ഇനി നമുക്ക് ഇങ്ങനെ പ്രാർത്ഥിക്കാം

2670

പ്രാര്‍ഥനയുടെ അനിവാര്യത

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. (ഗാഫിര്‍ : 60)

നിന്നോട് എന്‍റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക.) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. (അല്‍ബക്വറ : 186)

സല്‍മാനുല്‍ ഫാരിസീ(റ) നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ പറഞ്ഞു: നിങ്ങളുടെ റബ്ബ് മാന്യനും ഔദാര്യവാനുമാണ്. തന്‍റെ ദാസന്‍ തന്നിലേക്ക് രണ്ടു കയ്യുമുയര്‍ത്തിയിട്ട് അവയെ ശൂന്യമായി തള്ളിക്കളയുന്നതില്‍ അവന്‍ ലജ്ജിക്കുന്നു. (അബൂദാവൂദ്)

അബൂസഈദില്‍ ഖുദ് രിയ്യി(റ) നിവേദനം. നബി(സ്വ) പറഞ്ഞു: പാപത്തിനോ  കുടുംബബന്ധം മുറിക്കാനോ അല്ലാത്ത ഒരു പ്രാര്‍ത്ഥന ഏതൊരു മുസ്ലിം പ്രാര്‍ത്ഥിക്കുന്നുവോ, അവന്ന് മൂന്നാല്‍ ഒരു തരത്തില്‍ അല്ലാഹു ഉത്തരം നല്‍കുന്നതാണ്. 1. അവന്‍റെ പ്രാര്‍ത്ഥനക്ക് ഉടന്‍ ഉത്തരം നല്‍കുന്നതാണ് 2. പരോലകത്തേക്കുള്ള നന്മയായി ആ പ്രാര്‍ത്ഥനയെ സൂക്ഷിച്ചു വെക്കുന്നതാണ്. 3. ഏതൊരു ഉപദ്രവത്തില്‍ നിന്നുള്ള രക്ഷക്കായി പ്രാര്‍ത്ഥിച്ചുവോ അതുപോലുള്ളൊരു ഉപദ്രവത്തില്‍ നിന്ന് അവനെ രക്ഷിക്കുന്നതാണ്. (അഹ്മദ്)

(നബിയേ,) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ് നിങ്ങള്‍ക്ക് എന്ത് പരിഗണന നല്‍കാനാണ്? (അല്‍ഫുര്‍ക്വാന്‍: 77)

പ്രാര്‍ഥനയുടെ മര്യാദകളും ഉത്തരം ലഭിക്കാനുള്ള വഴികളും

  1. അല്ലാഹുവിനോട് ആത്മാര്‍ഥത കാണിക്കുക
  2. അല്ലാഹുവിനെ സ്തുതിച്ചും പുകഴ്ത്തിയും, ശേഷം പ്രവാചകന്‍റെ പേരില്‍ സ്വലാത്തു ചൊല്ലിയും ആരംഭിക്കുക. അവസാനിക്കുമ്പോഴും നബിയുടെ മേല്‍ സ്വലാത്തു ചൊല്ലുക.
  3. ഉത്തരം ലഭിക്കുക തന്നെ ചെയ്യും എന്ന ഉറച്ചു വിശ്വാസത്തോടെ പ്രാര്‍ഥിക്കുക
  4. പ്രാര്‍ഥന നിരന്തരമാക്കുക, ഉത്തരത്തിന് ധൃതികാണിക്കാതിരിക്കുക
  5. പ്രാര്‍ഥനയില്‍ ഹൃദയ സാന്നിധ്യമുണ്ടാകുക
  6. ധന്യാവസ്ഥയിലും വിഷമാവസ്ഥയിലും പ്രാര്‍ഥന പതിവാക്കുക
  7. അല്ലാഹുവിനോടു മാത്രം പ്രാര്‍ഥിക്കുക
  8. സ്വന്തത്തിനെതിരിലോ, ഭാര്യ, മക്കള്‍, സമ്പത്ത് എന്നിവക്കെതിരിലൊ പ്രാര്‍ഥിക്കാതിരിക്കുക
  9. മിതമായ, താഴ്ന്ന ശബ്ദത്തില്‍ പ്രാര്‍ഥിക്കുക.
  10. തെറ്റുകളെ അംഗീകരിച്ച് പാപമോചനത്തിനിരന്നും, അനുഗ്രഹങ്ങളെ ഉള്‍ക്കൊണ്ട് അല്ലാഹുവിന് നന്ദി പറഞ്ഞും പ്രാര്‍ഥിക്കുക
  11. പ്രാര്‍ഥനയില്‍ താള-പ്രാസങ്ങള്‍ ഒഴിവാക്കുക
  12. വിനയവും ഭക്തിയും പ്രതീക്ഷയും ഭയവുമൊക്കെ പ്രാര്‍ഥനയില്‍ ഉണ്ടാകുക
  13. അന്യായമായി എടുത്തിട്ടുള്ളവ അതിന്‍റെ അവകാശികള്‍ക്ക് തിരിച്ചു നല്‍കുകയും, പശ്ചാത്തപിക്കുകയും ചെയ്യുക
  14. ഓരോ പ്രാര്‍ഥനയും മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുക
  15. ഖിബ്ലക്ക് അഭിമുഖമായി പ്രാര്‍ഥിക്കുക
  16. പ്രാര്‍ഥനയില്‍ കൈകള്‍ ഉയര്‍ത്തുക
  17. കഴിയുമെങ്കില്‍ പ്രാര്‍ഥനക്കു മുമ്പ് വുളു ചെയ്യുക
  18. പ്രാര്‍ഥന ആരുടേയും അന്യായമായ നാശത്തിന് വേണ്ടിയുള്ളതാകാതിരിക്കുക
  19. അന്യര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍, സ്വന്തത്തിനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ട് തുടങ്ങുക
  20. അല്ലാഹുവിന്‍റെ സുന്ദര നാമങ്ങളും ഉന്നതമായ സ്വിഫത്തുകളും കൊണ്ടൊ, തന്‍റെ നന്മക്കായി ചെയ്ത ഒരു സല്‍കര്‍മ്മം കൊണ്ടൊ, അല്ലാഹുവിലേക്കുള്ള വസീലയാക്കി പ്രാര്‍ഥിക്കുക.
  21. ഉപയോഗിക്കുന്ന ഭക്ഷണ പാനീയങ്ങളും ഉടുവസ്ത്രങ്ങളും ഹലാലായവ ആയിരിക്കാന്‍ ശ്രദ്ധിക്കുക
  22. പ്രാര്‍ഥന പാപകരമായ കാര്യത്തിനൊ, കുടുംബ ബന്ധം മുറിക്കുന്നതിനൊ വേണ്ടി ആകാതിരിക്കുക
  23. നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക
  24. എല്ലാത്തരം പാപകര്‍മ്മങ്ങളില്‍ നിന്നും അകന്നു ജീവിക്കുക

പ്രാര്‍ഥന സ്വീകരിക്കപ്പെടാന്‍ സഹായകമാകുന്ന സമയങ്ങള്‍, അവസ്ഥകള്‍, സ്ഥലങ്ങള്‍

  1. ലൈലത്തുല്‍ ക്വദ്ര്‍
  2. രാത്രിയുടെ അവസാനത്തെ യാമം
  3. നിര്‍ബന്ധ നമസ്കാരങ്ങള്‍ക്കു ശേഷം
  4. ബാങ്കിനും ഇഖാമത്തിനുമിടയിലെ സമയം
  5. നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് ബാങ്ക് വിളിക്കുന്ന വേളയില്‍
  6. മഴ വര്‍ഷിക്കുന്ന സമയത്ത്
  7. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധത്തിന് അണി നില്‍ക്കുന്ന സന്ദര്‍ഭം
  8. വെള്ളിയാഴ്ച ദിവസത്തിലെ ഒരു പ്രത്യേക സമയം. വെള്ളിയാഴ്ചയിലെ അസ്വറിന്‍റെ അവസാനത്തെ സമയമാണ് അത് എന്ന അഭിപ്രായമാണ് കൂടുതല്‍ അംഗീകൃതം. പ്രസ്തുത സമയം ഖുതുബയുടേയും നമസ്കാരത്തിന്‍റേയും സമയവുമാകാം.
  9. സത്യസന്ധമായ നിയ്യത്തോടെ സംസം കുടിക്കുന്ന അവസരത്തില്‍
  10. സുജുദില്‍
  11. രാത്രി ഉറക്കില്‍ നിന്നെഴുന്നേല്‍ക്കാന്‍ ഇടവരികയും, ആ സമയം പ്രവാചകനില്‍ നിന്നു വന്നിട്ടുള്ള ദുആകള്‍ ചൊല്ലുകയും ചെയ്യുക
  12. വുളുവോടു കൂടി ഉറങ്ങുകയും, രാത്രിയില്‍ ഉറക്കുണര്‍ന്ന് പ്രാര്‍ഥിക്കുകയും ചെയ്യുക
  13. لا إله إلا أنت سبحانك إني كنت من الظالمين എന്ന് പ്രാര്‍ഥിക്കുമ്പോള്‍
  14. ഒരാളുടെ മരണശേഷം ആളുകള്‍ അയാള്‍ക്കായി പ്രാര്‍ഥിക്കുമ്പോള്‍
  15. അവസാനത്തെ അത്തിഹിയ്യാത്തില്‍ സ്വലാത്തിനു ശേഷമുള്ള പ്രാര്‍ഥന
  16. അല്ലാഹുവിന്‍റെ ഇസ്മുല്‍ അഅ്ളം കൊണ്ട് പ്രാര്‍ഥിക്കുക. അതുകൊണ്ട് പ്രാര്‍ഥിച്ചാല്‍ ഉത്തരം ലഭ്യമാണെന്നും, ചോദിക്കുന്നത് ലഭിക്കുമെന്നും നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്.
  17. തന്‍റെ സാന്നിധ്യത്തിലില്ലാത്ത ഒരു സഹോദരനു വേണ്ടിയുള്ള മുസ്ലിമിന്‍റെ പ്രാര്‍ഥന
  18. അറഫാ ദിനത്തില്‍, അറഫ മൈതാനത്തു വെച്ചുള്ള പ്രാര്‍ഥന
  19. റമദാന്‍ മാസത്തിലെ പ്രാര്‍ഥന
  20. ദൈവ സ്മരണയുണര്‍ത്തുന്ന മജ്ലിസുകളില്‍ വെച്ചുള്ള പ്രാര്‍ഥന
  21. മുസ്വീബത്തുകളുണ്ടാകുന്ന ഘട്ടങ്ങളില്‍, إنا لله وإنا إليه راجعون اللهم أجرني في مصيبتي وأخلف لي خيراً منها എന്ന് ചൊല്ലിക്കൊണ്ടുള്ള പ്രാര്‍ഥനാ വേളയില്‍
  22. അല്ലാഹുവിലേക്ക് ഹൃദയ സാന്നിധ്യവും അഗാധമായ ആത്മാര്‍ഥയും അങ്കുരിക്കുന്ന സന്ദര്‍ഭത്തിലുള്ള പ്രാര്‍ഥന
  23. മര്‍ദ്ദകനെതിരിലുള്ള മര്‍ദ്ദിതന്‍റെ പ്രാര്‍ഥന
  24. പിതാവ് തന്‍റെ മക്കള്‍ക്ക് വേണ്ടിയൊ എതിരിലൊ നടത്തുന്ന പ്രാര്‍ഥന
  25. യാത്രക്കാരന്‍റെ പ്രാര്‍ഥന
  26. നോമ്പുകാരന്‍ നോമ്പു തുറക്കും വരെ നടത്തുന്ന പ്രാര്‍ഥന
  27. നോമ്പു തുറക്കുന്ന വേളയിലെ പ്രാര്‍ഥന
  28. പ്രയാസമനുഭവിക്കുന്നവന്‍റെ പ്രാര്‍ഥന
  29. നീതിമാനായ ഭരണാധിപന്‍റെ പ്രാര്‍ഥന
  30. പുണ്യവാനായ മകന്‍ തന്‍റെ മാതാപിതാക്കള്‍ക്കായി നടത്തുന്ന പ്രാര്‍ഥന
  31. വുളുവിനു ശേഷം ചൊല്ലുന്ന സുന്നത്തായ പ്രാര്‍ഥന
  32. ചെറിയ ജംറയില്‍ കല്ലെറിഞ്ഞതിനു ശേഷമുള്ള പ്രാര്‍ഥന
  33. മധ്യ ജംറയില്‍ കല്ലെറിഞ്ഞതിനു ശേഷമുള്ള പ്രാര്‍ഥന
  34. കഅബക്കുള്ളില്‍ വെച്ചു കൊണ്ടുള്ള പ്രാര്‍ഥന. ഹിജ്ര്‍ കഅബയുടെ ഭാഗമാണ് അവിടെ വെച്ചുള്ള പ്രാര്‍ഥന, കഅബക്കുള്ളില്‍ വെച്ചുള്ള പ്രാര്‍ഥനയായി പരിഗണിക്കപ്പെടും.
  35. സ്വഫയിലും, മര്‍വയിലും വെച്ചുള്ള പ്രാര്‍ഥന
  36. മശ്അറുല്‍ ഹറാമില്‍ വെച്ചുള്ള പ്രാര്‍ഥന

സത്യവിശ്വാസികള്‍ ജീവിതത്തിലെ എല്ലാ സന്ദര്‍ഭങ്ങളിലും തങ്ങളുടെ റബ്ബിനോട് പ്രാര്‍ഥിക്കേണ്ടവരാണ്. എന്നാല്‍ മേല്‍പറയപ്പെട്ട  സമയങ്ങളിലും, സന്ദര്‍ഭങ്ങളിലും, അവസ്ഥകളിലുമുള്ള പ്രാര്‍ഥനകള്‍ക്ക് അല്ലാഹുവിങ്കല്‍ പ്രത്യേകമായ പരിഗണനയാണുള്ളത്. അതു മനസ്സിലാക്കി പ്രാര്‍ഥനകളെ ക്രമീകരിക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ

Source: www.nermozhi.com