06 – ഒരു അനുഭവം
ഒരു അനുഭവം പകര്‍ത്തട്ടെ. വര്‍ഷങ്ങള്‍ ഒരുപാടായി…
ഗള്‍ഫിലെത്തിയപ്പോള്‍ കൂട്ടുകാരനായുണ്ടായിരുന്നത് ഒരു അടിമാലിക്കാരന്‍ മുഹമ്മദ്.
ദീനറിഞ്ഞു കൂടാ. വെറുമൊരു ചുമട്ടു തൊഴിലാളിയായി ജീവിച്ച, പരുക്കന്‍ ഭൂതകാലാനുഭവങ്ങള്‍ മാത്രമുള്ള ഒരു മനുഷ്യന്‍.
എങ്കിലും, നല്ലൊരു മനസ്സ് അയാളില്‍ എവിടെയോ പൊടിപിടിച്ച് കിടപ്പുണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്.
വീട്ടില്‍ നിന്ന് ഈ ലേഖകന് കത്തുകള്‍ വരുമ്പോഴും, അവയില്‍ നിന്ന് ഉമ്മയുടെ കത്തുകള്‍ ആര്‍ത്തിയോടെ വായിക്കുമ്പോഴും, അവയക്ക് മറുപടിയെഴുതാന്‍ കൂടുതല്‍ താത്പര്യം കാണിക്കുമ്പോഴുമൊക്കെ അയാള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു.
ഒരുനാള്‍ യാദൃശ്ചികമായാണ് ഞാനത് കണ്ടത്; മുഹമ്മദ് കരയുന്നു.
“എന്തേ, എന്തുപറ്റീ?”
വിതുമ്പിക്കൊണ്ടയാള്‍ പറഞ്ഞു: “സുഹൃത്തെ, നിനക്കെങ്ങിനെയാണ് നിന്‍റുമ്മയെ ഇത്രകണ്ട് സ്നേഹിക്കാനാകുന്നത്?”
“എന്‍റെ ഉമ്മയെ സ്നേഹിക്കാനല്ല, ഒന്നോർക്കാൻ പോലും ഞാനിതുവരെ ശ്രമിച്ചിട്ടില്ലല്ലൊ എന്നാലോചിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നുന്നെടാ.”
“ഞാനെന്‍റെ ഉമ്മയെ ദ്രോഹിച്ചതിന് കണക്കില്ല. ഗള്‍ഫിലേക്ക് വരുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഞാനെന്‍റെ ഉമ്മയെ മര്‍ദ്ദിക്കുക പോലുമുണ്ടായിട്ടുണ്ട്. എന്നെപ്പറ്റി എന്ത് തോന്നുന്നൂ നിനക്ക്?”
“നിങ്ങളെയൊക്കെ കണ്ടുമുട്ടും മുമ്പെ ഞാന്‍ മരിക്കാതിരുന്നത് പടച്ചവന്‍റെ കാരുണ്യമാണ്.
ഉമ്മ, ഞാനെത്ര ദ്രോഹം ചെയ്താലും എനിക്കു വേണ്ടി പ്രാര്‍ഥിക്കുമായിരുന്നൂ, അവര്‍.
എന്‍റെ ഉമ്മയുടെ നിര്‍മ്മല ഹൃദയത്തെ എനിക്ക് ഇപ്പോഴേ തിരിച്ചറിയാനായുള്ളൂ…
എന്‍റെ അവിവേകങ്ങള്‍ക്ക് മാപ്പിരന്നും, ഉമ്മാ എന്നെ ശപിക്കരുതേ എന്ന് കേണ് പറഞ്ഞും എല്ലാ കാര്യങ്ങളും വെച്ച് ഉമ്മാക്ക് കത്തെഴുതിത്തീര്‍ന്നപ്പോൾ ഞാന്‍ കരഞ്ഞു പോയതാണ്… അവര്‍ എനിക്ക് പൊറുത്തു തന്നെങ്കിൽ…” മുഹമ്മദിന്ന് പൂര്‍ത്തിയാക്കാനായില്ല.
അയാളെ സമാശ്വസിപ്പിക്കുമ്പോഴും, ഒരു ദീര്‍ഘ നിശ്വാസം ബാക്കിയായിരുന്നു.
പിന്നീട്, രണ്ടു വര്‍ഷത്തെ പ്രവാസത്തിനു ശേഷം ആദ്യത്തെ വെക്കേഷനു വേണ്ടി തയ്യാറെടുക്കുകയായിരുന്നൂ ഞാന്‍.
അന്നൊരു ദിവസം, മുഹമ്മദ് മുന്നിൽ വന്നു നില്‍ക്കുന്നു. മുഖം മ്ലാനമാണ്. മനസ്സിലെന്തോ വിങ്ങുുണ്ടെന്ന് തോന്നുന്നു.
“എന്തേടാ?” ഞാൻ ചോദിച്ചു.
“ഉമ്മാക്ക് സുഖമില്ലത്രെ. ആശുപത്രിയില്‍ അഡ്മിറ്റാണെന്ന് പറയുന്നൂ. എന്നെ കാണണമെന്ന് കൂടെക്കൂടെ അവര്‍ ആവശ്യപ്പെടുകയാണ്.”
ഉമ്മയിലെ ഉമ്മയെ അടുത്തു നിന്നറിയാന്‍ ഭാഗ്യം ലഭിക്കാത്ത ഒരു മകന്‍റെ വെപ്രാളം ആ വാക്കുകളിലുണ്ടായിരുന്നു!
“എന്തു വേണം? നിനക്ക് നാട്ടില്‍ പോണൊ?”
“പക്ഷെ, നീ ഒരുങ്ങിക്കഴിഞ്ഞതല്ലെ?”
“സാരല്ല, നീ പൊയ്ക്കോളൂ, ഉമ്മയെ കണ്ണു നിറയെ കണ്ടും അവരെ ആശ്വാസിപ്പിച്ചും തിരിച്ചു വാ..”
സന്തോഷാശ്രുക്കള്‍ കൊണ്ട് അലംങ്കൃതമായിരുന്നു അവൻറെ മുഖമപ്പോള്‍!
രണ്ടുമാസത്തെ അവധിക്കു ശേഷം മുഹമ്മദ് തിരിച്ചു വന്നു, കണ്ടപാടേ കെട്ടിപ്പിടിച്ചു, കരഞ്ഞു.
“കണ്ടെടാ, ഞാനെന്‍റെ ഉമ്മയെ ആദ്യമായി കണ്‍കുളിര്‍ക്കെ കണ്ടെടാ, അതു പക്ഷെ, അവസാനത്തേതുമായിരുന്നു… ഞാന്‍ ചെന്ന മൂന്നാം നാള്‍ എന്‍റെ ഉമ്മ എന്നേക്കുമായി എന്നെ വിട്ടു… കാന്‍സര്‍ രോഗിയായിരുന്നു, അവര്‍…”
താന്‍ തീറ്റിപ്പോറ്റിയ സ്വന്തം മകന്‍റെ പരിരക്ഷ എത്രകണ്ട് അവര്‍ കൊതിച്ചിരിക്കണം!
ഒരു കയില്‍ കഞ്ഞി,
ഒരു സ്പൂണ്‍ മരുന്ന്,
ഒരു മാത്ര ഗുളിക,
അവയൊക്കെയും തന്‍റെയുമ്മാക്ക് കൊടുത്ത് കൊതിതീരും മുമ്പേ അവര്‍ കണ്ണടച്ചു യാത്രയായി!
“പ്രായമായ മാതാപിതാക്കള്‍ കൂടെയുണ്ടായിട്ട്, സ്വര്‍ഗം ലഭിക്കാത്തവന്‍ നശിക്കട്ടെ” എന്ന് ജീബ്രീല്‍(അ)!
“അല്ലാഹുവേ നീ ജിബ്രീലിന്‍റെ പ്രാര്‍ഥന സ്വീകരിച്ചാലും” എന്ന് പ്രവാചക ശ്രേഷ്ഠന്‍! (തിര്‍മിദി 3545, അഹ്മദ്2/254, ഇബ്‌നു ഹിബ്ബാന്‍ 908, ശൈഖ് അല്‍ബാനി സ്വഹീഹെന്ന് പ്രസ്താവിച്ചത്)
ജിബ്രീലിന്‍റെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടാത്തവരാകട്ടെ നാമെല്ലാം.
Source: www.nermozhi.com