ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 03

1907

03 – ഉമ്മാ, ഞാനുണ്ട് ആ കാല്‍പാദങ്ങള്‍ക്കരികെ.

ഉമ്മ;

നിന്‍റെ ഭാരം പേറിയവള്‍,

നിനക്കായി ഉറക്കം മാറ്റിവെച്ചവള്‍,

നിന്‍റെ മാലിന്യങ്ങള്‍ കഴുകിത്തുടച്ചവള്‍,

തന്‍റെ വിശപ്പു മറന്ന് നിന്‍റെ വയറു നിറച്ചവള്‍,

ഇഴഞ്ഞും, ഇരുന്നും, വേച്ചുവേച്ചു നടന്നും നിന്‍റെ ആയുര്‍ഘട്ടങ്ങള്‍ മുന്നിലേക്ക് കുതിക്കുമ്പോള്‍ നിന്നെപ്പോറ്റാൻ അനവരതം കിതച്ചവള്‍!

ആ ഹൃദയം നിറയെ നിന്നോടുള്ള സ്നേഹം!

ആ മാറിടം നിറയെ നിനക്കുവേണ്ടിയുള്ള അമൃതം!

സ്വന്തം ആശകളെത്രയവള്‍ നിനക്കായി മാത്രം മാറ്റിവെച്ചൂ?!

സ്വന്തം വേദനകളെത്രയവള്‍ നിന്‍റെ മുന്നില്‍ നിന്നും മറച്ചു വെച്ചു?

അറിയുമോ നിനക്കവരെ?

അവരെ മറന്നു മയങ്ങുവനേ, നിനക്കു നാശം!

നിന്‍റെ അവഗണനയില്‍, വെറുപ്പില്‍, കുത്തുവാക്കില്‍ അവരൊന്നാകാശത്തേക്കു കയ്യുയര്‍ത്തിയാല്‍, ക്ഷണമാത്ര നീ വെറും ചാരം!!

പ്രവാചക തിരുമേനി അരുളിയത് നീ വായിച്ചിട്ടില്ലെ:

അല്ലാഹുവിന്‍റെ പ്രീതി, മാതാവിന്‍റെയും പിതാവിന്‍റെയും പ്രീതിയെ ആസ്പദിച്ചാണ് അല്ലാഹുവിന്‍റെ കോപവും അപ്രകാരം തന്നെ!

മാതാവിന്ന് പുണ്യം ചെയ്യാന്‍ കൈമെയ് മറന്നധ്വാനിക്കുക, ഏറെ പ്രതിഫലാര്‍ഹമാണത്.

ഹൃദയാന്തര്‍ഭാഗത്ത് തുടിച്ചു നില്‍ക്കുന്ന തഖ്വയുടെ പ്രതിഫലനമാണത്.

പ്രവാചക സവിധത്തിലെത്തി ഒരു സ്വഹാബി വന്നു നില്‍ക്കുന്നു, പേര് ത്വല്‍ഹത്ത് ബ്നു മുആവിയ അസ്സുലമി;

ദൈവമാര്‍ഗത്തില്‍ സമരത്തിനിറങ്ങാന്‍ അനുമതിക്കായി വന്നതാണയാള്‍

ജിഹാദിന്‍റെ വഴിയില്‍ മരണം പുല്‍കാനായാല്‍ സ്വര്‍ഗമാണ് പ്രതിഫലം എന്നയാള്‍ക്കറിയാം.

അദ്ദേഹം ചോദിച്ചു: റസൂലേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദിനിറങ്ങാനാണ് ഞാന്‍ വിട്ടുള്ളത്.

കാരുണ്യത്തിന്‍റെ പ്രവാചകന്‍ തിരിച്ചു ചോദിച്ചു: ആരുണ്ട് നിന്‍റെ വീട്ടില്‍? പ്രായമായ ഉമ്മ?

അദ്ദേഹം പറഞ്ഞു: അതേ, റസൂലേ, വയോധികയായ എന്‍റെ മാതാവുണ്ട് വീട്ടില്‍.

വയോധികയായ ഉമ്മ! ജീവിതത്തിന്‍റെ ഓരോ കോണിലും താങ്ങും തണലും കൂടെപ്പിറപ്പായി നിലകൊള്ളേണ്ട ഉമ്മ!

ഒന്നനങ്ങാന്‍, ഒന്നു നടക്കാന്‍, ഒരിറിക്കു വെള്ളമൊ ഒരു നേരത്തെ ഭക്ഷണമൊ കഴിക്കാന്‍ കൂടെയാളില്ലെങ്കില്‍ ആ ഉമ്മയനുഭവിക്കുന്ന ദുരിതത്തിന് എന്ത് കൈപ്പായിരിക്കും!

റസൂല്‍ പറഞ്ഞു: നീ തിരിച്ചു പോവുക, നിന്‍റെ ഉമ്മയോടൊപ്പം നീ ചേര്‍ന്നു നില്‍ക്കുക, നീ കൊതിക്കുന്ന സ്വര്‍ഗം അവിടെയാണുള്ളത്! (സ്വഹീഹു ത്തര്‍ഗീബു വത്തര്‍ഗീബ്)

ഇതാ, എന്‍റെ മനസ്സു പറയുന്നു;

ഉമ്മാ, ഞാനുണ്ട് ആ കാല്‍പാദങ്ങള്‍ക്കരികെ.

Source: www.nermozhi.com