എങ്കില്‍: പിശാചിന് തുറന്നിടുന്ന വാതില്‍

1396

സഹോദരികളേ, അല്ലാഹു ഈ പ്രപഞ്ചത്തേയും അതിലെ മുഴുവന്‍ വസ്തുക്കളേയും സൃഷ്ടിച്ചിട്ടുള്ളത് കൃത്യമായ നിര്‍ണ്ണയത്തിന്‍റേയും നിശ്ചയത്തിന്‍റേയും അടിസ്ഥാനത്തിലാണ്. ഭൂമുഖത്ത് ജീവിക്കുന്ന സകല വസ്തുക്കളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും പരിപാലിക്കപ്പെട്ടു കൊണ്ടിരിക്കുന്നതും അല്ലാഹുവിന്‍റെ മാത്രം തീരുമാനങ്ങള്‍ക്ക് അനുസൃതമായിട്ടാണ്. എല്ലാം അല്ലാഹുവിന്‍റെ അറിവില്‍ മാത്രം അധിഷ്ഠിതമാണ്. അവന്‍റെ അറിവില്‍ പെടാത്ത ഒരു സംഗതിയുമില്ല എന്ന് വിശ്വസിക്കുന്നവരാണ് സത്യവിശ്വാസികള്‍. മരത്തില്‍ ഒരു ഇല വളരുന്നതും മരത്തില്‍ നിന്ന് ഒരു ഇല പൊഴിയുന്നതും പടച്ചവന്‍റെ ക്വദാഇനും ക്വദറിനും അനുസരിച്ചാണ് എന്ന് നമുക്ക് അറിയാം. അല്ലാഹു പറയുന്നത് കാണുക:

“തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാര മാകുന്നു.” (ഖമര്‍/49) അഥവാ അല്ലാഹുവിന്‍റെ ഖദറിന് അനുസരിച്ചാകുന്നൂ എന്നര്‍ഥം.

ദുനിയാവില്‍ എല്ലാ സൗകര്യങ്ങളും ലഭിച്ച സൃഷ്ടികളാണല്ലൊ മനുഷ്യര്‍. അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ അധിക സൃഷ്ടികളേക്കാളും ശ്രേഷ്ഠത മനുഷ്യര്‍ക്കാണുള്ളത് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. വിശേഷ ബുദ്ധികൊണ്ട് അനുഗൃഹീതരായ മനുഷ്യര്‍ തങ്ങളുടെ സ്രഷ്ടാവിനെ അറിയുകയും വിശ്വസിക്കുകയും ആരാധിക്കുകയും വേണം. അല്ലാഹുവിന്‍റെ അടിമകളാണ് നാമെല്ലാവരും എന്ന ബോധമാണ് മനുഷ്യരിലുണ്ടാകേണ്ടത്.

അല്ലാഹുവില്‍ വിശ്വസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരുപാട് സംഗതികളുണ്ട്. അവന്‍റെ ഏകത്വത്തെ അംഗീകരിക്കണം. അവനെ മാത്രം ആരാധിക്കണം. അവനോട് മാത്രം പ്രാര്‍ഥിക്കാന്‍ ശ്രദ്ധിക്കണം. ജീവിതത്തിലെ എല്ലാ ഭാരങ്ങളും അവനില്‍ ഇറക്കി വെക്കണം. തന്‍റെ ജീവനും ജീവിതവും നിശ്ചയിക്കുന്നതും നിയന്ത്രിക്കുന്നതും അവനാണ് എന്ന് ഉറച്ച് വിശ്വസിക്കണം. അവന്‍ അതിശക്തനും എല്ലാറ്റിനേയും അടക്കി ഭരിക്കുന്നവനുമാണ് എന്ന ബോധം വേണം. അല്ലാഹു കാരുണ്യവാനും ഏറെ പൊറുക്കുന്നവനുമാണെന്നും അടിമകളോട് ദയയുള്ളവനാണെന്നും മനസ്സില്‍ ഉള്‍ക്കൊള്ളണം. അവന്‍ വിചാരിച്ചതു മാത്രമാണ് ഈ പ്രപഞ്ചത്തിലും തന്‍റെ ജീവിതത്തിലും നടക്കുകയുള്ളൂ എന്ന് സംശയമില്ലാതെ വിശ്വസിക്കണം.

അല്ലാഹു പറഞ്ഞു: “താന്‍ ഒരു കാര്യം ഉദ്ദേശിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്ന് പറയുക മാത്രമാകുന്നു അവന്‍റെ കാര്യം. അപ്പോഴതാ അതുണ്ടാകുന്നു.” (യാസീന്‍/82)

യഥാര്‍ത്ഥ മുഅ്മിനായിത്തീരാന്‍ അടിസ്ഥാനപരമായ ചില കാര്യങ്ങളില്‍ വിശ്വാസി ക്കണമെന്ന് നബി(സ്വ) പഠിപ്പിച്ചത് നമുക്കറിയാമല്ലൊ. അതായത്, അല്ലാഹുവില്‍ വിശ്വസിക്കുക, അവന്‍റെ മലക്കുകളില്‍ വിശ്വസിക്കുക, അവന്‍റെ വേദഗ്രന്ഥങ്ങളില്‍ വിശ്വസിക്കുക, അവന്‍റെ മുര്‍സലുകളില്‍ വിശ്വസിക്കുക, പരലോകത്തില്‍ വിശ്വസി ക്കുക തുടങ്ങിയ കാര്യങ്ങള്‍. അവയില്‍ ആറാമത്തെ വിശ്വാസ കാര്യമായി നബി(സ്വ) നമ്മെ പഠിപ്പിച്ചത്, നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാകുന്നത് അല്ലാഹുവിന്‍റെ ക്വദാഇന്നും ക്വദറിന്നും അനുസരിച്ചാണ് എന്ന വിശ്വാസമാണ്.

ദുനിയാവിലെ നമ്മുടെ ജീവിതം പരീക്ഷണമാണ് എന്ന് അല്ലാഹു പറയുന്നുണ്ട്. ആരാണ് നല്ല കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് എന്ന് പരിശോധിക്കാനുള്ള വേദിയാണിത്. പരീക്ഷകന്‍ അല്ലാഹുവാണെങ്കില്‍ പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ നമ്മളാണ്. നമ്മുടെയൊക്കെ നിത്യ ജീവിതത്തില്‍ അല്ലാഹുവില്‍ നിന്ന് ഒരു പാട് നന്മകള്‍ വന്നു കിട്ടാറുണ്ട്. നല്ല വിദ്യാഭ്യാസം, നല്ല ആരോഗ്യം, നല്ല വീട്, നല്ല ഭര്‍ത്താവ്, നല്ല ഭാര്യ, നല്ല മക്കള്‍, നല്ല ഉദ്യോഗം എന്നിങ്ങനെ ഒരു പാട് അനുഗ്രഹങ്ങള്‍. ഈ തരത്തിലുള്ള അനുഗ്രഹങ്ങള്‍ കിട്ടാന്‍ നാം നമ്മുടേതായ അധ്വാനങ്ങളും നടത്തുന്നുണ്ട്. മാത്രമല്ല, അല്ലാഹുവിനോട് മനസ്സറിഞ്ഞ് പ്രാര്‍ഥിക്കാറും ഉണ്ട്.

സഹോദരിമാരേ, നമ്മുടെ അധ്വാനങ്ങളും നമ്മുടെ പ്രാര്‍ഥനകളും എപ്പോഴും നാം വിചാരിച്ചതു പോലെത്തന്നെ നടക്കാറുണ്ടൊ? ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ശ്രമങ്ങള്‍ വിജയിക്കുകയും പ്രാര്‍ഥനകള്‍ അല്ലാഹു കേള്‍ക്കുകയും ചെയ്യുമ്പോള്‍, അഥവാ നമ്മുടെ ആവശ്യങ്ങള്‍ നിവൃത്തിച്ചു കിട്ടുമ്പോള്‍ നമ്മള്‍ സന്തോഷിക്കുകയാണ് പതിവ്. അല്ലാഹുവിനെ നമ്മളെല്ലാവരും സ്തുതിക്കാറുമുണ്ട്. എന്നാല്‍ നമുക്ക് അഹങ്കരിക്കാന്‍ പാടുണ്ടൊ? എന്‍റെ പ്ലാനുകളും പദ്ധതികളും കൊണ്ടാണ് ഈ വിജയങ്ങളൊക്കെ വന്നു കിട്ടിയത്. എന്‍റെ തീരുമാനങ്ങളാണ് നല്ല വീട് കിട്ടാന്‍ കാരണമായത്. എന്‍റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതു കൊണ്ടാണ് എന്‍റെ ഭര്‍ത്താവിന്‍റെ കാര്യങ്ങളിലെല്ലാം ഐശ്വര്യം വരുന്നത്. ഞാനില്ലെങ്കില്‍, കാണാമായിരുന്നൂ.. ഇവ്വിധമൊക്കെ വിശ്വാസിനികളായ നമുക്ക് പറയാനും ചിന്തിക്കാനും പാടുണ്ടൊ? ഇല്ല. എന്തുകൊണ്ടെന്നാല്‍, നമ്മുടെ എല്ലാ നന്മകളിലും തിന്മകളിലും അല്ലാഹുവിന്‍റെ തീരുമാനങ്ങളും നിര്‍ണ്ണയങ്ങളുമാണ് നടക്കുന്നത്.

സ്ത്രീകളെന്ന നിലക്ക് നമുക്കല്‍പം ബേജാറ് കൂടുതലാണ് എന്ന് പൊതുവെ പറയാറുണ്ട്. കാര്യം ഏറെക്കുറെ ശരിയുമാണ്. കടബാധ്യത വന്നാല്‍, ദാരിദ്ര്യം ബാധിച്ചാല്‍, സ്വന്തത്തിനോ, ഭര്‍ത്താവിനോ, മക്കള്‍ക്കോ രോഗം വന്നാല്‍ വേഗം ബേജാറാവുക നമ്മളാണ്. മാത്രമല്ല ഈ തരത്തിലുള്ള പരീക്ഷണങ്ങള്‍ വന്നുപെട്ടാല്‍ അതിന്‍റെ കാരണങ്ങള്‍ ഊഹിച്ച് മാതാപിതാക്കളുടെ മേലൊ, ഭര്‍ത്താക്കന്മാരുടെ മേലൊ അതിന്‍റെ ഉത്തരവാദിത്തം കെട്ടിവെക്കുകയും ചെയ്യും. മാത്രമല്ല, ഞാന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഇങ്ങനെ കടം വരുമായിരുന്നൊ. എന്‍റെ അഭിപ്രായം അനുസരിച്ചിരുന്നെങ്കില്‍ ഇങ്ങനെ ദാരിദ്ര്യം വരുമായിരുന്നൊ. ഞാന്‍ പറഞ്ഞതു പോലെ ചെയ്തിരുന്നെങ്കില്‍ മക്കള്‍ ഇങ്ങനെ ആകുമായിരുന്നൊ എന്നിങ്ങനെ ഒരുപാട് ‘എങ്കിലു’കള്‍ പറഞ്ഞ് നാം ഭര്‍ത്താക്കന്മാരെ നോവിക്കുകയും െ യ്യും!

ചിലര്‍ അവിടെയും നില്‍ക്കില്ല; അല്ലെങ്കിലും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞതല്ലല്ലൊ കാര്യം. ഉമ്മക്കാരി പറഞ്ഞതല്ലേ വേദവാക്യം. പെങ്ങള് പറഞ്ഞാ അതാണ് നിങ്ങള്‍ക്ക് ആനക്കാര്യം. എന്‍റെ വാക്കിന് ഒരു വിലയും ഇല്ല. ഇപ്പഴൊ? അനുഭവിച്ചോളിന്‍.. എന്നിങ്ങനെ പറഞ്ഞ് അവരെ അവഹേളിക്കുകയും ചെയ്യും. പിന്നെയത് വലിയ കോലാഹലങ്ങള്‍ക്ക് വഴിവെക്കും. അമ്മായിമ്മ പോരിലേക്കും നാത്തൂന്‍ പോരിലേക്കും കൊണ്ടെത്തിക്കും. പിന്നെ വഴക്കായി വക്കാണമായി പിണക്കമായി… അവസാനമത് തീര്‍ക്കാന്‍ പറ്റാത്ത പ്രശ്നങ്ങളിലേക്ക് ചെന്നെത്തും.

സഹോദരിമാരേ, യഥാര്‍ത്ഥത്തില്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്താണ്? അല്ലാഹു പറഞ്ഞത് നാം വായിച്ചിട്ടില്ലെ? “ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുക യുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേട ത്തോളം എളുപ്പമുള്ളതാകുന്നു.” (ഹദീദ്/22)

എത്ര വ്യക്തമാണ് കാര്യം. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ആപത്തുകളെല്ലാം തന്നെ അല്ലാഹു നേരത്തെ തീരുമാനിച്ച് പിന്നീട് നടപ്പില്‍ വരുത്തുന്നതാണ്. അതില്‍ നമ്മുടെ എങ്കിലുകള്‍ക്കൊന്നും യാതൊരു സ്ഥാനവുമില്ല. എല്ലാം അല്ലാഹുവിന്‍റെ ക്വദാഇനനുസരിച്ചാണ് നടന്നു പോരുന്നത് എന്നര്‍ഥം. എന്തിനാണ് ഇപ്രകാരം ഒരു സംവിധാനം ഏര്‍പ്പാടാക്കിയത് എന്നും അല്ലാഹു തുടര്‍ന്നു പറയുന്നുണ്ട്.

“(ഇങ്ങനെ നാം ചെയ്തത്,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാ തിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാ തിരിക്കുവാനും വേണ്ടിയാണ്.” (ഹദീദ്/23)

സഹോദരിമാരേ, നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു വിപത്തിലും നമുക്ക് നമ്മെ തന്നെ പഴിക്കാന്‍ പറ്റില്ല. കാര്യങ്ങള്‍ ഏതൊക്കെ വിധത്തില്‍ നടക്കണം എന്ന് തീരുമാനിക്കാം. അതിന് വേണ്ട പ്രവര്‍ത്തനങ്ങളും നടത്താം. ശേഷം അല്ലാഹുവിന് ഏല്‍പിച്ചു കൊടുക്കാം. എന്താണൊ സംഭവിക്കുന്നത് അതില്‍ നമുക്ക് തൃപ്തിപ്പെടുകയും ചെയ്യാം. നേരെ മറിച്ച് കാര്യങ്ങള്‍ ഉദ്ദേശിച്ച വിധത്തില്‍ സംഭവിക്കാതിരുന്നതിന് ഭാര്യ ഭര്‍ത്താവിനേയും ഭര്‍ത്താവ് ഭാര്യയേയും പരസ്പരം പഴിക്കുന്നതും പരിഭവം പറയുന്നതും വളരെ വലിയ കുറ്റമാണ്. എന്തു കൊണ്ടെന്നാല്‍, അത് കാരുണ്യാവാനായ അല്ലാഹുവിന്‍റെ ക്വദാാഇനെ കളവാക്കലാണ്.

ഉമര്‍(റ) പറഞ്ഞു: “ഖദര്‍ എന്നാല്‍ അല്ലാഹുവിന്‍റെ ശക്തി വിശേഷമാണ്. ആരെങ്കിലും ഖദറിനെ നിഷേധിച്ചാല്‍ അവന്‍ അല്ലാഹുവിന്‍റെ ശക്തിവിശേഷത്തെ നിഷേധിച്ചവനായി”

ഇതേ ആശയം ഹസനുല്‍ ബസ്വരീ(റ)വും പറഞ്ഞിട്ടുണ്ട്, അദ്ദേഹം പറഞ്ഞു: “അല്ലാഹു മരണം നിശ്ചയിച്ചു. അതിനോടൊപ്പം രോഗവും ആരോഗ്യവും നിശ്ചയിച്ചു. ഖദറിനെ നിഷേധിച്ചവന്‍ ഖുര്‍ആനിനെ നിഷേധിച്ചു. ഖുര്‍ആനിനെ നിഷേധിച്ചാല്‍ അവന്‍ അല്ലാഹുവിനെ തന്നെ നിഷേധിച്ചു.”

സഹോദരികളേ, അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ) പറഞ്ഞത് ശ്രദ്ധിക്കുക: “എല്ലാ കാര്യങ്ങളും അല്ലാഹുവിന്‍റെ ഖദറിനനുസരിച്ചാണ് നടക്കുന്നത്. ഒരാള്‍ അവന്‍റെ, അല്ലെങ്കില്‍ അവളുടെ കൈത്തലം കവിളില്‍ വെക്കുന്നതു പോലും.”

ചുരുക്കത്തില്‍ ലവ് എന്ന പ്രയോഗം അഥവാ ഇന്ന പ്രകാരം സംഭവിച്ചിരുന്നെങ്കില്‍, ഇന്നതു പോലെ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നേനെ, ഗുണം ചെയ്തേനെ എന്ന ആശയം വരുന്ന പ്രയോഗം വിശ്വാസിനികളായ നമ്മളില്‍ നിന്ന് ഉണ്ടായിക്കൂടാ. അത് ജീവിതത്തില്‍ നിരാശയാണ് ഉണ്ടാക്കുക. നമുക്കറിയാമല്ലൊ, ജീവിതത്തില്‍ നിരാശ വന്നാല്‍ പിന്നെ, നമ്മുടെ ദയാനിധിയായ റബ്ബിനെ പഴിക്കാന്‍ അത് ഇടവരുത്തും. ജീവിതത്തില്‍ നിരാശ വരുത്തി വെക്കുന്നത് പിശാചാണ്. നമ്മുടെ ദാരിദ്ര്യത്തേയും, പട്ടിണിയേയും, രോഗത്തേയുമൊക്കെ പറഞ്ഞു വലുതാക്കി നമ്മളുടെ ഹൃദയത്തില്‍ പടച്ചവനെ സംബന്ധിച്ച മോശമായ ധാരണകള്‍ അവനുണ്ടാക്കും. അപ്പഴോ, നാമറിയാതെ നമ്മള്‍ അല്ലാഹുവില്‍ നിന്ന് അകലാന്‍ തുടങ്ങും. അല്ലാഹു കാത്തു രക്ഷിക്കട്ടെ.

അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞു തന്ന വളരെ സുപ്രധാനമായ ഒരു കാര്യമുണ്ട്. വിശ്വാസിനികള്‍ എന്ന നിലക്ക് നാമതിനെ ഗൗരവപൂര്‍വം മനസ്സിലാക്കണം. അല്ലാഹു പറഞ്ഞു:

“കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.  തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്; ഞങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തിലാണ്. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍.” (ബഖറ/155, 156, 157)

സഹോദരിമാരേ, ഇതായിരിക്കണം നമ്മുടെ നിലപാട്. ഒരിക്കലും നിരാശ അരുത്. ഒന്നിനേയും ആക്ഷേപിക്കരുത്. ജീവിത പ്രായസങ്ങളില്‍ തളരാതെ വേണം നമ്മുടെ ജീവിതം. നമ്മുടെ മാതൃകാ വനിതകളായ സ്വഹാബീ വനിതകള്‍ അവരുടെ ജീവിതത്തില്‍ അനുഭവിച്ച പ്രയാസങ്ങളൊന്നും സത്യത്തില്‍ നമ്മളാരും ഇന്നേ വരെ അനുഭവിച്ചിട്ടില്ല. ശരിയല്ലെ? തീര്‍ച്ചയായും ശരിയാണ്. ‘എങ്കില്‍’ എന്ന് പറയുന്നതിനെ സംബന്ധിച്ച് പ്രവാചക തിരുമേനി(സ്വ) പറഞ്ഞു തന്ന ഒരു ഉപദേശമുണ്ട്:

നബി തിരുമേനി(സ്വ) പറഞ്ഞു: ദുര്‍ബലനായ മുഅ്മിനിനേക്കാള്‍ അല്ലാഹുവിന്നിഷ്ടം ശക്തനായ മുഅ്മിനിനേയാണ്. എന്നാല്‍ രണ്ടു കൂട്ടരിലും നന്മയുണ്ട്. നിനക്ക് ഉപകാര പ്രദമായ കാര്യങ്ങള്‍ക്കാകണം നീ താത്പര്യം കാണിക്കേണ്ടത്. നീയൊരിക്കലും ഒരു കാര്യത്തിലും അശക്തനാകരുത്. ഏതെങ്കിലും കാര്യത്തില്‍ പരാജിതനായാല്‍ അഥവാ വിചാരിച്ചതു പോലെ ലഭിക്കാതെ വന്നാല്‍, “അല്ലാഹു നിര്‍ണ്ണയിച്ചതുപോലെ അവന്‍ ഉദ്ദേശിച്ചതുപോലെയാണ് കാര്യങ്ങള്‍ സംഭവിച്ചത്’ എന്നാണ് നീ പറയേണ്ടത്. ലവ് എന്ന പ്രയോഗത്തെ, അഥവാ ഇന്ന പ്രകാരം സംഭവിച്ചിരുന്നെങ്കില്‍, ഇന്നതു പോലെ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നേനെ, ഗുണം ചെയ്തേനെ എന്ന പ്രയോഗത്തെ നീ സൂക്ഷിക്കണം. അപ്രകാരം നീ പറഞ്ഞു പോകരുത്. ‘ലവ്’ അഥവാ ‘എങ്കില്‍’ എന്ന ആ പ്രയോഗം പിശാചിന്‍റെ പ്രവൃത്തിക്ക് വാതില്‍ തുറക്കലാകും. (ഇബ്നു ഹിബ്ബാന്‍)