04 – കരഞ്ഞപ്പോള്‍ കണ്ണീരായി…
ഉമ്മയുടെ ക്ഷേമത്തിനായി കൊതിക്കുന്ന മക്കളോട് പടച്ചവനെന്ത് പ്രിയമാണൊന്നൊ!
ആ മുഖത്ത്നോക്കിയൊന്നു പുഞ്ചിരിച്ചാല്‍,
ആ നെറ്റിത്തടം പിടിച്ചൊന്നുമ്മ വെച്ചാല്‍,
ആ കൈകളില്‍ കൈകള്‍ ചേര്‍ത്തല്‍പനേരം നീ നിന്നു സംസാരിച്ചാല്‍;
അറിയുമോ നിനക്ക്!
ആ ഹൃദയം ആനന്ദപര്‍വം കയറി ആറാടുന്നത് നിനക്കു കാണാം.
ആ കണ്ണുകളില്‍ നിറയെ ആഹ്ളാദത്തിന്‍റെ വര്‍ണ്ണങ്ങള്‍ വാരിവിതറുന്നതും കാണാം!
ഉമ്മ; അവരോടു നീ നല്ലതു പറയുക, നന്നായി മാത്രം പറയുക
ഉമ്മയുടെ മുന്നില്‍ നിന്‍റെ മുഖം കറുക്കരുത്.
കോപം കൊണ്ട് കനക്കരുത്.
ഛെ എന്ന വാക്കുകൊണ്ടു പോലും നീയവരുടെ മുഖത്തു നോക്കി പിറുപിറുക്കരുത്; അരുത്!
മാതാപിതാക്കളോടുള്ള ബാധ്യതകള്‍ ഓര്‍മ്മിപ്പിക്കുന്നിടത്ത് അല്ലാഹു പറഞ്ഞു:
“മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയൊ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക.” (ഇസ്‌റാഅ്/23)
ശൈഖ് അബ്ദുറഊഫ് അല്‍ ഹാവീ എഴുതി:
ഒമ്പതു മാസക്കാലമാണ് അവള്‍ നിന്നെ ചുമന്നത്.
ഗര്‍ഭപാത്രത്തിലെ നിന്‍റെ ഓരോ ചെറുവളര്‍ച്ചയും അവളിലുണ്ടാക്കിയത് ഭാരമായിരുന്നു.
ബലഹീനതയായിരുന്നു.
ദുര്‍ബലയായിരുന്നിട്ടും വഹിക്കാവുന്നതിലുമധികം ഭാരം വഹിച്ചവള്‍
അങ്ങിനെ നീ പുറത്തു വന്നു!
എന്നിട്ടും അവളുടെ പ്രയാസങ്ങള്‍ക്ക് അറുതിവന്നുവോ; ഇല്ല!
ജീവിതത്തില്‍ അവ കൂടുകയാണുണ്ടായത്.
പക്ഷെ, നിന്‍റെ പുഞ്ചിരികള്‍, നിന്‍റെ കൊഞ്ചലുകള്‍ അവളുടെ വേദനകളെ മറപ്പിച്ചു കളഞ്ഞു!
നിന്നിലെ ആശകളും പ്രതീക്ഷകളും നീയുമായവളെ ബന്ധിപ്പിച്ചു നിര്‍ത്തി!
ജീവിതത്തിന്‍റെ ആനന്ദവും അലങ്കാരവും നീയായിരുന്നൂ അവള്‍ക്ക്;
കുഞ്ഞായിരിക്കെ, രാപകലുകള്‍ നിനക്കു വേണ്ടി സേവനനിരതയായിരുന്ന അവള്‍ നിന്‍റെ കൈകാല്‍ വളര്‍ച്ചയില്‍ ജാഗരൂകയായിരുന്നു.
നിന്നെ ഊട്ടാന്‍, നിന്നെ ഉറക്കാന്‍, നിന്നെ കളിപ്പിക്കാന്‍, കുളിപ്പിക്കാന്‍
അങ്ങനെയങ്ങനെ എല്ലാറ്റിനുമെല്ലാറ്റിനും…
ഒരു തണുത്ത കാറ്റടിച്ചാല്‍, ഒരു ഈച്ച പാറിയാല്‍ നിന്‍റെ മേല്‍ അവള്‍ ഭയക്കുമായിരുന്നു.
നീ മുലകുടി നിര്‍ത്തുകയും കൊച്ചടിവെച്ചു നടക്കാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിരന്തരം നിന്‍റെ പിറകെയായിരുന്നു.
കാലിടറുമൊ, മറിഞ്ഞു വീഴുമൊ, മുട്ടു പൊട്ടുമൊ…
‘റബ്ബേ എന്‍റെ കുഞ്ഞ്, കാത്തോളണേ’ എന്ന പ്രാര്‍ഥനയായിരുന്നു!
നീ വളർന്ന് വലിയവനായപ്പോഴും ആ കരുണ നിറഞ്ഞ കണ്ണുകളും, സ്നേഹം വഴിഞ്ഞ നെഞ്ചകവും നിന്‍റെ പിറകെത്തയൊയിരുന്നു.
നീ തളര്‍ന്നപ്പോഴൊക്കെ താങ്ങായി!
നീ കിതച്ചപ്പോഴൊക്കെ തണലായി!
നീ കരഞ്ഞപ്പോഴൊക്കെ കണ്ണീരായി…!
വെറുതെയാണൊ, പടച്ചവന്‍ പിതാവിനേക്കാള്‍ പ്രാധാന്യം നിന്‍റെ മാതാവിന്നു നല്‍കിയത്?!!
വെറുതെയാണൊ, പ്രവാചക ശ്രേഷ്ഠന്‍(സ്വ) നിന്‍റെ മാതാവിന്‍റെ കാര്യത്തില്‍ കൂടുതല്‍ കൂടുതല്‍ വസ്വിയ്യത്തുകള്‍ ഏകിയത്?!! (ബിര്‍റുല്‍ വാലിദൈന്‍, അബ്ദുര്‍റഊഫ് അല്‍ ഹന്നാവി (ഭേദഗതികളോടെ))
www.nermozhi.com