സഹോദരീ നമുക്കൊന്നിരുന്നാലൊ – ഭാഗം 02

1451

സഹോദരീ, ഒരിക്കല്‍ കൂടി എനിക്കഭിമുഖമിരിക്കാന്‍ മനസ്സു കാണിച്ചതില്‍ വളരെ സന്തോഷമുണ്ട്.

-കേള്‍ക്കാന്‍ കാതുനല്‍കുന്നവരിലാണ് അറിവുകള്‍ നിലാവു പടര്‍ത്തുക!

-സന്ദേഹങ്ങളുടേയും അവാസ്ഥവങ്ങളുടേയും ഇരുള്‍പടലങ്ങള്‍ തകര്‍ന്നു വീഴുക!

-ധാരണകളില്‍ അബദ്ധങ്ങള്‍ ഭവിച്ചിട്ടുണ്ടൊ എന്ന പര്യാലോചനക്ക് വിനയം ലഭിക്കുക!

സഹോദരീ, എന്നെ കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചെത്തിയ നിനക്ക് മംഗളങ്ങള്‍!

കഴിഞ്ഞ അഭിമുഖത്തിൽ ഞാന്‍ നിന്നോട് പറഞ്ഞ കാര്യങ്ങള്‍ നിന്‍റെ മനസ്സില്‍ ചില ആന്ദോളനങ്ങളുണ്ടാക്കിയിട്ടുണ്ടാകും എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. അതു കൊണ്ടു തന്നെ പല ചോദ്യങ്ങളും ഉള്ളില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുമുണ്ടാകാം.

നിനക്കു ചുറ്റിലും സ്ത്രീപക്ഷവാദികളും, സ്ത്രീശാക്തീകരണ സംഘങ്ങളും, ലിംഗസമത്വ ഗ്രൂപ്പുകളും, നിരീശ്വര നിര്‍മ്മത പ്രസ്ഥാനങ്ങളും ത്രസിപ്പിക്കുന്ന വാചാടോപങ്ങളുമായി സജീവമാണെന്ന് എനിക്കറിയാം.

അവരെല്ലാവരും മുസ്ലിം സ്ത്രീയെന്ന നിലക്ക് നിന്‍റെ കാര്യത്തിലാണ് അധികവും വേവലാതിപ്പെടുന്നത്. അഥവാ അവര്‍ എന്നെയാണ് ലക്ഷ്യം വെക്കുന്നത്… എന്‍റെ മാനുഷികതയെയാണ് ചോദ്യം ചെയ്യുന്നത്…. നിന്‍റെ മനസ്സില്‍ എന്നെക്കുറിച്ചുള്ള സംശങ്ങളും സന്ദേഹങ്ങളും നിഷേധങ്ങളും വെറുപ്പും ഉണ്ടാക്കുവാനാണ് അവര്‍ അശ്രാന്തം ശ്രമിക്കുന്നത്.

സാരമില്ല, 1400 വര്‍ഷങ്ങള്‍ കനല്‍പ്പഥങ്ങളിലൂടെ നടന്നും, ലോകത്തിനാകമാനം കെടാതെനില്‍ക്കുന്ന ജീവിതവെട്ടം പകര്‍ന്നും ഇന്നും ഞാന്‍ തളരാതെ നില്‍ക്കുകയാണ്. എനിക്ക് തളര്‍ച്ചയുണ്ടാക്കാന്‍ ആരാലും സാധ്യവുമല്ല. എന്‍റെ നിയോഗം അപ്രകാരമാണ്.

സഹോദരീ, ഞാന്‍ മുഖവര അല്‍പം ദീര്‍ഘിപ്പിച്ചുവെന്നു തോന്നുന്നു. ക്ഷമിക്കണം.

മനുഷ്യ സമൂഹത്തിനെന്നല്ല, പ്രകൃതിക്കും പ്രകൃതി ജീവികള്‍ക്കും നന്മമാത്രം നേരുന്ന എന്നെ നിഷ്കരുണം പുച്ഛിക്കുകയും നിന്ദിക്കുയും കളവാക്കുകയും ചെയ്യുന്നവരുടെ വികൃതികളില്‍ സഹതപിച്ചു കൊണ്ട് ചിലത് പറഞ്ഞു പോയതാണ്.

നമുക്ക് വിഷയത്തിലേക്ക് വരാം. സ്ത്രീയെ ഞാന്‍ പരിഗണിക്കുന്നില്ല എന്നതാണല്ലൊ പരിഭവം!

അവളുടെ സ്വാതന്ത്ര്യത്തിന് ഞാന്‍ കൂച്ചുവിലങ്ങിട്ടിരിക്കുന്നൂ എന്നതാണല്ലൊ ആക്ഷേപം!

സ്ത്രീയുടെ അവകാശങ്ങളെ കവര്‍ന്നെടുക്കാന്‍ പാകത്തില്‍ പുരുഷമേധാവിത്വത്തെ ഞാന്‍ പ്രമോട്ടു ചെയ്യുന്നൂ എന്നാതാണല്ലൊ ആരോപണം!

ഞാന്‍ ലോകത്തിനു സമര്‍പ്പിക്കുന്ന ആദര്‍ശങ്ങളേയും ജീവിത ദര്‍ശനങ്ങളേയും വസ്തുനിഷ്ഠമായി പഠിക്കാതെ, അല്ലെങ്കില്‍ ബോധപൂര്‍വ്വം ചില കേന്ദ്രങ്ങള്‍ സ്റ്റേജിലും പേജിലും എന്നെപ്പറ്റി പറഞ്ഞു പരത്തുന്ന കാര്യങ്ങളെല്ലാം സത്യമാണെന്ന് കരുതിയാണ് സഹോദരിയും മുകളില്‍ പറഞ്ഞ ധാരണകളുമായി ജീവിക്കുന്നത്.

സഹോദരീ, സ്ത്രീ സമൂഹത്തെ ഇത്രമേല്‍ ആദരിക്കുകയും പരിഗണിക്കുകയും ചെയ്ത വേറൊരു മതമില്ല എന്നതാണ് വാസ്തവം.

സ്ത്രീയെന്ന സ്വതന്ത്ര വ്യക്തിത്വത്തെ

സ്ത്രീയിലെ മാതാവിനെ

സ്ത്രീയിലെ പുത്രിയെ

സ്ത്രീയിലെ സഹോദരിയെ

സ്ത്രീയിലെ ഭാര്യയെ

സ്ത്രീയിലെ പ്രബോധകയെ

സ്ത്രീയിലെ വര്‍ത്തകയെ

സ്ത്രീയിലെ സാമൂഹ്യജീവിയെ

സ്ത്രീയിലെ ഭക്തയെ

സ്ത്രീയിലെ മാതൃകയെ…

എല്ലാറ്റിനേയും ഞാന്‍ ആദരിക്കുന്നു. ഈ മേഖലകളിലെല്ലാം വിജയിക്കാനാവശ്യമായ സൂക്ഷ്മവും സുരക്ഷിതവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്ത്രീക്ക് നല്‍കുകയും ചെയ്യുന്നു.

പ്രപഞ്ച സ്രഷ്ടാവ് ആണിനേയും പെണ്ണിനേയും സൃഷ്ടിച്ചു. അവന്‍റെ സമ്മാനമായിട്ടാണ് ആണ്‍പെണ്‍ മക്കളെ അവന്‍ ഓരോരുത്തര്‍ക്കും നല്‍കുന്നത്. ആണ്‍കുഞ്ഞുങ്ങളേയും പെണ്‍കുഞ്ഞുങ്ങളേയും അവന്‍ വീതം വെക്കുന്നത് പണക്കാരനെന്നോ പണിക്കാരനെന്നോ നോക്കിയിട്ടല്ല. തന്നോട് ഏറ്റവും അടുത്തവര്‍ക്ക് ആണ്‍കുഞ്ഞുങ്ങള്‍, തന്നെ എതിര്‍ക്കുന്നവര്‍ക്ക് പെണ്‍കുഞ്ഞുങ്ങള്‍ എന്ന വീതം വെപ്പും പ്രപഞ്ചനാഥനില്ല. ഒരു ഖുര്‍ആനിക വചനം ഞാന്‍ കേള്‍പ്പിക്കട്ടെ.

അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. ശൂറ എന്ന അധ്യായത്തിലെ 49 ഉം 50 ഉം സൂക്തങ്ങളുടെ ആശയമാണ് ഇത്.

മാനവ സമൂഹത്തില്‍ പെണ്‍കുഞ്ഞിനെ സംബന്ധിച്ച് നിലനിന്നിരുന്ന എല്ലാത്തരം അബദ്ധധാരണകളേയും തിരുത്തുന്നതാണ് ഈ വചനങ്ങള്‍.

സഹോദരീ, ആണ്‍കുഞ്ഞുങ്ങള്‍ ലഭിച്ചവന്‍ പ്രമാണിയും പെണ്‍കുഞ്ഞുങ്ങള്‍ ലഭിച്ചവന്‍ നിന്ദ്യനും എന്നതല്ല എന്‍റെ അധ്യാപനം. മറിച്ച്, ആണും പെണ്ണും അല്ലാഹുവിന്‍റെ പ്രദാനമാണ്; അവന്‍റെ അമൂല്യമായ സമ്മാനം.

സ്ത്രീ ആത്മാവില്ലാത്തവളാണ്

സ്വതന്ത്രമായ അസ്ഥിത്വമില്ലാത്തവളാണ്

പിശാചിന്‍റെ പ്രതിരൂപമാണ്

ആദാമിനെ വഞ്ചിച്ചവളാണ്

അഭിപ്രായത്തിനുപോലും അര്‍ഹതയില്ലാത്തവളാണ്…

എന്നൊക്കെ വിശ്വസിച്ചിരുന്ന ഒരു കാലത്ത്. ഇതൊന്നുമല്ല അവള്‍; അവള്‍ ദൈവസൃഷ്ടിയാണ്. അസ്തിത്വവും വ്യക്തിത്വവുമുള്ള ആദരണീയയായ സൃഷ്ടിയാണ് എന്ന് ഉറക്കെപ്പറഞ്ഞത് ഞാനാണ്.

സഹോദരീ ആദ്യമായി, അതെ, ആദ്യമായിത്തന്നെ ഇണ എന്ന് നിന്നെ പരിചയപ്പെടുത്തിയത് ഞാനാണ്. ഇണ; എന്ത് സുന്ദരമായ പ്രയോഗമാണത്. പെണ്ണ് എന്ന പദത്തിനേക്കാള്‍ ചന്തം ലഭിക്കാന്‍ നിനക്കു ഞാനിട്ട പേരാണത്! നിനക്ക് കൂടുതല്‍ വ്യക്തമാകാന്‍ ഖുര്‍ആനില്‍ നിന്ന് ഞാനത് ഉദ്ധരിക്കട്ടെ.

“മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍.” നാലാം അധ്യായമായ സൂറത്തു നിസാഇലെ 1ാമത്തെ ആയത്തിന്‍റെ ആശയമാണ് നീ കേട്ടത്.

രണ്ട് ഇണകളിലെ ഒരു ഇണ നീയാണ്. നീയില്ലാത്ത മറ്റേ ഇണ അപൂര്‍ണ്ണമാണ്. ഒന്നാമത്തെ ഇണയും രണ്ടാമത്തെ ഇണയും അല്ലാഹുവിന്‍റെ പരിഗണനയില്‍ തുല്യരാണ്.

ഒന്നിനെ മാത്രം പുകഴ്ത്തുകയും മറ്റതിനെ പാടെ ഇകഴ്ത്തുകയും ചെയ്യുന്ന രീതിയല്ല, സഹോദരീ, എന്‍റേത്.

ഞാന്‍ പറഞ്ഞല്ലൊ, അല്ലാഹുവിന്‍റെ സമ്മാനമാണ് പെണ്‍കുഞ്ഞെന്ന്. ഒരാളുടെയും വലുപ്പച്ചെറുപ്പം നോക്കിയല്ല കുഞ്ഞുങ്ങളെ നല്‍കുന്നതെന്നും നല്‍കാതിരിക്കുന്നതെന്നും ഖുര്‍ആന്‍ പറഞ്ഞില്ലെ.

നോക്കൂ, ഇബ്റാഹീം നബിക്ക് (അ) രണ്ട് ആണ്‍മക്കളായിരുന്നു

ശുഐബ് നബിക്ക് (അ) രണ്ട് പെണ്‍മക്കളായിരുന്നു

മൂസാ നബിക്ക് (അ) രണ്ട് ആണ്‍മക്കളായിരുന്നു

യഅകൂബ് നബിക്ക് (അ) പന്ത്രണ്ട് ആണ്‍മക്കളും ഒരു പെണ്‍കുഞ്ഞുമായിരുന്നു

മുഹമ്മദ് നബി(സ്വ)ക്ക് നാല് പെണ്‍മക്കളായിരുന്നു. രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ ജനിച്ചുവെങ്കിലും അവര്‍ രണ്ടു പേരും ചെറുപ്രായത്തില്‍ തന്നെ മരണപ്പെടുകയായിരുന്നു.

അബൂബക്കര്‍(റ)ന് മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമായിരുന്നു

അങ്ങനെയങ്ങനെ… ചരിത്രത്തില്‍ വിശ്രുതരായ മഹാന്മാര്‍ക്കൊക്കെ അല്ലാഹു കുഞ്ഞുങ്ങളെ നല്‍കിയത് അവന്‍റെ മാത്രം അഭീഷ്ടത്തിനനുസരിച്ചാണ് എന്നതിന് ചില ഉദാഹരണങ്ങള്‍ പറഞ്ഞൂ എന്ന് മാത്രം.

അല്ലാഹുവിങ്കല്‍ പുരുഷനും സ്ത്രീക്കുമിടയില്‍ ലിംഗഭേദത്തിന്‍റെ പേരില്‍ യാതൊരു ഉച്ചനീചത്വവും ഇല്ല എന്ന് നിന്നെ ബോധ്യപ്പെടുത്താനാണ് ഞാനിത്രയും പറഞ്ഞത്.

പിന്നെ, അല്ലാഹുവിന്‍റെ അടുക്കല്‍ ആര്‍ക്കാണ് ശ്രേഷ്ഠത എന്നല്ലെ, പറയാം:

“ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠപാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.” 49ാമത്തെ അധ്യായമായ സൂറത്തുല്‍ ഹുജുറാത്തിലെ 13ാം വചനത്തിന്‍റെ ആശയമാണ് നീ കേട്ടത്.

ജനതതികള്‍ മുഴവനും ആണില്‍ നിന്നും പെണ്ണില്‍ നിന്നുമായി ജനിച്ചവരാണ് എന്ന് ഖുര്‍ആന്‍.

എങ്കില്‍ ഈ രണ്ടുപേരില്‍ ആരാണ് അല്ലാഹുവിന്‍റെ അടുത്ത് ഏറ്റവും ആദരണീയന്‍? പുരുഷനാണൊ? സ്ത്രീയാണൊ?

അല്ല, അങ്ങനെ ലിംഗാടിസ്ഥാനത്തില്‍ ആര്‍ക്കും ഒരു ആദരണീയതയുമില്ല. മറിച്ച്, അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠപാലിക്കുന്നതാരോ അയാളാകുന്നു!

സഹോദരീ, എന്തു തോന്നുന്നു നിനക്ക്? ആലോചിക്കാനും വീക്ഷണങ്ങളിലും തീരുമാനങ്ങളിലും പുനര്‍വിചിന്തനം നടത്താനും നിനക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്. പ്രപഞ്ച സ്രഷ്ടാവിന്‍റെ കരുണാ കടാക്ഷങ്ങള്‍ നിന്നിലുണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. ഇന്ന് നമുക്ക് പിരിയാം. ഇനിയും ഒരുമിച്ചിരുന്ന് ചിലതു പറയാനുണ്ട്.

Source: www.nermozhi.com