ഹൂദ് നബി (അ)

2834

ആദ് സമുദായത്തിലേക്ക് നിയോഗിതനായ പ്രവാചകനാണ് ഹൂദ് നബി .അറേബ്യയിലെ അതിപ്രാചീനമായ ഒരു സമുദായമാണ് ആദ്.അതിശക്തൻമാരും കയ്യൂക്കിനാലും മെയ്യുക്കിനാലും കേളികേട്ടവരുമായ ആദ് സമുദായത്തെക്കുറിച്ച കഥകൾ അറബികളിൽ സുപരിചിതമായിരുന്നു. അവരുടെ നാമം അറബികളിൽ അങ്ങേയറ്റം വിശ്രുതമായത് കൊണ്ടാണ് അറബി ഭാഷയിൽ പുരാതനമായ വസ്തുക്കൾക്ക് ‘ആദി’ എന്നും പുരാവസ്തുക്കൾക്ക് ‘ആദിയ്യാത്ത് ‘ എന്നുമുള്ള വിശേഷണം വന്നത്.

“താങ്കൾ കണ്ടിട്ടില്ലയോ ,ആദുവർഗത്തോട് താങ്കളുടെ റബ്ബ് എന്താണ് ചെയ്തതെന്ന് ? അതായത് ഉന്നത സ്തൂപങ്ങളുള്ള ഇറമിനോട്? അവർക്ക് തുല്യം ഒരു ജനത നാടുകളിലൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല” ( ഫജ്ർ 6 – 8 )

ആദ് സമൂഹം

നൂഹ് നബിയുടെ ജനതക്ക് ശേഷം , ഒരു സമുദായമെന്ന നിലക്ക് അഭിവൃദ്ധി പ്രാപിച്ച ഒരു ജനതയായിരുന്നു ആദ് ജനത.നൂഹ് നബിയോടൊന്നിച്ച് കപ്പലിൽ രക്ഷപ്പെട്ടവരുടെ പിൻതലമുറകളായി വർദ്ധിച്ചുണ്ടായവരാണവർ.അറേബ്യാ ഉപഭൂഖണ്ഡത്തിന്റെ തെക്കെ കടലോര പ്രദേശങ്ങളിലായി,യമനിനും ഹളർമൗത്തിനുമിടയിൽ അഹ്ഖാഫ് പ്രദേശമായിരുന്നു അവരുടെ വാസസ്ഥലം. ഇന്ന് ആ പ്രദേശത്തിന്റെ പേര് ‘ഉബാർ’ എന്നാണ്.

സൂറത്തുൽ ഫജ്റിൽ ആദ്യവർഗത്തെ “ദാതിൽ ഇമാദ് ‘ ( ഉന്നത പങ്ങളുടയവർ ) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.ഭൂമിയിൽ അത്യുന്നതങ്ങളായ സൗധങ്ങൾ കെട്ടിപ്പൊക്കിയിരുന്നവർ എന്ന് താൽപര്യം.

ഹൂദ് നബിയുടെ പ്രബോധനം

ദൈവത്തെ നിഷേധിച്ചവരായിരുന്നില്ല ആദ് സമുദായവും .ദിവ്യത്വത്തിൽ പങ്കാളികളെ ചേർക്കുകയും ഭൂമിയിൽ വലിയ വലിയ കെട്ടിടങ്ങൾ കെട്ടിപ്പൊക്കി നിഗളിച്ചു നടക്കുകയുമായിരുന്നു അവർ.

“എന്നാൽ ആദുവർഗം ഭൂമിയിൽ അന്യായമായി നിഗളിച്ചു നടന്നു.’ഞങ്ങളെക്കാൾ ശക്തിയിൽ മികച്ചവർ ആരുണ്ട് ‘ എന്നവർ ആഘോഷിക്കുകയും ചെയ്തിരുന്നു.” ( ഹാമീം സജദ 15 )

ഇത്തരം തിൻമകളിൽ നിന്നും മുക്തരാവാനും , സർവ്വ ലോക രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുവാനും അവന്ന് കീഴ്പ്പെട്ട് ജീവിക്കുവാനും ഹൂദ് നബി (അ) അവരെ നിരന്തരം ഉപദേശിച്ചു. അധർമത്തിൽ നിന്നും മുക്തരാവാതിരുന്നാൽ, കനത്ത ശിക്ഷ നിങ്ങളെ പിടികൂടുമെന്ന് താക്കീത് ചെയ്തു.

“ആദ് സമുദായം ദൈവദൂതൻമാരെ തള്ളിപ്പറഞ്ഞു.അവരുടെ സഹോദരൻ ഹൂദ് അവരോട് പറഞ്ഞതോർക്കുക. നിങ്ങൾ സൂക്ഷ്മത പാലിക്കാത്തതെന്ത്? ഞാൻ നിങ്ങൾക്ക് വിശ്വസ്ഥനായ ദൈവദൂതനാകുന്നു.അതിനാൽ നിങ്ങൾ അല്ലാഹുവിനോട് ഭക്തിപുലർത്തുകയും എന്നെ അനുസരിക്കുകയും ചെയ്യുവിൻ.ഈ ദൗത്യത്തിന്റെ പേരിൽ ഞാൻ നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല.എനിക്കുള്ള പ്രതിഫലം സർവ്വലോക രക്ഷിതാവിങ്കലാകുന്നു. പൊങ്ങച്ചം കാണിക്കുവാനായി എല്ലാ ഉയർന്ന സ്ഥലങ്ങളിലും നിങ്ങൾ വൃഥാസ്മാരകസൗധങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുകയാണോ? ഗംഭീരമായ കൊട്ടാരങ്ങളും പണിയുന്നുവല്ലോ;നിങ്ങൾക്ക് കാലാകാലവും ഇവിടെ വസിക്കാനുള്ളത് പോലെ. ആരെയെങ്കിലും ദോഹിക്കുമ്പോൾ നിഷ്ഠൂരമായി ദ്രോഹിക്കുന്നു.നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുവിൻ.എന്നെ അനുസരിക്കുകയും ചെയ്യുവീൻ” ” ( ശുഅറാ 123 – 131 )

ആദ് സമുദായത്തിന്റെ മറുപടി

ഹൂദ്  നബിയുടെ ഉപദേശങ്ങളൊന്നും ചെവികൊള്ളാൻ ആദ് സമുദായം തയ്യാറായില്ല.

“ അവർ ഹൂദിനോട് ചോദിച്ചു . ഞങ്ങൾ അല്ലാഹു ഒരുവനെ മാത്രം ആരാധിക്കുന്നതിന്നും പൂർവ്വ പിതാക്കൾ ആരാധിക്കുന്നതിനെയെല്ലാം വെടിയുന്നതിന്നും വേണ്ടിയാണോ നീ ഞങ്ങളിൽ വന്നിരിക്കുന്നത് ?”( അ അ്റാഫ് 70 )

ആദ് സമുദായം മാത്രമല്ല, ഇപ്പോഴും പലരും പറയുന്നതുപോലുള്ള ഒരു മറുപടിയാണിത് . ഞങ്ങൾ ഞങ്ങളുടെ പൂർവ്വ പിതാക്കൾ ചെയ്യുന്നതുപോലെയേ ചെയ്യൂ. നിങ്ങളുടെ പുത്തൻ വാദങ്ങളൊന്നും ഞങ്ങൾക്ക് സ്വീകാര്യമല്ല എന്നത് അക്കാലത്തെന്നപോലെ ഇക്കാലത്തും പറയാറുണ്ടല്ലോ.

ആദിന്റെ സമുദായം മറ്റൊന്നുകൂടി പറഞ്ഞു : ഹുദേ , നിനക്ക് ഞങ്ങളുടെ ദൈവങ്ങളിൽ ഏതോ ഒന്നിന്റെ ശാപം ബാധിച്ചുവെന്ന് തോന്നുന്നു.അല്ലാതെ നീ ഇങ്ങനെ പിച്ചുംപേയും പറയുമായിരുന്നില്ല.

” അവർ പറഞ്ഞു : ഹുദ് ! നീ ഞങ്ങളുടെ അടുക്കൽ ഖണ്ഡിതമായ ഒരു തെളിവും കൊണ്ടുവന്നിട്ടില്ല . നീ പറഞ്ഞതുകൊണ്ട് മാത്രം ഞങ്ങൾ ഞങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കുന്നവരല്ല.ഞങ്ങൾ നിന്നെ വിശ്വാസിക്കുന്നതുമല്ല.നിനക്ക് ഞങ്ങളുടെ ദൈവങ്ങളിലാരുടെയോ ബാധയേറ്റിരിക്കുന്നു എന്നത് ഞങ്ങൾ കരുതുന്നത് ” ( ഹൂദ് 53 – 54 )

തൂത്തെറിയപ്പെട്ടു

ഹൂദ് നബിയെ അനുസരിക്കാൻ കൂട്ടാക്കാത്ത ആദ് ജനത ‘ നീ സത്യവാനാണെങ്കിൽ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ദൈവികശിക്ഷ ഇങ്ങ് കൊണ്ടുവാ (അഅ്റാഫ് 70) എന്ന് വെല്ലുവിളിയുമുയർത്തി.അങ്ങിനെ അല്ലാഹുവിങ്കൽ നിന്നുള്ള ശിക്ഷ അവരുടെ മേൽ വന്നുഭവിച്ചു .

“ ഇതത്ര ആദ് ജനത.അവർ തങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു.അവന്റെ ദൂതൻമാരെ അവർ ധിക്കരിക്കുകയും, മർക്കടമുഷിക്കാരായ എല്ലാ സേഛാധിപതികളുടെയും കൽപന അവർ പിൻപറ്റുകയും ചെയ്തു . ഈ ലോകത്തും പുനരുത്ഥാന നാളിലും അവർ അഭിശപ്തരായിത്തീർന്നു. അറിയുവിൻ ! ആദ്ജനത അവരുടെ റബ്ബിനെ നിഷേധിച്ചു.അറിയുവിൻ ! ഹൂദിന്റെ ജനമായിരുന്ന ആദ് വർഗം അതിദൂരം തൂത്തെറിയപ്പെട്ടു ” ( ഹൂദ് 59 – 60 ).

ആദ് സമുദായത്തിൽ വന്നുഭവിച്ച ശിക്ഷ ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനിന്ന അത്യുഗ്രമായ കൊടുങ്കാറ്റായിരുന്നു.മനുഷ്യരും ഭൂമിയിലുള്ളതുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും എടുത്തെറിഞ്ഞുകൊണ്ടുള്ള ശക്തമായ കൊടുങ്കാറ്റ്.ഹൂദ് നബിയെയും അദ്ദേഹത്തിൽ വിശ്വസിച്ചവരെയും ആ ശിക്ഷയിൽ അകപ്പെടാതെ അല്ലാഹു രക്ഷപ്പെടുത്തി.ധിക്കാരികളായ സമുഹം കടപുഴകിവീണ ഈത്തപ്പനത്തടികളെപ്പോലെ വീണടിഞ്ഞു.

“ആദ് സമുദായം അത്യുഗ്രമായി ആഞ്ഞുവീശിയ കൊടുങ്കാറ്റിനാലും ഉൻമൂലനം ചെയ്യപ്പെട്ടു.അല്ലാഹു തുടർച്ചയായ ഏഴ് രാവും എട്ട് പകലും ആ കാറ്റിനെ അവരുടെ മേൽ അടിച്ചേൽപിച്ചു .(താങ്കൾ അവിടെ ഉണ്ടായിരുന്നുവെങ്കിൽ) ആ ജനം കടപുഴകിവീണ ഈത്തപ്പനത്തടികളെ ന്നോണം വീണുകിടക്കുന്നത് കാണാമായിരുന്നു. അവരിൽ വല്ലവരു അവശേഷിച്ചതായി ഇപ്പോൾ നീ കാണുന്നുണ്ടോ ” ( അൽഹാഖ : 6 – 5).

ആദ് സമുദായത്തിന്റെ നാഗരികതയുടെ നഷ്ടാവശിഷ്ടങ്ങൾ 1992ൽ ഉത്ഖനനത്തിലൂടെ കണ്ടെടുക്കുകയുണ്ടായി.