07 നദിയിലൊരു കുഞ്ഞ്, കരളിലൊരു നദി
വഹബ് ബ്നു മുനബ്ബഹ്(റ) നിവേദനം. മൂസാ നബി(അ) തന്‍റെ നാഥനോടായി ചോദിച്ചു: “അല്ലാഹുവേ, നീ എന്നോട് കല്‍പിക്കുതെന്ത്?”
അല്ലാഹു പറഞ്ഞു: “നീ എന്നില്‍ യാതൊന്നിനേയും പങ്കുചേര്‍ക്കാതിരിക്കുക”
“പിന്നെ?” – “നിന്‍റെ മാതാവിന്ന് പുണ്യം ചെയ്യുക”
“പിന്നെ?” – “നിന്‍റെ മാതാവിന്ന് പുണ്യം ചെയ്യുക”
“പിന്നെ?” – “നിന്‍റെ മാതാവിന്ന് പുണ്യം ചെയ്യുക” (ഇമാം അഹ്മദ് കിതാബുസ്സുഹ്ദില്‍ രേഖപ്പെടുത്തിയത്)
മൂസാനബി(അ)യുടെ ജനനവും വളര്‍ച്ചയും നമുക്കറിയാം. പോക്കിരിയായ ഫിര്‍ഔനിന്‍റെ ഭരണകാലത്ത്, ആണ്‍കുഞ്ഞുങ്ങളെ മുഴുവന്‍ കൊലക്കത്തിക്കിരയാക്കാന്‍ രാജകല്‍പനയുള്ള കാലത്ത്.
ഈജിപ്തിലെ വീടുവീടാന്തരം, ഏത് പെണ്ണ് ഗര്‍ഭം ധരിച്ചിരിക്കുന്നൂ, ഏത് പെണ്ണ് പ്രസവിച്ചിരിക്കുന്നൂ എന്നറിയാന്‍ ഫിര്‍ഔനിന്‍റെ കിങ്കരന്‍മാര്‍ കയറിയിറങ്ങിയ ഭീതിതമായ കാലത്ത്, അത്യല്‍ഭുതകരമായി ജനിച്ചു വളർന്നവരാണ് മൂസ(അ).
ഗര്‍ഭത്തില്‍ ഭ്രൂണം രൂപം കൊണ്ടേടം മുതല്‍ ആ മാതാവ് ആധിയിലായിരുന്നൂ!
മാസങ്ങള്‍ കടന്നു പോകവേ, അവരനുഭവിച്ച മാനസിക വ്യഥക്ക് അളവുണ്ടാകില്ല!
ആരായിരിക്കും കുഞ്ഞ്? ആണ്? പെണ്ണ്?
ആണ്‍കുഞ്ഞാണെങ്കില്‍…! ‘പടച്ചവനേ എന്‍റെ കുഞ്ഞ്’ എന്ന് അവര്‍ പലവുരു പ്രാര്‍ഥിച്ചിരിക്കണം.
ഫിര്‍ഔനിന്‍റെ വാളിനെ പലപ്പോഴും അവര്‍ ദുഃസ്വപ്നം കണ്ടുകാണണം!
കരളിനോടൊട്ടിക്കിടക്കുന്ന തന്‍റെ പൈതലിനെ പ്രസിവിക്കാനും, നെഞ്ചോടു ചേര്‍ത്തുവെച്ചു അമ്മിഞ്ഞപ്പാലു നല്‍കാനും, കിളിച്ചുണ്ടുകളിലുമ്മവെച്ചും, കളിക്കൊഞ്ചലുകള്‍ കേട്ടാനന്ദിച്ചും സായൂജ്യമടയാന്‍ ആ മാതൃഹൃദയം എത്ര കണ്ട് കൊതിച്ചിരിക്കണം.
അവര്‍ പ്രസവിച്ചു; ആണ്‍കുഞ്ഞ്… ആണ്‍കുഞ്ഞ്!
ആ ഉമ്മ സന്തോഷിച്ചു; ആ സന്തോഷത്തിന് പക്ഷെ ഏറെ ദീര്‍ഘമുണ്ടായിരുന്നില്ല.
രാജകിങ്കരന്മാരുടെ കാലൊച്ചക്ക് കാതോര്‍ക്കുകയായിരുന്നൂ അവര്‍…
ഏതു സമയവും ആ കശ്മലന്മാര്‍ വരാം, വന്നാല്‍… അതിന്നപ്പുറം ചിന്തിക്കാന്‍ ആ മാതൃഹൃദയം അശക്തമായിരുന്നു.
പക്ഷെ, പരമകാരുണികനായ അല്ലാഹു, ഇസ്രായേല്‍ സമൂഹത്തിന്‍റെ വിളക്കായി മാറാന്‍ മുമ്പേ തെരഞ്ഞെടുത്ത തന്‍റെ ദാസനെ ശത്രുവിന്‍റെ കയ്യില്‍ അങ്ങനെയങ്ങ് ഏല്‍പ്പിച്ചു കൊടുക്കുമോ?
ദുര്‍ബലയായ തന്‍റെ ദാസിയെ തീരാദുഃഖത്തിലേക്ക് താഴാന്‍ അങ്ങനെയങ്ങ് അനുവദിക്കുമോ?
അവന്‍ പരിഹാരം നല്‍കി. മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: “അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും, അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്.” (ക്വസ്വസ്/7)
തന്‍റെ പൊന്നോമന കുഞ്ഞിനെ ഓളങ്ങളലയടിക്കുന്ന നൈലിന്‍റെ മാറിലേക്ക് ഇട്ട് കൊടുക്കുക!
ഫിര്‍ഔനിന്‍റെ വാളില്‍ നിന്ന് നൈലിന്‍റെ ഓളങ്ങളിലേക്ക്!
എന്തുണ്ട് വ്യത്യാസം?!
വ്യതാസം ഏറെയുണ്ട്: കുഞ്ഞിനെ നൈലിന്‍റെ കൈകളില്‍ നല്‍കാന്‍ കല്‍പിച്ചത്, ആ കുഞ്ഞിനെ തന്‍റെ കൈകളില്‍ ഏല്‍പിച്ച നാഥനാണ്. അവന്‍ പറഞ്ഞത് സത്യം; അവന്‍റെ വാഗ്ദാനം ലംഘിക്കപ്പെടുകയില്ല.
വിറക്കുന്ന മനസ്സോടെയാണെങ്കിലും, കൊച്ചു പെട്ടിയിലാക്കി കുഞ്ഞിനെയവര്‍ നദിയിലേക്കൊഴുക്കി.
അല്ലാഹുവിന്‍റെ പൂര്‍ണ്ണ സംരക്ഷണയില്‍, അവന്‍റെ വിധിയനുസൃതം മൂസ എന്ന കുഞ്ഞ് കരക്കണഞ്ഞു.
കിട്ടിയത് ശത്രുവിന് തന്നെ, ഫിര്‍ഔനിന്! ശത്രുവിന്‍റെ കൊട്ടാരത്തിലും സ്വന്തം മാതാവിന്‍റെ തന്നെ മടിത്തട്ടിലുമായി അവരുടെ അമ്മിഞ്ഞ നുണഞ്ഞ് വളരാന്‍ മൂസാ(അ)ക്കല്ലാതെ ലോകത്താര്‍ക്കും സാധിച്ചിട്ടില്ല. സ്രഷ്ടാവിന്‍റെ ഹിതം!
നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതാണ് എന്ന പടച്ചവന്‍റെ വാഗ്ദാനം പുലരുകയായിരുന്നു.
ഖുര്‍ആന്‍ ആ കഥ പറയുന്നുണ്ട്: “അങ്ങനെ അവന്‍റെ മാതാവിന്‍റെ കണ്ണ് കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ക്ക് തിരിച്ചേല്‍പിച്ചു.” (ക്വസ്വസ്/13)
അല്ലാഹു അക്ബര്‍!
മൂസാനബി(അ)യുടെ ഉമ്മ: ഗര്‍ഭം ചുമന്നേടം മുതല്‍ കുഞ്ഞു പിറന്ന് ദൈവ കല്‍പന വരുവോളം ആകുലതയിലായിരുന്നു.
കുഞ്ഞിനെ സ്നേഹിച്ച ഉമ്മ;
കുഞ്ഞിനായ് കരുതൽ നിന്ന ഉമ്മ!
തുടക്കത്തില്‍ വായിച്ച ഹദീസിന്റെ സാരം ഇപ്പോള്‍ കുടുതല്‍ ബോധ്യമാവുകയാണ്.
മൂസാ നബി(അ) തന്‍റെ നാഥനോടായി ചോദിച്ചു: “അല്ലാഹുവേ, നീ എന്നോട് കല്‍പിക്കുതെന്ത്?”
അല്ലാഹു പറഞ്ഞു:” നീ എന്നില്‍ യാതൊന്നിനേയും പങ്കു ചേര്‍ക്കാതിരിക്കുക.”
“പിന്നെ?” – “നിന്‍റെ മാതാവിന്ന് പുണ്യം ചെയ്യുക!”
Source: www.nermozhi.com