സാഹോദര്യം ഇസ്ലാമിന്‍റെ പ്രമുഖ ധര്‍മ്മങ്ങളില്‍ ഒന്നാണ്. അനൈക്യപ്പെട്ടു കിടന്ന അറേബ്യന്‍ സമൂഹത്തെ സുദൃഢപാശത്തിലെ പാശികള്‍ പോലെ ഇസ്ലാം കോര്‍ത്തിണക്കി എന്നത് സര്‍വാംഗീകൃത സത്യമാണ്. പകയും പടവെട്ടലുമായി കഴിഞ്ഞുകൂടിയ ഒരു സമൂഹം ഖുര്‍ആനിന്‍റെ വരിയിലണിനിരന്നപ്പോള്‍ സ്നേഹത്തിന്‍റെ രുചിയും സാഹോദര്യത്തിന്‍റെ മധുരവും അവരറിഞ്ഞു. വിശുദ്ധനായ പ്രവാചകന്‍(സ്വ) ലോകത്തിന് ഉത്തമ മാതൃകകളാക്കി അവരെ വളര്‍ത്തി. ഏകോദര സഹോദരങ്ങളായി കഴിഞ്ഞു കൂടേണ്ടതിന്‍റെ ആവശ്യകതയും, സാഹോദര്യം മുഖേന കൈവരാവുന്ന നേട്ടങ്ങളുടെ പരമ്പരയും സമൂഹ മനസ്സില്‍ സന്നിവേശിപ്പിച്ചപ്പോള്‍ അവരിലെ മാറ്റം അതിവേഗതയിലായിരുന്നു.
സാഹോദര്യത്തിന് ഏറെ വിലമതിക്കുന്ന മതമാണ് ഇസ്ലാം. ഒന്നിച്ചു നില്‍ക്കാനും ഒരുമ യോടെ നീങ്ങാനും വിശ്വാസികളെ തെര്യപ്പെടുത്തുന്ന ഇസ്ലാം, അതിന് സഹായകമായിത്തീരുന്ന ഘടകങ്ങളും നിര്‍ദ്ദേശിച്ചു തന്നിട്ടുണ്ട്. വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ് എന്ന അധ്യാപനം ഇസ്ലാമിന്‍റെ മാത്രം വ്യതിരിക്തതയാണ്. അവര്‍ക്കിടയില്‍ ശത്രുതയോ, അനൈക്യമോ ഉണ്ടാകരുതെന്ന നിര്‍ദ്ദേശവും ഖുര്‍ആനിക സൂക്തങ്ങളില്‍ കാണാനാകും. മാനുഷിക ചാപല്യങ്ങള്‍ വ്യക്തികള്‍ക്കിടയിലുണ്ടാകുന്ന കുഴപ്പങ്ങളും പിണക്കങ്ങളും, അവര്‍ക്കിടയില്‍ സ്ഥായിയായി നിലനില്‍ക്കാവതല്ല എന്ന കണിശമായ കല്‍പനയും അവയില്‍ കാണാം. ഒരു സൂക്തം കാണുക:
“സത്യവിശ്വാസികള്‍ (പരസ്പരം) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.” (ഹുജുറാത്ത്: 10)
വിശ്വാസികള്‍ക്കിടയിലുണ്ടാകുന്ന ഐക്യത്തേയും, കെട്ടുറപ്പിനേയും പറ്റി നബി തിരുമേനി(സ്വ) തന്നെയെും പറഞ്ഞു തന്നിട്ടുണ്ട്. ഇമാം ബുഖാരിയും ഇമാം മുസ്ലിമും രേഖപ്പെടുത്തിയ രണ്ട് ഹദീസുകളില്‍ നിന്ന് നമുക്കത് മനസ്സിലാക്കാം.
“പര്സപര സ്നേഹത്തിന്‍റേയും, കാരുണ്യത്തിന്‍റെയും, അന്യോന്യബന്ധത്തിന്‍റേയും കാര്യത്തില്‍ വിശ്വാസികള്‍ ഒരൊറ്റ ശരീരം പോലെയാണ്. (ശരീരത്തിനൊരു ഗുണമുണ്ട്) അതിലെ ഒരവയവത്തിന് അസുഖം ബാധിച്ചാല്‍ മറ്റവയവങ്ങളും പനിപിടിച്ചും ഉറക്കമൊഴിച്ചും അതിനോട് കൂട്ടുചേരുതാണ്.”
മറ്റൊരു ഹദീസ് ഇപ്രകാരമാണ്. “ഓരോ ഭാഗങ്ങളും പരസ്പരം ശക്തി പകരുന്ന ഒരു കെട്ടിടം പോലെയാണ് രണ്ടു വിശ്വാസികള്‍. പ്രവാചക തിരുമേനി(സ്വ) തന്‍റെ ഇരുകൈവിരലുകളും കോര്‍ത്തു പിടിച്ചാണ് ഇവ്വിധം പ്രസ്താവിച്ചത്.”
മേലെ വായിച്ച ഖുര്‍ആന്‍ സൂക്തവും, രണ്ടു ഹദീസുകളും വിശ്വാസികള്‍ക്കിടയിലുണ്ടാകേണ്ട സാഹോദര്യ ബന്ധത്തെ ഗൗരപൂര്‍വം ബോധ്യപ്പെടുത്തുന്നുണ്ട്. അതു മാത്രമല്ല, സാഹോദര്യത്തിന്‍റെ ഇടിവിനും, വ്യക്തികള്‍ക്കിടയിലെ ശത്രുതക്കും ചേരിതിരിവിനും നിമിത്തമായേക്കാവുന്ന സകല ദുര്‍ഗുണങ്ങളേയും വിശുദ്ധ ഇസ്ലാം തടഞ്ഞു നിര്‍ത്തിയിട്ടുണ്ട്. അസൂയ, അടിസ്ഥാന രഹിതമായ ഊഹം, പരദൂഷണം, ഏഷണി, ചാരവൃത്തി, പരിഹാസം തുടങ്ങിയ വിഷമയമായ സ്വഭാവങ്ങള്‍ ഐക്യത്തിന്‍റേയും സ്നേഹത്തിന്‍റെയും ശത്രുക്കളാണ്.
മുസ്ലിംകള്‍ക്ക് ഏകോദര സഹോദരങ്ങളെപ്പോലെ സ്നേഹിച്ചും, പരിഗണിച്ചും ജീവിക്കാനാകുന്നത് അല്ലാഹുവിന്‍റെ അനുഗ്രഹമാണ്. ശത്രുത കയ്യൊഴിഞ്ഞ് മിത്രജീവിതം സ്വീകരിച്ച പ്രവാചക കാല വിശ്വാസികളെ സംബോധന ചെയ്തു കൊണ്ട് അല്ലാഹു പറയുന്ന പ്രസ്താവന, സാഹോദര്യം ദൈവികാനുഗ്രഹമാണ് എന്ന വസ്തുതയാണ് പഠിപ്പിക്കുത്. അല്ലാഹു പറഞ്ഞു:
“നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീർന്നു.” (ആലു ഇംറാന്‍: 103)
കുഴപ്പങ്ങള്‍ക്ക് വഴിവെക്കുന്ന ദുര്‍ഗുണങ്ങളെ തടഞ്ഞ ഇസ്ലാം, ഐക്യം നിലനിര്‍ത്താനുതകുന്ന സല്‍ഗുണങ്ങളേയും പറഞ്ഞുതന്നിട്ടുണ്ട്. സ്നേഹം, പരിഗണന, ഗുണകാംക്ഷ, തുറന്ന ചര്‍ച്ച, സഹായ ചിന്ത, പ്രാര്‍ഥനാ മനസ്ഥിതി, കൂടിയാലോചന തുടങ്ങിയ ഒട്ടേറെ ഗുണങ്ങള്‍ അക്കൂട്ടത്തിലുണ്ട്.
ഐക്യത്തിന്‍റെ നെടുംതൂണ്‍ കൂടിയാലോചനാണെന്ന് പറയാം. അത് പരസ്പരമുള്ള പരിഗണനയാണ്, ഹൃദയ വിശാലതയുടെ പ്രകടമായ ലക്ഷണമാണ്. വ്യക്തികള്‍ തമ്മിലും, നേതാവും അനുയായികളും തമ്മിലും മുറിഞ്ഞുപോകാതെ നിലനിര്‍ത്തിപ്പോരേണ്ട ഒന്നാണ് കൂടിയാലോചന. ഇസ്ലാം അതിപ്രധാനമായ സ്ഥാനമാണ് കൂടിയാലോചനക്ക് നല്‍കിയിട്ടുള്ളത്. മഹാനായ പ്രവാചകനോട് ഈ മഹല്‍ഗുണത്തിന്‍റെ പ്രാധാന്യവും അതുകൊണ്ടുണ്ടാകുന്ന ഗുണവും അല്ലാഹു ബോധ്യപ്പെടുത്തുന്നുണ്ട്. ഖുര്‍ആന്‍ പറഞ്ഞു:
“(നബിയേ,) അല്ലാഹുവിങ്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്‍റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാല്‍ നീ അവര്‍ക്ക് മാപ്പുകൊടുക്കുകയും, അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളില്‍ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക. അങ്ങനെ നീ ഒരു തീരുമാനമെടുത്ത് കഴിഞ്ഞാല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തന്നില്‍ ഭരമേല്‍പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്.” (ആലു ഇംറാന്‍: 159)
വ്യക്തിബന്ധങ്ങള്‍ സുദൃഢമാകാനും, ഒറ്റച്ചരടില്‍ കോര്‍ത്തിണക്കപ്പെടാനും സൗമ്യസ്വഭാവം, ഹൃദയനൈര്‍മ്മല്യം എന്നിവ പോലെത്തെ നിര്‍ബന്ധമാണ് കൂടിയാലോചനാ മനസ്ഥിതിയും എന്നത്രെ ഈ വിശുദ്ധ സൂക്തം പഠിപ്പിക്കുന്നത്. കൂടിയാലോചന മുസ്ലിംകളിലുണ്ടാക്കുന്ന മറ്റൊരു ഗുണമാണ്, കൂട്ടായെടുത്ത തീരുമാനങ്ങള്‍ അല്ലാഹുവിലേക്കു വിടാനും അവന്‍റെ തൗഫീഖിനു വേണ്ടി പ്രാര്‍ഥിക്കാനുമുള്ള സദ്ധന്നത എന്നത്. ഒരു കുടുംബത്തിലെ, സംഘത്തിലെ, സംഘടനയിലെ വിഷയങ്ങള്‍ കൂട്ടായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കുമ്പോള്‍ അഭിപ്രായാ ന്തരങ്ങള്‍ സ്വാഭാവികമാകും. ദീനീ നിര്‍ദ്ദേശങ്ങളെ പരമാവധി പരിഗണിച്ച് മുന്നിലുള്ള വിഷയത്തില്‍ തീരുമാനമുണ്ടായാല്‍, അല്ലാഹുവിനെ ഭയക്കുന്ന വിശ്വാസികള്‍ക്ക് പിന്നീടക്കാര്യത്തില്‍ വേവലാതിപ്പെടേണ്ട ആവശ്യമില്ല. അല്ലാഹുവാണ് അക്കാര്യത്തില്‍ വിജയ പരാജയങ്ങള്‍ നിശ്ചയിക്കുന്നത്. “തന്നില്‍ ഭരമേല്‍പ്പിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്” എന്ന ദൈവിക വാഗ്ദാനം, കൂടിയാലോചനകള്‍ക്കൊടുവില്‍ രൂപപ്പെട്ട തീരുമാനത്തിന് അല്ലാഹുവിന്‍റെ കാവല്‍ ലഭിക്കുമെന്ന പ്രത്യാശയാണ് നല്‍കുത്.
അല്ലാഹുവിന്‍റെ നിയമനിര്‍ദ്ദേശങ്ങളെ കേള്‍ക്കാനും അനുസരിക്കാനും തയ്യാറായിട്ടുള്ള സത്യവിശ്വാസികളുടെ ഗുണളിലൊന്നായി പടച്ചതമ്പുരാന്‍ എടുത്തു പറയുന്ന കാര്യമാണ് കൂടിയാലോചന. ഖുര്‍ആന്‍ പറഞ്ഞു:
“തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും.” (കൂടുതല്‍ ഉത്തമവും കൂടുതല്‍ നീണ്ടുനില്‍ക്കുന്നതുമായ വിഭവം അല്ലാഹു വിന്‍റെ പക്കലുണ്ട്) (ശൂറ: 38)
നമസ്കാരം പോലെ, സകാത്ത് പോലെയുള്ള ആരാധന തന്നെയാണ് തങ്ങളുടെ കാര്യങ്ങള്‍ കൂടിയാലോചനയിലൂടെ തീരുമാനിക്കുക എന്ന കര്‍മ്മവും. പരലോകത്തില്‍ ഉത്തമമായ വിഭവങ്ങളനുഭവിക്കാന്‍ കൂടിയാലോചനക്കാരായ സത്യവിശ്വാസികള്‍ക്ക് അല്ലാഹു അവസരം നല്‍കുമെന്ന സന്തോഷവാര്‍ത്ത നമ്മുടെ ഓരോരുത്തരുടേയും ശ്രദ്ധയാകര്‍ഷിക്കുക തന്നെ വേണം.
“നിങ്ങളുടെ നേതാക്കള്‍ നല്ലവരും, നിങ്ങളിലെ പണക്കാര്‍ ധര്‍മ്മിഷ്ഠരും, നിങ്ങളുടെ കാര്യങ്ങള്‍ കൂടിയാലോചനയിലൂടെ തീരുമാക്കപ്പെടുന്നതും ആയ അവസ്ഥ നിങ്ങളില്‍ നിലനില്‍ക്കുന്നുവെങ്കില്‍ ഭൂമിയുടെ ഉള്‍ഭാഗത്തേക്കാള്‍ നിങ്ങള്‍ക്കുത്തമം അതിന്‍റെ മുകള്‍ഭാഗം തന്നെയാണ്” എന്ന അര്‍ഥത്തില്‍ ഒരു അഥര്‍ ഉണ്ട്. അഥവാ ഇതില്‍ പറയപ്പെട്ട മൂന്നു കാര്യങ്ങളും സാര്‍ഥകമായിത്തീർന്ന ഒരു വിശ്വാസീ സമൂഹത്തില്‍ വഴക്കും വക്കാണവുമില്ലാത്ത സൗഹൃദാവസ്ഥ നിലവിലുണ്ടാകും എന്നര്‍ഥം.
കുടുംബ നാഥന്‍ കുടുംബാംഗങ്ങളുമായും, നേതാക്കള്‍ അനുയായികളുമായും നടത്തുന്ന ഏതൊരു ചര്‍ച്ചയും ഗുണഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. വിഷയങ്ങളില്‍ ഉള്‍ക്കാഴ്ച ലഭിക്കാനും, അവയുടെ നാനാവശങ്ങളെപ്പറ്റി വിശകലനം ചെയ്യാനും, അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളെ വേര്‍തിരിച്ചെടുക്കാനും, പല ശബ്ദങ്ങളില്‍ നിന്ന് അവസാനം യോജിച്ചൊരു തീരുമാനത്തിലെത്താനും കൂടിയാലോചന ഉപകരിക്കും. ഓരോരുത്തരും പരിഗണിക്കപ്പെട്ടു എന്ന ചിന്ത വ്യക്തികള്‍ക്കിടയിലുണ്ടാക്കും. കുടുംബ നാഥന്‍ അല്ലെങ്കില്‍ സംഘ നേതാവ് സ്വീകരിച്ച ഒരു നിലപാടില്‍ കുറ്റവും കുറവും കാണാതെ, അതിനെ അംഗീകരിക്കാന്‍ സര്‍വരും മുന്നോട്ടുവരും. തന്നിഷ്ടങ്ങളും, പിടിവാശികളും, മുന്‍ധാരണകളുമുണ്ടാക്കുന്ന യാതൊരപശബ്ദവും കൂടിയാലോചനയിലൂടെയുണ്ടാകുന്ന തീരുമാനങ്ങളില്‍ കാണുകയില്ല.
കൂടിയാലോചനാ രംഗത്ത് പ്രവാചക തിരുമേനിയുടെ മഹത്വം അനിതരമാണ്. ‘അല്ലാഹുവിന്‍റെ പ്രവാചകനാണ് താന്‍, താന്‍ പറയും നിങ്ങള്‍ കേള്‍ക്കുക. യാതൊരു വിഷയത്തിലും നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വിലയില്ല’, എന്ന നിലപാടല്ലായിരുന്നൂ സഹാബികളോട് പ്രവാചകന്ന് ഉണ്ടായിരുന്നത്. എത്രയോ ഭൗതിക വിഷയങ്ങളില്‍ തിരുമേനി(സ്വ) സഹാ ത്തുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ബദര്‍, ഉഹദ് യുദ്ധങ്ങള്‍ക്കൊരുങ്ങിയ വേളകളില്‍, യുദ്ധസ്ഥലം നിശ്ചയിക്കുന്ന കാര്യങ്ങളില്‍, എന്തിനധികം സ്നേഹനിധിയായ തന്‍റെ പത്നിയെപ്പറ്റി അപവാദ കഥ പ്രചരിച്ച സന്ദര്‍ഭത്തില്‍ പോലും പ്രമുഖരുമായി കൂടിയാലോചന ചെയ്ത മഹാനാണ് നബി തിരുമേനി(സ്വ). വെറുതെയൊരു നാടകമല്ല, സഹാബത്തുമായുള്ള പ്രവാചകന്‍റെ കൂടിയാലോചന. അവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുകയും അവ നടപ്പിലാക്കുകയും ചെയ്ത സംഗതികള്‍ ചരിത്രത്തിലെമ്പാടുമുണ്ട്.
കൂടിയാലോചന കൊണ്ട് ഫലപ്രാപ്തിയാകണം ലക്ഷ്യമിടേണ്ടത്. പരമാവധി അബദ്ധങ്ങളില്ലാത്ത ഒരു തീരുമാനത്തിലെത്താൻ അതു മുഖേന സാധിക്കണം. അതിന്നാകണമെങ്കില്‍ ചര്‍ച്ചക്കിരിക്കുന്നവരില്‍ ചില ഗുണങ്ങളുണ്ടാകണം. തികഞ്ഞ ദൈവഭയം, പ്രമാണങ്ങളോടുള്ള പ്രതിബദ്ധത, എല്ലാവരേയും കേള്‍ക്കാനുള്ള മനസ്സ്, എതിരഭിപ്രായങ്ങളോട് സഹിഷ്ണുത കാണിക്കാനുള്ള സദ്ധത, സ്നേഹം നഷ്ടപ്പെടാതെ സംവദിക്കാനുള്ള സൂക്ഷ്മത, ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ പരിഗണിക്കപ്പെടാതെ പോകുന്നുവെങ്കില്‍ ക്ഷമിക്കാനുള്ള വിശാലത, കൂട്ടായെത്തിച്ചേര്‍ന്ന തീരുമാനത്തെ കലവറയില്ലാതെ അംഗീകരിക്കാനുള്ള മാനസിക നില തുടങ്ങിയവ കൂടിയാലോചനാ രംഗത്തെ പ്രാഥമിക നിബന്ധനകളാണ്.
കൂടിയോലോചനയെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാം ഗൂഢാലോചനയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കുഴപ്പങ്ങളെ താലോലിക്കുവരാണ് ഗൂഢാലോചനക്കാര്‍. അവര്‍ ഗുണകാംക്ഷികളല്ല. സമൂഹത്തിന് ലഭിക്കാന്‍ ഒരു നന്മയും അവരിലില്ല. പുറത്ത് ചിരിക്കുമ്പോഴും അകത്ത് പല്ലിറുമ്മുന്നവരാണ് അവര്‍. ഗൂഢാലോചന പിശാചില്‍ നിുള്ളതാണെന്ന് സൂറത്തു മുജാദില വ്യക്തമാക്കുുണ്ട്. ഭക്തിയിലും നന്മയിലുമല്ലാത്ത രഹസ്യ ചര്‍ച്ചകള്‍ ഐക്യപ്പെട്ടു ജീവിക്കുന്ന വിശ്വാസീ സംഘത്തില്‍ വിള്ളലുകള്‍ക്കു വഴിവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആകയാല്‍ അല്ലാഹു പറഞ്ഞു:
“സത്യവിശ്വാസികളേ, നിങ്ങള്‍ രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ അധര്‍മ്മത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുതിനും നിങ്ങള്‍ രഹസ്യസംഭാഷണം നടത്തരുത്. പുണ്യത്തിന്‍റെയും ഭയഭക്തിയുടെയും കാര്യത്തില്‍ നിങ്ങള്‍ രഹസ്യഉപദേശം നടത്തുക. ഏതൊരു അല്ലാഹുവിങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമോ അവനെ നിങ്ങള്‍ സൂക്ഷിക്കു കയും ചെയ്യുക. “(മുജാദില: 9)
കൂടിയാലോനയുടെ മഹത്വവും രീതിശാസ്ത്രവും തിരിച്ചറിയാനും അതിന്‍റെ പവിത്രത കാത്തുസൂക്ഷിക്കാനും നമുക്കാകണം. അത് അല്ലാഹുവിന്‍റെ കാരുണ്യത്തിന് വഴിവെക്കുന്നു. അത് കെട്ടുറപ്പുള്ളൊരു സമൂഹത്തിന് കളമൊരുക്കുന്നു. സ്വാര്‍ഥതയില്ലാത്ത, തന്നിഷ്ടമില്ലാത്ത, പിടിവാശിയില്ലാത്ത ഒരു സമൂഹത്തിന്. പരസ്പരം സ്നേഹിക്കുന്ന, ആദരിക്കുന്ന, അംഗീകരിക്കുന്ന മാതൃക നിറഞ്ഞ ഉൽകൃഷ്ട സമൂഹത്തിന്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
Source: nermozhi.com