സാന്ത്വനം: ഖുര്‍ആനിലെ പ്രാര്‍ത്ഥനകള്‍ – 02

1637

പ്രാര്‍ത്ഥന

رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ

പ്രാര്‍ത്ഥന പ്രസ്താവിക്കപ്പെട്ട സൂറത്തും ആയത്തും

അധ്യായം 71 സൂറത്തു നൂഹ്, ആയത്ത് 28

പ്രാര്‍ത്ഥിച്ചത് ആര്

നുഹ് നബി(അ)

പ്രാര്‍ത്ഥനാ സന്ദര്‍ഭം

നൂഹ് നബി(അ) തന്റെ ജനതയെ ഏകദൈവ ആരാധനയിലേക്ക് ക്ഷണിച്ചു. അവര്‍ അദ്ദേഹത്തെ നിഷേധിക്കുകയും ദ്രോഹിക്കുകയും ചെയ്തു. അല്പം ആളുകള്‍ മാത്രമേ അദ്ദേഹത്തില്‍ വിശ്വസിച്ചുള്ളൂ. തന്നില്‍ വിശ്വസിക്കാതിരിക്കുകയും, തന്നെയും തന്നില്‍ വിശ്വസിച്ച സത്യവിശ്വാസീ വിശ്വാസിനികളെയും പരിഹസിക്കുകയും കഠിമായി ദ്രോഹിക്കുകയും ചെയ്ത തന്റെ ജനതക്കെതിരില്‍ നൂഹ് നബി(അ) അല്ലാഹുവിനോട് ആവലാതി പറയുകയുണ്ടായി. അതേ സന്ദര്‍ഭത്തില്‍ത്തന്നെ, തനിക്കും തന്റെ മാതാപിതാക്കള്‍ക്കും, തന്റെ വീട്ടില്‍ മുഅ്മിനുകളായി പ്രവേശിക്കുന്നവര്‍ക്കും, സത്യവിശ്വാസീ വിശ്വാസിനികള്‍ക്ക് മുഴുവനും മാപ്പു ലഭിക്കുന്നതിനു വേണ്ടിയും അല്ലാഹുവിനോട് അദ്ദേഹം പ്രാര്‍ത്ഥിക്കുകയാണ്. ഈ ദുആ അതിന്റെ ആശയാടിസ്ഥാനത്തില്‍ വളരെ പ്രാധാന്യത്തോടെ നമുക്കും പ്രാര്‍ത്ഥിക്കാവുന്നതാണ്.

പ്രാര്‍ത്ഥനയുടെ അര്‍ത്ഥം

رَّبِّ اغْفِرْ لِي وَلِوَالِدَيَّ

എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ പൊറുത്തുതരേണമേ

وَلِمَن دَخَلَ بَيْتِيَ مُؤْمِنًا

എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും

وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ

സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും

പ്രാര്‍ത്ഥനയുടെ പൂര്‍ണ്ണമായ അര്‍ത്ഥം

എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്തുതരേണമേ.

*സാന്ത്വനം*

കാരുണ്യവാനായ അല്ലാഹുവിനോട് മാപ്പിരക്കുക എന്നത് സത്യവിശ്വാസിയുടെ സ്വഭാവമാണ്. തനിക്കു നേരെ കൈനീട്ടുന്നവന്ന്, അവന്റെ കയ്യിൽ ഒന്നും നൽകാതെ തിരിച്ചുവിടുന്നവനല്ല അല്ലാഹു. അല്ലാഹു അല്ലാതെ മറ്റാരുണ്ട് പാപം പൊറുക്കുന്നവനായി (ആലുഇംറാൻ/135) എന്നൊരു ചോദ്യമുണ്ട് ഖുർആനിൽ. സ്വന്തത്തിനു വേണ്ടി മാത്രമല്ല, മാതാപിതാക്കൾക്കും സത്യവിശ്വാസീ വിശ്വാസിനികൾക്കും പാപമോചനത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന മനസ്സ് നമുക്കുണ്ടാകണം. അത് ആത്മസംതൃപ്തിയാണ്.