ഉമ്മാ, നിങ്ങളുടെ സ്നേഹത്തിനു മുന്നില്‍…

2423

01 – എളിമയുടെ ചിറക്

യഹ്യ പ്രവാചകന്‍. (അലൈഹിസ്സലാം)

ധര്‍മ്മനിഷ്ഠനെന്ന അല്ലാഹുവിന്‍റെ സാക്ഷ്യം ലഭിച്ച മഹാന്‍, ലോകാവസാനം വരെയുള്ള വിശ്വാസീ സമൂഹത്തിന് അദ്ദേഹത്തിലൊരു മാതൃകയുണ്ട്. അല്ലാഹു പറഞ്ഞു:

“തന്‍റെ മാതാപിതാക്കള്‍ക്ക് നന്‍മചെയ്യുന്നവനായിരുന്നു അദ്ദേഹം. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല, അദ്ദേഹം.” (മർയം/14)

മറ്റൊരു പ്രവാചകനിതാ,

മഹാനായ ഈസ നബി അലൈഹിസ്സലാം;

അല്ലാഹുവിനാല്‍ അനുഗൃഹീതനായവര്‍

ആ മഹാന്‍ തനിക്കു ലഭിച്ച അനുഗ്രഹങ്ങളില്‍ ഒന്നെടുത്തു പറയുന്നതു നോക്കുക;

“അല്ലാഹു എന്‍റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനാക്കിയിരിക്കുന്നു. അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യം കെട്ടവനുമാക്കിയിട്ടില്ല.” (മർയം/32)

സൃഷ്ടിശ്രേഷ്ഠന്‍ മുഹമ്മദ് നബി(സ്വ)യെ ശ്രദ്ധിക്കൂ;

തിരുമേനിയുടെ അടുക്കല്‍ വന്നു നില്‍ക്കുന്നത് തന്‍റെ ശിഷ്യഗണങ്ങളില്‍ ഒരാള്‍. തിരുമേനിയോടയാള്‍ ചോദിക്കുകയാണ്: റസൂലേ, ഈ ഞാന്‍ ആരോടാകണം ഏറ്റവും നന്നായി പെരുമാറേണ്ടത്? ആരാണ് എന്‍റെ സ്നേഹബഹുമാനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അര്‍ഹതയര്‍ഹിക്കുന്നത്?

തിരുമേനി(സ്വ) ആലോചിച്ചില്ല, അവിടുന്നരുളി: നിന്‍റെ ഉമ്മ

അയാള്‍: പിന്നെയാര്?

തിരുമേനി: നിന്‍റെ ഉമ്മ

അയാള്‍: പിന്നെയാര്?

തിരുമേനി: നിന്‍റെ ഉമ്മ

അയാള്‍: പിന്നെയാര്?

തിരുമേനി: നിന്‍റെ ഉപ്പ (അബൂഹുറയ്റ(റ) നിവേദനം, സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ അദബ്)

കാരുണ്യത്തിന്‍റെ പ്രവാചകനോട് കരുണാമയനായ നാഥന്‍റെ കല്‍പന കാണൂ:

“കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ (മാതാവും പിതാവും) ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.” (ഇസ്രാഅ്/24)

Source: www.nermozhi.com