ഖുര്‍ആന്‍, നീ…

1188

സ്നേഹിതര്‍ സതീര്‍ത്ഥ്യര്‍ എല്ലാവരില്‍ നിന്നുമകന്ന് ഏകനായിരിക്കുമ്പോള്‍ നീ മാത്രമാണെന്‍റെ തോഴന്‍!

രാവിന്‍റെ വിരസതയില്‍ എന്നോടൊപ്പം ചേര്‍ന്നിരിക്കുന്ന രാക്കൂട്ടുകാരന്‍!

ഹൃസ്വവും ദീര്‍ഘവുമായ എന്‍റെ യാത്രകളിലൊക്കെ സഹയാത്രികനായി ഒപ്പം കൂടുന്നവന്‍!

പ്രയാസങ്ങളും പരീക്ഷണങ്ങളുമായി ജീവിതപരിസരം കാടുപിടിച്ചു നില്‍ക്കുമ്പോഴൊക്കെ ഒരു പൂന്തോപ്പിന്‍റെ സൗന്ദര്യവും സൗരഭ്യവുമായി എനിക്ക് ആഹ്ലാദം പകരുന്നവന്‍!

ആരാണു ഞാന്‍: നിന്‍റെ താളുകളിലെ വരികളില്‍ ഒളിഞ്ഞു നില്‍ക്കുന്ന രഹസ്യങ്ങളെ ചിന്തിക്കുന്നില്ലെങ്കില്‍ പ്രപഞ്ചത്തെക്കുറിച്ചൊന്നുമറിയാത്ത ഒരജ്ഞന്‍!

പരമകാരുണികന്‍റെ വചനങ്ങള്‍ എനിക്കുള്ള സുരക്ഷാകവചവും കവാടവുമായി നില്‍ക്കേ, എന്നെ പ്രാപിക്കാന്‍ പിശാചിനാകുന്നതെങ്ങനെയാണ്!

നിന്‍റെ പ്രകാശക്കിരീടം എന്‍റെ യുവത്വത്തിന്‍റെ ശിരസ്സില്‍ ജാജ്വല്യം കത്തിനില്‍ക്കേ വഴികേടിന്‍റെ ഇരുളുകള്‍ എന്‍റെ മുന്നില്‍ എങ്ങനെ ഘനീഭവിച്ചു നില്‍ക്കാനാണ്!

പാപങ്ങള്‍ എന്നിലേല്‍പ്പിച്ച എത്രയെത്ര നിരാശകളെ ദൈവശിക്ഷയുദ്ഘോഷിക്കുന്ന ആയത്തുകളുടെ അകമ്പടിയോടെ ഞാന്‍ ആട്ടിയകറ്റിക്കളഞ്ഞിരിക്കുന്നു!

എന്നോട് മല്ലടിച്ചുകൊണ്ടിരുന്ന എത്രയെത്ര സ്വാര്‍ത്ഥവ്യാമോഹങ്ങളെ വിചാരണാ നാളിന്‍റെ സൂക്തങ്ങളാല്‍ വിദൂരവിദൂരം ഞാന്‍ അകറ്റിനിര്‍ത്തിയിരിക്കുന്നു!

നിന്‍റെ സാന്നിധ്യത്താല്‍ ഞാനെന്‍റെ യാത്രകളെല്ലാം ഒഴിവാക്കി!

നിന്നെ പാരായണം ചെയ്യവെ എന്‍റെ പ്രയാസങ്ങളുടെ വാതിലുകളെല്ലാം ഞാന്‍ അടച്ചുപൂട്ടി!

എന്‍റെ ദരിദ്രാവസ്ഥയില്‍ നീയാണെന്‍റെ നിധികുംഭം

ഇരുള്‍ നിറഞ്ഞ രാത്രിയില്‍ നീയാണെന്‍റെ വഴിനാളം

പ്രയാസങ്ങളുടെ പെരുവഴിയില്‍ നീയാണെന്റെ വിമോചകന്‍!

(യാ അനീസീ, ഇദാ ജലസ്തു വഹീദന്‍… എന്ന അറബിക്കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)