പ്രാര്‍ത്ഥന
رَبِّ هَبْ لِي مِن لَّدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ
പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും
അധ്യായം 03 സൂറത്തു ആലുഇംറാൻ, ആയത്ത് 38
പ്രാര്‍ത്ഥിച്ചത് ആര്
സകരിയ്യ നബി(അ)
പ്രാര്‍ത്ഥനാ സന്ദര്‍ഭം
സകരിയ്യാ നബി(അ)യുടെ ഈ പ്രാർത്ഥനാ സന്ദർഭം വിശുദ്ധ ഖുർആനിൽ നിന്നും ഉദ്ധരിക്കുന്നതാകും നല്ലത്. അല്ലാഹു പറയുന്നു:
“മിഹ്‌റാബില്‍ അവളുടെ അഥവാ മർയമിൻറെ അടുക്കല്‍ സകരിയ്യാ കടന്നു ചെല്ലുമ്പോഴെല്ലാം അവളുടെ അടുത്ത് എന്തെങ്കിലും ആഹാരം കണ്ടെത്തുമായിരുന്നു. അദ്ദേഹം ചോദിച്ചു: മര്‍യമേ, നിനക്ക് എവിടെ നിന്നാണ് ഇത് കിട്ടിയത്? അവള്‍ മറുപടി പറഞ്ഞു. അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്നതാകുന്നു. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കണക്ക് നോക്കാതെ നല്‍കുന്നു. അവിടെ വെച്ച് സകരിയ്യ തന്റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിച്ചു.” (ആലുഇംറാന്‍/37)
പ്രാര്‍ത്ഥനയുടെ അര്‍ത്ഥം
رَبِّ هَبْ لِي مِن لَّدُنْكَ
എന്റെ രക്ഷിതാവേ, എനിക്ക് നിന്റെ പക്കല്‍ നിന്ന് നീ നൽകേണമേ
ذُرِّيَّةً طَيِّبَةً
ഒരു ഉത്തമ സന്താനത്തെ
إِنَّكَ سَمِيعُ الدُّعَاءِ
തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ
പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം
എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ത്ഥന കേള്‍ക്കുന്നവനാണല്ലോ
*സാന്ത്വനം*
പ്രായാധിക്യത്തിലെത്തിയിട്ടും ഒരു സന്താനത്തെ ലഭിക്കാതിരുന്ന സകരിയ്യ നബി(അ), അല്ലാഹുവിൻറെ കാരുണ്യത്തിൽ നിരാശയില്ലാതെ പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു. തൻറെ നിരാശയില്ലാത്ത പ്രാർത്ഥനയെ സംബന്ധിച്ച് അദ്ദേഹം തന്നെ പറയുന്നത് ഖുർആൻ എടുത്തു പറയുന്നുണ്ട്. അതിപ്രകാരമാണ്: എന്റെ രക്ഷിതാവേ, നിന്നോട് പ്രാര്‍ത്ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല. (മര്‍യം/4). പ്രതീക്ഷയോടെയുള്ള അദ്ദേഹത്തിൻറെ നിരന്തര പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകുകയുണ്ടായി. യഹ്യ എന്ന് അല്ലാഹു തന്നെ പേരിട്ട് കൊണ്ട് സ്വാലിഹായ ഒരു മകനെ സകരിയ്യ(അ)ക്ക് അവൻ നൽകി. മുഅ്മിനുകളായ നമ്മുടേയും നിലപാട് ഇപ്രകാരമായിരിക്കണം. സന്താന സൌഭാഗ്യം ലഭിക്കാതെ വരുന്പോൾ നിരാശയിലേക്ക് വീഴുകയും അല്ലാഹുവിനെ സംബന്ധിച്ച് മോശമായത് വിചാരിക്കുകയും പറയുകയും ചെയ്യുന്നതിനു പകരം, അവനോടു തന്നെ പ്രതീക്ഷാപൂർവ്വം മനസ്സറിഞ്ഞ് പ്രാർത്ഥിക്കുകയാണ് വേണ്ടത്. തന്നിലേക്ക് കൈനീട്ടുന്ന ആരേയും അല്ലാഹു നിരാശയിലാക്കുകയില്ല. അവൻ നമുക്ക് നൽകുന്ന പ്രതീക്ഷ കാണുക: “പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്.” (അല്‍ബക്വറ:186)
Source: www.nermozhi.com