ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 05

1177

05 – സ്വര്‍ഗം പരതുക

അവഗണനയുടെ പാതയോരങ്ങളിലൂടെ നെടുവീര്‍പ്പുകളെ ഊന്നുവടിയാക്കി നടന്നു നീങ്ങുന്ന പ്രായമായ ഉമ്മമാരും ഉപ്പമാരും ആരുടേതാകാം?

എന്‍റേതാകാം! നിങ്ങളുടേതാകാം!

അവരുടെ വിലയറിയാന്‍, അവര്‍ക്കു വേണ്ടി സേവനങ്ങള്‍ ചെയ്യാന്‍, അതുവഴി അല്ലാഹുവില്‍ നിന്നും ലഭിക്കാനിരിക്കുന്ന പ്രതിഫലത്തിന്‍റെ മൂല്യമറിയാന്‍ നമുക്കായാല്‍,

നാമെത്ര നല്ല സന്താനങ്ങളാകും!

അവരുടെ നല്ല കാലത്ത് അവരില്‍നിന്നും ആവോളം നന്മകളനുഭവിച്ചവരല്ലെ നാം.

അവരുടെ ആരോഗ്യവും ആയുസ്സും, അവരനുഭവിക്കേണ്ടിയിരുന്ന സുഖങ്ങളും പിഴിഞ്ഞെടുത്ത് ചണ്ടിപോലെയാക്കിയത് ആരാണ്?

കാലമാണോ?

സത്യമായും അല്ല; നാമാണ്.

ഉമ്മ; വാത്സല്യക്കൂടാണവര്‍. ദുനിയാവില്‍ ആരുണ്ട് അവര്‍ക്കു തുല്യം?!

ആയിരം പോറ്റുമ്മ കൂടിയാലും ഒരു പെറ്റുമ്മയാകില്ലെന്നത് കവിവാക്യം!

ആകയാല്‍ സ്വന്തം മാതാവിന്‍റെ കാലിന്നരികില്‍ ചേര്‍ന്നു നിന്ന് നാം സ്വര്‍ഗം പരതുക.

ഉമ്മാക്കു വേണ്ടി എത്ര സേവനങ്ങള്‍ ചെയ്താലും അതു മതിയാകില്ല,

ഉറങ്ങുമ്പോള്‍ ഉണര്‍ത്താതെ, ഉണരുമ്പോള്‍ ഉപദ്രവിക്കാതെ സേവിക്കുക,

ആ കുഴിഞ്ഞ കണ്ണുകളില്‍ കണ്ണീരു പൊടിയാതെ ശ്രദ്ധിക്കുക,

പൊടിഞ്ഞ കണ്ണീര്‍ കണങ്ങള്‍ നിലത്തിറ്റി വീഴും മുമ്പെ തുടക്കുക.

രണ്ടാം ഖലീഫയായിരുന്ന ഉമര്‍ ബ്നുല്‍ ഖത്താബിനോട് ഒരാള്‍ ചോദിച്ചു:

“പ്രായാധിക്യം കൊണ്ട് പ്രയാസങ്ങളനുഭവിക്കുന്നവരാണ് എന്‍റെ ഉമ്മ. പ്രാഥമിക കൃത്യങ്ങള്‍ക്കു പോലും പരസഹായം വേണം. അവരുടെ ഏത് കാര്യത്തിനും എന്‍റെ ഈ ചുമലിലേറ്റിയാണ് ഞാനവരെ പരിചരിക്കാറ്. പരമാവധി ഞാനവരെ പരിരക്ഷിക്കുന്നു. എന്‍റെ ഉമ്മയോടുള്ള ബാധ്യത മതിയാംവണ്ണം ഞാന്‍ നിര്‍വഹിച്ചുവോ അമീറുല്‍ മുഅ്മിനീന്‍?”

അദ്ദേഹം പറഞ്ഞു: “ഇല്ല, -കരയാനല്ലാതെ, പറയാനറിയാതിരുന്ന,

നീന്താനല്ലാതെ, നടക്കാനറിയാതിരുന്ന നിന്‍റെ ശൈശവത്തില്‍-

ഇതൊക്കെ തന്നെയും അവര്‍ നിനക്കു വേണ്ടി ചെയ്തു തന്നതായിരുന്നു.

നിന്‍റെ ആയുസ്സ് നിലനില്‍ക്കുവാനാണ് അന്നവർ കൊതിച്ചത്!

-ഒക്കത്തു കേറ്റിയും, ചുമലിലേറ്റിയും, മടിയിലിരുത്തിയുമൊക്കെ നിന്നെ ഏറെ സഹിച്ച- അവരെ നീയിന്ന് ചുമക്കുമ്പോള്‍, അവരുടെ ആയുസ്സൊന്നു തീര്‍ന്നിരുന്നെങ്കില്‍ എന്നാണ് നിന്‍റെ മനസ്സ് കൊതിക്കുന്നത്!” (ബിര്‍റുല്‍ വാലിദൈന്‍, അബ്ദുര്‍റഊഫ് അല്‍ ഹന്നാവി)

പറയുക; മാതാവിന്‍റെ കാല്‍ക്കല്‍ എത്ര സേവനങ്ങളര്‍പ്പിച്ചാല്‍ നമ്മുക്കൊരു മകനാകാം; മകളാകാം?

www.nermozhi.com