ദീനറിവുകള്‍ ആധികാരികമാകുന്നതും ഫലപ്രദമായിത്തീരുന്നതും

666

ദൈവികമായ മാര്‍ഗദര്‍ശനങ്ങളെ അറിയാനും, അവ മറ്റുള്ളവര്‍ക്ക് മാതൃകയാകും വിധം പാലിച്ചും പ്രബോധനം ചെയ്തും ജീവിക്കാനും തൗഫീഖ് ലഭിച്ചവന്‍ സൗഭാഗ്യവാനാണ്. പ്രമാണങ്ങളിലൂടെ ലഭ്യമാകുന്ന ദീനറിവുകള്‍ വിപുലമാകുന്നതും വളര്‍ന്ന് പന്തലിക്കുന്നതും അവയെ നിരന്തരമായ ചിന്തകള്‍ക്കും പ്രയോഗങ്ങള്‍ക്കും വിധേയമാക്കുമ്പോഴാണ്. മാത്രമല്ല ആ അറിവുകള്‍ ഗുണകാംക്ഷയോടെയും ഫലപ്രതീക്ഷയോടെയും കൈമാറ്റം ചെയ്യപ്പെടുകയും വേണം. ഏറെ സൂക്ഷ്മതയും അധ്വാനവും വേണ്ട മേഖലയാണ് ഇത്. നാഥാ! എനിക്ക് അറിവ് വര്‍ദ്ധിപ്പിച്ചു തരണേ എന്ന് സദാ പ്രാര്‍ഥിക്കുകയും, അറിവിന്‍റെ പോഷണത്തിന് നിര്‍ബന്ധമായും ഉണ്ടാകേണ്ട ചിന്തയും കര്‍മ്മവും പ്രബോധനവും ജീവിതത്തില്‍ നിന്ന് മാറ്റിവെക്കുകയും ചെയ്യുന്നവനില്‍ ഒരു ഗുണവും പ്രതീക്ഷിക്കേണ്ടതില്ല. സത്യവിശ്വാസികള്‍ക്ക് പ്രവാചകന്‍മാരുടെ ജീവിതം മാതൃകയാകുന്നത് ഇവിടെയാണ്.

മനുഷ്യ സമൂഹത്തിന്‍റെ ഇഹപര വിജയങ്ങള്‍ക്കുതകുന്ന നന്മകളുടെ സാരോപദേശങ്ങള്‍ക്കായിട്ടാണ് പ്രവാചകന്മാര്‍ നിയോഗിതരായിട്ടുള്ളത്. പ്രബോധിത സമൂഹത്തിന്‍റെ ജീവിത സാഹചര്യങ്ങളും, അവരുടെ വഴികളും വഴികേടുകളും പരിഗണിച്ചാണ് ഓരോ പ്രവാചകന്നും അല്ലാഹു ദൗത്യമേല്‍പിച്ചു കൊടുത്തിട്ടുള്ളതും. അതിന്നനുസൃതമായ അറിവും പ്രായോഗികതയും മാന്യമായ പ്രബോധന രീതികളും അല്ലാഹു അവരെ പഠിപ്പിച്ചിട്ടുമുണ്ട്. ഏതു ദൂതന്‍റെ ജീവിത ചരിത്രം പരിശോധിച്ചാലും ഈ മൂന്ന് സംഗതികളും അവരില്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാനാകും. ഏതൊരു സന്ദേശത്തിന്‍റേയും വിജയകരമായ കൈമാറ്റത്തിന് അറിവും പ്രായോഗികതയും പ്രബോധന മേഖലയിലെ ഗുണകാംക്ഷയും അനിവാര്യമാണ് എന്നത്രെ ഇത് പഠിപ്പിക്കുന്നത്.

സത്യവിശ്വാസികള്‍ കര്‍മ്മനിരതരും കര്‍ത്തവ്യ വാഹകരുമാണ്. രണ്ടിന്‍റേയും സുഗമവും സഫലവുമായ നിര്‍വഹണത്തിന് യഥാര്‍ത്ഥ സ്രോതസ്സുകളില്‍ നിന്നുള്ള അറിവ് അടിസ്ഥാന നിബന്ധനയായി കാണാനാകും. തന്നില്‍ കര്‍മ്മവും കര്‍ത്തവ്യവുമുണ്ട് എന്ന ബോധമുള്ളവര്‍ക്കാണ്, ‘അറിവുള്ളവനും അറിവില്ലാത്തവനും സമമാകുമൊ?’, ‘അറിവു നല്‍കപ്പെട്ടവര്‍ പദവികളിലേക്കുയര്‍ത്തപ്പെടുന്നതാണ്,’ ‘നീ അറിവിന്‍റെ വര്‍ധനവിനു വേണ്ടി പ്രാര്‍ത്ഥിക്കുക’ തുടങ്ങിയ ഖുര്‍ആനിക വചനങ്ങളുടെ യഥാര്‍ത്ഥ പൊരുളറിയാന്‍ സാധിക്കുകയുള്ളൂ. ‘അറിവിന്‍റെ സദസ്സ് സ്വര്‍ഗത്തിലെ തോപ്പാണ്,’ ‘അറിവന്വേഷകന്ന് സ്വര്‍ഗത്തിലേക്കുള്ള വഴി സുഗമമാക്കപ്പെടും,’ ‘അവന്നു വേണ്ടി മലക്കുകള്‍ മുതല്‍ കടലിലെ മത്സ്യങ്ങള്‍ വരെ മാപ്പിരക്കും’ തുടങ്ങിയ പ്രവാചക മൊഴികളുടെ സാരമുള്‍ക്കൊള്ളാനും അത്തരക്കാര്‍ക്കേ കഴിയുകയുള്ളൂ.

പകരും തോറുമാണ് അറിവ് വിപുലമാകുന്നത്. പ്രാവര്‍ത്തികമാക്കും തോറുമാണ് അറിവില്‍ നൈപുണി കൈവരുന്നത്. മുഅ്മിനുകളില്‍ ഇത് രണ്ടും അനിവാര്യമാണ്. ജീവിതത്തെ സാര്‍ഥകമാക്കുന്ന യഥാര്‍ത്ഥ അറിവിന്‍റെ സ്രോതസ്സെവിടെ എന്നന്വേഷിച്ച് ലോകത്തലയേണ്ട ആവശ്യം വിശ്വാസികള്‍ക്കില്ല. പ്രവിശാലമായ ഖുര്‍ആനിന്‍റെ ആശയ സമുദ്രത്തില്‍ നിന്ന്, പ്രവാചകോപദേശങ്ങളുടെ മഹാ കലവറയില്‍ നിന്ന് പഠിച്ചെടുക്കാനും ചിന്തിച്ചു വര്‍ദ്ധിപ്പിക്കാനും പാഠങ്ങളും ദൃഷ്ടാന്തങ്ങളും അനവധിയാണ്. അവക്കു വേണ്ടി സമയം കണ്ടെത്തുകയും അധ്വാനിക്കുകയും ചെയ്യുന്നവര്‍ക്ക് ഭൂമിജീവിതത്തിലും പരലോക ജീവിതത്തിലും ഒരിക്കലും നഷ്ടം വരുകയുമില്ല.

“നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.” (മുജാദില/11)

ഈ ആയത്ത് നല്‍കുന്ന ചില സുപ്രധാന പാഠങ്ങളുണ്ട്. വിശ്വാസത്തിന്‍റെ തേട്ടമാണ് അറിവാര്‍ജ്ജനം. അറിവിന്‍റെ താത്പര്യമാണ് പ്രവര്‍ത്തനം. പ്രവര്‍ത്തനം കൊണ്ടര്‍ഥമാക്കുന്നത്, മുഫസ്സിറുകള്‍ വിശദീകരിച്ചതു പോലെ, അല്ലാഹുവിനെ അനുസരിക്കുകയും പുണ്യകര്‍മ്മങ്ങളിലേര്‍പ്പെടുകയും ചെയ്യുക എന്നതാണ്. വിശ്വാസവും വിജ്ഞാനവും പ്രവര്‍ത്തനവും കൂടിച്ചേര്‍ന്നിട്ടുള്ള മുഅ്മിനുകളെ അല്ലാഹു പദവികളിലേക്കുയര്‍ത്തി ആദരിക്കുമെന്ന കാര്യത്തില്‍ സന്ദേഹം വേണ്ടതില്ല. അല്ലാഹു നല്‍കുന്ന പദവികളും ആദരവുകളുമാണ് ജ്ഞാനികള്‍ എപ്പോഴും കൊതിക്കേണ്ടത്; അവയില്‍ നിന്നാകണം മാനസികാനന്ദം നുകരേണ്ടതും.

മേലെ നല്‍കിയ ആയത്തിന്‍റെ വിശദീകരണത്തില്‍ ഇബ്നു കഥീര്‍(റ), മഹാനായ ഇമാം അഹ്മദി(റ)ല്‍ നിന്ന് ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. ഖലീഫ ഉമര്‍(റ) അസ്ഫാന്‍ എന്ന പ്രദേശത്ത് വെച്ച് (മക്കയില്‍ നിന്ന് ഏകദേശം 95 കി.മീ. ദൂരം) മക്കയിലെ ഗവര്‍ണ്ണറായിരുന്ന നാഫിഅ് ബ്നു അബ്ദില്‍ ഹാരിഥി(റ)നെ കണ്ടുമുട്ടുകയുണ്ടായി. ഖലീഫ ചോദിച്ചു: ‘മക്ക വിട്ടപ്പോള്‍ ആരെയാണ് നീയവിടെ പകരക്കാരനാക്കിയിരിക്കുന്നത്?’ നാഫിഅ് പറഞ്ഞു: ഇബ്നു അബ്സയെ. ഖലീഫ: ‘ഇബ്നു അബ്സയോ, ആരാണത്?’ നാഫിഅ്: ഞങ്ങളിലെ ഒരു മൗല (അടിമത്ത വിമോചിതന്‍)യാണ് അദ്ദേഹം. ഖലീഫ: ‘ഒരു മൗലയെയാണൊ നീയവിടെ പകരക്കാരനായി നിശ്ചയിച്ചത്?’ നാഫിഅ്: അമീറുല്‍ മുഅ്മിനീന്‍, അദ്ദേഹം സാധാരണക്കാരനല്ല, ഖുര്‍ആന്‍ വായനയില്‍ നിപുണനാണദ്ദേഹം, അനന്തരാവകാശ നിയമത്തില്‍ അഗാധജ്ഞനുമാണ്. കൂടാതെ, അദ്ദേഹം പ്രദേശത്തെ ജഡ്ജുമാണ്. ഇത് കേട്ടപ്പോള്‍ ഖലീഫ ഉമര്‍ (റ) അത്ഭുതപൂര്‍വം പറഞ്ഞു: ‘നാഫിഅ്, ഒരിക്കല്‍ നിങ്ങളുടെ പ്രവാചകന്‍(സ്വ) നമ്മോട് പറഞ്ഞത് എനിക്കിവിടെ ഓര്‍മ്മ വരുകയാണ്; ഈ ഗ്രന്ഥം മുഖേന അല്ലാഹു ചിലരെ ഉന്നതനാക്കും, ഈ ഗ്രന്ഥം മുഖേനത്തന്നെ വേറെ ചിലരെ അവന്‍ താഴ്ന്നവനാക്കുകയും ചെയ്യും!’

അറിവേറുന്തോറും വിനയം കൂടെ വളരണം എന്നത് എല്ലാവരിലുമുള്ള പ്രാഥമിക ധാരണയാണ്. പഠിച്ചെടുത്ത അറിവുകളെ ജീവിതത്തില്‍ പകര്‍ത്താനും അന്യര്‍ക്ക് പകരാനുമുള്ള മനസ്ഥിതി വളര്‍ത്തുന്നത് വിനയമാണ്. സ്വന്തത്തെ മാനിക്കാനും മറ്റുള്ളവരെ പരിഗണിക്കാനും വിജ്ഞാനികള്‍ക്ക് പ്രചോദനമേകുന്നതും വിനയം തന്നെ. ‘അറിവുള്ള അഹങ്കാരി’ സ്വന്തത്തെ അവഹേളിക്കുന്നവനാണ്. സഹജീവികളെ പുച്ഛിക്കുന്നവനും സത്യത്തെ അവഗണിക്കുന്നവനുമാണ്. അല്ലാഹുവിന്ന് തീരെ ഇഷ്ടമില്ലാത്ത ജീവികളാണ് അഹങ്കാരികള്‍. അല്പം ലഭിക്കുമ്പോഴേക്കും അറിവിന്‍റെ കൊടുമുടിയിലാണ് താനെന്ന ഭാവം നടിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ അധികരിക്കുന്നുണ്ടൊ എന്ന സംശയത്തിലാണ് ജനങ്ങള്‍. വായ നിറയെ പദങ്ങളിട്ടും കൈകള്‍ രണ്ടും ആകാശത്തിടിച്ചും ഭാവഹാവാദികള്‍ കൊണ്ടഭിനയിച്ചും സമൂഹത്തിന് ‘അറിവു’ പകരുന്ന പ്രബോധകന്മാര്‍ മുഴുവനും അറിവുള്ളവരായിക്കൊള്ളണമെന്നില്ല. തങ്ങള്‍ക്ക് അറിവില്ല എന്ന അറിവു പോലും അവരുടെ അരികത്തു പോലും വന്നിട്ടുണ്ടാകില്ല. സമൂഹത്തിന് അനുഭവിക്കേണ്ടി വരുന്ന വന്‍ ദുരന്തമാണ് അത്തരം ആളുകളുടെ ആധിക്യം.

പരിസര സമൂഹത്തെ എല്ലാ നിലക്കും പരിഗണിക്കുന്നവനാകണം യഥാര്‍ത്ഥ പണ്ഡിതന്‍. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജീവിതത്തില്‍ വെച്ചുപുലര്‍ത്തുന്നവര്‍ മുഴുവന്‍ യാതൊരറിവുമില്ലാത്തവരാണ് എന്ന ധാരണയാകരുത് പ്രബോധനത്തിറങ്ങുന്ന പണ്ഡിതന്‍റേത്. അവരില്‍ എത്രയോ ദീനറിവുകളുണ്ടാകാം. പക്ഷെ, അവര്‍ അനുവര്‍ത്തിക്കുന്ന പല ആരാധനകള്‍ക്കും ആചാരങ്ങള്‍ക്കും പ്രാമാണികമായ രേഖയുണ്ടൊ എന്ന ജ്ഞാനം അവര്‍ക്കുണ്ടാകില്ലായിരിക്കാം. ആ ജ്ഞാനമാണ് അവരില്‍ പ്രബോധകരുണ്ടാക്കേണ്ടത്. ‘നിങ്ങള്‍ ജാഹിലുകളാണ്, നിങ്ങള്‍ക്ക് ദീനിനെ കുറിച്ചൊന്നുമറിയില്ല’ എന്ന നിര്‍ദ്ദാഷിണ്യ പ്രസ്താവന പ്രബോധകന്‍റെ വാക്കിലൊ, സമീപനങ്ങളിലൊ ഉണ്ടായിക്കൂടാ. ഖലീലുല്ലാഹി ഇബ്റാഹിം നബി(അ) സ്വന്തം പിതാവിനോട് സ്വീകരിച്ച പ്രബോധന ശൈലി നമുക്കും മാതൃകയായി സ്വീകരിക്കാവുന്നതാണ്. അത് ഖുര്‍ആനില്‍ നിന്ന് വായിക്കുക:

“അദ്ദേഹം (ഇബ്റാഹിം നബി) തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു?  എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം.” (മര്‍യം/42, 43)

തന്‍റെ പിതാവ് യാതൊരറിവുമില്ലാത്ത ഒരു മൂഢനാണ് എന്ന നിലക്കല്ല ഇബ്രാഹീം നബി(അ) അദ്ദേഹത്തെ സമീപിക്കുന്നത്. അദ്ദേഹത്തിനുള്ള അറിവുകളെ അദ്ദേഹം നിഷേധിക്കുന്നുമില്ല. പിതാവ് ബിംബാരാധകനാണ്. അല്ലാഹുവിന്‍റെ കോപത്തിനും ശിക്ഷക്കും വിധേയമാക്കുന്ന പ്രവര്‍ത്തനമാണത്. കാക്കകാരണവന്മാരാല്‍ ശീലിച്ച ബിംബാരാധന, ദൈവപ്രീതിയും ദൈവ സാമീപ്യവും നേടിത്തരുന്നതാണ് എന്ന അറിവാണ് പിതാവായ ആസറിന്‍റേത്. ആ അറിവ് തിരുത്തപ്പെടണം. ശരിയായ അറിവ് പിതാവിന്‍റെ മനസ്സില്‍ സന്നിവേശിപ്പിക്കണം. അതിന്ന് പ്രകോപന വഴിയല്ല ഫലപ്രദം. അതു കൊണ്ടു തന്നെ ഇബ്റാഹീം നബി(അ) പറഞ്ഞു: ‘എന്‍റെ പിതാവേ, തീര്‍ച്ചയായും താങ്കള്‍ക്ക് വന്നുകിട്ടിയിട്ടില്ലാത്ത അറിവ് എനിക്ക് വന്നുകിട്ടിയിട്ടുണ്ട്. ആകയാല്‍ താങ്കള്‍ എന്നെ പിന്തടരൂ. ഞാന്‍ താങ്കള്‍ക്ക് ശരിയായ മാര്‍ഗം കാണിച്ചുതരാം.’ അതെ, താങ്കളില്‍ ഒരുപാട് അറിവുണ്ട്. ഞാനതൊന്നും നിഷേധിക്കുന്നില്ല. പക്ഷെ, അവയിലില്ലാത്ത ഒരറിവ് അത് എന്‍റെ കൈവശമുണ്ട്. എനിക്കെന്‍റെ റബ്ബ് തന്നിട്ടുണ്ട്. പ്രസ്തുത അറിവ് താങ്കള്‍ക്കു പകര്‍ന്നു തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നൂ. അങ്ങ് ആ അറിവിനെ പിന്തുടരുന്നുവെങ്കില്‍ താങ്കള്‍ ശരിയായ മാര്‍ഗ്ഗത്തിലേക്കെത്തുന്നതാണ്. അത് കൊണ്ട് പിതാവേ, താങ്കളെന്നെ പിന്തുടരുക. നോക്കുക; ഏറ്റവും മികച്ച ബോധന രീതിയാണ് ഇബ്റാഹീം നബി(അ)യില്‍ നിന്ന് നാം പഠിച്ചെടുക്കുന്നത്!

പ്രമാണങ്ങളെ നിര്‍ലോപം ഉദ്ധരിച്ചു കൊണ്ടാകുമ്പോഴാണ് പകര്‍ന്നു കൊടുക്കുന്ന ദീനറിവുകള്‍  ആധികാരികമാകുന്നതും സമൂഹത്തില്‍ ഫലപ്രദമായിത്തീരുന്നതും. പ്രവാചക തിരുമേനി(സ്വ)യുടെ പ്രബോധനം അപ്രകാരമായിരുന്നു; തെളിവുകളെ പ്രബോധിതര്‍ക്കു മുമ്പാകെ സമര്‍പ്പിച്ചു കൊണ്ടുള്ള ബോധന രീതി. ഖുര്‍ആനതു പറയുന്നുണ്ട്.

“(നബിയേ,) പറയുക: ഇതാണ് എന്‍റെ മാര്‍ഗം. ബസ്വീറത്തോട് കൂടിയാണ് അല്ലാഹുവിലേക്ക് ഞാന്‍ ക്ഷണിക്കുന്നത്. ഞാനും എന്നെ പിന്‍പറ്റിയവരും.” (യൂസുഫ്/108)

ഈ ആയത്തിന്‍റെ താത്പര്യം ഇബ്നു കഥീര്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: “ഇതാകുന്നു അദ്ദേഹത്തിന്‍റെ മാര്‍ഗം, വഴി, അദ്ദേഹത്തിന്‍റെ ചര്യ; അഥവാ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായ വേറൊരു ഇലാഹുമില്ല, അവന്ന് യാതൊരു പങ്കുകാരനുമില്ല എന്ന ദഅ്വത്ത്. അതുമുഖേനയാണ് തിരുമേനി(സ്വ) അല്ലാഹുവിലേക്ക് ക്ഷണിച്ചത്. ദൃഢബോധ്യത്തോടെയും സുവ്യക്ത തെളിവുകളോടെയുമുള്ള ക്ഷണം. അദ്ദേഹം മാത്രമല്ല, അദ്ദേഹത്തെ പിന്തുടരുന്നവര്‍ മുഴുവന്‍ പ്രവാചകന്‍(സ്വ) ക്ഷണിച്ച ആദര്‍ശത്തിലേക്ക് ക്ഷണിക്കേണ്ടതും അപ്രകാരം തന്നെയാണ്. അഥവാ ഉള്‍കാഴ്ചയോടെയും ദൃഢബോധ്യത്തോടെയും, പ്രാമാണികവും ബൗദ്ധികവുമായ തെളിവുകളോടെയും.”

വിശുദ്ധ ഇസ്ലാമിലെ വിജ്ഞാനങ്ങള്‍ കലവറയില്ലാതെ പഠിച്ചെടുക്കുക. അവയെ കഴിയും വിധം ജീവിതത്തില്‍ സ്ഥാപിക്കുക. വാക്കുകളിലും കര്‍മ്മങ്ങളിലും, സ്വഭാവങ്ങളിലും പെരുമാറ്റങ്ങളിലും അവയുടെ ആത്മാവ് തുടിച്ചു നില്‍ക്കണം. കൈവശമുള്ള അറിവ് കുടുംബത്തിലും സമൂഹത്തിലും ഗുണകാംക്ഷയോടെ പകര്‍ന്നു നല്‍കുക. സഹജീവികള്‍ അവയിലൂടെ സ്വര്‍ഗ വഴിയിലെത്തണം. നമുക്കും അവര്‍ക്കും, അല്ലാഹുവിന്‍റെ കരുണയാല്‍, അതുവഴി ഫിര്‍ദൗസിലെത്താന്‍ സാധിക്കണം. അല്ലാഹു അനുഗ്രഹിക്കട്ടെ.