ഹജ്ജു കർമ്മം സ്വീകരിക്കപ്പെട്ടുവോ: അറിയാൻ അഞ്ച് കാര്യങ്ങൾ

2052

അബൂഹുറയ്‌റ(റ) നിവേദനം. അല്ലാഹുവിന്റെ പ്രവാചകന്‍(സ്വ) അരുളി: മബ്‌റൂറായ ഹജ്ജിന് സ്വര്‍ഗ്ഗമല്ലാതെ പ്രതിഫലമില്ല. (ബുഖാരി, മുസ്ലിം)

അല്ലാഹുവിന്റെ ആഹ്വാനത്തിന് ഉത്തരം നല്‍കി, കഅബാലയത്തില്‍ അവന്റെ അഥിതികളായി ചെന്ന്, ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച് തിരിച്ചുവന്ന ഹാജിമാര്‍ ഇന്ന് അതീവ സന്തോഷത്തിലാണ്. മേലെ വായിച്ച ഹദീസിലെ നബി(സ്വ)യുടെ പ്രസ്താവനയാണ് ഹാജിമാരുടെ ഹൃദയത്തില്‍ നിറഞ്ഞ സന്തോഷമുണ്ടാക്കിയിട്ടുള്ളത്.

മബ്‌റൂറായ ഹജ്ജിന്ന് സ്വര്‍ഗ്ഗമാണ് പ്രതിഫലം!

ഹാജിമാരെ, എന്താണ് മബ്‌റൂറായ ഹജ്ജ്? നമ്മുടെ ഹജ്ജ് മബ്‌റൂറായിത്തന്നെയാണൊ നാം നിര്‍വഹിച്ചത്? എങ്ങനെയത് തിരിച്ചറിയാനാകും?

 അതിന് വഴിയുണ്ട്!

ഹജ്ജ്കര്‍മ്മം മബ്‌റൂറാകാന്‍ ഇസ്‌ലാം അനുശാസിച്ചിട്ടുള്ള പ്രധാനമായ അഞ്ചു ചിട്ടകള്‍ നമ്മുടെ ഹജ്ജില്‍ നാം പാലിച്ചിട്ടുണ്ടൊ എന്ന് പരിശോധിച്ചാല്‍ മാത്രം മതി അത് മനസ്സിലാക്കാന്‍.

  1. നിങ്ങളുടെ ഹജ്ജ് അല്ലാഹുവിന്ന് മാത്രമായി ആത്മാര്‍ത്ഥമായി നിര്‍വഹിച്ചതാകുക
  2. ഹജ്ജിലെ എല്ലാ ആരാധനകളും അഥവാ മനാസികുകളും പ്രവാചകന്റെ സുന്നത്തിനനുസരിച്ച് ചെയ്തതാകുക
  3. നിങ്ങളുടെ ഹജ്ജു കര്‍മ്മം ഹലാലായ സമ്പത്തു കൊണ്ട് നിര്‍വഹിച്ചതാകുക
  4. നിങ്ങളുടെ ഹജ്ജ് ഖുര്‍ആന്‍ പ്രസ്താവിച്ച, സ്ത്രീസംസര്‍ഗ്ഗം, ചീത്തവൃത്തികള്‍, തര്‍ക്കവിതര്‍ക്കങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തമായതാകുക
  5. നിങ്ങളുടെ ഹജ്ജ്, നിര്‍ബന്ധമായും നിര്‍വഹിച്ചിരിക്കണമെന്നു മതം നിര്‍ദ്ദേശിച്ചിട്ടുള്ള ആരാധനാ കര്‍മ്മങ്ങളെല്ലാം പ്രവര്‍ത്തിച്ചതാകുക.

ഈ പറയപ്പെട്ട വിധത്തിലാണ് ഹാജിമാര്‍ തങ്ങളുടെ ഹജ്ജു കര്‍മ്മം നിര്‍വഹിച്ചിട്ടുള്ളത് എങ്കില്‍, അല്ലാഹുവിന്റെ അനുഗ്രഹത്താല്‍, അവരനുഷ്ഠിച്ച ഹജ്ജിനെ മബ്‌റൂറായ ഹജ്ജായി പരിഗണിക്കാം. കാരുണ്യവാനായ അല്ലാഹു അവന്റെ ഔദാര്യമായി അതിന്ന് സ്വര്‍ഗ്ഗം നല്‍കുമെന്ന് അവര്‍ക്ക്‌ പ്രത്യാശിക്കുകയും ചെയ്യാം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍