ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍… 02

2018

02 – പരിഗണിച്ചുവൊ; പരിചരിച്ചുവൊ?

ഉമ്മ; അവരെപ്പറ്റി നിനക്കെന്തറിയാം?

അല്ലാഹു പറഞ്ഞു: “ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്” (ലുഖ്മാന്‍/14)

എട്ടൊമ്പതു മാസങ്ങള്‍ കഷ്ടതകളിലൂടെ സഞ്ചരിച്ചത് നിനക്കുവേണ്ടിയെന്നര്‍ഥം!

ഭൂമിയില്‍ അല്ലാഹു നിനക്കായി സംവിധാനിച്ച വിഭവങ്ങളറിയാന്‍,

ആകാശത്തിലെ പ്രകാശവും, താരങ്ങളും, മഴയും, മഴവില്ലുമൊക്കെ കാണാന്‍

ചിത്രശലഭത്തോട് കൂട്ടുകൂടാനും, പൂക്കളോട് സല്ലപിക്കാനും കുഞ്ഞുകിളികളെക്കണ്ടാനന്ദിക്കാനും…

ഒക്കെയൊക്കെ നിനക്കായത് അങ്ങനെയാണ്… നിന്‍റെ ഉമ്മയിലൂടെ!

നിന്‍റെ ജന്മവും, ആദ്യത്തെ കരച്ചിലും, കണ്ണുചിമ്മിയുള്ള നിന്‍റെ പാല്‍പുഞ്ചിരിയും കൈകാലുകള്‍ കുലുക്കിക്കുലുക്കിയുള്ള കളികളും ആ നെഞ്ചിലെ ആനന്ദമായിരുന്നു; നിര്‍വചിക്കാനാകാത്ത അനുഭൂതിയായിരുന്നു.

ഗര്‍ഭകാല പീഢകളും, പ്രസവ സമയ വേദനകളും പ്രസവാനന്തര പ്രയാസങ്ങളും നിന്‍റെ മുഖകമലത്തിലെ പ്രശോഭകൊണ്ട് അവള്‍ കഴുകിത്തുടച്ചു.

നിന്‍റെ കരച്ചിലില്‍ ആ ഹൃദയം നൊന്തു!

അമ്മിഞ്ഞകള്‍ നിനക്കു മുന്നില്‍ ചുരന്നു!

നീണ്ട രണ്ടു വര്‍ഷക്കാലം നിന്‍റെ കുഞ്ഞുവായക്കുള്ളില്‍ വറ്റാതെ അവ അമൃതവര്‍ഷം ചൊരിഞ്ഞു! അല്ലാഹു പറഞ്ഞില്ലെ:

“അവന്‍റെ മുലകുടി നിര്‍ത്തുതാകട്ടെ രണ്ടുവര്‍ഷം കൊണ്ട്” (ലുഖ്മാന്‍/14)

ആരുണ്ടിതൊക്കെ ഓര്‍ക്കാന്‍; അല്ലാഹുവിന്‍റെ മുന്നില്‍ വിചാരണക്കു നിന്ന് ഭൂമിയിലെ സകലാനുഗ്രഹങ്ങള്‍ക്കും, ഉത്തരവാദിത്തങ്ങള്‍ക്കും മറുപടി പറയേണ്ടതുണ്ട് എന്ന് മനസ്സിലാക്കിയ ഈ നമ്മളല്ലാതെ!

ആകയാല്‍ സ്വയം വിചാരണ ചെയ്യുക; നാം വിചാരണ ചെയ്യപ്പെടും മുമ്പെ;

മാതാവിനെ നാം മനസ്സിലാക്കിയൊ?

പരിഗണിച്ചുവൊ?

പരിചരിച്ചുവൊ?

Source: www.nermozhi.com