ആശ്വസിക്കുക: ഇമാം ശാഫിഈ(റ)യുടെ ഹൃദ്യമായൊരു കവിത

1484

ദിനങ്ങളെ വെറുതെ വിടുക, അവ അവയുടെ വഴിയേ പ്രവര്‍ത്തിക്കട്ടെ

അല്ലാഹുവിന്‍റെ വിധികളില്‍ മനസ്സിനെ സാന്ത്വനപ്പെടുത്തുക

ദിനങ്ങളില്‍ ഭവിക്കുന്ന പരീക്ഷണങ്ങളില്‍ വേദനിക്കേണ്ടതില്ല

സ്ഥായിയായ ഒരു പരീക്ഷണവും ദുനിയാവിലില്ലെന്ന് മനസ്സിലാക്കുക

പ്രതിസന്ധികളില്‍ സധീരം നിലകൊള്ളുന്നവനാകുക നീ,

ധര്‍മ്മ നിര്‍വഹണവും മഹാമനസ്കതയുമാകണം നിന്‍റെ വ്യക്തിത്വം!

ആളുകള്‍ക്കു മുന്നില്‍ നിന്‍റെ ന്യൂനതകള്‍ അധികരിച്ചുവെങ്കില്‍

അവയെ മറച്ചു വെക്കാവുന്ന ഒരു ഒരു മാധ്യമത്തിന് നീ കൊതിച്ചുവെങ്കില്‍;

നീ ഉദാരശീലനാകുക;  ഉദാരത എല്ലാ ന്യൂനതകളേയും മറച്ചു വെക്കും!

ശത്രുവിന്ന് ആഹ്ലാദിക്കാന്‍ അവന്‍റെ മുന്നില്‍ നീ വിധേയത്വം കാണിക്കരുത്:

ശത്രുവിന്‍റെ ആഹ്ലാദവും മറ്റൊരര്‍ത്ഥത്തില്‍ പരീക്ഷണമാണ്!

പിശുക്കനില്‍ നിന്ന് നീ ഔദാര്യം പ്രതീക്ഷിക്കരുത്;

അഗ്നികുണ്ഠത്തില്‍ നിന്ന് ദാഹനീര്‍ ലഭിക്കാനിടയില്ല!

അവധാനത നിന്‍റെ ഉപജീവനത്തില്‍ ഒരു കുറവും വരുത്തില്ല

അധ്വാനമേറിയതു കൊണ്ട് വിഭവ ലഭ്യതയിലും ഏറ്റമുണ്ടാകില്ല!

സുഖങ്ങള്‍ക്കും ദു:ഖങ്ങള്‍ക്കും സ്ഥായീഭാവമില്ല എന്നറിയുക;

നിന്നെ ബാധിക്കുന്ന പ്രയാസങ്ങളും സന്തോഷങ്ങളും തഥൈവ!

കിട്ടിയതില്‍ സംതൃപ്തമാകുന്ന ഹൃദയം നിനക്കുണ്ടെങ്കില്‍

നിനക്കും രാജാവിന്നുമിടയില്‍ പിന്നെ ഭേദമില്ല!

നീ ജീവിക്കുന്നിടത്ത് മരണം വന്നിറങ്ങിയാല്‍

നിനക്ക് അഭയമേകാന്‍ പിന്നെയൊരു ഭൂമിയും ആകാശവുമുണ്ടാകില്ല!

ശരിയാണ്; അല്ലാഹുവിന്‍റെ ഭൂമി വിശാലമാണ്

പക്ഷെ, മരണമെത്തിയാല്‍ പ്രപഞ്ചം മുഴുവനും ഇടുങ്ങിയതായിത്തീരും!

ദിനങ്ങളെ വിട്ടേക്കുക; അവയതിന്‍റെ കര്‍മ്മങ്ങളില്‍ മുഴുകട്ടെ

മരണത്തിനു പ്രതിവിധിയായി ഒരു മരുന്നും തന്നെയില്ല!!

– ഇമാം ശാഫിഈ (റ)