മിസ്അബ് ഇബ്നു ഉമൈര്‍(റ)

1770

നബി (സ) പറഞ്ഞു:
“മിസ്അബേ, നിന്നെ ഞാന്‍ മക്കയില്‍ നിന്ന് കാണുമ്പോള്‍ നീ എത്ര സുന്ദരനായിരുന്നു. നിന്‍റെ വേഷവിധാനങ്ങള്‍ എത്ര ഭംഗിയുള്ളതായിരുന്നു. ഇന്ന് ജടപിടിച്ച തലമുടിയുമായി പൊടിപുരണ്ട നീ ഒരു പുതപ്പില്‍ പൊതിയപ്പെട്ടിരിക്കുന്നു. എല്ലാം അല്ലാഹുവിന്‍റെ സംതൃപ്തിക്കുവേണ്ടി നീ ത്യജിച്ചു. അല്ലാഹുവിനോട് ചെയ്ത വാഗ്ദത്തം പൂര്‍ത്തീകരിച്ച സത്യവിശ്വാസികളില്‍ നീ ഉള്‍പ്പെട്ടിരിക്കുന്നു.”

മിസ്അബ് ഇബ്നു ഉമൈര്‍(റ) മക്കയിലെ അനുഗ്രഹീത യുവാവായിരുന്നു. സമ്പത്തിന്‍റെ തൊട്ടിലില്‍ അദ്ദേഹം ജനിച്ചു. വല്‍സലരായ മാതാപിതാക്കളുടെ അമിത പരിലാളനയില്‍ മിസ്അബ്(റ) വളര്‍ന്നു.
സുന്ദരനും അതിബുദ്ധിമാനുമായിരുന്ന അദ്ദേഹം മക്കാനിവാസികളുടെ സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റി. ‘മക്കയുടെ പരിമളം’ എന്നായിരുന്നു അവര്‍ ആ യുവാവിനെ വിശേഷിപ്പിച്ചിരുന്നത്.
മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വവും പുതിയ പ്രസ്ഥാനവും മക്കയില്‍ ഒച്ചപ്പാട് സൃഷ്ടിച്ച കാലഘട്ടമായിരുന്നു അത്.
ജനസമ്പര്‍ക്കവും ലോകപരിചയവും സിദ്ധിച്ച ചിന്താശീലനായ മിസ്അബ് സ്വാഭാവികമായും പുതിയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി.
തദ്ദേശീയരുടെ ദുഷ്പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിമുക്തമായി. മുഹമ്മദ് നബി(സ)യും അനുയായികളും അര്‍ഖമിന്‍റെ വീട്ടില്‍ സമ്മേളിക്കാറുണ്ടെന്നും അവിടെ വെച്ച് പുതിയ മതത്തെക്കുറിച്ചു ഉപദേശങ്ങളും പഠനങ്ങളും രഹസ്യമായി നടത്താറുണ്ടെന്നും മിസ്അബ്(റ) അറിഞ്ഞു. ഒരു ദിവസം വൈകുന്നേരം അദ്ദേഹം ആരുമറിയാതെ അര്‍ഖമിന്‍റെ വീട്ടില്‍ കയറിച്ചെന്നു. സത്യം പുല്‍കുവാനുള്ള അത്യുല്‍ക്കടമായ ആഗ്രഹം ആ മുഖത്ത് സ്ഫുരിക്കുന്നുണ്ടായിരുന്നു.
പ്രവാചകന്‍ (സ) തന്‍റെ അനുചരന്‍മാര്‍ക്ക് പരിശുദ്ധ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. മിസ്അബ്(റ) സശ്രദ്ധം കേട്ട്കൊണ്ട് ഒരിടത്ത് ഇരിപ്പുറപ്പിച്ചു. തിരുമേനിയില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന പരിശുദ്ധ ഖുര്‍ആന്‍റെ ദിവ്യശക്തി അദ്ദേഹത്തിന്‍റെ ഹൃദയത്തെ കൂടുതല്‍ വശീകരിച്ചു. ഒരു പുതിയ ആത്മീയ അനുഭൂതി മിസ്അബ്(റ)നെ ആവരണം ചെയ്തു. എന്തെന്നില്ലാത്ത ആനന്ദം!
റസൂല്‍ (സ) വലതുകൈകൊണ്ട് ആ പുതു വിശ്വാസിയുടെ നെഞ്ചില്‍ ഒന്നു തടവിയതോടുകൂടി മിസ്അബ് പരിപൂര്‍ണ്ണമായും ഇസ്ലാമിന്ന് കീഴ്പെട്ടു കഴിഞ്ഞിരുന്നു!

മിസ്അബ്(റ) യുടെ മാതാവ് ഖുനാസ വലിയ വ്യക്തിത്വവും പ്രതാപവുമുള്ള സ്ത്രീയായിരുന്നു.
ഇസ്ലാമതമവലംബിച്ചപ്പോള്‍ മിസ്അബ്(റ)ക്ക് ഭൂമുഖത്ത് തന്‍റെ മാതാവിനെയല്ലാതെ മറ്റാരേയും ഭയമില്ലായിരുന്നില്ല. മക്കയിലെ പൗരപ്രധാനികളും ഉറ്റവരും ഒന്നടങ്കം എതിര്‍ത്താലും ദൃഢചിത്തനായ അദ്ദേഹത്തിന്ന് പ്രശ്നമുണ്ടായിരുന്നില്ല. എങ്കിലും ഉമ്മയെ ഓര്‍ത്ത് മിസ്അബ് വ്യാകുലചിത്തനായി.
ഉമ്മയില്‍ നിന്ന് തന്‍റെ പുതിയ മതാശ്ലേഷം മറച്ചുവെക്കാന്‍ മിസ്അബ്(റ) തീരുമാനിച്ചു.
അദ്ദേഹം മാതാവറിയാതെ ദാറുല്‍ അര്‍ഖമില്‍ പോവുകയും തിരുമേനിയുടെ ഉപദേശങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
മക്കാനിവാസികളുടെ കണ്ണും കാതും ഇസ്ലാമിനെതിരെ ജാഗരൂകമായിരുന്നു. അതുകൊണ്ട് മിസ്അബ്(റ)ന് ആ രഹസ്യം കൂടുതല്‍ കാലം ഒളിച്ചുവെക്കാന്‍ കഴിഞ്ഞില്ല.
മിസ്അബ്(റ) ഒരിക്കല്‍ അര്‍ഖം(റ)യുടെ വീട്ടിലേക്ക് നടന്നു പോകുന്നതും മറ്റൊരിക്കല്‍ മുസ്ലിംകളുടെ കൂടെ നമസ്ക്കരിക്കുന്നതും ഉസ്മാനുബ്നുത്വല്‍ഹ എന്ന വ്യക്തിയുടെ ദൃഷ്ടിയില്‍പെട്ടു. അദ്ദേഹം പ്രസ്തുത സംഭവം ഖുനാസയോടു പറയുകയും ചയ്തു. അതോടുകൂടി ആ രഹസ്യം വെളിച്ചത്തായി. തന്‍റെ പുത്രന്‍ പൂര്‍വികരുടെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചതറിഞ്ഞ ആ മാതാവ് ഇടിവെട്ടേറ്റപോലെ സ്തബ്ധയായി!
വത്സലയായ മാതാവ് സ്നേഹമസൃണമായി ഉപദേശിച്ചു. ഫലിച്ചില്ല. ഭീഷണിപ്പെടുത്തിനോക്കി. മിസ്അബ്(റ) ഉറച്ചുനിന്നു.
ഒരിക്കല്‍ മാതാവിനെയും കുടുംബാംഗങ്ങളെയും മിസ്അബ്(റ) ഉപദേശിച്ചു. പരിശുദ്ധ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരുന്നു. കോപാന്ധയായ മാതാവ് കൈയോങ്ങി, പുലിയെപോലെ മകന്‍റെ നേരെചാടി.

മിസ്അബ് (റ)ന്‍റെ മുഖത്ത് അപ്പോഴും കളിയാടിയിരുന്ന പ്രസന്നത മാതാവിന്‍റെ കരത്തെ താഴ്ത്തിപ്പിടിച്ചു.
പൂര്‍വികരുടെ മതത്തെയും ദൈവങ്ങളെയും ഭര്‍ത്സിച്ച മകനെ വെറുതെ വിടാന്‍ ആ മാതാവ് ഒരുക്കമായിരുന്നില്ല.
വീടിന്‍റെ ഒരു അറയില്‍ മിസ്അബ് (റ)യെ ഇരുമ്പ് ചങ്ങലയില്‍ ബന്ധിച്ചു. കൂലിക്കാരെ പാറാവ് നിര്‍ത്തി. വിശ്വാസിളുമായുള്ള സമ്പര്‍ക്കം തടഞ്ഞു. മിസ്അബ് (റ) മുറിയുടെ അന്ധകാരത്തില്‍ തടവുകാരനായി. എങ്കിലും സത്യവിശ്വാസത്തിന്‍റെ തൂവെളിച്ചം മായ്ച്ചുകളയാന്‍ കാരിരുമ്പുകള്‍ക്ക് കഴിഞ്ഞില്ല.
പതിനായിരം രാവുകളുടെ കൂരിരുട്ടിനെ തുളച്ചുകയറാന്‍ ആ വെളിച്ചത്തിന്ന് കഴിവുണ്ടായിരുന്നു! സത്യവിശ്വാസത്തിന്‍റെ കൈത്തിരി ഊതിക്കെടുത്താന്‍ ശ്രമിച്ചിട്ടെന്ത് ഫലം?
നബി (സ) യുടെ അനുയായികള്‍ ആത്മരക്ഷാര്‍ത്ഥം അബ്സീനിയയിലേക്ക് പാലായനം ചെയ്യാനൊരുങ്ങിയ വാര്‍ത്ത ബന്ധനസ്ഥനായ മിസ്അബ് (റ) അറിഞ്ഞു.
അദ്ദേഹം ഉമ്മയുടെ പാറാവുകാരുടെ കണ്ണുവെട്ടിച്ച് ബന്ധവിമുക്തനായി, സ്നേഹിതന്‍മാരുടെ കൂടെ അബ്സീനിയയിലേക്ക് രക്ഷപ്രാപിച്ചു. അബ്സീനിയയിലേക്കുള്ള രണ്ട് ഹിജ്റയിലും മിസ്അബ് (റ) പങ്കെടുത്തിരുന്നു.
അവിടെ നിന്ന് തിരിച്ചുവന്ന മിസ്അബ് (റ)യെ വീണ്ടും ബന്ധനസ്ഥനാക്കാന്‍ മാതാവ് തീരുമാനിച്ചു. കൂലിക്കാരെ വിട്ടു പിടിക്കാന്‍ ശ്രമിച്ചു.
മിസ്അബ് (റ) ദൃഢസ്വരത്തില്‍ പറഞ്ഞു: “ഉമ്മാ, ഇനിയും എന്നെ അക്രമിക്കുകയാണെങ്കില്‍ നിങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ കൂലിക്കാരെ മുഴുവനും ഞാന്‍ കൊന്നു കളയും സത്യം!”

പുത്രന്‍റെ പ്രതിജ്ഞ കേട്ട് മാതാവ് ആ ഉദ്യമത്തില്‍ നിന്ന് തല്‍ക്കാലം പിന്തിരിഞ്ഞു. ഇസ്ലാം മതത്തില്‍ നിന്ന് മിസ്അബ് (റ) പിന്തിരിയുകയില്ല എന്ന് ബോധ്യമായ മാതാവ് മകനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
അവര്‍ പറഞ്ഞു: “മിസ്അബ് , ഇന്നു മുതല്‍ ഞാന്‍ നിന്‍റെ ആരുമല്ല.നീ നിന്‍റെ മതവുമായി എങ്ങോട്ടെങ്കിലും പോയ്ക്കോളൂ. എന്‍റെ സ്വത്തിനുപോലും നീ അവകാശിയല്ല.”
മിസ്അബ് (റ) പറഞ്ഞു: “ഉമ്മാ, ഞാന്‍ നിങ്ങളുടെ ഗുണകാംക്ഷിയാകുന്നു, അല്ലാഹുവിന്‍റെ മുമ്പില്‍ ഉമ്മ രക്ഷപ്രാപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെയും പ്രവാചകനെയും അംഗീകരിക്കുക.”
തീപൊരി പാറുന്ന മറുപടിയാണ് ആ ഉമ്മയില്‍ നിന്ന് ഉണ്ടായത്: “നീ പോകൂ, എന്‍റെ ദൈവങ്ങളാണ് സത്യം. നിന്‍റെ മതം എനിക്കാവശ്യമില്ല.”
മിസ്അബ് (റ) അനുഗ്രഹങ്ങളുടെ ആ ഉദ്യാനം ഇസ്ലാമിന്ന് വേണ്ടി ത്യജിച്ചു. അദ്ദേഹം ഇറങ്ങിത്തിരിച്ചു.
അന്നുമുതല്‍ കീറിപ്പറഞ്ഞ വസ്ത്രവും അരപ്പട്ടിണിയുമായി മിസ്അബ് (റ) ജീവിച്ചു. എങ്കിലും സത്യവിശ്വാസത്തിലുള്ള ദൃഢത അദ്ദേഹത്തെ ഒരു പുതിയ മനുഷ്യനാക്കിത്തീര്‍ത്തു.
വായില്‍ വെള്ളിക്കരിയുമായി ജനിച്ച കുബേരപുത്രന്‍! വളര്‍ന്നു വന്നത് സമ്പത്തിന്‍റെ ഔന്നിത്യത്തില്‍ കെട്ടിയ വാത്സല്യത്തിന്‍റെ തൊട്ടിലില്‍.
മിസ്അബ് (റ)ന്‍റെ വേഷവും ഭംഗിയും കണ്ട് അന്ന് സാധാരണക്കാര്‍ അത്ഭുതപ്പെടുമായിരുന്നു. അദ്ദേഹം നടന്നുപോകുമ്പോള്‍ വഴിയില്‍ അത്തറിന്‍റെ പരിമളം അടിച്ചുവീശുമായിരുന്നു.
ഇന്ന് അദ്ദേഹം ഒരു മിസ്കീനാണ്. ഒരിക്കല്‍ നബി (സ)യും കൂട്ടുകാരും ഇരിക്കുന്ന സദസ്സിലേക്ക് മിസ്അബ് (റ) കേറിച്ചെന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ ആ സദസ്സ് നമ്രശിരസ്കരായി, പലരുടെയും കണ്ണില്‍ നിന്ന് കണ്ണീരൊലിച്ചു.

ഈറനണിഞ്ഞ കണ്ണുകളോടെ നബി (സ) പറഞ്ഞു: ”മിസ്അബ് എല്ലാം അല്ലാഹുവിന്നു വേണ്ടി ത്യജിച്ചു, അന്നു മക്കയില്‍ എത്ര അനുഗൃഹീതനായി ജീവിതം നയിച്ച ആളാണ് ഇദ്ദേഹം.”

ഇസ്ലാമിന്‍റെ ഒന്നാമത്തെ ദൗത്യവാഹകനായി റസൂല്‍(സ) മിസ്അബ് (റ)യെ മദീനയിലേക്ക് നിയോഗിച്ചു.
ചരിത്രപ്രസിദ്ധമായ അഖബാ ഉടമ്പടയില്‍ നബി (സ)യുമായി കരാര്‍ ചെയ്ത സത്യവിശ്വാസികളായ അന്‍സാരികള്‍ക്ക് മിസ്അബ്(റ) ഇസ്ലാമിന്‍റെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തു.
മദീന പിന്നീട് ഇസ്ലാമിന്‍റെ അഭയകേന്ദ്രമായി മാറിയതില്‍ മിസ്അബ് (റ)ന്‍റെ പങ്ക് നിസ്തുലമാണ്.
അന്ന് നബി (സ)യുടെ അനുയായികളില്‍ മിസ്അബ് (റ)നെക്കാള്‍ പ്രായവും പ്രസിദ്ധിയും നബി (സ)യുമായി കുടുംബബന്ധവുമുള്ളവര്‍ വേറെ ഉണ്ടായിരുന്നെങ്കിലും ബാലാരിഷ്ടതകള്‍ അനുഭവിക്കുന്ന ഇസ്ലാമിന്‍റെ അന്നത്തെ സാഹചര്യത്തില്‍ അതിന്ന് അനുയോജ്യമായ കഴിവ് മിസ്അബ് (റ)ക്ക് ഉണ്ടെന്നു നബി (സ) മനസ്സിലാക്കി.
സല്‍സ്വഭാവം, ബുദ്ധികൂര്‍മത, ആത്മാര്‍ഥത, ഔന്നത്യം, വിരക്തി എന്നിവ കൊണ്ട് മദീനാ നിവാസികളുടെ ഹൃദയം മിസ്അബ് (റ) കവര്‍ന്നെടുത്തു. അവര്‍ കൂട്ടംകൂട്ടമായി ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടു.
തദ്ദേശിയരായ പന്ത്രണ്ട് മുസ്ലിംകളുമായി മദീനയില്‍ പ്രവേശിച്ച മിസ്അബ് (റ) അടുത്ത വര്‍ഷമായപ്പോഴേക്കും എഴുപതിലേറെ അനുയാ യികളെ സമ്പാദിച്ചു.
റസൂല്‍ (സ) യുടെ പ്രവാചകത്വത്തെക്കുറിച്ച് മിസ്അബ് (റ) ശരിക്കും മനസ്സിലാക്കുകയും നബി (സ)യോടുള്ള തന്‍റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയും ചെയ്തു. ജനങ്ങളെ ഉദ്ബുദ്ധരും സന്‍മാര്‍ഗികളുമാക്കാനുള്ള ഒരു മാര്‍ഗ്ഗദര്‍ശിയാണ് താനെന്ന് മിസ്അബ് (റ) മനസ്സിലാക്കി.
മദീനയില്‍ അസ്അദ്ബ്നുളിറാറ (റ) യുടെ കൂടെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.

അസ്അദ് (റ) അദ്ദേഹത്തിന് ഒരു നല്ല സഹായിയായി വര്‍ത്തിച്ചു. മദീനയിലെ ഓരോ ഗോത്രത്തിലും വീടുവീടാന്തരം അവര്‍ കയറിയിറങ്ങി പരിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതികേള്‍പ്പിക്കുകയും തൗഹീദിനെക്കുറിച്ച് ഉപദേശിച്ചുകൊണ്ടിരിക്കുകയും ചെയ്തു.
ബുദ്ധിപൂര്‍വ്വകമായ സമീപനം മൂലം പ്രബോധന മാര്‍ഗത്തില്‍ വലിയ പ്രതിബന്ധങ്ങളൊന്നും അവര്‍ക്ക് നേരിടേണ്ടി വന്നില്ല.
ഒരു ദിവസം ബനൂ അബ്ദില്‍ അശ്അല്‍ ഗോത്രക്കാരില്‍ അവര്‍ പ്രബോധനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കോപാന്ധനായ അവരുടെ ഗോത്ര നേതാവ് ഉസൈദ്ബ്നു ഉമൈര്‍ ഊരിപ്പിടിച്ച കഠാരയുമായി പാഞ്ഞടുത്തു.
ജനങ്ങളെ അവരുടെ മതവിശ്വാസത്തില്‍ നിന്ന് വ്യതിചലിപ്പിക്കുകയും, നാട്ടില്‍ അരാജകത്വവും വിപ്ലവവും സൃഷ്ടിക്കുകയും ചെയ്യുന്ന പുതിയ മതക്കാരെ വെറുതെ വിടാമോ?
അപരിചിതനായ ഒരു ഏകദൈവത്തില്‍ വിശ്വസിക്കണമെന്ന് ഇവര്‍ ഉപദേശിക്കുന്നു. തന്‍റെ ജനതയാകട്ടെ പരമ്പരാഗതമായി കാണപ്പെടുന്ന ദൈവങ്ങളെ കയ്യില്‍ കൊണ്ട് നടക്കുകയും വെച്ചു പൂജിക്കുകയും ചെയ്യുന്നു.
ആവശ്യം നേരിടുമ്പോൾ കണ്‍മുമ്പില്‍ കാണുന്ന ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നവരാണവര്‍! മുഹമ്മദ് നബി (സ) പരിചയപ്പെടുത്തുന്ന ദൈവമാവട്ടെ, ആരും കവരില്ല. എവിടെയാണെന്നറിയുകയുമില്ല.
ഉസൈദിന്‍റെ കണ്ണുകളില്‍ നിന്ന് തീപൊരി പാറുന്നുണ്ടായിരുന്നു.
ഉസൈദ് പറഞ്ഞു: “നിങ്ങള്‍ക്ക് എന്താണിവിടെ കാര്യം? ഈ പാവങ്ങളെ വഴിതെറ്റിക്കാന്‍! ജീവനില്‍ കൊതിയുണ്ടെങ്കിൽ രണ്ടുപേര്‍ക്കും ഇവിടെനിന്ന് പോകുന്നതാണ് നല്ലത്.”
അതൊരിടിമുഴക്കമായിരുന്നു. കാണികള്‍ വിറച്ചു, എന്തു സംഭവിക്കുമെന്നറിയില്ല. മിസ്അബ് (റ) സുസ്മേരവദനനായി ഉസൈദിനെ നോക്കി: ”സഹോദരാ, കുറച്ചൊന്ന് ശ്രദ്ധിച്ചാലും, ഞങ്ങള്‍ പറയുന്ന കാര്യം നിങ്ങള്‍ കൂടി ഒന്നു കേള്‍ക്കൂ, നിങ്ങള്‍ക്ക് സ്വീകാര്യമല്ലെങ്കില്‍ ഞങ്ങള്‍ ഉടന്‍ സ്ഥലം വിടാം.”

ഉസൈദിന്‍റെ മുഖത്ത് ഒരു പരിവര്‍ത്തനം പ്രകടമായി. ബുദ്ധിമാനും ചിന്താശീലനുമായിരുന്നു ഉസൈദ്. അദ്ദേഹം കഠാരി താഴെ വെച്ചു അവിടെ ഇരുന്നു.
“ഉം പറയൂ, കേള്‍ക്കട്ടെ”
മിസ്അബ് (റ) ഏതാനും പരിശുദ്ധ ഖുര്‍ആന്‍ വാക്യങ്ങള്‍ അദ്ദേഹത്തെ ഓതിക്കേള്‍പ്പിച്ചു. വാചാലമായി വിശദീകരിച്ചു. പരിശുദ്ധ ഖുര്‍ആന്‍റെ വശ്യത അദ്ദേഹത്തിന്‍റെ ഹൃദയത്തെ കീഴടക്കി. മിസ്അബ്(റ)ന്‍റെ സംസാരം തീരുന്നതിനു മുമ്പുതന്നെ ഉസൈദ് പ്രസന്നവദനനായി കാണപ്പെട്ടു. അദ്ദേഹം മിസ്അബ് (റ)യോടു പറഞ്ഞു: “എന്തൊരാകര്‍ഷണീയമാണീ വചനങ്ങള്‍! നിസ്സംശയം ഇത് ദൈവ വചനം തന്നെയാണ്! നിങ്ങളുടെ മതത്തില്‍ ചേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനെന്തുവേണം? എന്നെ സ്വീകരിച്ചാലും!”
ഉസൈദ് (റ)യും അനുയായികളും ഇസ്ലാം സ്വീകരിച്ചു. അത് മദീനയില്‍ ചലനമുണ്ടാക്കി. സഅദ്ബ്നുമുആദും, സഅദ്ബുനു ഉബാദ (റ)യും പ്രസ്തുത വാര്‍ത്ത കേട്ടറിഞ്ഞു മിസ്അബ് (റ)യെ സമീപിച്ചു. ഉപദേശം സ്വീകരിച്ച് ഇസ്ലാമാശ്ലേഷിച്ചു.
മദീനയിലെ നായകന്‍മാരായ ഈ മൂന്നുപേരുടെ ഇസ്ലാംമത പ്രവേശം ഇസ്ലാമിലേക്ക് ഒരു ഒഴുക്ക് തന്നെ സൃഷ്ടിച്ചു. മദീന പൂര്‍ണ്ണമായി ഇസ്ലാമിന്‍റെ കീഴിലായി. മിസ്അബ് (റ)യുടെ പ്രബോധന തന്ത്രവും സ്വഭാവലാളിത്യവും എത്രമാത്രം ഉപകാരമായി ഭവിച്ചു!
പ്രവാചകന്‍ (സ)യുടെ ഒന്നാമത്തെ ദൗത്യവാഹകര്‍ അഭിമാനാര്‍ഹമായ വിജയം കൈവരിച്ചു. മഹത്തായ ഒരു മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും തൊട്ടിലായിത്തീര്‍ന്ന മദീനയെ അതിന്നുപാകപ്പെടുത്തിയെടുത്ത മിസ്അബ് (റ) ഇസ്ലാമിന്നു നേടിക്കൊടുത്ത വിജയം അതുല്യമാണ്.

വര്‍ഷങ്ങള്‍ക്കു ശേഷം നബി (സ)യും അനുയായികളും മദീനയില്‍ അഭയം തേടി.

അനുദിനം പുരോഗതി പ്രാപിച്ചുവരുന്ന പുതിയ മതത്തെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്ന് മക്കയിലെ ശത്രുക്കള്‍ തീരുമാനിച്ചു. അവര്‍ സര്‍വ്വ സന്നാഹങ്ങളുമായി ബദ്റില്‍ ഏറ്റുമുട്ടി.
ഇസ്ലാമിന്‍റെ ആദ്യത്തെ പതാകവാഹകന്‍ എന്ന ബഹുമതി മിസ്അബ് (റ)ന് ബദ്റില്‍ വെച്ചു ലഭിച്ചു.
ബദ്റില്‍ മുസ്ലിം സൈന്യം വിജയം കൈവരിച്ചു. തിക്തമായ പരാജയമേറ്റ് മുശ്രിക്കുകള്‍ തിരിച്ചുപോയി. അടുത്ത വര്‍ഷം അവര്‍ പ്രതികാരത്തിനൊരുങ്ങി. ഖുറൈശികള്‍ പൂര്‍വ്വോപരി ശക്തിയാര്‍ജ്ജിച്ചു. മദീനയുടെ നേരെ കുതിച്ചു. മുസ്ലിംകളും പ്രതിരോധത്തിനു തയ്യാറെടുത്തു. സൈന്യനായകത്വം നബി (സ) തന്നെ ഏറ്റെടുത്തു.
ഒരു കൈയില്‍ പതാകയുമേന്തി ഉഹ്ദ് രണാങ്കണത്തില്‍ മിസ്അബ് (റ) ഈറ്റപ്പുലിപോലെ അടരാടിക്കൊണ്ടിരുന്നു. മുസ്ലിംകള്‍ പരാജയത്തിന്‍റെ വക്കോളമെത്തി. ശത്രുസൈന്യം നബി (സ)യെ വളഞ്ഞു. ആസന്നമായ വിപല്‍ഘട്ടത്തില്‍ മിസ്അബ് (റ) പതാക പൊക്കിപ്പിടിച്ച് അത്യുച്ചത്തില്‍ തക്ബീര്‍ മുഴക്കി. “അല്ലാഹുഅക്ബർ. അല്ലാഹുഅക്ബര്‍.” അങ്ങോട്ടുമിങ്ങോട്ടും കുതിച്ചുകൊണ്ടിരുന്നു. നബി (സ) യെ വളഞ്ഞ ശത്രുക്കളുടെ ശ്രദ്ധ തന്‍റെ നേരെ തിരിക്കുകയായിരുന്നു മിസ്അബ് (റ)ന്‍റെ ലക്ഷ്യം.
അതിനിടയില്‍ ആ ശൂരപടയാളി ശത്രുക്കളാല്‍ വളയപ്പെട്ടു. ഇബ്നുഖുമൈഅ മിസ്അബ് (റ) ന്‍റെ വലതു കൈ വെട്ടി താഴെയിട്ടു.
ഇടതു കൈയ്യില്‍ പതാക പിടിച്ചുകൊണ്ട് മിസ്അബ് (റ) പറഞ്ഞു:
“മുഹമ്മദ് അല്ലാഹുവിന്‍റെ പ്രവാചകനാണ്, മുന്‍ പ്രവാചകന്‍മാരെപോലെ തന്നെ.”
ഇബ്നുഖുമൈഅ മിസ്അബ് (റ)ന്‍റെ ഇടതു കൈയും വെട്ടിമുറിച്ചു.
എന്നിട്ടും ആ ധീരസേനാനി കൊടികൈവിട്ടില്ല. മുറിഞ്ഞ കൈകള്‍ കൊണ്ട് ആ പതാക മാറോടു ചേര്‍ത്തുപിടിച്ചു.
ഇബ്നുഖുമൈഅയുടെ മാരകമായ ഒരു കുത്ത് വീണ്ടും മിസ്അബ്(റ)ന്നു ഏറ്റു. “മുഹമ്മദ് അല്ലാഹുവിന്‍റെ പ്രവാചകനാകുന്നു, മുന്‍ പ്രവാചകന്‍മാരെ പോലെതന്നെ.” എന്ന് മന്ത്രിച്ചു കൊണ്ട് അദ്ദേഹം നിലം പതിച്ചു. കൂടെ പതാകയും.

അദ്ദേഹം അവസാനമായി ഉരുവിട്ട ആ വചനങ്ങള്‍ പിന്നീട് പരിശുദ്ധ ഖുര്‍ആനില്‍ ആയത്തായി അവതരിച്ചു. (വമാ മുഹമ്മദുന്‍ ഇല്ലാറസൂലുന്‍…)
യുദ്ധം കഴിഞ്ഞു, രക്തസാക്ഷികളുടെ മൃതദേഹം പരതിക്കൊണ്ട് നബി (സ)യും സഹാബിമാരും രണാങ്കണത്തിലിറങ്ങി.
മിസ്അബ് (റ)ന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച് മുഖം ഭൂമില്‍ അമര്‍ന്നു അംഗവിഹീനമായി കിടക്കുന്നത് അവര്‍ കണ്ടു. തീരാദുഃഖത്തിന്‍റെ അണപൊട്ടി. കവിളില്‍ കണ്ണീര്‍ ചാലിട്ടൊഴുകി.

മിസ്അബ് (റ) ന്റെ ജഡം പൊതിഞ്ഞ കഫന്‍ തുണി നോക്കി വിതുമ്പിക്കൊണ്ട് നബി (സ) പറഞ്ഞു:
“മിസ്അബേ, നിന്നെ ഞാന്‍ മക്കയില്‍ നിന്ന് കാണുമ്പോള്‍ നീ എത്ര സുന്ദരനായിരുന്നു. നിന്‍റെ വേഷവിധാനങ്ങള്‍ എത്ര ഭംഗിയുള്ളതായിരുന്നു. ഇന്ന് ജടപിടിച്ച തലമുടിയുമായി പൊടിപുരണ്ട നീ ഒരു പുതപ്പില്‍ പൊതിയപ്പെട്ടിരിക്കുന്നു. എല്ലാം അല്ലാഹുവിന്‍റെ സംതൃപ്തിക്കുവേണ്ടി നീ ത്യജിച്ചു. അല്ലാഹുവിനോട് ചെയ്ത വാഗ്ദത്തം പൂര്‍ത്തീകരിച്ച സത്യവിശ്വാസികളില്‍ നീ ഉള്‍പ്പെട്ടിരിക്കുന്നു.”
ഖബ്ബാബ് (റ) പറയുമായിരുന്നു: “അല്ലാഹുവിന്നുവേണ്ടി അവന്‍റെ മാര്‍ഗത്തില്‍ ഞങ്ങള്‍ ഹിജ്റപോയി. യാതന സഹിച്ചു. അതിന്‍റെ പ്രതിഫലം കുറെയൊക്കെ ഞങ്ങള്‍ ദുനിയാവില്‍ നിന്ന് തന്നെ അനുഭവിച്ചു. മിസ്അബ് (റ)നെ പോലുള്ളവര്‍ മുമ്പേ ഈ ലോകം വിട്ടുമറഞ്ഞുകളഞ്ഞു. അവര്‍ക്ക് ഇവിടെ നിന്ന് ഒരു പ്രതിഫലവും ലഭിച്ചില്ല. മിസ്അബ് (റ) ഉഹ്ദില്‍ രക്ത സാക്ഷിയായി. അദ്ദേഹത്തിന്‍റെ മൃതദേഹം പൊതിയാന്‍ മതിയായ തുണി പോലും ഉണ്ടായിരുന്നില്ല. ഒരു ചെറിയ പുതപ്പില്‍ പൊതിഞ്ഞു. തലമറച്ചാല്‍ കാലും കാല് മറച്ചാല്‍ തലയും പുറത്തുകാണുമായിരുന്നു. തലഭാഗം പുതപ്പു കൊണ്ടും കാലുകള്‍ പുല്ലുകൊണ്ടും പൊതിയാന്‍ നബി (സ) കല്‍പ്പിച്ചതനുസരിച്ച് മിസ്അബ് (റ)യെ അപ്രകാരം കഫന്‍ ചെയ്യുകയാണുണ്ടായത്.”