ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നെങ്കില്‍

1925

“മനുഷ്യരെ നോക്കുക, അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ അശ്രദ്ധമാണ് അധിക പേരുടെ ഹൃദയവും. ദേഹേച്ഛകള്‍ക്ക് പിറകെയാണവര്‍. അവരുടെ ജീവിതവ്യവഹാരങ്ങളധികവും അതിരുവിട്ട നിലയിലാണ്. അഥവാ ജീവിതത്തിന് ഉപകാരയുക്തമായ സകലതില്‍ നിന്നും അവര്‍ വെളിയിലാണ്. അനാവശ്യ കാര്യങ്ങളില്‍ വ്യാപൃതമായ ഈ മനുഷ്യന്‍, ഐഹികവും പാരത്രികവുമായ ജീവിതങ്ങളില്‍ കോട്ടങ്ങള്‍ മാത്രം ക്ഷണിച്ചു വരുത്തുകയാണ്.” (ഇലാ മത്താ അല്‍ ഗഫ്ല എന്ന കൃതിയില്‍ നിന്ന് ഉദ്ധരണം)

മുകളില്‍ വായിച്ചത് ഇമാം ഇബ്നുല്‍ ക്വയ്യി(റ)മിന്‍റെ വരികളാണ്. ചുററുപാടുമുള്ള മനുഷ്യരുടെയല്ല, നമ്മുടെ തന്നെ ജീവിതത്തിലേക്ക് നോക്കി മേല്‍പ്പറഞ്ഞത് വിലയിരുത്തിയാല്‍ സത്യം കൃത്യമായി ബോധ്യപ്പെടും. നമ്മള്‍ അല്ലാഹുവിനെപ്പററി പറയുമ്പോഴും പരലോകത്തെ സംബന്ധിച്ച് പ്രസംഗിക്കുമ്പോഴും സ്വന്തം ജീവിതത്തിന്‍റെ മുക്കുമൂലകളില്‍ മാത്രം തട്ടി നില്‍ക്കുകയാണ് ദൈവഭയവും ധാര്‍മ്മികനിഷ്ഠയുമൊക്കെ. ഐഹിക ജീവിതത്തിന്‍റെ അലങ്കാരങ്ങള്‍ തനി ഭൗതികനെ മാത്രമല്ല ഒന്നാന്തരം വിശ്വാസിയേയും ചതിയില്‍പ്പെടുത്താവുന്ന വിധം അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ്.

കടിഞ്ഞാണില്ലാത്ത ആശകളും, സ്വാര്‍ത്ഥതകളും, അധികാരത്തോടുള്ള ആഭിമുഖ്യവും അല്ലാഹുലിനെക്കുറിച്ചുള്ള ചിന്തയില്‍ നിന്നും അശ്രദ്ധമാക്കുമെന്ന സംഗതി നമ്മള്‍ തിരിച്ചറിയേണ്ടതാണ്. ദൈവസ്മരണയില്‍ നിന്നും അകന്നുമാറി മരണവക്ത്രത്തിലെത്തുവോളം ദുനിയാവിന്‍റെ കാര്യങ്ങളില്‍ വെപ്രാളപ്പെടുന്ന അവസ്ഥ പരലോക ജീവിതത്തെപ്പററി ബോധമുള്ളവര്‍ക്ക് യോജിച്ചതല്ല. സ്വത്വനിശ്ചയമില്ലായ്മ മുസ്ലിമിനല്ല, ജീവിത യാഥാര്‍ത്ഥ്യങ്ങളെ കണ്ടറിയാത്ത നിഷേധിക്കുള്ളതാണ്. സമൂഹത്തിന്‍റെ മൊത്തത്തിലുള്ള അവസ്ഥ പരിശോധിക്കുമ്പോള്‍ അല്ലാഹു പറഞ്ഞിടത്താണ് കാര്യങ്ങള്‍:

“ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു.” (അമ്പിയാഅ്: 01)

ലക്ഷ്യബോധമില്ലെങ്കില്‍ സമയബോധവും ധര്‍മ്മബോധവുമുണ്ടാകില്ല. ഈ പ്രസ്താവനയുടെ മറുവശം, കൃത്യമായ ലക്ഷ്യബോധമുള്ള വിശ്വാസിക്ക് അഥവാ നമുക്ക് സമയബോധവും ധര്‍മ്മബോധവും ഉണ്ടായിരിക്കണം എന്നതാണ്. നിന്‍റെ ആയുസ്സും ആരോഗ്യവും സമയവും എന്തിനു വേണ്ടി ചെലവഴിച്ചു? എന്ന് ഓരോരുത്തരും അല്ലാഹുവിനാല്‍ ചോദ്യം ചെയ്യപ്പെടും എന്ന പ്രവാചക മൊഴി പഠിച്ചുവെച്ച നമ്മള്‍ അതില്‍ നിന്നും ഉള്‍ക്കൊള്ളേണ്ട മഹത്തായ പാഠമുണ്ട്. മരണാനന്തരം ജീവിതമുണ്ടെന്ന് ബോധ്യപ്പെട്ട് അതിലെ സ്വര്‍ഗം ലക്ഷ്യമായി മനസിലാക്കിയ നമ്മള്‍, നമ്മുടെ ആയുരാരോഗ്യങ്ങളും സമയവും പ്രസ്തുത ലക്ഷ്യപ്രാപ്തിക്ക് ഉതകും വിധം വിനിയോഗിച്ചുവൊ എന്നാണ് ആ വിചാരണയുടെ പൊരുള്‍. ആള്‍ക്കൂട്ടത്തിലേക്ക് ചൂണ്ടി, ദൈവസ്മരണയിലും, പരലോക ചിന്തയിലും അവര്‍ അശ്രദ്ധയിലാണ് എന്ന് എല്ലാവരും പറയുന്നു. പ്രസ്തുത കാര്യങ്ങളില്‍ പക്ഷെ, അവനവന്‍റെ സമീപനത്തേയും നിലപാടുകളേയും വിലയിരുത്താന്‍ അധികപേരും തയ്യാറാകുന്നില്ല.

പ്രവാചക തിരുമേനി(സ്വ)യോട് പടച്ചവന്‍ നല്‍കുന്ന ഉപദേശം കാണുക:

“വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക് ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്‍റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്.” (അഅ്റാഫ്: 205)

നാം സ്നേഹിക്കുന്ന പ്രവാചകന്‍(സ്വ) ഈ വിശുദ്ധ വചനം അപ്പാടെ ജീവിതത്തില്‍ പകര്‍ത്തിയുട്ടുള്ളവരാണ്. നമ്മുടെ ജീവിതത്തിലും ഈ ഉപദേശത്തിന്‍റെ തെളിച്ചമുണ്ടാകണം. അല്ലാഹുവിനോടാണ് പ്രാര്‍ഥിക്കേണ്ടത്, അവനോടാണ് സഹായാര്‍ഥന നടത്തേണ്ടത് എന്ന് സംശയമില്ലാത്ത ആദര്‍ശം ഉള്‍ക്കൊള്ളുമ്പോഴും, ജീവിത പ്രതിസന്ധികളില്‍ നമ്മുടെ കൈകള്‍ അല്ലാഹുവിലേക്ക് ഉയരാറുണ്ടൊ?

പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അവനില്‍ ഭരമേല്‍പ്പിക്കാറുണ്ടൊ?

ദിനരാത്രങ്ങളില്‍ ചെയ്തുകൂട്ടുന്ന കര്‍മ്മങ്ങളെയോര്‍ത്ത് കണ്ണീരൊഴുക്കാറുണ്ടൊ?

‘പടച്ചവനേ, ഭീമവും നിസ്സാരവുമായ തെറ്റുകള്‍ക്കെല്ലാം നീയെനിക്ക് മാപ്പു നല്‍കേണമേ’ എന്ന് പ്രാര്‍ഥിക്കാറുണ്ടൊ?

അനാവശ്യങ്ങള്‍ കാണേണ്ടി വരുമ്പോള്‍, കേള്‍ക്കേണ്ടി വരുമ്പോള്‍ ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന് ചൊല്ലാറുണ്ടൊ?

പറയാന്‍ തുടങ്ങിയ പരദൂഷണം പടച്ചവനെയോര്‍ത്ത് വേണ്ടെന്ന് വെച്ചിട്ടുണ്ടൊ?

തൂക്കത്തില്‍ കുറവു വരുത്താന്‍ കരുതിയിട്ട്, ആ നിമിഷം തന്നെയത് തിരുത്തിയിട്ടുണ്ടൊ?

കൈക്കൂലി വാങ്ങാന്‍ നീട്ടിയ കൈകള്‍, അത് ലഭിക്കും മുമ്പെ പിന്‍വലിച്ചിട്ടുണ്ടൊ?

വ്യാജ ആധാരങ്ങളിലും കടലാസുകളിലും കള്ളക്കയ്യൊപ്പിടുമ്പോള്‍ മനസ്സ് നൊമ്പരപ്പെട്ടിട്ടുണ്ടൊ? ഉണ്ടെങ്കില്‍, നാം നമ്മുടെ സാധാരണ ജീവിതത്തില്‍ നമ്മെപ്പടച്ച റബ്ബിനെ സ്മരിക്കുന്നുണ്ട് എന്നാണര്‍ഥം.

അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുകയും, കാലത്തും വൈകുന്നേരവും അവനെ പ്രകീര്‍ത്തിക്കുകയും ചെയ്യുവിന്‍.” (അഹ്സാബ്: 41, 42)

നിന്നും ഇരുന്നും കിടന്നും പടച്ചവനെപ്പറ്റി ചിന്തിക്കുന്നവരെ സൂറത്തു ആലു ഇംറാനിലെ 191ാം വചനത്തില്‍ അല്ലാഹു പുകഴ്ത്തിപ്പറഞ്ഞത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്:

“നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ.”

മനുഷ്യ ജീവിതത്തില്‍ അശ്രദ്ധ വരുത്തുന്ന വിപത്ത് ചെറുതല്ല. വിശ്വാസങ്ങളിലും കര്‍മ്മങ്ങളിലും ക്രയവിക്രയങ്ങളിലുമെല്ലാം ബോധപൂര്‍വ്വമോ അല്ലാതെയോ സംഭവിക്കുന്ന അലംഭാവം പരലോകത്തിലെ ശിക്ഷയെത്തന്നെ നേടിത്തരുന്നവയാണ്. ഇഹലോകത്ത് അല്ലാഹുവിന്‍റെ ശിക്ഷക്കു വിധേയരായ സമൂഹത്തിന്‍റെ മുഖ്യപ്രശ്നം പ്രസ്തുത കാര്യങ്ങളിലൊക്കെ അവരിലുണ്ടായിരുന്ന അശ്രദ്ധയാണെന്ന് കാണാനാകും. കണ്ണും കാതും ഹൃദയവും ഉപയോഗിക്കേണ്ട സ്ഥലങ്ങളിലും സമയങ്ങളിലും ഉപയോഗിക്കാതെ, നിഷേധികളായൊ, പിന്നേക്ക് മാറ്റിവെച്ചൊ കാലം കഴിക്കുന്നവര്‍ അശ്രദ്ധരാണെന്നും അവരുടെ സങ്കേതം നരകമാണെന്നും വ്യക്തമാക്കുന്ന ഒരു വചനം വായിക്കുക:

“ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിന് വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്കു കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് ശ്രദ്ധയില്ലാത്തവര്‍.” (അഅ്റാഫ്: 179)

ഭൗതികത തീര്‍ക്കുന്ന അശ്രദ്ധക്കൂട്ടിലെ മനുഷ്യ ജീവികളെ നോക്കി മുമ്പ് ഒരു ജ്ഞാനി പാടിയതിങ്ങനെ:

“അവര്‍ നിദ്രയിലാണ്,

ഉണര്‍ത്താന്‍ അരികില്‍ മരണമുണ്ട്.

എന്നാണവരുണരുക;

ആയുസ്സിന്‍റെ അന്ത്യതുള്ളിയും വറ്റുമ്പോഴല്ലാതെ!!

കുടുംബാംഗങ്ങളുടെ മൃതശരീരങ്ങല്‍

അവരുടെ കൈകളാലാണ് മറമാടപ്പെടുന്നത്,

എന്നിട്ടും അശ്രദ്ധയുടെ സ്വപ്നക്കൂട്ടിലേക്ക് അവര്‍ തിരിച്ചണയുകയാണ്:

ഒന്നും കണ്ടിട്ടില്ലാത്തതുപോലെ!!!”

Source: www.nermozhi.com