സ്ത്രീപീഢനങ്ങളും, സ്ത്രീ അവഹേളനങ്ങളും, സ്ത്രീകള്‍ക്കെതിരിലുള്ള അതിക്രമങ്ങളും എല്ലാ സീമകളും ലംഘിച്ച് സാര്‍വ്വത്രികമായിരിക്കുന്നു ഇന്ന്. ചരമ കോളങ്ങള്‍ക്കുള്ള പേജുകള്‍ പോലെ പ്രത്യേകം പീഢന പേജുകള്‍ പത്രങ്ങള്‍ സംവാധാനിച്ചു തുടങ്ങിയിരിക്കുന്നു. കാമവെറിയന്‍മാരുടെ പേക്കൂത്തുകള്‍ നിഷ്കളങ്കയായ രണ്ടു വയസ്സുകാരിയില്‍ മുതല്‍ 92 വയസ്സുകാരിയില്‍ വരെ എത്തിനില്‍ക്കുന്നു.
നിരത്തുകളില്‍ ഒറ്റക്കു സഞ്ചരിക്കാന്‍ വയ്യാത്ത അവസ്ഥ, ബസ്സുകളിലും തീവണ്ടികളിലും സ്ത്രീകള്‍ക്ക് സുരക്ഷയില്ല. സ്വന്തം വീട്ടിനുള്ളില്‍ പോലും പെണ്‍ ബാല്യങ്ങള്‍ക്ക് സുരക്ഷയില്ല. ഒരാളേയും വിശ്വസിക്കാന്‍ പറ്റാത്ത അതിദുസ്സഹമായ അവസ്ഥയിലൂടെയാണ് ഇന്ന് പെണ്‍ജീവിതം കടന്നു പോകുന്നത്. നമ്മുടെ മുന്നില്‍, കാമക്കശ്മലന്മാരുടെ നിഷ്ഠൂരമായ പീഢനങ്ങളേറ്റു വാങ്ങി ശവങ്ങളായവരും ജീവച്ഛവങ്ങളായവരും അനവധിയുണ്ട്. ഓരോ പീഡന വാര്‍ത്തയും ഇന്ന് നമ്മളെ ഒരു തരം അരക്ഷിതാവസ്ഥയിലെത്തിച്ചിട്ടുണ്ട്. നിസ്സഹായാവസ്ഥയിലും ആക്കിയിട്ടുണ്ട്.
നിയമങ്ങള്‍ നോക്കു കുത്തികളാണ്
നിയമപാലകര്‍ നിഷ്ക്രിയരാണ്
സുരക്ഷയൊരുക്കേണ്ട ഭരണകൂടവും നിഷ്ക്രിയമാണ്
നമ്മള്‍ പോലും വേണ്ടത്ര ജാഗ്രതകള്‍ കാണിക്കാത്ത അവസ്ഥയുമുണ്ട്.
ഓരോ രാത്രിയും പകലും സ്വന്തം പെണ്‍കുഞ്ഞുങ്ങളുടെ അടുത്ത ഭാവിയെ ഓര്‍ത്ത് ഓരോ അമ്മയും അച്ചനും വേവലാതിയിലാണ് ജീവിക്കുന്നത്. സ്കൂളിലേക്ക്, ജോലിസ്ഥലത്തേക്ക് ഇറങ്ങിത്തിരിക്കുന്ന പെണ്‍മക്കള്‍ക്ക് ഒന്നും സംഭവിക്കാതെ കാത്തോളണേ നാഥാ എന്ന പ്രാര്‍ത്ഥനയിലാണ് എല്ലാവരുമുള്ളത്.
വീട്ടിനുള്ളില്‍, അടുത്ത ബന്ധുക്കളാല്‍ പോലും പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാകുന്ന അവസ്ഥ ഇന്ന് സാര്‍വ്വത്രികമായിരിക്കൂന്നൂ എന്നത് പ്രശ്നത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു. ഇവിടെ സ്ത്രീ സമൂഹം ഇരയാകുന്നത് ലൈംഗികമായ അതിക്രമങ്ങളാല്‍ മാത്രമല്ല എന്നതും നാം തിരിച്ചറിയണം. അന്ധവിശ്വാസങ്ങളുടെ കെണിയലകപ്പെട്ട് ബാബമാരുടേയും തങ്ങന്‍മാരുടേയും പൂജാരികളുടേയും ജിന്നു സേവകരുടേയുമൊക്കെ കൈകളാല്‍ മാനവും ജീവനും നഷ്ടപ്പെട്ട ഒരുപാട് സഹോദരിമാരുണ്ട് നമ്മുടെ ചുറ്റുവട്ടത്ത്.
വിദ്യാലയങ്ങളിലും ജോലിസ്ഥലങ്ങളിലും സഞ്ചരിക്കുന്ന വാഹനങ്ങളിലുമൊക്കെ മനുഷ്യത്വമില്ലാത്ത ആണുങ്ങളുടെ അക്രമങ്ങള്‍ക്കു എത്രയോ സഹോദരിമാര്‍ വിധേയമാകുന്നുണ്ട്. അവര്‍ക്ക് ശബ്ദിക്കാന്‍ വയ്യ, പ്രതിരോധിക്കാന്‍ വയ്യ, ഇനിയെങ്ങാനും പ്രതിരോധ ശബ്ദം മുഴക്കിയാലോ അവള്‍ അഹങ്കാരിയായി മുദ്രകുത്തപ്പെടുന്നു. തേവിടിശ്ശിയായി ആക്ഷേപിക്കപ്പെടുന്നു. സാമൂഹ്യരംഗത്ത് സംഭവിച്ചിരിക്കുന്ന ഭയപ്പെടുത്തുന്ന ഈ അപകടത്തിന്‍റെ കാരണങ്ങളെന്തൊക്കെയാണെന്ന് പഠിക്കാനും പരിഹാരങ്ങള്‍ സ്വീകരിക്കാനും നാമോരോരുത്തരും സന്നദ്ധരാകേണ്ടതുണ്ട്. പ്രജകളുടെ ജീവനും മാനത്തിനും പരിരക്ഷ നല്‍കേണ്ട ഭരണകൂടവും നിയമപാലകരും നിസ്സംഗരായി നോക്കി നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.
പെണ്‍മക്കള്‍ പ്രശ്നങ്ങളിലകപ്പെടുമ്പോള്‍, ആണുങ്ങളാല്‍ ആക്രമിക്കപ്പെടുമ്പോള്‍, പീഡനങ്ങള്‍ക്കു വിധേയരാകുമ്പോള്‍ നമ്മുടെയൊക്കെ ദേഷ്യവും ആക്ഷേപവും അവരുടെ തന്നെ നേര്‍ക്കാണ് തിരിയാറ്. അച്ചടക്കമില്ലാത്തവള്‍, മതബോധമില്ലാത്തവള്‍, ആരേയും അനുസരിക്കാത്തവള്‍, അടങ്ങിയൊതുങ്ങി കഴിയാത്തവള്‍ എന്നൊക്കെ പറഞ്ഞ് ഇരയെത്തന്നെയാണ് നമ്മള്‍ ചീത്ത പറയാറ്. വേട്ടക്കാരനെതിരെ നാമധികമൊന്നും പറയാറില്ല. ആണുങ്ങളായാല്‍ അങ്ങനെയൊക്കെത്തന്നെയാണ്, പെണ്ണുങ്ങളാണ് അടങ്ങിക്കഴിയേണ്ടവര്‍ എന്ന ഏകപക്ഷീയമായ നിലപാടാണ് നമ്മളിലൊക്കെ നിലകൊള്ളുന്നത്. ഇതു പറയുന്നത്, പെണ്ണുങ്ങള്‍ അടങ്ങി ഒതുങ്ങി കഴിയേണ്ടതില്ല എന്ന് സ്ഥാപിക്കാനല്ല. മറിച്ച് ആണുങ്ങളും അടങ്ങിയും ഒതുങ്ങിയും കഴിയാന്‍ ബാധ്യസ്ഥരാണ് എന്ന ബോധം നമ്മളിലോരോരുത്തരിലും ഉണ്ടാക്കുവാനാണ്.
സ്ത്രീകള്‍ സുപ്രധാനമായും ആക്രമിക്കപ്പെടുന്നത് മൂന്നു തലങ്ങളില്‍ നിന്നാണ്.
ഒന്ന്, പുരുഷ സമൂഹത്തില്‍ നിന്ന്. ലൈംഗിക ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമാക്കി അവരുടെ ജീവിതം നശിപ്പിക്കുന്ന കശ്മലന്മാരാണവര്‍. കുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെ ഇവരുടെ ഇരകളാണ്. പ്രേമ വലയത്തിലകപ്പെടുത്തിയും, പ്രലോഭനങ്ങളില്‍ വീഴ്ത്തിയും, ഭീഷണി മുഴക്കിയും, രതി സീനുകള്‍ കാട്ടിയും പെണ്‍കുട്ടികളെ ചതിക്കുഴിയിലാക്കുന്ന കാമഭ്രാന്തന്മാരും മാനസിക രോഗികളും അവസരങ്ങള്‍ നോക്കി നമ്മുടെയൊക്കെ ചുറ്റുഭാഗത്തുമുണ്ട്. എന്നല്ല, നമ്മുടെയൊക്കെ വീട്ടിനകത്തു പോലുമുണ്ട്.
രണ്ട്, സ്ത്രീ സമൂഹത്തില്‍ നിന്ന്. സ്ത്രീകളുടെ പ്രധാന ശത്രു സ്ത്രീ തന്നെയാണ് എന്ന ഒരു പൊതു നിരീക്ഷണമുണ്ട്. അമ്മയായി, അമ്മായി അമ്മയായി, നാത്തുനായി, മേലുദ്യോഗസ്ഥയായി അങ്ങനെ പലരും പെണ്ണിനെ ദ്രോഹിക്കുന്നവരിലുണ്ട്. സ്വന്തം പെണ്‍മക്കളെ കൂട്ടിക്കൊടുക്കുന്ന അമ്മമാര്‍, സ്ത്രീധനത്തിന്‍റെ പേരില്‍ മരുമകളെ ദ്രോഹിക്കുകയും, കൊന്നു കളയാന്‍ വരെ കൂട്ടുനില്‍ക്കുകയും ചെയ്യുന്ന അമ്മായിയമ്മമാര്‍, മാനസിക പീഡനങ്ങളേല്‍പ്പിച്ച് ഭര്‍ത്താവിന്‍റെ വീടിനെ നരകതുല്യമാക്കുന്ന നാത്തൂന്മാര്‍, അനാവശ്യമായ ഈഗോയുടെ പേരില്‍ സഹപ്രവര്‍ത്തകകളെ വിഷമിപ്പിക്കുന്ന ഉദ്യേഗസ്ഥകള്‍. ഇവിടേയും ഇരകള്‍ സ്ത്രീകള്‍ തന്നെയാണ്.
മൂന്ന്, ആത്മീയ വാണിഭക്കാര്‍. അന്ധവിശ്വാസങ്ങളില്‍ പെട്ടുപോകുന്നത് അധികവും സ്ത്രീകളാണ്. ആത്മീയ ചൂഷണക്കാരുടെ കൈകളില്‍ വീണു പോകുന്നതും അവര്‍തന്നെ. ഓരോരോ ആഗ്രഹങ്ങള്‍ നിവൃത്തിച്ചു കിട്ടാനും പ്രയാസങ്ങളില്‍ നിന്ന് മുക്തി ലഭിക്കാനും ആള്‍ദൈവങ്ങളുടെ സന്നിധിയില്‍ ചെന്ന്, സ്വയം വഞ്ചിക്കപ്പെടാന്‍ നിന്നു കൊടുക്കുന്ന സഹോദരിമാര്‍ ഒരുപാടുണ്ട് സമൂഹത്തില്‍. മൂസ്ലിം സമൂഹത്തിലും ഇത് കുറവല്ല. അതു കൊണ്ടു തന്നെ മറ്റേതൊരു മത സമൂഹത്തിലും ഉള്ളതു പോലെ ആള്‍ ദൈവങ്ങള്‍ ഇസ്ലാമിന്‍റെ പേരിലും സജീവമാണ്. ആണിന്‍റെ പണവും പെണ്ണിന്‍റെ മാനവും കവരാന്‍ കഴുകക്കണ്ണുകളുമായി കാത്തിരിക്കുന്ന ഇത്തരം മതവ്യാപാരികളുടെ അടുക്കലേക്ക് പെണ്ണുങ്ങള്‍ ഒഴുകുകയാണ്. ഈ ദുഷ്ടന്മാരുടെ കൈകളാല്‍ വഞ്ചിക്കപ്പെട്ട സഹോദരിമാരുടെ വാര്‍ത്തകള്‍ എത്ര തന്നെ കണ്ടാലും വായിച്ചാലും ബോധം വരാത്ത പെണ്ണുങ്ങളാണ് അധികവും!
ഈ പേടിപ്പെടുത്തുന്ന അവസ്ഥക്ക് മാറ്റം വരുത്താന്‍ എന്തുണ്ട് പരിഹാരങ്ങള്‍? നമ്മുടെ ഭാഗത്തു നിന്നും സ്വീകരിക്കേണ്ട രക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്? പെണ്ണായി പിറന്നു പോയില്ലെ, ഇനി എല്ലാം സഹിക്കുക തന്നെ എന്ന നിരാശയില്‍ കഴിയുകയാണൊ വേണ്ടത്? എല്ലാ സുരക്ഷയും നീതി പാലകരും ഭരണകൂടവും ഒരുക്കിക്കൊള്ളും എന്ന അബദ്ധ ധാരണയില്‍ ജീവച്ചാല്‍ മതിയൊ?
സഹോദരിമാരേ, നമ്മെയും നമ്മുടെ പെണ്‍മക്കളേയും നമ്മുടെ സഹോദരിമാരേയും ഒരളവോളം അപകടങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ നമുക്കു തന്നെ സാധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നാട് മുഴുവന്‍ കേടു വന്നിരിക്കുന്നു, നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? എന്ന നിരാശയില്‍ നിന്ന് നാം മാറണം. എന്തൊക്കെയൊ കുറേ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്ക് പറ്റും എന്ന പ്രതീക്ഷയിലേക്ക് ഉയരണം. അതിന്നുള്ള ആസൂത്രണങ്ങളും പ്രവര്‍ത്തനങ്ങളും നമ്മുടെയൊക്കെ കുടുംബത്തില്‍ നിന്ന് തുടങ്ങാന്‍ തയ്യാറാകണം. എന്തുണ്ട് പരിഹാര മാര്‍ഗ്ഗങ്ങള്‍?
1. വളര്‍ന്നു വരുന്ന നമ്മുടെ പെണ്‍മക്കളിലും ആണ്‍ മക്കളിലും ഒരുപോലെ അല്ലാഹുവിലുള്ള വിശ്വാസം ഗുണപരമായ നിലക്ക് ഉണ്ടാക്കുക. അതായത്, ശിക്ഷയുമായി നില്‍ക്കുന്ന അല്ലാഹുവിനെയല്ല, എപ്പോഴും കാരുണ്യവുമായി, സ്നേഹവുമായി നില്‍ക്കുന്ന അല്ലാഹുവിനെ കൂടുതല്‍ പരിചയപ്പെടുത്തുക. അല്ലാഹുവിനെ സ്നേഹിക്കുന്തോറും, അവനെ അനുസരിക്കുന്തോറും അവനില്‍ നിന്ന് ലഭിക്കുന്ന ഗുണങ്ങളെ പറ്റിയും ബോധ്യപ്പെടുത്തുക. ജീവിതത്തില്‍ അല്ലാഹുവിന്‍റെ സംരക്ഷണം എപ്പോഴും ഉണ്ടാകുമെന്ന പ്രതീക്ഷയും അവരില്‍ വളര്‍ത്തുക.
2. പെണ്‍കുഞ്ഞുങ്ങളെ എപ്പോഴും ഭീതിയില്‍ തന്നെ വളര്‍ത്താതിരിക്കുക. ചുറ്റുപാടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന അപകടങ്ങളെ പറ്റിയും, ചതിക്കുഴികളെപ്പറ്റിയും പറഞ്ഞു കൊടുക്കാം. ഒപ്പം അവയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങളും പറഞ്ഞു കൊടുക്കണം. അവരില്‍ ആത്മ ധൈര്യം ഉണ്ടാക്കണം. ആവശ്യ ഘട്ടങ്ങളില്‍ പ്രതികരിക്കേ ണ്ടതിന്‍റെ ആവശ്യകത പറഞ്ഞു കൊടുക്കണം. ഏതെങ്കിലും ഘട്ടങ്ങളില്‍ ആരില്‍ നിന്നെങ്കിലും മോശമായ അനുഭവങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ അക്കാര്യം രക്ഷിതാക്കളോട് പറയാന്‍ അവര്‍ക്ക് പരിശീലനം നല്‍കണം. എന്തെങ്കിലും ദുരനുഭവങ്ങളെപ്പറ്റി നമ്മുടെ പെണ്‍മക്കള്‍ പറഞ്ഞാല്‍ മിക്ക രക്ഷിതാക്കളും, നീ അടങ്ങിയൊതുങ്ങി ജീവിക്കാത്തതു കൊണ്ടല്ലെ, എന്നിങ്ങനെ അവരെ ചീത്ത പറയാറാണ് പതിവ്. അങ്ങനെ വരുമ്പോള്‍ പിന്നെ കുട്ടികള്‍ നമ്മളോട് ഒന്നും തന്നെ പറയില്ല.
3. പെണ്‍കുട്ടികളെ നിരന്തരം നിരീക്ഷിക്കുക എന്നതാണ്. ഉന്മേഷവതിയായി സ്കൂളിലേക്കും കോളേജിലേക്കും ജോലിസ്ഥലത്തേക്കും പോയി മടങ്ങിയെത്തുന്ന മക്കള്‍, മുഖം വാടിയാണ് വരുന്നത് എങ്കില്‍, അടുത്തിരുന്ന് സൗമ്യമായി കാര്യങ്ങള്‍ തിരക്കാന്‍ ശ്രദ്ധിക്കുക. ‘എന്താടീ, നിന്‍റെ മുഖം തേനീച്ച കൂത്തിയ പോലെ’ എന്നൊക്കെ പറഞ്ഞ് അവരെ പരിഹസിച്ച് എതിരേറ്റാല്‍ അത് വിപരീത ഫലം ചെയ്യും. വീട്ടിലെത്തിയാല്‍ എന്‍റെ വിഷമങ്ങള്‍ പറയാന്‍ എനിക്കൊരു കൂട്ടുകാരിയുണ്ട്, കൂട്ടുകാരനുണ്ട് എന്ന തോന്നല്‍ തന്‍റെ മാതാപിതാക്കളെക്കുറിച്ച് പെണ്‍മക്കള്‍ക്കുണ്ടാകണം.
4. സമൂഹത്തില്‍ നിന്ന് പെണ്‍മക്കള്‍ക്ക് അനുഭവിക്കാനിടയുള്ള അപകടങ്ങളെ സംബന്ധിച്ച ബോധം നമ്മുടെ ആണ്‍മക്കളിലും ഉണ്ടാക്കാന്‍ ശ്രമിക്കുക എന്നതാണ്. സ്ത്രീകളെ ആദരിക്കേണ്ടതിന്‍റെയും സംരംക്ഷിക്കേണ്ടതിന്‍റേയും പ്രാധാന്യം ആണ്‍കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ശീലിപ്പിക്കുന്നത് അവരുടെ സ്വഭാവ രൂപീകരണത്തില്‍ സുപ്രധാനമാണ്. നബി(സ്വ)യുടെ ഉപദേശങ്ങള്‍ സരളമായ നിലക്ക് അവര്‍ക്ക് പറഞ്ഞു കൊടുക്കാവുന്നതാണ്.
5. ജീവിതത്തിന്‍റെ സര്‍ഗ്ഗാത്മക വളര്‍ച്ചക്ക് മനുഷ്യനില്‍ അല്ലാഹു ഉണ്ടാക്കിയ സംവിധാനമാണ് സ്നേഹവും പ്രേമവുമൊക്കെ. അതു പക്ഷെ എന്നും ഒരു പ്രശ്നമായിട്ടാണ് നമുക്കനുഭവപ്പെടുന്നത്. പ്രേമ ബന്ധത്തിലകപ്പെടുന്നത് ആണ്‍കൂട്ടികളാണെങ്കില്‍ നമ്മെ അത് അത്ര കണ്ട് അലോസരപ്പെടുത്താറില്ല. പക്ഷെ, നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം ആണ്‍കുട്ടി പ്രേമിക്കുന്നത് മറ്റൊരു പെണ്‍കുട്ടിയെയാണ്. അതു കൊണ്ടു തന്നെ ആണ്‍കുട്ടിയുടെ പ്രേമ ബന്ധത്തേയും പെണ്‍കുട്ടിയുടെ പ്രേമബന്ധത്തേയും നാം ഒരുപോലെ ഗൗരവത്തോടെയാണ് കാണേണ്ടത്. ഇന്ന് പ്രേമമെന്നത് തനി കാമമാണ്. ചുറ്റവട്ടത്തും പ്രേമത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളനുഭവിച്ച, അനുഭവിച്ചു കൊണ്ടിരിക്കുന്ന പീഢനങ്ങളുടെയും ദുരിതങ്ങളുടേയും സംഭവ കഥകള്‍ നാം നമ്മുടെ മക്കളെ കേള്‍പ്പിക്കണം. അപകടത്തില്‍ വീണുപോയാല്‍ ഒരു ഭരണകൂടവും നിയമ വ്യവസ്ഥകളും രക്ഷക്കു വരില്ലെന്ന് അവരെ ബോധ്യപ്പെടുത്തണം. പരിശുദ്ധമായ ദാമ്പത്യ ബന്ധത്തിന്‍റെ പാഠങ്ങള്‍ അവര്‍ക്കു നല്‍കണം. അതിന്ന് നാമും നമ്മുടെ ഭര്‍ത്താക്കന്‍മാരും മാതൃകകളായി അവരുടെ മുന്നില്‍ നിന്നു കൊടുക്കണം.
6. സ്ത്രീകള്‍ പീഢനങ്ങള്‍ക്കു വഴങ്ങി കൊടുക്കാന്‍ നിര്‍ബന്ധിതമാക്കുന്ന ചില സാഹചര്യങ്ങളുണ്ട്. അതില്‍ സുപ്രധാനമാണ് ബ്ലാക് മെയിലിംഗ്. തങ്ങളുടെ നഗ്ന ഫോട്ടോകള്‍ നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് ആക്രമികള്‍ പെണ്ണുങ്ങളെ വരുതിയില്‍ നിര്‍ത്താറുള്ളത്. ഇവിടെ ധൈര്യം കാണിക്കാന്‍ സ്ത്രീകള്‍ തയ്യാറുകുമെങ്കില്‍ കാമുകന്‍റെ, അയല്‍വാസിയുടെ, കുടുംബാംഗത്തിന്‍റെയൊക്കെ ബ്ലാക് മെയിലിംഗില്‍ നിന്ന് രക്ഷപ്പെടാനാകും. നമ്മളും കുട്ടികളും അതിന് ശീലിക്കണം. ഇത്തരമൊരനുഭവം ആരില്‍ നിന്നെങ്കിലും ഉണ്ടാകുന്നുവെങ്കില്‍ ഉടനെ രക്ഷിതാക്കളെയൊ, നീതിപാലകരെയോ അറിയിക്കാന്‍ ധൈര്യവും വിവേകവും കാണിച്ചാല്‍ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാം. എത്ര മറച്ചു വെച്ചാലും എന്നെങ്കിലും വെളിക്കു വരുന്ന സംഗതിയാണ് പീഡന വിവരം എന്ന സത്യം നമ്മളുള്‍ക്കൊള്ളണം. അപ്പോള്‍ തുടക്കത്തില്‍ തന്നെ നുള്ളിക്കളയാനാകണം ശ്രമിക്കേ ണ്ടത്. നാട്ടുകാരറിയില്ലേ, വീട്ടുകാരറിയില്ലേ, നാണക്കേടാകില്ലെ എന്ന് പറഞ്ഞാണ് ആരും ഇങ്ങനെ ധൈര്യം കാണിക്കാന്‍ മുതിരാത്തത്. അതു കൊണ്ട് എന്താണ് ഫലം? നിന്‍റെ മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോ നെറ്റിലിടും എന്ന് പറയുമ്പോള്‍, ‘കൊണ്ടു പോയി ഇടെടാ, പുല്ലെ’ എന്ന് പറയാനുള്ള ആര്‍ജ്ജവവും, വേണ്ടപ്പെട്ടവരെ ഉടന്‍ അറിയിക്കാനുള്ള വിവേകവും പെണ്‍കുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാകണം.
7. ഇത് സ്ത്രീ പീഢന കാലമാണ്. കുഞ്ഞു കുട്ടികളാണ് കാമപ്പിരാന്തന്മാരുടെ ഇപ്പോഴത്തെ ഇര. അപരിചിതരേക്കള്‍ കൂട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നത് അടുത്ത കുടുംബാംഗങ്ങളാണ് എന്നതാണ് പുറത്തു വന്ന കേസുകളധികവും വ്യക്തമാക്കുന്നത്. നാം കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടത് ഇവിടെയാണ്. എല്ലാവരേയും സംശയത്തിന്‍റെ കണ്ണോടെ കാണണം എന്നല്ല. അവസരങ്ങള്‍ ഇല്ലാതാക്കാനാകണം നാം ശ്രമിക്കേണ്ടത്. കുഞ്ഞുങ്ങളുമായി കൂടുതല്‍ ഇടപഴകുന്നതും പരിധി വിട്ടതുമായ അവസ്ഥകള്‍ കാണുമ്പോള്‍ നിയന്ത്രണമേര്‍പ്പെടുത്തണം. ഇക്കാനോടെങ്ങനെ പറയാനാണ്, വാപ്പാനോട് എങ്ങനെ പറയാനാണ്, അമ്മമനോട് എങ്ങനെ പറയാനാണ് എന്നിങ്ങനെ വിചാരിച്ച് നിശ്ശബ്ദ പാലിച്ചാല്‍, പിന്നെ ആരോടും പറയാന്‍ പറ്റാത്ത വിധം അപകടങ്ങളിലും അപമാനങ്ങളിലും ചെന്നു വീഴം.
8. അവസാനമായി ഒരു സുപ്രധാനമായ കാര്യം പറയട്ടെ. മത നിഷ്ഠയില്‍ മക്കളെ, അണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും വളര്‍ത്തുക. മതനിഷ്ഠയില്‍ വളര്‍ത്തുക എന്നാല്‍ കണ്ണും മൂക്കും നോക്കാതെ ഇസ്ലാമിക ചിട്ടകളെ അടിച്ചേല്‍പ്പിക്കുക എന്നതല്ല. മുസ്ലിമെന്ന നിലക്കുള്ള ഓരോ നിയമവും നിര്‍ദ്ദേശവും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ നല്‍കിക്കൊണ്ടിരിക്കുക. ഇസ്ലാമിക ചിട്ടകള്‍ പാലിക്കുന്നതില്‍ നാം മക്കള്‍ക്ക് മാതൃകകളാകണം. വാട്സാപ്പും ട്വിറ്ററും ഫേസ്ബുക്കും ഒക്കെ നമുക്ക് ഉപയോഗിക്കാം. ഈ സാമൂഹ്യ മാധ്യമങ്ങളൊക്കെ നമ്മള്‍ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നമ്മുടെ മക്കള്‍ കാണട്ടെ. അവര്‍ക്ക് കാണാന്‍ പറ്റാത്ത കാര്യങ്ങള്‍ക്കാണ് ഇവയൊക്കെ നാമുപയോഗിക്കുന്നത് എങ്കില്‍, നമുക്ക് കാണാന്‍ പറ്റാത്തത് അവരും ഉപയോഗിക്കും എന്ന് മനസ്സിലാക്കുക.
എങ്ങും ചതിക്കുഴികളാണ്. ഏതു സമയത്തും അതില്‍ വീണു പോകാം. ജാഗ്രതയും സൂക്ഷ്മതയും ഉണ്ടെങ്കില്‍, ഇസ്ലാമിന്‍റെ സ്ത്രീ നിയമങ്ങളെ പാലിച്ചു ജീവിക്കാന്‍ നാം തയ്യാറാകുന്നുവെങ്കില്‍ അല്ലാഹുവിന്‍റെ അനുഗ്രഹമുണ്ടാകും.