യാ അല്ലാഹ്!

2054

യാ അല്ലാഹ്!
നീ എന്നോടൊപ്പമുണ്ടാകണേ
എല്ലാം നഷ്ടപ്പെട്ടവനായി എന്നെ നീ കാണുമ്പോള്‍
നിരാശയും ദു:ഖവും പൊതിഞ്ഞുമൂടിയ മറ്റൊരാത്മാവായി എന്നെ നീ കാണുമ്പോള്‍
പരാജയത്തിന്റെ കൊടുങ്കാറ്റുകള്‍ എന്നെ ആടിയുലയ്ക്കുമ്പോള്‍
എനിക്കറിയാത്ത ദിശകളിലേക്ക് അവയെന്നെ നയിക്കുമ്പോള്‍
യാ അല്ലാഹ്!
എന്റെ ജീവിതത്തെ കവര്‍ന്നെടുക്കാത്ത ദിനങ്ങളെ നീയെനിക്ക് ഔദാര്യമായി നല്‍കിയാലും; വിലപറയാതെ
ക്ഷീണിത ശരീരവും ജീവിതവുമായി ഒരിക്കലും എന്നെയെനിക്ക് കാണാതിരിക്കാനുള്ള മോഹം കൊണ്ടാണ്!
യാ അല്ലാഹ്!
നീയെന്നെ പുതിയൊരു മനുഷ്യനാക്കിയാലും
എന്നെക്കുറിച്ച് നിന്നില്‍ തൃപ്തിയുണ്ടാക്കും വിധമുള്ളൊരു ആത്മാവായി!
ദുനിയാവിനെ എന്റെ കണ്ണില്‍ ഒരു ഊഞ്ഞാലെന്ന പോലെ നീ ആക്കിയാലും;
അതിന്റെ ആസ്വാദനങ്ങള്‍ എന്നെ ദൂരെദൂരേക്ക് തള്ളിവിട്ടാലും
ഹൃദയസാന്നിധ്യത്തോടെ നിന്നിലേക്കു തന്നെ എനിക്ക് തിരിച്ചെത്താനാകണം!
നീയെന്റെ ഹൃദയത്തില്‍ ഒരു പുതുജീവിതത്തിന്റെ പ്രതീക്ഷയുണ്ടാക്കിയാലും
യാ അല്ലാഹ്!
എന്റെ ആത്മാവില്‍ സമൃദ്ധമായി നീ കരുണ വര്‍ഷിച്ചാലും
എന്റെ വീഴ്ചകളും വേദനകളും അങ്ങനെ എന്നില്‍ നിന്ന് മാഞ്ഞുപോകാനാകണം!
എന്റെയുള്ളില്‍ നീ പ്രതീക്ഷയുടെ വിതയെറിഞ്ഞാലും;
ഹൃദയമാകമാനം അതിന്റെ പൂക്കള്‍ വിരിഞ്ഞു വിലസട്ടെ!
അങ്ങനെ, സുന്ദരമായൊരു ജീവിതം എനിക്കു നയിക്കാനാകണം!
നിനക്ക് തൃപ്തമായൊരു ജീവിതാവസ്ഥയിലേക്ക് എനിക്കു മടങ്ങിയെത്താനാകണം!
യാ അല്ലാഹ്!
ഈ ദുനിയാവുമായി മല്ലടിപ്പിക്കുന്ന എല്ലാറ്റില്‍ നിന്നും നീയെന്നെ ദൂരെയാക്കിയാലും
എന്നെ നീ നിന്നിലേക്ക് ചേര്‍ത്ത് നിര്‍ത്തിയാലും!
എല്ലാം മറക്കാന്‍….
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ലയിക്കാന്‍…
യാ അല്ലാഹ്!
ഞാന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ഭൂമിയില്‍ ഒരു അപരിചിതനായിട്ടാണ്
തന്റേതല്ലാത്ത ദേശത്തുകൂടെ സഞ്ചരിക്കുന്ന ഒരു പഥികന്‍!
ഒരിക്കല്‍ ഈ ദേശം വിട്ട് അവന്ന് ദൂരേക്ക് യാത്രയാകേണ്ടതുണ്ട്;
അവന്റെ സ്വദേശത്തേക്ക്,
അതെ, സ്വര്‍ഗ്ഗദേശത്തേക്ക്
യാ അല്ലാഹ്!
നീ എന്നോടൊപ്പമുണ്ടാകണേ…

(ഒരു അറബിക്കവിതയുടെ ആശയവിവര്‍ത്തനം)
Source: nermozhi.com