സഹോദരീ നമുക്കൊന്നിരുന്നാലൊ

2307

സഹോദരീ ഞാൻ ഇസ്ലാം! നമുക്കൊന്നിരുന്നാലൊ, അല്‍പം ചിലതു സംസാരിക്കാന്‍?

എനിക്കറിയാം; നിനക്കെന്നോട് ദേഷ്യമാണെന്ന്

എന്നെക്കുറിച്ച് ചിലരൊക്കെ നിനക്കു പറഞ്ഞു തന്നിട്ടുള്ളത് അങ്ങനെയാണല്ലൊ!

ഞാന്‍ നിന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു

ഞാന്‍ നിന്‍റെ വികാരങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നു

ഞാന്‍ നിന്‍റെ അവകാശങ്ങളെ പിടിച്ചു വെക്കുന്നു

ഞാന്‍ നിന്നെ അടുക്കളക്കുള്ളില്‍ തളച്ചിടുന്നു

ഞാന്‍ നിന്നെ കറുത്തവസ്ത്രങ്ങളുടെ തടവറയില്‍ തള്ളിയിടുന്നു…

നോക്കരുത്

പറയരുത്

ചിന്തിക്കരുത്

ആഗ്രഹിക്കരുത്

യാത്ര ചെയ്യരുത്… എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അരുതുകളുടെ അതിരുകള്‍ തീര്‍ത്ത് നിന്നെ ഞാന്‍ അടിമയാക്കുന്നു…

അല്ലെ; ഇതൊക്കെയല്ലെ എന്നോട് വെറുപ്പു കാണിക്കാന്‍ മാത്രം നിന്നെ പ്രേരിപ്പിക്കുന്നത്?

എങ്കില്‍, സഹോദരീ നമുക്കൊന്നിരുന്നാലൊ, അല്‍പം ചിലതു സംസാരിക്കാന്‍?

നോക്കൂ, നിന്‍റെ പൂര്‍വ്വികര്‍ക്ക് ഒരു കറുത്ത കാലമുണ്ടായിരുന്നു. വളരാനല്ല, ജനിക്കാന്‍ പോലും അനുവാദമില്ലാതിരുന്ന ഇരുണ്ടകാലം!

ജനിച്ചു പോയാല്‍ത്തന്നെ അഭിമാനപൂര്‍വ്വം വളരാന്‍ അധികം അവസരമില്ലാതിരുന്ന ദുഷിച്ചകാലം!

അന്ന്, ജാഹിലിയ്യത്തിന്‍റെ മൂര്‍ത്തമായ മുഴുവന്‍ രാത്രികളും നിന്‍റെ പിറകെയായിരുന്നു!

നിന്‍റെ മാതാവ്; അവള്‍ സ്ത്രീയാണ്, ആരുടെയോ ഔദാര്യം കൊണ്ട് വളരാനും സുമംഗലിയാകാനും ഒരുത്തന്‍റെ ഗര്‍ഭം ധരിക്കാനും സൗഭാഗ്യം ലഭിച്ചവള്‍.

അവള്‍ പ്രസവിച്ചത് പെണ്‍കുഞ്ഞാണെന്ന വാര്‍ത്തയറിഞ്ഞാല്‍ നിന്‍റെ പിതാവിന്‍റെ മുഖം കറുക്കുമായിരുന്നു. അപമാനത്താല്‍ തലതാഴ്ന്നു പോകുമായിരുന്നു.

ആ സമയം നിന്‍റെ പിതാവിന്‍റെ മനസ്സില്‍ സംഘര്‍ഷ ഭരിതം അലടിയിച്ചിരുന്നത് രണ്ട് വികാരങ്ങളാണ്:

ഒന്നുകില്‍, തനിക്കു ജനിച്ച പെണ്‍കുഞ്ഞിനെ ആളുകളുടെ അപമാനങ്ങള്‍ സഹിച്ച് വളര്‍ത്തുക!

അല്ലെങ്കില്‍, മണ്‍കുഴിക്കുള്ളില്‍ നിസ്സങ്കോചം അവളെ ജീവനോടെ കുഴിച്ചു മൂടുക!

ആളുകളുടെ അപമാനം സഹിച്ച് വളര്‍ത്തപ്പെടുന്നതും, മണ്‍കുഴിക്കുള്ളില്‍ ജീവനോടെ കുഴിച്ചു മൂടപ്പെടുന്നതും ഫലത്തില്‍ ഒന്നു തന്നെയായിരുന്നു!

നിന്‍റെ പൂര്‍വ്വികരേറ്റുവാങ്ങിയ ഈ മഹാദുരന്തത്തെ ഹൃദയസ്പൃക്കായി, എന്നാല്‍ കാര്‍ക്കശ്യത്തോടെ ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. ഞാനത് പറഞ്ഞോട്ടെ, ഒന്ന് കേട്ടു നോക്കു:

“അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്‍റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്‍റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!” (നഹ് ല്‍/ 58, 59)

സഹോദരീ, ഈ ഖുര്‍ആനിക സൂക്തം ഒരാവര്‍ത്തി കൂടി വായിച്ചു നോക്കൂ

പെണ്‍കുഞ്ഞിന്‍റെ ജനനം സന്തോഷവാര്‍ത്തയാണെന്ന് ആദ്യമായി ലോകത്തോടു ഉറക്കെ വിളിച്ചു പറഞ്ഞത് ഞാനാണ്!

സ്വന്തം പിതാവിനാല്‍ പീഡിപ്പിക്കപ്പെടുകയോ മണ്ണില്‍ കുഴിച്ചു മൂടപ്പെടുകയോ ചെയ്തിരുന്ന പെണ്‍കുഞ്ഞുങ്ങളുടെ ദുരിതകാലം വെളിക്കു കൊണ്ടുവന്നതും ഞാനാണ്.

പിന്നെ, സഹോദരീ ഒന്നുകൂടിയുണ്ടതില്‍; പെണ്‍കുഞ്ഞുങ്ങളെ ദുശ്ശകുനങ്ങളായിക്കണ്ട് അപമാനഭാരത്താല്‍ ലജ്ജിച്ചു കഴിഞ്ഞ ആണ്‍കോയ്മയുടെ മുഖത്തുനോക്കി, ‘നിങ്ങള്‍ എടുക്കുന്ന തീരുമാനം മഹാ ചീത്ത’ എന്ന് സധൈര്യം ആദ്യം വിളിച്ചു പറഞ്ഞതും ഈ ഞാന്‍ തന്നെയാണ്.

ഇതെല്ലാം നിനക്കു വേണ്ടിയായിരുന്നിട്ടും നീയെന്നെ വെറുക്കുകയാണ്. സാരമില്ല; ചുറ്റുവട്ടം നിന്നെ പഠിപ്പിക്കുന്നത് അങ്ങനെയാണല്ലൊ.

സഹോദരീ, നിന്‍റെ മേല്‍ ഒരുപാടു ബാധ്യതകളുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്.

ഞാനിതു പറയുമ്പോള്‍ നീ പുച്ഛത്തോടെ ചിരിക്കുന്നത് ഞാന്‍ കാണുന്നു.

അതെ, ഞാന്‍ സ്ത്രീസമൂഹത്തിന് ബാധ്യതകള്‍ മാത്രമാണ് അടിച്ചേല്‍പ്പിച്ചിട്ടുള്ളത് എന്ന് ആരോ നിന്നെ പഠിപ്പിച്ച ധാരണയാണ് നിന്നെയതിന് പ്രേരിപ്പിക്കുന്നത് എന്നെനിക്കറിയാം.

ഒന്നു പറഞ്ഞോട്ടെ, സത്യം അതല്ല; സ്ത്രീയായിപ്പിറന്നതു കൊണ്ട് നിനക്കു മാത്രമായി ബാധ്യതകളുണ്ടെന്ന കല്‍പന പുറപ്പെടുവിച്ചതല്ല ഞാന്‍. മനുഷ്യനായിപ്പിറന്ന ആണിനും പെണ്ണിനും ജീവിത യാത്രയില്‍ നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട ബാധ്യതകളെ സംബന്ധിച്ച ബോധനം ഞാന്‍ നല്‍കിയിട്ടുണ്ട്.

സഹോദരീ, നിന്‍റെ മേല്‍ ഒരുപാടു ബാധ്യതകളുണ്ടെന്ന് ഞാന്‍ പറഞ്ഞത്, ‘നിന്‍റെ മേല്‍ ബാധ്യതകളേ ഉള്ളൂ’ എന്ന് ശഠിച്ചിരുന്ന ആണ്‍വര്‍ഗ്ഗത്തോട്, അങ്ങനെയല്ല, നിനക്ക് അവകാശങ്ങളുമുണ്ടെന്ന് പറഞ്ഞ എന്‍റെ നീതിയെ ബോധ്യപ്പെടുത്താനാണ്.

നീയത് വായിച്ചിട്ടുണ്ടൊ എന്നറിയില്ല; സൂറത്തുല്‍ ബഖറയിലെ 228-ാമത്തെ സൂക്തത്തിലെ പ്രസ്താവന ഇങ്ങനെയാണ്:

“സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്.”

സഹോദരീ, നിങ്ങളോടല്ല ഖുര്‍ആനിന്‍റെ ഈ സംസാരം, നിങ്ങളെ അവഗണിക്കുയും, അപമാനിക്കുകയും, ജീവനോടെ കുഴിച്ചുമൂടാന്‍ പോലും മടികാണിക്കാതിരിക്കുകയും ചെയ്തിരുന്ന പുരുഷ വര്‍ഗ്ഗത്തോട്: “ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്!”

ഞാന്‍ പുരുഷപക്ഷത്താണ് എന്നല്ലെ നീ പഠിച്ചുവെച്ചത്; ഇനി പറയൂ, ശരിയാണൊ നിന്‍റെ ആ ധാരണ?!

സഹോദരീ, നിന്നെ ദുശ്ശകുനമായിക്കണ്ടിരുന്ന, അവഗണനയുടെ അഗണ്യതയില്‍ തള്ളിയിരുന്ന ആണ്‍വര്‍ഗ്ഗത്തെ പ്രാധാന്യപൂര്‍വ്വം ഞാന്‍ പറഞ്ഞു പഠിപ്പിച്ച ഒരു കാര്യമുണ്ട്. അതെന്താണെന്നൊ?

നീയില്ലാതെ, നിന്‍റെ സാന്നിധ്യമില്ലാതെ ജീവിതത്തിന്‍റെ ശാന്തതയും സമാധാനവും അനുഭവിക്കാന്‍ അവര്‍ക്ക് സാധ്യമല്ല എന്ന സത്യം.

ഇത് കേള്‍ക്കുമ്പോള്‍ നിന്‍റെ മുഖത്ത് പടരുന്ന ആകാംക്ഷയുടെ ഗൗരവം എനിക്ക് കാണാനാകുന്നുണ്ട്.ഞാന്‍ വെറുതെ പറയുന്നതല്ല സഹോദരീ ഇതൊന്നും.

ഐഹിക ജീവിതത്തിന്‍റെ ശാന്തിസമാധാനങ്ങള്‍ പുരുഷനില്‍ പൂര്‍ണ്ണമാകുന്നത് പ്രപഞ്ച നാഥന്‍ നിന്നിലുള്‍ച്ചേര്‍ത്തിട്ടുള്ള പ്രണയ കരുണകളുമായി അവന്‍റെ പ്രണയ കരുണകള്‍ സന്ധിക്കുമ്പോഴാണ്!

ഖുര്‍ആനിക സൂക്തങ്ങള്‍ കേട്ടുകഴിയുമ്പോള്‍ തീര്‍ച്ചയായും നിനക്കത് ബോധ്യമാകും.

“നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” സൂറത്തു റൂമിലെ 21–ാമത്തെ വചനമാണിത്.

പെണ്ണ് ദുശ്ശകുനമല്ല; അവള്‍ സമാധാനഗേഹമാണ്, അവളുടെ ഹൃദയം ഇരുട്ടറയല്ല; അത് പ്രണയവും കരുണയും ജ്വലിച്ചു നില്‍ക്കുന്ന ആകാശമാണ് എന്ന് പഠിപ്പിച്ച എന്നെ, നീ വെറുക്കുന്നുവെങ്കില്‍, സഹോദരീ, ഞാനെന്തു പറയാനാണ്?!

ഇന്നിത്രയും മതി. ഇതുവരെയുള്ള എന്‍റെ സംസാരങ്ങളെ നിന്‍റെ ധാരണകളുമായി ചേര്‍ത്തു വെച്ച് അവധാനതയോടെ ആലോചിക്കുക. അടുത്തൊരു ദിവസം തന്നെ നമുക്കൊന്നുകൂടി മുഖാമുഖമിരിക്കാം. എന്നെ കേള്‍ക്കാന്‍ ഇത്രയും സമയം അക്ഷമയോടെ ഇരുന്നതിന്, സഹോദരീ, മനംനിറഞ്ഞ നന്ദി.            (തുടരും)

Source: www.nermozhi.com