ഖുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ട അന്ത്യനാളിന്റെ നാമങ്ങള്‍

1148

കൃത്യമായ ലക്ഷ്യവും ധര്‍മ്മവും നല്‍കി അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ അറിഞ്ഞും ഉള്‍ക്കൊണ്ടും അവന്റെ നിയമങ്ങള്‍ അനുസരിച്ചുമാകണം മനുഷ്യന്റെ ഭൂമിയിലെ ജീവിതം. സത്യവിശ്വാസം, സല്‍കര്‍മ്മം, സദാചാരം, കുടുംബ ധര്‍മ്മം, സാമൂഹ്യനന്മ തുടങ്ങിയ മേഖലകളിലെല്ലാം മുസ്ലിമിന്റെ ഇടപെടലുകള്‍ ദൈവിക പാഠങ്ങളെ സ്വീകരിച്ചു കൊണ്ടുള്ളതാകണം.ഖുര്‍ആനും മുഹമ്മദു നബി(സ്വ)യുടെ അധ്യാപനങ്ങളും പ്രസ്തുത പാഠങ്ങളാണ് നമ്മുടെ മുന്നില്‍ തുറന്നു വെച്ചിട്ടുള്ളത്.

മനുഷ്യ ജീവിതം ഐഹിക ഘട്ടത്തോടെ അവസാനിക്കുന്നില്ല. ഭൂമിയിലെ മരണം യഥാര്‍ത്ഥ ജീവിതത്തിലേക്കുള്ള തുടക്കമാണ്. ഭൂവാസം പരീക്ഷണ കാലമാണ്. നന്മയുടേയും തിന്മയുടേയും മാര്‍ഗ്ഗങ്ങള്‍ കൃത്യതയോടെ വേര്‍തിരിച്ചു കാണിച്ചു തന്ന അല്ലാഹു നന്മയുടെ പ്രതിഫലത്തെ സംബന്ധിച്ചും തിന്മയുടെ ശിക്ഷയെ സംബന്ധിച്ചും പഠിപ്പിച്ചു തന്നിട്ടുണ്ട്. നന്മകളുനുഷ്ഠിച്ച് സ്വര്‍ഗ്ഗവാസികളാകുക എന്നതാകണം മുസ്‌ലിംകളുടെ ഉന്നം.
പരലോക ജീവിതം ഇസ്‌ലാം നല്‍കുന്ന സന്ദേഹമില്ലാത്ത സന്ദേശമാണ്. ഈ ലോകത്തിന് ഒരു അവസാനമുണ്ട്. മറ്റൊരു ലോകത്തിന്റെയും അവിടത്തെ ജീവിതത്തിന്റേയും കണിശമായ സാധ്യത ഖുര്‍ആനും പ്രവാചക മൊഴികളും പഠിപ്പിക്കുന്നുണ്ട്. ലോകാവസാനത്തെ സംബന്ധിച്ച്, അന്നത്തെ സംഭവങ്ങളെയും മനുഷ്യന്റെ അവസ്ഥയേയും പരിഗണിച്ച് കൊണ്ട് വിവിധ പേരുകളിലാണ് അല്ലാഹു വിശദീകരിച്ചിട്ടുള്ളത്.
ഖുര്‍ആനില്‍ പ്രസ്താവിക്കപ്പെട്ടിട്ടുള്ള പ്രസ്തുത പേരുകളും, അതുള്‍ക്കൊള്ളുന്ന ആയത്തുകളും അവയുടെ അര്‍ത്ഥവും സംഗ്രഹിച്ചു നല്‍കുകയാണ് ചുവടെ.

1. പ്രതിഫല നാള്‍/ന്യായവിധി നാള്‍ (يوم الدين)
പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍. (ഫാതിഹ: 4)
അവര്‍ (ആ നിഷേധികള്‍) പറയും: അഹോ! ഞങ്ങള്‍ക്ക് കഷ്ടം! ഇത് പ്രതിഫലത്തിന്റെദിനമാണല്ലോ! (സ്വാഫാത്: 20)
ന്യായവിധിയുടെ നാള്‍ എപ്പോഴായിരിക്കും എന്നവര്‍ ചോദിക്കുന്നു. (ദാരിയാത്: 12)
ഇതായിരിക്കും പ്രതിഫലത്തിന്റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം. (വാഖിഅ: 56)

2. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ (يوم القيامة)
എന്നാല്‍ അവര്‍ തമ്മില്‍ ഭിന്നിക്കുന്ന വിഷയങ്ങളില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അല്ലാഹു അവര്‍ക്കിടയില്‍തീര്‍പ്പുകല്‍പിക്കുന്നതാണ്. (ബഖറ: 113)

3. നഷ്ടബോധത്തിന്റെ ദിവസം (يوم الحسْرة)
നഷ്ടബോധത്തിന്റെ ദിവസത്തെപ്പറ്റിഅഥവാ കാര്യം (അന്തിമമായി) തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെപ്പറ്റി നീ അവര്‍ക്ക് താക്കീത് നല്‍കുക. അവര്‍ അശ്രദ്ധയിലകപ്പെട്ടിരിക്കുകയാകുന്നു. അവര്‍ വിശ്വസിക്കുന്നില്ല (മര്‍യം: 39)

4. ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദിവസം (يومُ البعْث)
വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്: അല്ലാഹുവിന്റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദിവസം വരെ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇതാ ഉയിര്‍ത്തെഴുന്നേല്‍പിന്റെ ദിവസം. പക്ഷെ നിങ്ങള്‍ (അതിനെപ്പറ്റി) മനസ്സിലാക്കിയിരുന്നില്ല. (റൂം: 56)

5. തീരുമാനത്തിന്റെ ദിവസം (يوم الفصل)
(അവരോട് പറയപ്പെടും:) തീരുമാനത്തിന്റെദിവസമാണിത്. നിങ്ങളെയും പൂര്‍വ്വികന്‍മാരെയും നാം ഇതാ ഒരുമിച്ചുകൂട്ടിയിരിക്കുന്നു. (മുര്‍സലാത്: 38)

6. പരസ്പരം കണ്ടുമുട്ടുന്ന ദിവസം (يَوْمَ التَّلاقِ)
അവന്‍ പദവികള്‍ ഉയര്‍ന്നവനും സിംഹാസനത്തിന്റെ അധിപനുമാകുന്നു.തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സന്ദേശമാകുന്ന ചൈതന്യം അവന്‍ നല്‍കുന്നു. (മനുഷ്യര്‍) പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെപ്പറ്റിതാക്കീത് നല്‍കുന്നതിന് വേണ്ടിയത്രെ അത്. (ഗാഫിര്‍: 15)

7. ആസന്നമായ സംഭവം (يوم الآزفة)
ആസന്നമായ ആ സംഭവത്തിന്റെ ദിവസത്തെപ്പറ്റി നീ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുക. (ഗാഫിര്‍: 18)

8. വിചാരണാ ദിവസം (يوم الحساب)
അവര്‍ (സത്യനിഷേധികള്‍) പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങള്‍ക്കുള്ള (ശിക്ഷയുടെ) വിഹിതം ഞങ്ങള്‍ക്കൊന്നുവേഗത്തിലാക്കിതന്നേക്കണേ എന്ന്. (സ്വാദ്: 16)

9. പരസ്പരം വിളിച്ചുകേഴുന്ന ദിവസം (يَوْمُ التَّنَاد)
എന്റെ ജനങ്ങളേ, (നിങ്ങള്‍) പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തില്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു. (ഗാഫിര്‍: 32)

10. സമ്മേളന ദിവസം (يومُ الجَمْع)
അപ്രകാരം നിനക്ക് നാം അറബിഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ (മക്ക) യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കുവാന്‍ വേണ്ടിയും.

11. താക്കീതിന്റെ ദിവസം (يوم الوعيد)
കാഹളത്തില്‍ ഊതപ്പെടുകയും ചെയ്യും. അതാകുന്നു താക്കീതിന്റെ ദിവസം. (ഖാഫ്: 20)

12. ശാശ്വതവാസത്തിനുള്ള ദിവസം (يوم الخلود)
(അവരോട് പറയപ്പെടും:) സമാധാനപൂര്‍വ്വംനിങ്ങളതില്‍ പ്രവേശിച്ച് കൊള്ളുക. ശാശ്വത വാസത്തിനുള്ള ദിവസമാകുന്നു അത്. (ഖാഫ്: 34)

13. പുറപ്പാടിന്റെ ദിവസം (يوم الخروج)
അതായത് ആ ഘോരശബ്ദം യഥാര്‍ത്ഥമായും അവര്‍ കേള്‍ക്കുന്ന ദിവസം. അതത്രെ (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാടിന്റെ ദിവസം. (ഖാഫ്: 42)

14. പരലോകം (الآخرة)
സ്വന്തം ആത്മാവിനെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിന്റെ മാര്‍ഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും. (ബഖറ: 130)

15. പരലോക ഭവനം (الدار الآخرة)
ഭൂമിയില്‍ ഔന്നത്യമോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രിക ഭവനം നാം ഏര്‍പെടുത്തികൊടുക്കുന്നത്. അന്ത്യഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും. (ഖസസ്: 83)

16. ആ സമയം (الساعة)
ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും ആ (അന്ത്യ) സമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ് ചെയ്ത് കൊടുക്കുക. (ഹിജ്ര്‍: 85)

17. നഷ്ടം വെളിപ്പെടുന്ന ദിവസം (التغابن)
ആ സമ്മേളനദിനത്തിന് നിങ്ങളെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു.) അതാണ് നഷ്ടം വെളിപ്പെടുന്ന ദിവസം. (തഗാബുന്‍: 9)

18. ആ സംഭവം (الواقعة)
ആ സംഭവം സംഭവിച്ച് കഴിഞ്ഞാല്‍. അതിന്റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല. (വാഖിഅ: 1, 2)

19. യഥാര്‍ത്ഥ സംഭവം (الحاقة)
ആ യഥാര്‍ത്ഥ സംഭവം! എന്താണ് ആ യഥാര്‍ത്ഥ സംഭവം? ആ യഥാര്‍ത്ഥ സംഭവം എന്താണെന്ന് നിനക്കെന്തറിയാം? (ഹാഖ: 1,2,3)

20. ഭയങ്കര സംഭവം (القارعة)
ഭയങ്കരമായ ആ സംഭവം. ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു? ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം! (ഖാരിഅ: 1-4)

21. മഹാ വിപത്ത് (الطاعمة الكبرى)
എന്നാല്‍ ആ മഹാ വിപത്ത് വരുന്ന സന്ദര്‍ഭം. അതായതു മനുഷ്യന്‍ താന്‍ അദ്ധ്വാനിച്ചു വെച്ചതിനെപ്പറ്റി ഓര്‍മിക്കുന്ന ദിവസം. കാണുന്നവര്‍ക്ക് വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം. (നാസിആത്ത്: 34-36)

22. ചെകിടടപ്പിക്കുന്ന ആ ശബ്ദം (الصاخة)
എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍. അതായത് മനുഷ്യന്‍ തന്റെ സഹോദരനെ വിട്ട ഓടിപ്പോകുന്ന ദിവസം. തന്റെ മാതാവിനെയും പിതാവിനെയും. തന്റെ ഭാര്യയെയും മക്കളെയും. (അബസ: 33-36)

23. മൂടുന്ന സംഭവം (الغاشية)
(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ? അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും. പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്. (ഗാശിയ: 1-4)