്കിതിഷ്ടമായെങ്കില്‍ ഇതെടുത്തോളൂ, എന്‍റെ വകയായിട്ട്.”

“വേണ്ട മോനേ, വേണ്ട. എല്ലാവരും പെരുന്നാളിന് സന്താഷിക്കുമ്പോള്‍, ‘ഒരു ഗ്രാം’ മോതിരം കൊണ്ട് ഈ തള്ളക്കും ഒന്ന് സന്തോഷിക്കാലോന്ന് വെറുതെ കരുതിയതാ… വേണ്ട, എന്‍റെ ആശയെ ഞാനപ്പോള്‍ തന്നെ കൊന്നു മോനെ…” അവര്‍ അത് നിരസിച്ചു.

ആ വൃദ്ധഹൃദയം അപ്പോള്‍ കരയുകയായിരുന്നില്ല… ചിരിക്കുകയായിരുന്നു!

ആര്‍ക്കറിയാം അതിന്‍റെ അര്‍ഥം!!!

Source: www.nermozhi.com