സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 08

1008

പ്രാര്‍ത്ഥന

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും

അധ്യായം 25 സൂറത്തുൽ ഫുർക്വാൻ,  ആയത്ത് 74

പ്രാര്‍ത്ഥിക്കുന്നത് ആര്

പരമ കാരുണികനായ അല്ലാഹുവിൻറെ യഥാർത്ഥ ദാസീ ദാസന്മാർ

പ്രാര്‍ത്ഥനയെപ്പറ്റി

സൂറത്തുൽ ഫുർക്വാനിലെ 63മത്തെ ആയത്തു മുതൽ കാരുണ്യവാനായ അല്ലാഹുവിൻറെ ദാസീ ദാസന്മാരുടെ വിശിഷ്ഠമായ സ്വഭാവഗുണങ്ങൾ വിശദീകരിക്കുകയാണ് അല്ലാഹു. പ്രസ്തുത സ്വഭാവ ഗുണങ്ങളിൽ ഒരു ഗുണമാണ്, തങ്ങളുടെ ഇണകളിലൂടെയും സന്തതികളിലൂടെയും ഹൃദയാനന്ദവും കൺകുളിർമ്മയും നൽകണമെന്നും, ജീവിതത്തിൽ ധർമ്മനിഷ്ഠപാലിക്കുന്നവർക്ക് തങ്ങൾ മാതൃകയാകും വിധം തങ്ങളെ പരിപാലിക്കണം എന്നുമുള്ള അവരുടെ പ്രാർത്ഥന.

പ്രാര്‍ത്ഥനയുടെ അര്‍ത്ഥം

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക് നീ നൽകേണമെ

رَبَّنَا هَبْ لَنَا

ഞങ്ങളുടെ ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും

مِنْ أَزْوَاجِنَا وَذُرِّيَّاتِنَا

കണ്‍കുളിര്‍മ

قُرَّةَ أَعْيُنٍ

ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ

وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

പ്രാർ‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഇണകളില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ.

*സാന്ത്വനം*

സത്യവിശ്വാസികളെന്ന നിലക്ക് നാമെപ്പോഴും നമ്മുടെ രക്ഷിതാവുമായി ഹൃദയം ബന്ധിപ്പിച്ചു നിർത്തണം. അതിന്നുള്ള ഏറ്റവും അനുയോജ്യമായ മാർഗ്ഗം പ്രാർത്ഥനയാണ്. കുടുംബ ജീവിതത്തിലെ സുപ്രധാന കണ്ണികളാണ് ഭർത്താവും ഭാര്യയും മക്കളും. ജീവിതത്തിൽ ശാന്തിയും സമാധാനവും നിലനിൽക്കുന്നത് ഇവരെ ആസ്പദിച്ചാണ്. അല്ലാഹുവിനെ സൂക്ഷിച്ചും പരസ്പരമുള്ള ഉത്തരവാദിത്തങ്ങൾ ശ്രദ്ധാപൂർവ്വം നിർവഹിച്ചും സ്നേഹവും കരുണയും പരസ്പരം കൈമാറിയും ആഹ്ലാദപൂർവ്വം മുന്നോട്ടുപോകുന്ന കുടുംബം ദുനിയാവിലെ സൌഭാഗ്യമാണ്. അത്തരമൊരു കുടുംബം ധർമ്മനിഷ്ഠയോടെ ജീവിക്കുന്നവർക്ക് മാതൃകയാകുകയും ചെയ്യും. ഈ രണ്ട് അനുഗ്രഹങ്ങൾക്കും നമുക്ക് സാധിക്കുന്നത് പരമമായി അല്ലാഹുവിൻറെ തൌഫീക്വോടെയാണ്. നാം പരമകാരുണികൻറെ യഥാർത്ഥ ദാസീദാസന്മാരാണ് എന്നതു കൊണ്ടു തന്നെ ഈ പ്രാർത്ഥന ജീവിതത്തിൻറെ ഭാഗമാക്കേണ്ടതുണ്ട്. (അല്ലാഹുവേ), തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണ്. (ആലുഇംറാന്‍: 38) എന്നതാണല്ലൊ അല്ലാഹുവിനെ സംബന്ധിച്ച നമ്മുടെ വിശ്വാസം?

Source: www.nermozhi.com