മനുഷ്യര്‍ക്കിടയില്‍ സ്നേഹവും കരുണയും നിര്‍ബാധം തുടര്‍ന്ന് നില്‍ക്കണം എന്നത് ഇസ്ലാമിന്‍റെ അധ്യാപനമാണ്. വ്യക്തിബന്ധങ്ങളില്‍ അനാവശ്യമായി വിള്ളലുണ്ടാക്കുന്ന ഒരു കാര്യത്തിലും മുസ്ലിം ഇടപെട്ടുകൂടാ. മറിച്ച്, ഹൃദയബന്ധം രൂഢമൂലമാക്കാനുതകുന്ന പെരുമാറ്റങ്ങളും സ്വഭാവങ്ങളുമാകണം മുസ്ലിമിന്‍റെ വിശ്വാസപരമായ കൈമുതല്‍. വ്യക്തികള്‍ക്കിടയില്‍ വെറുപ്പ് വ്യാപിക്കുന്നതിനോട് ഇസ്ലാമിന്ന് അടിസ്ഥാനപരമായി വെറുപ്പാണുള്ളത്.

ഊഷ്മളമായ സ്നേഹബന്ധത്തിന്, പരസ്പരമുള്ള ബഹുമാനത്തിന്, മാനസികമായ സന്തോഷത്തിന് ഇസ്ലാം നല്‍കുന്ന മഹിതമായ മരുന്നുണ്ട്. മുഖപ്രസന്നത! പുഞ്ചിരി!

സത്യവിശ്വാസിയുടെ മുഖം തെളിഞ്ഞതാകണം. ആരുടെ മുന്നിലും പ്രസന്നമായിരിക്കണം. അവന്‍റെ ചുണ്ടുകളില്‍ പുഞ്ചിരി പൂത്തുനില്‍ക്കണം.

ഉപ്പയുടേയും ഉമ്മയുടേയും മുന്നില്‍

ഭാര്യയുടേയും മക്കളുടേയും മുന്നില്‍

സ്വന്തക്കാരുടേയും അന്യജനങ്ങളുടേയും മുന്നില്‍

പണക്കാരന്‍റേയും പാവപ്പെട്ടവന്‍റേയും മുന്നില്‍

മേലുദ്യോഗസ്ഥരുടേയും കീഴ്ജോലിക്കാരുടേയും മുന്നില്‍

അനാഥയുടെ മുന്നില്‍

അഗതിയുടെ മുന്നില്‍

വിധവയുടെ മുന്നില്‍

ഉപജീവനത്തിനായി കാറ്റും വെയിലുമേറ്റ് കച്ചവടം നടത്തുന്ന വഴിവാണിഭക്കാരന്‍റെ മുന്നില്‍!

പുഞ്ചിരി സ്വദക്വയാണെന്ന് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്. സ്വദക്വ ആരാധനയാണെന്ന് നാം മുമ്പേ പഠിച്ചുവെച്ചതാണ്.

അബൂ ദര്‍റ് (റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) അരുളി: “നിന്‍റെ സഹോദരന്‍റെ മുഖത്തു നോക്കിയുള്ള നിന്‍റെ പുഞ്ചിരി നിന്നില്‍ നിന്നുള്ള സ്വദക്വയാണ്.” (തിര്‍മിദി)

മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞത് ഇപ്രകാരമാണ്: ജാബിര്‍ ബ്നു അബ്ദില്ല(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) അരുളി: “എല്ലാ നന്മയും സ്വദക്വയാണ്. മുഖപ്രസന്നതയോടെ നിന്‍റെ സഹോദരനെ അഭിമൂഖീകരിക്കുന്നതും സ്വദക്വതന്നെയാണ്.” (തിര്‍മിദി)

അബൂദര്‍റ്(റ) നിവേദനം ചെയ്യുന്നത് കാണുക. പ്രവാചകന്‍ (സ്വ) അരുളി: “ഒരു നന്മയേയും നീ നിസ്സാരമായി കാണരുത്. നിന്‍റെ സഹോദരനെ പുഞ്ചിരിയോടെ സമീപിക്കുന്നതു പോലും.” (തിര്‍മിദി)

സഹജീവികളുടെ സ്നേഹവും സന്തോഷവും നേടാന്‍ സമ്പത്തിന് സാധിക്കില്ല. അങ്ങനെ വല്ലതും ആരെങ്കിലും നേടുന്നുവെങ്കില്‍ അത് സ്ഥായിയായതൊ ആത്മാര്‍ത്ഥമായതൊ ആകാനും വഴിയില്ല. ആര്‍ക്കും വാരിക്കോരി നല്‍കാനായില്ലെങ്കിലും ആരില്‍ നിന്നും സ്നേഹാദരവുകള്‍ നേടിത്തരാന്‍ പുഞ്ചിരിക്കു സാധിക്കുന്നതാണ്.

ഒരു ഹദീസ് കാണുക. അബൂഹുറയ്റ(റ) നിവേദനം. നബി(സ്വ) പറഞ്ഞു:  “നിങ്ങള്‍ക്ക് നിങ്ങളുടെ പണം കൊണ്ട് ആളുകളെ തൃപ്തിപ്പെടുത്താനാകില്ല. എന്നാല്‍ നിങ്ങളുടെ മുഖപ്രസന്നത കൊണ്ടും സ്വഭാവഗുണം കൊണ്ടും അവരെ തൃപ്തിപ്പെടുത്താനാകുന്നതാണ്.” (ബസാര്‍)

നാം സ്നേഹിക്കുന്ന ഒരാളെ സ്മരിക്കുമ്പോള്‍ നമ്മുടെ ഹൃദയ ദര്‍പ്പണത്തില്‍ ആദ്യം തെളിയുക അദ്ദേഹത്തിന്‍റെ ആകാര സൗഷ്ടവമല്ല. മുഖത്ത് ജ്വലിച്ചു നില്‍ക്കാറുള്ള പ്രസന്നതയും ചുണ്ടുകളിലെ പുഞ്ചിരിയുമായിരിക്കും.

സദാ പുഞ്ചിരി തൂകുന്നവരായിരുന്നു പ്രവാചക തിരുമേനി(സ്വ). ജരീറ് ബ്നു അബ്ദില്ല(റ) പ്രവാചക ശ്രേഷ്ഠനെ അനുസ്മരിക്കുന്നത് കാണുക. “ഞാന്‍ മുസ്ലിമായതു മുതല്‍ എന്‍റെ സാന്നിധ്യത്തെ പ്രവാചകന്‍(സ്വ) അവഗണിച്ചിട്ടേയില്ല. എന്‍റെ മുഖത്തുനോക്കി പുഞ്ചിരി തൂകിക്കൊണ്ടല്ലാതെ തിരുമേനി(സ്വ) എന്നെ സ്വീകരിച്ചിട്ടുമില്ല.” (മുസ്ലിം)

അബുദുല്ലാഹിബ്നു ഹാരിഥ്(റ) പ്രവാചകനെ ഓര്‍മ്മിച്ചെടുക്കുന്നതും ഇപ്രകാരം തന്നെയാണ്. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ ദൂതനേക്കാള്‍ പുഞ്ചിരിതൂകുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടേയില്ല.” (തിര്‍മിദി)

പ്രവാചക പത്നി ആയിഷ(റ) തന്‍റെ പ്രിയതമനെ പരിചയപ്പെടുത്തുന്നതും മറ്റൊന്നുകൊണ്ടല്ല! അവരുടെ വാക്കുകള്‍ വായിക്കുക: “മാര്‍ദ്ദവ സ്വഭാവക്കാരനായിരുന്നു പ്രവാചകന്‍(സ്വ). ജനങ്ങളോട് ഏറ്റവും മാന്യമായി പെരുമാറുന്നവരും. നിങ്ങളുടെ കൂട്ടത്തിലെ ഒരാള്‍തന്നെയായിരുന്നു അദ്ദേഹം; പക്ഷെ, സദാ ആഹ്ലാദചിത്തനും പുഞ്ചിരി തൂകുന്നവരുമായിരുന്നു അവിടുന്ന്.”

“സദാ പ്രസന്നത, ലാളിത്യം നിറഞ്ഞ സ്വഭാവം, മൃദുലമായ പെരുമാറ്റം.” ഇതായിരുന്നു പ്രവാചകന്‍ എന്ന് ഹിന്ദ് ബ്നു അബീ ഹാല(റ) അനുസ്മരിച്ചിട്ടുണ്ട്.

ഹൃദയശുദ്ധിയുടെ പ്രകാശമാണ് മുഖത്തു കാണുന്ന പ്രസന്നതയും പുഞ്ചിരിയുമെന്ന നിരീക്ഷണം വളരെ പ്രസിദ്ധമാണ്. ഇബ്നു ഉയയ്ന(റ) പറഞ്ഞു: “സ്നേഹക്കൊയ്ത്തിന് മുഖപ്രസന്നതയോളം പോന്ന മറ്റൊന്നില്ല. പുണ്യമെന്നത് ലളിതമാണ്: പ്രസന്നമായ മുഖവും മൃദുലമായ സംസാരവും.”

നമുക്കിനി പരസ്പരം പുഞ്ചിരിതൂകാം.

സദാ പുഞ്ചിരിക്കുന്ന മുഖവുമായി ആളുകള്‍ക്കിടയില്‍ ജീവിച്ച പ്രവാചകന്‍(സ്വ) നമ്മുടെ സ്നേഹഭാജനമായിരിക്കെ നാമെന്തിന് പുഞ്ചിരിക്കാതിരിക്കണം!

പുഞ്ചിരി പ്രതിഫലാര്‍ഹമായ സ്വദക്വയാണെങ്കില്‍ ആര്‍ക്കും നല്‍കാതെ നാമെന്തിനതിനെ പൂഴ്ത്തിവെക്കണം!

ഹൃദയങ്ങളില്‍ കയറിയിരിക്കാന്‍ പുഞ്ചിരി വഴിയൊരുക്കുമെങ്കില്‍ നാമെന്തിന് അതിനെ മാറ്റിനിര്‍ത്തണം!

പുഞ്ചിരി പുണ്യമാണെങ്കില്‍ നാമെന്തിന് ആ പുണ്യത്തെ വിനഷ്ടമാക്കണം!

നമുക്ക് പുഞ്ചിരിക്കാം. നെഞ്ചകങ്ങളിലെ ശുദ്ധ സ്നേഹത്തിന്‍റെ പൂക്കളാണ് പുഞ്ചിരി. ഓരോ പ്രഭാതവും നമ്മുടെ ചുണ്ടുകളില്‍ ഇനി പുഞ്ചിരിപ്പൂക്കള്‍ പൂത്തുലയട്ടെ. അവയുടെ പരിമളം ജീവിത പരിസരം മുഴുവൻ പടർന്നു നിൽക്കട്ടെ.

Source: www.nermozhi.com