സാന്ത്വനം : ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ -01

2046

പ്രാര്‍ത്ഥന

رَبَّنَا ظَلَمْنَا أَنفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنْ الْخَاسِرِينَ

പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും

അധ്യായം 07 സൂറത്തുല്‍ അഅ്‌റാഫ്, ആയത്ത് 23

പ്രാര്‍ത്ഥിച്ചത് ആര്

ആദം നബി(അ)യും ഹവ്വ(അ)യും

പ്രാര്‍ത്ഥനാ സന്ദര്‍ഭം

ആദ(അ)മിനോടും ഹവ്വ(അ)യോടും തങ്ങള്‍ താമസിക്കുന്ന സ്വര്‍ഗ്ഗത്തിലെ ഒരു പ്രത്യേക വൃക്ഷത്തില്‍ നിന്നുള്ള പഴം ഭക്ഷിക്കരുത് എന്ന് അല്ലാഹു വിലക്കിയിരുന്നു. പക്ഷെ, പൈശാചിക പ്രേരണയാല്‍ അവര്‍ രണ്ടുപേരും വിലക്കപ്പെട്ട വൃക്ഷത്തില്‍ നിന്നുള്ള പഴം ഭക്ഷിക്കുകയുണ്ടായി. തങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായ അബദ്ധം ബോധ്യപ്പെട്ട മാത്രയില്‍ അവരിരുവരും പശ്ചാത്തപിക്കുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്തു. പ്രസ്തുത പ്രാര്‍ത്ഥനയാണ് മേലെ വായിച്ചത്.

പ്രാര്‍ത്ഥനയുടെ അര്‍ത്ഥം

رَبَّنَا ظَلَمْنَا أَنفُسَنَا

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു.

وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا

നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍

لَنَكُونَنَّ مِنْ الْخَاسِرِينَ

തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും

പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം

“ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.

* സാന്ത്വനം *

മനുഷ്യനെന്ന നിലയിൽ ജീവിതത്തിൽ അബദ്ധങ്ങളും തെറ്റുകളും കുറ്റങ്ങളും വരുമെന്നത് തീർച്ച. പക്ഷെ, നിരാശപ്പെടേണ്ടതില്ല, അല്ലാഹുവിനോട് മനസ്സറിഞ്ഞ് പശ്ചാത്തപിക്കുമെങ്കിൽ നമുക്കവൻ പൊറുത്തു തരും. അല്ലാഹു നമുക്ക് നൽകുന്ന സാന്ത്വനം കാണുക: പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. (സുമര്‍/53)

Source: www.nermozhi.com