നബി(സ്വ)യെ അനുസരിക്കല്‍: ജീവത കാലത്തും വിയോഗ ശേഷവും

1463

ലോകാവസാനം വരെയുള്ള മനുഷ്യരിലേക്ക് പ്രവാചകനായി നിയോഗിക്കപ്പെട്ടവരാണ് മുഹമ്മദ് നബി(സ്വ). മനുഷ്യ സൃഷ്ടിപ്പിലെ ധര്‍മ്മം, മനുഷ്യ ജീവിതത്തിന്‍റെ ലക്ഷ്യം, ലക്ഷ്യം പ്രാപിക്കാനുള്ള യാത്രാവഴി, വഴിയില്‍ വിതറി നില്‍ക്കുന്ന വെളിച്ചം ഇവയെല്ലാം ലോകത്തിന് സമര്‍പ്പിക്കാനായിരുന്നു നബി(സ്വ)യുടെ നിയോഗം. പ്രവാചകത്വ ജീവിതത്തിലെ ഇരുപത്തി മൂന്നു വര്‍ഷക്കാലവും പ്രപഞ്ച സ്രഷ്ടാവ് ഏല്‍പിച്ച ഉത്തരവാദിത്തം കണിശമായും കൃത്യതയോടെയും തിരുനബി(സ്വ) നിര്‍വഹിച്ചു. അല്ലാഹുവില്‍ നിന്ന് ലഭിച്ച ഖുര്‍ആനിക സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിച്ചും, അവക്ക് വിശദീകരണങ്ങള്‍ നല്‍കിയും തന്‍റെ പ്രബോധിതരെ ഉത്തമ സമുദായമാക്കി മാറ്റാന്‍ പ്രവാചകന്‍(സ്വ) കുറച്ചൊന്നുമല്ല പാടുപെട്ടത്. പ്രവാചകത്വ കാലയളവില്‍ നബി തിരുമേനിക്കുണ്ടായ ഓരോ അനുഭവങ്ങളും മനുഷ്യ സമൂഹത്തിനു വേണ്ടിയുള്ള ത്യാഗമായിരുന്നു. അത്രമാത്രം പ്രിയമായിരുന്നു നബി(സ്വ)ക്ക് അവരോട്. ലോക ജനതയോടുള്ള പ്രവാചകന്‍റെ മാനസിക മമതയും നിലപാടും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

“തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.” (തൗബ/128)

പ്രവാചക തിരുമേനിയുടെ ഈ സന്മനസ്സിനെ മാനിച്ചും, അദ്ദേഹം ദൈവദൂതനാകുന്നൂ എന്ന അടിയുറച്ച വിശ്വാസത്തെ പരിഗണിച്ചും ജീവിക്കേണ്ടവനാണ് ഓരോ മുഅ്മിനും. നബി(സ്വ) ഖുര്‍ആനിലൂടെ പഠിപ്പിച്ചതും വിശദീകരിച്ചതും പ്രാവര്‍ത്തികമായി പരിശീലിപ്പിച്ചതുമായ സകല വിഷയങ്ങളും പൂര്‍ണ്ണാര്‍ഥത്തില്‍ സ്വീകരിച്ചു പാലിക്കുക എന്നതാണ് പരിഗണന എന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത്. മുഹമ്മദ് നബിക്ക് അല്ലാഹുവില്‍ നിന്ന് ലഭിച്ച വഹ്യാണ് ഖുര്‍ആന്‍. അതു വെച്ചു കൊണ്ട് അദ്ദേഹം സമൂഹത്തിനു നല്‍കിയ വിശദീകരണങ്ങളും പ്രായോഗിക രൂപങ്ങളും അല്ലാഹുവില്‍ നിന്നു ലഭിച്ച വഹ്യിന്‍റെ അടിസ്ഥാനത്തിലുള്ളതു തന്നെ. ഇതിനെ ഖണ്ഡിക്കാവുന്ന പ്രാമാണികമായ ഒരു വാദവും മുസ്ലിം ലോകത്തിന് പരിചിതമല്ല. അല്ലാഹു പറഞ്ഞു:

“അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.” (നജ്മ്/3, 4)

പ്രവാചകന്‍റെ നിയോഗത്തെ സംബന്ധിച്ച് പ്രസ്താവിച്ചപ്പോള്‍ അല്ലാഹു വ്യക്തമാക്കിയ വസ്തുത വിശ്വാസികള്‍ എന്നും മുഖവിലക്കെടുക്കണം. സൂറത്തുല്‍ ജുമുഅയിലെ രണ്ടാം വചനം പ്രധാനമായും പ്രവാചകന്‍റെ നാലു ദൗത്യങ്ങളാണ് എടുത്തു പറയുന്നത്.

“അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു.” (ജുമുഅ/2)

അല്ലാഹുവിന്‍റെ ഏകത്വത്തെ പ്രഖ്യാപിക്കുന്നതും സ്ഥാപിക്കുന്നതുമായ ദൃഷ്ടന്താങ്ങള്‍ ജനങ്ങള്‍ക്ക് വായിച്ചു നല്‍കുക, മഹാപാതകമായ ശിര്‍ക്ക് മുതല്‍ ലഘുവും ഗോപ്യവുമായ പാപങ്ങള്‍ വരെയുള്ള മുഴുവന്‍ മാലിന്യങ്ങളില്‍ നിന്നും ജനങ്ങളെ സംസ്കരിക്കുക, ഖുര്‍ആനും അതിലടങ്ങിയിരിക്കുന്ന പാഠങ്ങളും പഠിപ്പിക്കുക,  ഖുര്‍ആന്‍ സൂക്തങ്ങളിലടങ്ങിയിരിക്കുന്ന ശറഈ നിയമങ്ങളും കര്‍മ്മവശങ്ങളും പറഞ്ഞു പരിശീലിപ്പിക്കുക തുടങ്ങിയ സുപ്രധാനമായ ദൗത്യങ്ങളായിരുന്നു നബി(സ്വ)യുടേത് എന്ന് മേല്‍ സൂചിത ആയത്തില്‍ നിന്ന് നമുക്കു മനസ്സിലാക്കാം.

അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന വഹ്യുകളെ യഥാതഥം ഓതിക്കേള്‍പ്പിക്കുന്നതോടൊപ്പം തന്നെ പ്രവാചകനിലര്‍പ്പിതമായ മറ്റൊരു ഉത്തരവാദിത്തമായിരുന്നു അവയുടെ വിവരണമെന്നത്. ഖുര്‍ആനില്‍ അവതീര്‍ണ്ണമായിട്ടുള്ള പല സൂക്തങ്ങളും, അവയുടെ ആശയവും, താത്പര്യവും, സന്ദര്‍ഭവും, പ്രായോഗിക രൂപവുമൊക്കെ എല്ലാവര്‍ക്കും നേര്‍ക്കുനേരെ മനസ്സിലാക്കാവുന്ന രീതിയിലുള്ളവയല്ല. വിശദീകരിച്ചു നല്‍കേണ്ട പലതുമുണ്ടതില്‍. പ്രവാചകന്‍ (സ്വ) ആ കൃത്യം നന്നായി നിര്‍വിച്ചിട്ടുമുണ്ട്. പ്രസ്തുത വിശദീകരണങ്ങളാകട്ടെ, തനിക്കു ബോധനം നല്‍കിയ റബ്ബില്‍ നിന്നു തന്നെയുള്ള കല്‍പന പ്രകാരമായിരുന്നു.

“നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും.” (നഹ്ല്‍/44)

പ്രവാചക തിരുമേനിയുടെ സുന്നത്ത് ഇസ്ലാമിക പ്രമാണമാണ് എന്ന വസ്തുത മേലെ വായിച്ച ഖുര്‍ആന്‍ ആയത്തുകളില്‍ നിന്ന് മനസ്സിലാകുന്നുണ്ട്. നബി(സ്വ)യെ അനുസരിക്കുകയും എല്ലാ കാര്യത്തിലും പിന്തുടരുകയും ചെയ്യേണ്ടത് അന്ത്യനാള്‍ വരേക്കുമുള്ള ഓരോ സത്യവിശ്വാസിയുടേയും ബാധ്യതയാണ്. പ്രവാചകനെ കണ്ടും കേട്ടും ജീവിച്ച സ്വഹാബത്തിനു മാത്രം ബാധമകമായ ഒന്നല്ല അത്. ഖുര്‍ആന്‍ പറഞ്ഞു:

“(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്.” (ആലുഇംറാന്‍/31)

അല്ലാഹുവിന്‍റെ സ്നേഹവും മാപ്പും കരുണയുമൊക്കെ പ്രതീക്ഷിക്കുന്ന സത്യവിശ്വാസികള്‍ക്ക് അവ ലഭിക്കാനുള്ള മാര്‍ഗമായി അല്ലാഹു പഠിപ്പിക്കുന്നത് പ്രവാചകനെ അനുസരിക്കുക എന്നതാണ്. അല്ലാഹുവിനോടുള്ള സ്നേഹം പ്രവാചക കാലത്തു മാത്രം ഒതുങ്ങുന്നതല്ല. അത് പ്രവാചകാനുചരന്മാരില്‍ മാത്രം നിക്ഷിപ്തവുമല്ല. അന്ത്യനാള്‍ വരെയുള്ള സത്യവിശ്വാസീ സമഹൂത്തിന്‍റെ മാനസിക ഗുണമാണ് അത്. ആ ഗുണം നിലനില്‍ക്കുവോളം ദൈവദൂതനെ അനുസരിക്കുക എന്ന ബാധ്യതയും സംഗതമാണ്; എന്നല്ല, നിര്‍ബന്ധമാണ്. പ്രവാചകനെ അനുസരിക്കുന്നതു തന്നെയാണ് സത്യത്തില്‍ അല്ലാഹുവിനെ അനുസരിക്കുക എന്നത്. പ്രവാചക സുന്നത്തില്‍ നിന്ന് തിരിഞ്ഞു പോകുന്നവന്ന് പടച്ച തമ്പുരാനില്‍ നിന്നുള്ള  ഒരു സംരക്ഷണവും ലഭ്യമല്ല. അല്ലാഹു പറഞ്ഞു:

“(അല്ലാഹുവിന്‍റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു.” (നിസാഅ്/80)

“നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, (ധിക്കാരം വന്നു പോകാതെ) സൂക്ഷിക്കുകയും ചെയ്യുക.” (മാഇദ/92)

ഇബ്നജന്‍റ ഖയ്യിം (റ) എഴുതി: “അല്ലാഹു തന്‍റെ ദൂതന്ന് രണ്ടുതരം വഹ്യുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഓരോ ദാസനും അവ രണ്ടിലും വിശ്വസിക്കണമെന്നും അവ രണ്ടുമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അല്ലാഹു നിഷ്കര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത രണ്ടു വഹ്യുകളാണ് കിതാബും ഹിക്മത്തും. സൂറത്തുന്നിസാഅ് 113-ലെ, ‘അല്ലാഹു നിനക്ക് കിതാബും ഹിക്മത്തും അവതരിപ്പിച്ചു തന്നു’ എന്ന പ്രസ്താവനയും, സൂറത്തുല്‍ ജുമുഅ 2-ലെ ‘അവര്‍ക്ക് കിതാബും ഹിക്മത്തും പഠിപ്പിക്കുവാനും’ എന്ന പ്രസ്താവനയും ശ്രദ്ധേയമാണ്. കിതാബു കൊണ്ടുള്ള ഉദ്ദേശ്യം ഖുര്‍ആനും, ഹിക്മത്ത് എന്നാല്‍ സുന്നത്തുമാണ് എന്നത് സച്ചരിതരായ സലഫിന്‍റെ ഏകകണ്ഠമായ ധാരണയാണ്. പ്രവാചകന്‍റെ  തിരുനാവിലൂടെ അല്ലാഹു അറിയിച്ചു തന്നവയെ മുഴുവന്‍ സത്യപ്പെടുത്തുകയും വിശ്വസിക്കുകയും ചെയ്യണമെന്നത് എത്രമാത്രം നിര്‍ബന്ധമാണൊ, അത്രമാത്രം നിര്‍ബന്ധമാണ് അല്ലാഹുവില്‍ നിന്ന് പ്രവാചകന്‍ പഠിപ്പിച്ചു തന്ന മറ്റു കാര്യങ്ങള്‍ വിശ്വസിച്ചംഗീകരിക്കുക എന്നതും. മുസ്ലിംകള്‍ക്കിടയില്‍ നിസ്തര്‍ക്കം അംഗീകൃതമായ അടിസ്ഥാന കാര്യമാണിത്. ഇസ്ലാമിക വൃത്തത്തില്‍ നിന്ന് വെളിയില്‍ നില്‍ക്കുന്നവര്‍ക്കേ ഇക്കാര്യത്തില്‍ സംശയമുണ്ടാകൂ. ‘എനിക്ക് ഖുര്‍ആനും, അതൊടൊപ്പം അതുപോലുള്ളതും നല്‍കപ്പെട്ടിരിക്കുന്നു’ എന്ന് നബി(സ്വ) വ്യക്തമാക്കിയിട്ടുള്ളതാണ്.” (അര്‍റൂഹ്, പേ. 75)

ചുരുക്കത്തില്‍. പ്രവാചകന്‍ (സ്വ) ജീവിത കാലത്ത് അനുധാവനം ചെയ്യപ്പെട്ടതു പോലെത്തന്നെ മരണ ശേഷവും അനുധാവനം ചെയ്യപ്പെടേണ്ടതുണ്ട്. എന്തു കൊണ്ടെന്നാല്‍, സുരക്ഷിതമായ ജീവിത യാത്രക്ക് തെറ്റാത്ത വഴിവേണം. അതിലൂടെ മുന്നോട്ടു നടക്കാന്‍ സഹായകമാകുന്ന വെളിച്ചം വേണം. പിഴക്കാതെ സഞ്ചരിക്കാനും ലക്ഷ്യത്തിലേക്കെത്താനും പോന്ന ഈ രണ്ടു സംഗതികളും സത്യവിശ്വാസികള്‍ക്കു നല്‍കിയാണ് പ്രവാചകന്‍(സ്വ) വിടപറഞ്ഞിട്ടുള്ളത്. പ്രിയങ്കരരായ തന്‍റെ സ്വഹാബത്തിന്ന്, ഐഹിക ജീവിതത്തില്‍ നിന്നും യാത്രചോദിക്കുന്ന ഒരാളുടെ മാനസിക തീവ്രതയോടെ പ്രവാചകന്‍(സ്വ) നല്‍കിയ ഉപദേശത്തില്‍ അവിടുന്നു പറഞ്ഞു: “നിങ്ങളെ ഞാന്‍ വിട്ടേച്ചു പോകുന്നത് വെളിച്ചം നിറഞ്ഞ വഴിയിലാണ്. അതിലൂടെയുള്ള രാത്രിയാത്രയും പകല്‍യാത്രപോലെ സുരക്ഷിതമാണ്. സ്വയം നശിക്കാന്‍ തീരുമാനിച്ചവനല്ലാതെ ആ വഴിയില്‍ നിന്ന് മാറി ജീവിക്കുകയില്ല.” (ഇബ്നു മാജ) തന്‍റെ വിയോഗാനന്തരവും വിശ്വാസികളുടെ ദൈനംദിനമുള്ള ജീവിത പ്രയാണം വെളിച്ചം നിറഞ്ഞ വഴിയിലൂടെ മാത്രമായിരിക്കണം എന്നത് പ്രവാചകന്‍റെ നിര്‍ബന്ധമായിരുന്നൂ എന്ന് സാരം. തിരുമേനി(സ്വ)യുടെ മറ്റൊരു ഹദീസ് ശ്രദ്ധിക്കുക.

അബൂ ഹുറയ്റ(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍ അരുളി: “എന്‍റെ ഉമ്മത്തിലെ എല്ലാവരും സ്വര്‍ഗത്തില്‍ പ്രവേശിക്കും; വിസമ്മതിച്ചവനൊഴികെ. അപ്പോള്‍ ചോദിക്കപ്പെട്ടു: അല്ലാഹുവിന്‍റെ റസൂലേ, വിസമ്മതിച്ചവന്‍ എന്നതു കൊണ്ടുള്ളത് ഉദ്ദേശ്യം ആരാണ്? പ്രവാചകന്‍ പറഞ്ഞു: ആരാണൊ എന്നെ അനുസരിച്ചത് അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ആരാണൊ എന്നോട് ധിക്കാരം കാണിക്കുന്നത് അവനാണ് വിസമ്മതിച്ചവന്‍.”

നബി തിരുമേനിയുടെ ജീവിതകാലത്തു മാത്രമല്ല, അവിടുത്തെ വിയോഗ ശേഷവും ആ മഹാത്മാവ് അനുസരിക്കപ്പെടണം എന്നു തന്നെയാണ് ഈ തിരുമൊഴിയും നമ്മെ ബോധ്യപ്പെടുത്തുന്നത്. ‘എന്‍റെ ഉമ്മത്തിലെ എല്ലാവരും’ എന്ന ഹദീസിലെ പ്രതിപാദ്യം ഖിയാമത്തു നാളുവരെയും തിരുമേനിയില്‍ വിശ്വസിക്കുന്ന മുഅ്മിനുകളെ കൂടി ഉള്‍ക്കൊള്ളുന്നതായിരിക്കണമല്ലൊ. ഇക്കാര്യം കുറച്ചു കൂടി വ്യക്തമാക്കുന്ന ഒരു സൂക്തം കാണുക:

“(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍. (അഅ്റാഫ്/157)

മനുഷ്യര്‍ക്കിടയില്‍ സദാചാരം നിലനില്‍ക്കാന്‍,  അവരെ ദുരാചാരങ്ങളില്‍ നിന്ന് വിലക്കാന്‍, ഹലാലുകളും ഹറാമുകളും അവര്‍ക്ക് വ്യവച്ഛേദിച്ച് പഠിപ്പിക്കാന്‍, അനാചാരങ്ങളുടെ ചങ്ങലക്കൊളുത്തുകളില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ഖുര്‍ആന്‍ മുന്നില്‍ വെച്ചുകൊണ്ടുള്ള, വാക്കാലും പ്രവൃത്തിയാലുമുള്ള പ്രവാചക വിശദീകരണങ്ങള്‍ അഥവാ അവിടുത്തെ സുന്നത്ത് ലോകാവസനം വരെ അനുധാവനം ചെയ്യപ്പെടുക തന്നെ വേണം എന്ന് ഈ സൂക്തം വ്യക്തമാക്കുന്നുണ്ട്.

ഖുര്‍ആനിന്‍റെ സംരക്ഷണോത്തരവാദിത്തം മാത്രമാണ് അല്ലാഹു ഏറ്റെടുത്തിട്ടുള്ളത് എന്നും സുന്നത്തിന് അപ്രകാരമൊരു സുരക്ഷ പടച്ചവന്‍ വാഗ്ദാനം ചെയ്തിട്ടില്ലെന്നും വാദിക്കുകയും പ്രവാചക സുന്നത്തിനെ പൂര്‍ണ്ണമായി നിഷേധിച്ചു തള്ളുകയും ചെയ്യുന്ന അല്‍പ ജ്ഞാനികളുണ്ട്. നിങ്ങള്‍ നമസ്കാരം നിലനിര്‍ത്തുക, നിങ്ങള്‍ സകാത്തു നല്‍കുക, നിങ്ങള്‍ ഹജ്ജ് നിര്‍വഹിക്കുക, നിങ്ങള്‍ നമസ്കാരത്തിന് ശുദ്ധിയാകുക, നിങ്ങള്‍ വിവാഹം കഴിക്കുക തുടങ്ങിയ ഖുര്‍ആനിക സൂക്തങ്ങള്‍ക്കേ അല്ലാഹുവിന്‍റെ സംരക്ഷണമുണ്ടാകൂ എന്നാണ് സുന്നത്തു നിഷേധികളുടെ പ്രസ്തുത വാദത്തിലൂടെ വന്നു ഭവിക്കുക. അങ്ങനെയെങ്കില്‍, നമസ്കാരം ഇത്ര നേരമാണ്, ഓരോ നമസ്കാരത്തിലേയും റക്അത്തുകള്‍ ഇത്ര വീതമാണ്, സകാത്തിന്‍റെ നിസാബും വിഹിതവും ഇന്നിന്ന പ്രകാരമാണ്, ഹജ്ജിന്‍റെ സ്ഥലങ്ങളും ആരാധനാ രീതികളും ത്വവാഫിന്‍റെയും സഅ്യിന്‍റെയും എണ്ണങ്ങളും ഇപ്രകാരമാണ്, വുളുവിന്‍റെ അംഗങ്ങളും, അതിന്‍റെ രൂപങ്ങളും ഇന്നിന്നതൊക്കെയാണ്, ആരെയാണ് വിവാഹം കഴിക്കേണ്ടത്, വിവാഹത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്, ത്വലാഖെന്താണ്, അതിന്‍റെ രീതിയെന്താണ് തുടങ്ങിയ എണ്ണമറ്റ കാര്യങ്ങളില്‍ അല്ലാഹുവിന്‍റെ റസൂല്‍(സ്വ) വിശദീകരിച്ചു പഠിപ്പിച്ച ഒന്നിനും അല്ലാഹുവിന്‍റെ സംരക്ഷണം ലഭിക്കില്ല എന്നാണു വരിക! പടച്ചവന്‍റെ അനുഗ്രഹത്തില്‍ നിന്നും വിദൂരസ്ഥനായ തനി വിവരദോഷികളല്ലാതെ ഇത്തരമൊരു അവിവേക നിലപാടില്‍ ജീവിതം തുലക്കുകയില്ല!

ഇവ്വിധത്തിലുള്ള ഹദീസു നിഷേധികളുടെ സാന്നിധ്യത്തെ നബി(സ്വ) വെറുത്തിട്ടുണ്ടെന്ന് അവിടുത്തെ തിരുമൊഴികളില്‍ത്തന്നെ കാണാവുന്നതാണ്.

അബൂ റാഫി അ്(റ) നിവേദനം. നബി(സ്വ) അരുളി: അലംങ്കൃതമായ തന്‍റെ കട്ടിലില്‍ ചാരിയിരുന്നു കൊണ്ട്, തനിക്ക് വന്നു കിട്ടിയ എന്‍റെ ഒരു കല്‍പനയെ അല്ലെങ്കില്‍ ഒരു നിരോധത്തെ, ‘എനിക്ക് ഇതിനെപ്പറ്റി അറിഞ്ഞൂ കൂടാ, ഖുര്‍ആനില്‍ നാം കാണുന്നതെന്തൊ അതു മാത്രമേ നാം പിന്തുടരുകയുള്ളൂ’ എന്ന് പറയുന്ന ഒരു വ്യക്തിയെ നിങ്ങളില്‍ നിന്നു ഞാന്‍ കാണാനിടയാകാതിരിക്കട്ടെ. (അഹ്മദ്, അബൂദാവൂദ്)

ചുരുക്കത്തില്‍, റസൂലിന്‍റെ ജീവിത കാലത്ത് തിരുമേനിയെ അനുധാവനം ചെയ്യാനും, അനുസരിക്കാനും  അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ കല്‍പിച്ചതു പ്രകാരം, അത് സ്വഹാബത്തിന്‍റെ മേല്‍ എവ്വിധം നിര്‍ബന്ധമായോ, അതേ പ്രകാരം പ്രവാചകന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ സുന്നത്ത് അനുധാവനം ചെയ്യുക എന്നത് അവര്‍ക്കു ശേഷമുള്ള വിശ്വാസികളിലും നിര്‍ബന്ധമാണ്. നബി തിരുമേനിയുടെ വാക്കുകളും, വിധികളും, പ്രവൃത്തികളും അല്ലാഹുവില്‍ നിന്നുമുള്ളതാണ് എങ്കില്‍, അദ്ദേഹത്തിന്‍റെ കല്‍പനകള്‍ നടപ്പില്‍ വരുത്താന്‍ അല്ലാഹു കല്‍പിക്കുകയും ചെയ്യുന്നുണ്ട് എങ്കില്‍ നബി(സ്വ)യുടെ ജീവത കാലത്തിനും വിയോഗ ശേഷവും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല.

തന്‍റെ അസാന്നിധ്യത്തില്‍ എങ്ങനെയാണ് ഒരു മുസ്ലിം പ്രവാചക സുന്നത്തിനെ പിന്തുടരേണ്ടത് എന്ന പാഠം നബി(സ്വ)യുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. മുആദ് ബ്നു ജബലി(റ)നെ യമന്‍ ജനതയിലേക്ക് ഗവര്‍ണറായി പറഞ്ഞയക്കുന്ന വേളയില്‍ തിരുമേനി അദ്ദേഹത്തോട് ചോദിച്ചു: വിധിപറയേണ്ട വല്ല പ്രശ്നവും നിന്‍റെ മുന്നില്‍ വന്നാല്‍ എങ്ങിനെയാണ്  നീ വിധിക്കുക? അദ്ദേഹം പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ കിതാബു കൊണ്ട് വിധിക്കും. നബി (സ്വ) ചോദിച്ചു: അല്ലാഹുവിന്‍റെ കിതാബില്‍ ഇല്ല എങ്കിലൊ? അദ്ദേഹം പറഞ്ഞു: അപ്പോള്‍ അല്ലാഹുവിന്‍റെ ദൂതന്‍റെ സുന്നത്തു കൊണ്ടു ഞാന്‍ വിധിക്കും. നബി (സ്വ) ചോദിച്ചു:  അല്ലാഹുവിന്‍റെ ദൂതന്‍റെ സുന്നത്തിലും ഇല്ല എങ്കിലൊ? അദ്ദേഹം പറഞ്ഞു: ഞാന്‍ ഇജ്തിഹാദു ചെയ്യും, എന്‍റെ അഭീഷ്ടത്തെ സ്വീകരിക്കുകയില്ല. അപ്പോള്‍, നബി(സ്വ) അദ്ദേഹത്തിന്‍റെ നെഞ്ചില്‍ തട്ടിക്കൊണ്ട് പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍ തൃപ്തിപ്പെടും വിധം പ്രവൃത്തിക്കുന്നതിന്, ആ ദൂതന്‍റെ ദൂതന്ന് തൗഫീഖ് നല്‍കിയ അല്ലാഹുവിന്ന് സര്‍വസ്തുതിയും (അഹ്മദ്, അബൂ ദാവൂദ്, ദാരിമി)