സ്വാലിഹ് നബി ( അ )

3770

  സമൂദ് ഗോത്രത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് സ്വാലിഹ് നബി (അ).അറേബ്യയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ” അൽഹിജ്റ്” പ്രദേശമായിരുന്നു സമൂദ് ഗോത്രത്തിന്റെ വാസസ്ഥലം. ഇന്നും ആ പേരിൽ തന്നെയാണ് അതറിയപ്പെടുന്നത്. ആദിന് ശേഷം , ഏറെ അഭിവൃദ്ധിയും പരിഷ്കാരവും പ്രാപിച്ച സമൂദ് വർഗത്തെപ്പറ്റി ജാഹിലിയ്യാ കാലത്തെ കവിതകളിലും പ്രഭാഷണങ്ങളിലും ഏറെ പ്രതിപാധനങ്ങൾ കാണാം . ശിൽപവേലയിൽ ഏറെ മുന്നിട്ടുനി ന്നിരുന്നു അവർ.മലമ്പാറകൾ വെട്ടിത്തുറന്ന് അവയിൽ വലിയ വലിയ ഭവനങ്ങൾ പണിതീർത്തിരുന്നു അവർ .ആയിരക്കണക്കിൽ ഏക്കർ വിസ്തീർണത്തിൽ നിരവധി ശിലാഭവനങ്ങൾ ഉണ്ടവിടെ.

നിങ്ങൾ വിട്ടേക്കപ്പെടുമെന്നോ

        മുൻ സമുദായങ്ങളെപ്പോലെ വിഗ്രഹാരാധനയിൽ സമൂദ് സമുദായവും മുഴുകിപ്പോന്നു.ഏറെ ആഡംബരപ്രിയരുമായിരുന്നു അവർ. സ്വാലിഹ് നബി അവരെ തൗഹീദിലേക്ക് ക്ഷണിച്ചു .അല്ലാഹു ചെയ്തു തന്ന അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുവാൻ ഉപദേശിച്ചു.

        “സമൂദു വർഗം ദൈവദൂതൻമാരെ തള്ളിപ്പറഞ്ഞു.അവരുടെ സഹോദരൻ സ്വാലിഹ് അവരോട് പറഞ്ഞത് ഓർക്കുക:നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?ഞാൻ നിങ്ങൾക്ക് വിശ്വസ്ഥനായ ദൈവദൂതനാകുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസ രിക്കുകയും ചെയ്യുവീൻ.ഈ ദൗത്യ നിർവ്വഹണത്തിന്റെ പേരിൽ നിങ്ങളോട് ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല.എനിക്കുള്ള പ്രതിഫലം ലോക രക്ഷിതാവിങ്കൽ മാത്രമാകുന്നു. നിങ്ങൾ ഇവിടെയുള്ള ഈ വിഭവങ്ങളിൽ നിർഭയരായിക്കഴിയാൻ വിടപ്പെടുമെന്നോ – ഈ ഉദ്യാനങ്ങളിലും അരുവികളിലും ഈ വയലുകളിലും പാകമായ കുലകൾ നിറഞ്ഞ ഈത്തപ്പനത്തോട്ടങ്ങളിലും? നിങ്ങൾ പർവ്വതങ്ങൾ തുരന്ന് ആർഭാടമത്തരായി കെട്ടിടങ്ങൾ നിർമ്മിക്കുന്നു.നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക , എന്നെ അനുസരിക്കുകയും ചെയ്യുവീൻ. ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും യാതൊരു സംസ്കരണം നടത്താതിരിക്കുകയും ചെയ്യുന്ന അതിക്രമകാരികളുടെ കൽപന നിങ്ങൾ അനുസരിച്ചുപോകരുത്. അവർ പറഞ്ഞു : നീ ആഭിചാരം ബാധിച്ചവൻ മാത്രമാകുന്നു ” ( ശുഅറാ 141 – 153 )

        ആദ് സമുദായത്തെപ്പോലെ തന്നെ സമൂദ് ഗോത്രവും അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്റെ ഉപദേശങ്ങൾക്ക് ഒരു വിലയും കൽപി ച്ചില്ല . ആഡംബരപ്രമത്തരായി വലിയ വലിയ കൊട്ടാരങ്ങൾ നിർമിച്ചും പരന്നുവിശാലമായി കിടക്കുന്ന തങ്ങളുടെ ഉദ്യാനങ്ങളിലും വയലേലകളിലും ഉല്ലസിച്ചും അവർ കഴിഞ്ഞുകൂടി.സ്വാലിഹിന് എന്തോ മാരണം ബാധിച്ചിരിക്കുന്നുവെന്നായിരുന്നു അവരുടെ മറുപടി .

       നല്ല സ്വഭാവത്തിന്നുടമയായിരുന്നു സ്വാലിഹ്.അതുകൊണ്ട് തന്നെ, സ്വാലിഹ് , നിന്നിൽ ഞങ്ങൾക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു.ഇപ്പോൾ നിനക്കെന്ത് പറ്റിപ്പോയി ? എന്നൊക്കെയായിരുന്നു അവരുടെ പ്രതികരണം.കഴിഞ്ഞതൊക്കെ കഴിഞ്ഞു.ആത്മാർത്ഥമായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക എന്നും അല്ലാഹു നിങ്ങളുടെ പ്രാർത്ഥനക്കുത്തരം നൽകുമെന്നൊക്കെ സ്വാലിഹ് നബി അവരോട് പറഞ്ഞുനോക്കി.

        “സമൂദ് വർഗ്ഗത്തിലേക്ക് നാം അവരുടെ സഹോദരൻ സ്വാലിഹിനെ നിയോഗിച്ചു.അദ്ദേഹം പറഞ്ഞു : എന്റെ ജനമേ , നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക.നിങ്ങൾക്ക് അവനല്ലാതെ ദൈവമില്ല. അവനാകുന്നു നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിക്കുകയും അതിൽ വസിപ്പിക്കുകയും ചെയ്തവൻ. അതിനാൽ നിങ്ങൾ അവനോട് പാപമോചനം തേടുകയും, അവങ്കലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്യുവീൻ.തീർച്ചയായും എന്റെ റബ്ബ് സമീപസ്ഥനാകുന്നു.അവൻ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നവനുമാകുന്നു.

        അവർ പറഞ്ഞു:സ്വാലിഹ്,ഇതിന് മുമ്പ് ഞങ്ങൾക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്ന ഒരാളായിരുന്നുവല്ലോ നീ.ഞങ്ങളുടെ പൂർവ്വികർ ആരാധിച്ചുവരുന്നതിനെ ഞങ്ങൾ ആരാധിക്കുന്നതിൽ നിന്ന് നീ ഞങ്ങളെ വിലക്കുകയാണോ? നീ ഏതൊന്നിലേക്കാണോ ഞങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് , അതേപ്പറ്റി ഞങ്ങൾക്ക് തീർത്തും സങ്കീർണ്ണമായ സന്ദേഹമുണ്ട് ” ( ഹൂദ് 61 – 62 )

അസാധാരണമായൊരൊട്ടകം

        നീ ഞങ്ങളെപ്പോലെ ഒരു മനുഷ്യൻ തന്നെയല്ലേ.നിനക്കെന്തൊ ഒരു പ്രത്യേകത?അതല്ല,നീ പറയുന്നത് സത്യമാണെങ്കിൽ വല്ല ദൃഷ്ടാന്തവും കൊണ്ടുവാ എന്നൊക്കെയായി പിന്നീടവർ.അങ്ങിനെ ദൃഷ്ടാന്തം അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.

      “ഞങ്ങളെപ്പോലെ ഒരു മനുഷ്യനല്ലാതെ മറ്റെന്താണ് നീ? നീ സത്യവാനാണെങ്കിൽ വല്ല ദൃഷ്ടാന്തവും കൊണ്ടുവാ.സ്വാലിഹ് പറഞ്ഞു : ഇതാ, ഒരൊട്ടകം! അതിന് വെള്ളം കുടിക്കാൻ ഒരു ഊഴമുണ്ട് . നിങ്ങൾക്കും ഒരു ഊഴമുണ്ട് ; ഒരു നിശ്ചിത ദിവസത്തിൽ, നിങ്ങൾ അതിനെ അശേഷം ദ്രോഹിച്ചു പോകരുത്.അങ്ങനെ ചെയ്യുന്നപക്ഷം ഒരു ഭയങ്കര നാളിലെ ശിക്ഷ നിങ്ങളെ ബാധിക്കുന്നതാകുന്നു ” ( ശുഅറാ 154 – 156 )

      വ്യക്തമായ ഒരു ദൃഷ്ടാന്തം കാട്ടിത്തരാൻ സമൂദ് ഗോത്രം ആവ ശ്യപ്പെട്ടപ്പോഴാണ് അസാധാരണ സ്വഭാവത്തോട് കൂടിയ ആ ഒട്ടകം പ്രത്യ ക്ഷപ്പെടുന്നത്. യാതൊരുവിധ ഉപദ്രവവും അതിനെ ഏൽപ്പിക്കരുതെന്നും അങ്ങനെ ചെയ്താൽ ദൈവിക ശിക്ഷ നിങ്ങളിൽ വന്നുഭവിക്കുമെന്നും സ്വാലിഹ് നബി (അ) താക്കീത് ചെയ്തിരുന്നു.

ദൈവികശിക്ഷ വന്നുഭവിച്ചു

       ഒട്ടകത്തിന് വെള്ളം കുടിക്കുവാൻ ഒരു ദിവസവും മനുഷ്യർക്കും മറ്റുള്ള ജീവജാലങ്ങൾക്കും തൊട്ടടുത്ത ദിവസം എന്നിങ്ങനെ ഉൗഴം നിശ്ചയിച്ചിരുന്നു . മറ്റു ഒട്ടകങ്ങളിൽ നിന്നും ഭിന്നമായി അസാധാരണ സ്വഭാവം ആ ഒട്ടകം കാണിച്ചിരുന്നു. ഒട്ടകത്തെ നിങ്ങളെന്തെങ്കിലും ചെയ്താൽ കഠിന ശിക്ഷ വന്നുഭവിക്കും എന്ന താക്കീത് കൂടി ആയതോടെ ഒട്ടകം അവർക്കൊരു പ്രശ്നമായി മാറി. കുറേ കാലം അവരത് മനമില്ലാ മനസ്സോടെ സഹിച്ചു.

        “ അങ്ങനെ അവർ ആ ഒട്ടകത്തെ കൊന്നുകളഞ്ഞു.തങ്ങളുടെ റബ്ബിന്റെ കൽപന ധിക്കരിക്കുകയും ചെയ്തു. അവർ പറഞ്ഞു : സ്വാലിഹ് ! നീ ദൈവദൂതൻമാരിൽ പെട്ടവനാണെങ്കിൽ , നീ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരൂ ” ( അ അ്റാഫ് 77 ) .

     അവരിലുള്ള കഠിന ധിക്കാരികളായ ഒമ്പത് പേർ ഗൂഢാലോചനി നടത്തി. അവസാനം അവരിലെ ഏറ്റവും ദുഷ്ടനായ ഒരാൾ മുമ്പോട്ട് വന്നു.

     “ ആ സമുദായത്തിലെ പരമദുഷ്ടൻ ഒരുങ്ങിപ്പുറപ്പെട്ട സന്ദർഭം ” (അ ശ്ശംസ് 12)
“അപ്പോൾ അവർ അവരുടെ കൂട്ടുകാരനെ വിളിച്ചു . അങ്ങനെ അവൻ ആ കൃത്യം ഏറ്റെടുത്തു . ആ ഒട്ടകത്തെ അറുകൊല ചെയ്തു” ( അൽഖമർ 29 ).

ഒട്ടകത്തെ കൊന്നുകളഞ്ഞുവെന്നു മാത്രമല്ല , താൻ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവാ എന്ന് സ്വാലിഹ് നബിയെ വെല്ലുവിളിക്കുകയും ചെയ്തു.

“പക്ഷെ , അവർ ആ ഒട്ടകത്തെ കൊന്നുകളഞ്ഞു.അപ്പോൾ സ്വാലിഹ് അവരോട് പറഞ്ഞു: ഇനി നിങ്ങൾ മൂന്ന് ദിവസം മാത്രം സ്വവസതിയിൽ കഴിഞ്ഞുകൊള്ളുക.ഒട്ടും തെറ്റിപ്പോകാത്ത ഒരു സമയനിർണ്ണയമാണിത് ” ( ഹുദ് 65 ).

സ്വാലിഹ് നബി മുന്നറിയിപ്പ് നൽകിയ ആ മൂന്ന് ദിവസത്തെ അവധി അവസാനിക്കുന്ന രാത്രിയുടെ അന്ത്യയാമത്തിൽ പ്രഭാതത്തോടടുത്ത് അതിഘോരമായ ശബ്ദവും പൊട്ടിത്തെറിയുമുണ്ടായി.എല്ലാവരും അവരവരുടെ വാസസ്ഥലങ്ങളിൽ തന്നെ മറിഞ്ഞുവീണ് ചത്തൊടുങ്ങി. സ്വാലിഹ് നബിയെയും അദ്ദേഹത്തിൽ വിശ്വസിച്ചവരെയും അല്ലാഹു രക്ഷപ്പെടുത്തി.ചത്തൊടുങ്ങിയ ആ ജനതയെ നോക്കി താങ്ങാനാവാത്ത ദുഃഖത്തോടെ സ്വാലിഹ് നബി പറഞ്ഞ വാക്കുകൾ :

“ സ്വാലിഹോ , ഇപ്രകാരം പറഞ്ഞുകൊണ്ട് ആ നാട് വിട്ടുപോയി: എന്റെ ജനമേ , എന്റെ റബ്ബിന്റെ സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നിരുന്നു . ഞാൻ നിങ്ങളോട് ഏറെ ഗുണകാംക്ഷയുള്ളവനുമായി.പക്ഷെ , എന്തുചെയ്യാം! നിങ്ങൾക്ക് നിങ്ങളുടെ ഗുണകാംക്ഷികളെ ഇഷ്ടമായതേയില്ല” ( അഅ്റാഫ് 79 ).

മദീനയുടെയും തബൂക്കിന്റെയും ഇടയിൽ , ഹിജാസ് റെയിൽവേയിൽ മദായിൻ സ്വാലിഹ് ‘ എന്നൊരു സ്റ്റേഷനുണ്ട് . ഇതായിരുന്നു സമുദിന്റെ തലസ്ഥാന നഗരി.

മദീനയിൽ നിന്ന് 400 കി . മീറ്റർ വടക്ക് സമുദ് ഗോത്രത്തിന്റെ ഗുഹാ ഭവനങ്ങൾ ഇന്നും ദർശിക്കാവുന്നതാണ്.തബൂക്ക് യുദ്ധയാത്രയിൽ നബി (സ്വ) ക്കും സ്വഹാബികൾക്കും സമൂദിന്റെ വാസസ്ഥലമായ ഹിജറിന്നടുത്തുകൂടെ പോകേണ്ടിവന്നു .അന്നേര, ‘അല്ലാഹുവിന്റെ ശാപത്തിന്നിരയായ ഒരു നാടാണിത് . കരഞ്ഞുകൊണ്ടല്ലാതെ നിങ്ങളതിൽ പ്രവേശിക്കരുത് ‘ എന്ന് നബി (സ്വ) സ്വഹാബികളോട് പറയുകയുണ്ടായി.

ഒരിടത്ത് ഒരു കിണർ ചൂണ്ടിക്കാണിച്ചുകൊണ്ട് , സ്വാലിഹ് നബിയുടെ ഒട്ടകം അതിൽ നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് നബി (സ്വ) പറഞ്ഞു . ആ കിണറിൽ നിന്ന് മാത്രമേ വെള്ളമെടുക്കാവു , മറ്റു കിണറുകളിൽ നിന്നെടുക്കരുതെന്ന് മുസ്ലീങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തു.

സമൂദ് ഗോത്രം മലമ്പാറകൾ തുരന്ന് നിർമ്മിച്ച കൂറ്റൻ കെട്ടിടങ്ങൾ, അവരുടെ ദർബാറുകൾ, ആരാധനാലയങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങൾ,ഒട്ടകം മുട്ടുകുത്തിയ സ്ഥലം , ഒട്ടകം വെള്ളം കുടിച്ച് കിണർ എന്നിവ ഇന്നും കാണാവുന്നതായി ചരിത്രഗവേഷകർ രേഖപ്പെടുത്തിയിരിക്കുന്നു .

source:www.nermozhi.com