സഹോദരീ നമുക്കൊന്നിരുന്നാലൊ – ഭാഗം 03

1765

സഹോദരീ, ഇന്ന് ചില കാര്യങ്ങളിലേക്ക് കൂടി നിന്‍റെ ശ്രദ്ധയെ ക്ഷണിക്കുകയാണ്. സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ. നിന്നെപ്പറ്റിയുള്ള എന്‍റെ വീക്ഷണവും നിലപാടുകളും നിന്നോടുള്ള എൻറെ മാന്യവും നീതിപൂർവ്വകവുമായ സമീപനങ്ങളും കഴിഞ്ഞ നമ്മുടെ രണ്ട് ഇരുത്തങ്ങളില്‍ നിന്ന് നീ മനസ്സിലാക്കിയിട്ടുണ്ടാകുമെന്നു തന്നെയാണ് എന്‍റെ വിശ്വാസം.

‘ജാഹിലിയ്യാ കാലത്തെ ജീവിതത്തെ സംബന്ധിച്ച് അറിവില്ലാത്ത ഒരാള്‍ക്ക് ഇസ്ലാമിനെയും അതിന്‍റെ സൗന്ദര്യത്തേയും അറിയാനാകില്ല’ എന്നൊരു പ്രസ്താവന ഉമര്‍ ബ്നുല്‍ ഖത്വാബ്(റ) നടത്തിയിട്ടുണ്ട്. സത്യമാണത്. ജാഹിലിയ്യാ കാലത്തെ സ്ത്രീസമൂഹത്തിന്‍റെ ജനനവും ജീവിതവും നീ മനസ്സിലാക്കിയതാണ്. തീര്‍ത്തും അധ:സ്ഥിതമായിരുന്ന ആ അവസ്ഥയില്‍ നിന്ന് പെണ്ണിന് മോചനം ലഭിച്ചത് എന്‍റെ വരവോടെത്തന്നെയാണ്. അഥവാ ഇസ്ലാമിന്‍റെ വരവോടെ. ഞാനിതു വെറുതെ പറയുന്നതല്ല; നീ വായിച്ച ചരിത്ര ഗ്രന്ഥങ്ങളിലെല്ലാം ഈ വസ്തുത നീ കണ്ടിട്ടുണ്ടാകും.

സഹോദരീ ഒരു അത്ഭുതമുണ്ട്; നീയത് ശ്രദ്ധിച്ചിട്ടുണ്ടൊ എന്നറിയില്ല!

സത്യത്തില്‍, ഞാന്‍ നിന്നോട് കല്‍പ്പിച്ചിട്ടുള്ളതിനേക്കാള്‍ നിന്‍റെ കാര്യത്തില്‍ ഞാന്‍ പുരുഷന്മാരോടാണ് കണിശമായ കല്‍പനകള്‍ നടത്തിയിട്ടുള്ളത്!

നിന്നെ ശ്രദ്ധിക്കണമെന്ന്…

നിന്നെ പരിരക്ഷിക്കണമെന്ന്…

നിന്നെ നല്ലശിക്ഷണമര്യാദകളില്‍ വളര്‍ത്തണമെന്ന്…

നിനക്ക് വിദ്യാഭ്യാസം നല്‍കണമെന്ന്…

അനുഗുണമായ ഇണയെ കണ്ടെത്തി നിന്നെ വിവാഹം കഴിച്ചുവിടണമെന്ന്…

നിനക്ക് വിവാഹമൂല്യം സമ്മാനമായി നല്‍കണമെന്ന്…

അതില്‍ നിനക്കല്ലാതെ മറ്റാര്‍ക്കും അവകാശമില്ലെന്ന്…

നിന്നെ കരയിപ്പിക്കരുതെന്ന്…

നിന്നെക്കാള്‍ ആണ്‍കുഞ്ഞുങ്ങള്‍ക്ക് പ്രാധാന്യം നല്‍കരുതെന്ന്…

നിന്നോട് നന്നായി പെരുമാറണമെന്ന്…

നിന്‍റെ എല്ലാ കാര്യങ്ങളിലും ഗുണകാംക്ഷയുണ്ടാകണമെന്ന്…

നിനക്കെതിരില്‍ അപവാദ പ്രചരണങ്ങള്‍ നടത്തരുതെന്ന്…

അര്‍ഹമായ അനന്തിരസ്വത്ത് കൃത്യതയോടെ നിനക്ക് വീതിക്കണമെന്ന്…

നിന്‍റെ നേര്‍ക്ക് അനാവശ്യമായ നോട്ടമെറിയരുതെന്ന്…

നിന്‍റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കരുതെന്ന്…

നിന്‍റെ അവകാശങ്ങളെ ഹനിക്കരുതെന്ന്…

അങ്ങനെയങ്ങനെ… ഒരുപാടൊരുപാട് കല്‍പനകളാണ് നിന്‍റെ കാര്യത്തില്‍ പുരുഷനോട് ഞാന്‍ കല്‍പ്പിച്ചിട്ടുള്ളത്. സഹോദരീ നീ ശ്രദ്ധിക്കുന്നുണ്ടല്ലൊ, അല്ലെ?

ചില ഉദാഹരണങ്ങള്‍ മാത്രം പറഞ്ഞു പോകുകയാണ്. മനസ്സിരുത്തി കേള്‍ക്കുക. ഒന്നും നിന്നില്‍ അടിച്ചേല്‍പ്പിക്കുകയല്ല. എന്നെക്കുറിച്ചുള്ള നിന്‍റെ തെറ്റുധാരണകള്‍ നീക്കുക എന്ന ഉദ്ദേശ്യം മാത്രമേ എനിക്കുള്ളൂ. തീരുമാനമെടുക്കേണ്ടത് നീയാണ്. നീ മാത്രമാണ്.

മുഹമ്മദ് നബി(സ്വ) പെണ്‍മക്കള്‍ക്കു വേണ്ടി പുരുഷനോടു നടത്തിയ, ചരിത്രത്തില്‍ തുല്യതയില്ലാത്ത സാരോപദേശങ്ങള്‍ സഹോദരി, എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടൊ? കേട്ടു നോക്കൂ:

ഒരിക്കല്‍ പ്രവാചകന്‍(സ്വ) പറഞ്ഞു: “രണ്ടു പെണ്‍കുഞ്ഞുങ്ങള്‍! പ്രായപൂര്‍ത്തിയാകുവോളം അവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കി അവരെ പോറ്റിവളര്‍ത്തുന്നവന്‍ അന്ത്യനാളില്‍ എന്നോട് ചേര്‍ന്നു നില്‍ക്കുന്നതാണ്.” (മുസ്ലിം)

മറ്റൊരു പ്രസ്താവന ഇപ്രകാരമാണ്: “കൂടെയുള്ള കാലം വരെ രണ്ടു പെണ്‍മക്കളെ നന്നായി നോക്കി വളര്‍ത്തിയവന്ന്, അവര്‍ കാരണത്താല്‍ സ്വര്‍ഗ്ഗപ്രവേശം സാധ്യമാകുന്നതാണ്.” (ഇബ്നു മാജ)

ഒരു സംഭവം പറയട്ടെ. പ്രവാചക പത്നി ആയിഷ(റ) തന്‍റെ വീട്ടില്‍ ഒറ്റക്കുള്ള സമയം. അവിടേക്ക് രണ്ട് പെണ്‍കുഞ്ഞുങ്ങളുമായി ഒരു മാതാവ് കടന്നു വന്നു. വിശപ്പുകൊണ്ട് പരിക്ഷീണമാണ് അവരുടെ മുഖങ്ങള്‍! എന്തെങ്കിലും ഭക്ഷണമാണ് അവരുടെ ഉദ്ദേശ്യം. ആയിഷ(റ)യുടെ കയ്യില്‍ ഒരേയൊരു ഈത്തപ്പഴമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അത് അവര്‍ ആ മാതാവിന്ന് നല്‍കി. കിട്ടിയ ഈത്തപ്പഴം രണ്ടായിപ്പകുത്ത് തന്‍റെ രണ്ടു മക്കള്‍ക്കുമായി ആ സ്ത്രീ നല്‍കി. ശേഷം അവര്‍ നടന്നകന്നു.

അല്‍പ സമയത്തിനു ശേഷം പ്രവാചകന്‍ (സ്വ) വീട്ടിലേക്ക് വന്നു. കുറച്ചു മുമ്പ് നടന്ന സംഭവം ആയിഷ(റ) അദ്ദേഹത്തെ അറിയിച്ചു. തന്‍റെ പത്നിയെ സാകൂതം ശ്രദ്ധിച്ച, പ്രസന്ന വദനനായ പ്രവാചകന്‍(സ്വ) ലോകം കേള്‍ക്കെ പറഞ്ഞു:

“ഇതു പോലുള്ള പെണ്‍കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി അധ്വാനിക്കുന്നവരേ, ആ പെണ്‍കുഞ്ഞുങ്ങള്‍ നരകത്തില്‍ നിന്ന് നിങ്ങള്‍ക്കുള്ള സംരക്ഷണമായി ഭവിക്കുന്നതാണ്.” (ബുഖാരി)

സഹോദരീ, സ്ത്രീയെന്ന അസ്ഥിത്വത്തില്‍ മികച്ചു നില്‍ക്കുന്ന അവളുടെ ഭാവം മാതൃത്വമാണ്. നിനക്കുമറിയാം അത്. സ്ത്രീ മാതാവെന്ന നിലയില്‍ കൂടുതല്‍ സ്നേഹവും പരിഗണനയും ആദരവും ലഭിക്കേണ്ടവളാണ് എന്ന് ഞാന്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. എല്ലാവരും അത് പാലിച്ചേ പറ്റൂ എന്ന് ഞാന്‍ നിര്‍ബന്ധം പിടിക്കുന്നുമുണ്ട്. അതെ, സ്ത്രീയുടെ മാതൃത്വം ഇസ്ലാമിന്‍റെ കണ്ണില്‍ മഹത്തരമാണ്.

മുസ്ലിമായ ഏതൊരാണും പെണ്ണും തന്‍റെ ജീവിതത്തിന്‍റെ അടിസ്ഥാന ധര്‍മ്മമായി നിര്‍വഹിക്കേണ്ടത്, തന്നെ സൃഷ്ടിച്ച് പരിരക്ഷിക്കുന്ന അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ്. ഖുര്‍ആന്‍ അത് പറയുന്നുമുണ്ട്.

എന്നാല്‍ സഹോദരീ, മൗലികമായ ഈ ധര്‍മ്മനിര്‍വ്വഹണത്തോടൊപ്പം അല്ലാഹു ചേര്‍ത്തു പറയുന്ന ഒരു ധര്‍മ്മുണ്ട്. എന്താണെന്നല്ലെ? ഈ ആയത്ത് കേട്ടു നോക്കുക:

“നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക. മാതാക്കളോടും പിതാക്കളോടും നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക!” സൂറത്തുന്നിസാഇലെ 36ാമത്തെ സൂക്തമാണിത്.

മറ്റൊരു സൂക്തം ഇപ്രകാരമാണ്: “തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരുംതന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക.”

“കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.” അധ്യായം ഇസ്റാഅ് വചനങ്ങൾ 23ഉം 24ഉം.

സഹോദരീ, പിതാവിനെ മാത്രമായല്ല ഇസ്ലാം പരിഗണിക്കുന്നത് എന്ന് നിനക്ക് ബോധ്യപ്പെട്ടില്ലെ? അതങ്ങനെയാണ്: മാതാവിന്‍റെ ഗര്‍ഭധാരണവും ഗര്‍ഭകാലപീഢകളും പ്രസവാനന്തര ക്ലേശങ്ങളും എടുത്തു പറഞ്ഞു കൊണ്ട് ഖുര്‍ആന്‍ മനുഷ്യനു നല്‍കുന്ന സന്ദേശം, ആ പകരം പറയാനില്ലാത്ത ത്യാഗങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ വിനയമുള്ളാവരകണമെന്നാണ്!

സഹോദരീ, പ്രമുഖ സ്വഹാബിയായ അബൂഹുറയ്റ(റ) ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരിക്കല്‍ പ്രവാചകനെ(സ്വ) സമീപിച്ചു കൊണ്ട് ഒരു സ്വഹാബി ചോദിച്ചു: റസൂലേ, ഞാന്‍ ആരോടാണ് ഏറ്റവും കൂടതല്‍ നന്നായി സഹവര്‍ത്തിക്കേണ്ടത്? തിരുമേനി(സ്വ) പറഞ്ഞു: നിന്‍റ മാതാവ്! പിന്നെയാരോടാണ്? നിന്‍റെ മാതാവ്. സ്വഹാബി വീണ്ടും ചോദിച്ചു: പിന്നെയാരാണ് നബിയേ? അതിനും നബി(സ്വ) മറുപടി പറഞ്ഞു: നിന്‍റെ മാതാവ്. അവരെക്കഴിഞ്ഞാല്‍ പിന്നെ? തിരുമേനി(സ്വ) പറഞ്ഞു: നിന്‍റെ പിതാവ്! സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹു മുസ്ലിമിലും ഈ സംഭവം നിനക്കു വായിക്കാനാകും.

സഹോദരീ, ഇനി പറയൂ, ഞാനാരെയാണ് കൂടുതല്‍ പരിഗണിക്കുന്നത്. ഞാനൊരു പുരുഷപക്ഷവാദിയാണെന്ന് ഇപ്പോഴും നീ കരുതുന്നുവെന്നൊ? എങ്കില്‍ എനിക്കൊന്നും പറയാനില്ല!

അസ്ഥിത്വമില്ലാതിരുന്ന, ആത്മാവില്ലാതിരുന്ന, അവകാശങ്ങളില്ലാതിരുന്ന, പരിഗണനകളില്ലാതിരുന്ന ഒരു പെണ്ണ്, ലോക പ്രവാചകന്‍റെ നാവില്‍ മൂന്നു പ്രാവശ്യം മികച്ചു നില്‍ക്കുക! ഒരു മനുഷ്യന്‍ നന്നായി സഹവര്‍ത്തിക്കേണ്ടത് സ്വന്തം മാതാവിനോടാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ലോകത്തെ പഠിപ്പിക്കുക!

സഹോദരീ, ഒന്നോര്‍ക്കണം; ജാഹിലിയ്യാ കാലത്തു ജീവിച്ച്, പെണ്ണിന്‍റെ ജീവിതമറിയാവുന്ന ഒരു മനുഷ്യനോടാണ് ഈ മഹിതമായ മറുപടി പ്രവാചകന്‍ നല്‍കുന്നത്! അവളെക്കുറിച്ചുള്ള അവന്‍റെ മുന്‍ധാരണകളെ മാറ്റാനും, അവിടെ സ്ത്രീയെക്കുറിച്ചുള്ള ഇസ്ലാമിന്‍റെ പുതിയ അറിവുകളെ സന്നിവേശിപ്പിക്കാനും പ്രവാചകന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് ആ പവിത്രനാവില്‍ നീയെന്ന മാതാവ് മൂന്നു വട്ടം കടന്നു വന്നത്! നാലാമതു വട്ടം മാത്രം പുരുഷനെന്ന പിതാവ് കടന്നു വന്നതും!

സഹോദരീ, എന്നെ കേള്‍ക്കാനുള്ള നിന്‍റെ സഹനത്തേയും താത്പര്യത്തേയും ഞാന്‍ ബഹുമാനിക്കുകയാണ്. ഇന്ന് നമുക്ക് ഇത്രയും മതിയെന്ന് തോന്നുന്നു. സ്വതന്ത്രമായും അവധാനതയോടെയും ആലോചിക്കുക. ധാരണകളില്‍ അബദ്ധങ്ങളുണ്ടെങ്കില്‍ തിരുത്തുക. സത്യം ബോധ്യപ്പെടുന്ന മാത്രയിൽത്തന്നെ അതിനെ സ്വീകരിക്കുക. അത് വിവേകമാണ്. പടച്ചവന്‍ നിന്നെ അനുഗ്രഹിക്കട്ടെ. എന്നെ കൂടുതല്‍ അടുത്തറിയാന്‍ ഇനിയും നമുക്കിരിക്കാം. സഹോദരി മനസ്സുകാട്ടുമെന്നു തന്നെയാണ് എന്‍റെ വിശ്വാസം. (തുടരും)

Source: www.nermozhi.com