സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 06

1762

പ്രാര്‍ത്ഥന

رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ

പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും

അധ്യായം 27 സൂറത്തുല്‍ നംല്, ആയത്ത് 19

പ്രാര്‍ത്ഥിച്ചത് ആര്

സുലൈമാൻ നബി(അ)

പ്രാര്‍ത്ഥനാ സന്ദര്‍ഭം

സുലൈമാന്‍ നബി(അ) തന്റെ സൈനികരോടൊപ്പം യാത്ര ചെയ്തുകൊണ്ടിരിക്കെ, ഉറുമ്പുകളുടെ താഴ്‌വരയിലൂടെ സഞ്ചരിക്കുകയുണ്ടായി. ഇവരുടെ വരവു കണ്ടപ്പോള്‍, പ്രസ്തുത താഴ്‌വരയിലെ ഒരു ഉറുമ്പ് മറ്റു ഉറുമ്പുകളോടായി ഇപ്രകാരം പറഞ്ഞു: ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചു കൊള്ളുക. സുലൈമാനും അദ്ദേഹത്തിന്റെ സൈന്യങ്ങളും അവര്‍ ഓര്‍ക്കാത്ത വിധത്തില്‍ നിങ്ങളെ ചവിട്ടിതേച്ചു കളയാതിരിക്കട്ടെ. (നംല്/18). മറ്റു ജീവികളുടെ സംസാരം അറിയാന്‍ കഴിയുമായിരുന്ന സുലൈമാന്‍ നബി(അ) ഇത് കേള്‍ക്കുകയും അദ്ദേഹം പുഞ്ചിരി തൂകുകയും ചെയ്തു. ശേഷമാണ്, അല്ലാഹു തനിക്കു ചെയ്തു തന്നിട്ടുള്ള എല്ലാ അനുഗ്രഹങ്ങളേയും അദ്ദേഹം ഓര്‍ക്കുകയും മുകളിലെ പ്രാര്‍ഥന പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുള്ളത്.

പ്രാര്‍ത്ഥനയുടെ അര്‍ത്ഥം

رَبِّ أَوْزِعْنِي

എന്‍റെ രക്ഷിതാവേ, എനിക്ക് നീ പ്രചോദനം നല്‍കേണമേ.

أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ

എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത് തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാൻ

وَأَنْ أَعْمَلَ صَالِحًا تَرْضَاهُ

നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും

وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ

നിന്‍റെ കാരുണ്യത്താല്‍, നിന്‍റെ സൽവൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ.

പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം

എന്‍റെ രക്ഷിതാവേ, എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത് തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മ്മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്‍റെ കാരുണ്യത്താല്‍ നിന്‍റെ സദ്വൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ.

*സാന്ത്വനം*

അനുഗ്രഹങ്ങള്‍ അനുഭവിക്കുമ്പോള്‍, അതിന്ന് നന്ദിചെയ്യാന്‍ തൗഫീഖിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. മാത്രമല്ല, നമ്മുടെ എല്ലാ പ്രാര്‍ത്ഥനകളിലും നമ്മുടെ മാതാപിതാക്കളെ കൂടി ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കുകയും വേണം. ജീവതത്തിൽ എല്ലായ്പ്പോഴും സദ്‌വൃത്തനായ അടിമയായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവർ എന്ന നിലക്ക് ഓരോ മുഅ്മിനും ഈ പ്രാര്‍ഥന പഠിച്ചു ശീലിക്കേണ്ടതുണ്ട്. തീർച്ചയായും അല്ലാഹു അതിന്ന് നമുക്ക് ഉതവി നല്‍കുന്നതാണ്.

Source: www.nermozhi.com