സുഹൃത്തുക്കളെ നേടാന്‍ പ്രവാചക ജീവിതത്തില്‍ നിന്ന് ആറു വഴികള്‍

2761

ലോകത്ത് ഏറെ വായനക്കാരുള്ള ബെസ്റ്റ്‌സെല്ലര്‍ കൃതിയാണ്, ഡേയ്ല്‍ കാര്‍ണീഗിന്റെ How to Win Friends and Influence People
‘എങ്ങനെ സുഹൃത്തുക്കളെ നേടാം, ആളുകളെ സ്വാധീനിക്കാം’ എന്ന പ്രസ്തുത കൃതിയില്‍ പ്രതിപാദിക്കപ്പെട്ട നിര്‍ദ്ദേശങ്ങളെ വിശകലനത്തിന് വിധേയമാക്കുന്ന ഒരാള്‍ക്ക് ഒരു യാഥാര്‍ത്ഥ്യം ബോധ്യപ്പെടുന്നതാണ്.

മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തില്‍ കാണാവുന്ന മാതൃകകളുടെ അത്ഭുതകരമായ സാദൃശ്യം ആ കൃതിയിലെ ഓരോ നിര്‍ദ്ദേശങ്ങള്‍ക്കുമുണ്ട് എന്നതാണത്.

മുസ്‌ലിമെന്ന നിലക്ക് ഇതില്‍ അത്ഭുതപ്പെടേണ്ട ആവശ്യമില്ല. എന്തു കൊണ്ടെന്നാല്‍ വ്യക്തികള്‍ തമ്മിലുള്ള സംവേദന കല അഥവാ ജനങ്ങളുമായുള്ള സമീപന മര്യാദ മുഹമ്മദ് നബി(സ്വ) ജീവിതത്തിലൂടെ സസൂക്ഷ്മം ചെയ്തു പഠിപ്പിച്ചു തന്നിട്ടുള്ളതാണ്.

മറ്റേതൊരു വ്യക്തിയേക്കാളും ഈ മേഖലയില്‍ പ്രവാചകന്റെ ജീവിത മാതൃക അനന്യമാണ്.
മുഹമ്മദ് നബി(സ്വ)യെപ്പറ്റി അല്ലാഹു ഖുര്‍ആനില്‍ പ്രസ്താവിച്ചത് വായിക്കുക: “തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.” (ഖലം: 4)

നല്ല സുഹൃത്തുക്കളെ ലഭിക്കാന്‍ മിസ്റ്റര്‍ ഡേയ്ല്‍ തന്റെ പുസ്തകത്തില്‍ പ്രസ്താവിച്ച സുപ്രധാനമായ ആറ് പോയിന്റുകളെ, പ്രവാചക സമ്പ്രദായവുമായി അഥവാ സുന്നത്തുമായി ബന്ധപ്പെടുത്തി വിശദീകരിക്കുകയാണ് താഴെ.

1. സുഹൃത്തുക്കളെ സ്വന്തം പേരില്‍ സംബോധന ചെയ്യുക

പ്രവാചകന്‍ (സ്വ) തന്റെ ചുറ്റുമുള്ളവരുടെ പേരുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നതായി കാണാം.. അതു കൊണ്ടു തന്നെ തന്റെ സ്വഹാബികളുടെ അനുയോജ്യമല്ലാത്ത പേരുകളെ മാറ്റി മാന്യവും ആദരണീയവുമായ പേരുകള്‍ നബി(സ്വ) അവര്‍ക്ക് നിര്‍ദ്ദേശിച്ചുകൊടുത്തിരുന്നു.
സ്വഹാബി വനിതയായ ആസ്വിയ (عاصية) (റ)യുടെ പേര് നബി (സ്വ) ജമീല (جميلة) എന്നാക്കിയ സംഭവം ഇബ്‌നു ഉമര്‍(റ) ഉദ്ധരിച്ചിട്ടുണ്ട്. (തിര്‍മിദി) ആസ്വിയ എന്നാല്‍ ധിക്കാരി എന്നര്‍ത്ഥം. ജമീല എന്നാല്‍ സൗന്ദര്യവതി എന്നും.
വ്യക്തികളെ അവര്‍ക്കിഷ്ടമില്ലാത്ത നാമങ്ങളില്‍ അഭിസംബോധന ചെയ്യുന്നത് ബന്ധങ്ങളില്‍ അടുപ്പമല്ല അകല്‍ച്ചയാണ് ഉണ്ടാക്കുക.

2. എപ്പോഴും പുഞ്ചിരി തൂകൂക

മുഹമ്മദ് നബി(സ്വ) അവിടുത്തെ സഹചരന്മാരെ പുഞ്ചിരക്കുന്ന മുഖത്തോടെ മാത്രമേ അഭിമുഖീകരിച്ചിരുന്നുള്ളൂ.
“പ്രവാചകനേക്കാള്‍ പൂഞ്ചിരി തൂകൂന്ന മറ്റൊരാളെ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല” എന്ന് അബ്ദുല്ലാഹി ബ്ന്‍ ഹാരിസ് ജസ്അ് (റ)വ്യക്തമാക്കിയിട്ടുണ്ട്.
“മുസ്‌ലിമായതു മുതല്‍ തന്നോടൊപ്പം ഇരിക്കുന്നതില്‍ നിന്നും പ്രവാചക തിരുമേനി(സ്വ) എന്നെ ഒരിക്കലും തടഞ്ഞിട്ടേയില്ല. കാണുന്ന സമയത്തൊക്കെ അദ്ദേഹം എന്നെ നോക്കി പുഞ്ചിരി തൂകുമായിരുന്നു” എന്ന് ജരീര്‍ ബ്‌നു അബ്ദില്ലാഹ് (റ) പ്രസ്താവിച്ചിട്ടുണ്ട്. (മുസ്‌ലിം)

പുഞ്ചിരിയുടെ പ്രധാന്യത്തെ സംബന്ധിച്ച് പ്രവാചകന്‍ നല്‍കിയ മറ്റൊരു ഉപദേശം ജാബിര്‍ ബ്ന്‍ അബ്ദില്ല പ്രസ്താവിച്ചത് ഇപ്രകാരമാണ്: “എല്ലാ നന്മയും സ്വദഖയാണ്. നിന്റെ സഹോദരനെ പുഞ്ചിരിക്കുന്ന മുഖവുമായി അഭിമുഖീകരിക്കുന്നതും നന്മയാണ്.” (തിര്‍മിദി)

3. ആത്മാര്‍ത്ഥമായ സ്‌നേഹം പ്രകടിപ്പിക്കുക

തന്റെ അനുചരന്മാരോടും അല്ലാത്തവരോടും നിര്‍വിശേഷവും ആത്മാര്‍ത്ഥവുമായ സ്‌നേഹം പ്രകടിപ്പിക്കുക എന്നത് മുഹമ്മദ് നബി(സ്വ)യുടെ സവിശേഷമായ വ്യതിരിക്തതയാണ്. അതില്‍ മുതിര്‍ന്നവരെന്നൊ കുട്ടികളെന്നൊ വ്യത്യാസമില്ലായിരുന്നു.
പ്രവാചകന്‍ (സ്വ) കുട്ടികളോട് കാണിക്കുമായിരുന്ന വാത്സല്യ പ്രകടനത്തിന്റെ ഒരു ഉദാഹരണം അനസ് ബ്‌നു മാലിക് (റ) വിവരിച്ചിട്ടുണ്ട്. അബൂ ഉമൈര്‍ അനസി(റ)ന്റെ സഹോദരനാണ്. അബൂ ഉമൈറിന്റെ കയ്യില്‍, താന്‍ കളിപ്പിക്കാറുണ്ടായിരുന്ന ‘നുഗൈര്‍’ എന്ന് വിളിക്കുന്ന ഒരു കുരുവി എപ്പോഴും കാണുമായിരുന്നു. അതൊരിക്കല്‍ ചത്തുപോയി. നബി(സ്വ) അബുഉമൈറിനെ കാണുമ്പോഴെല്ലാം വാത്സല്യപൂര്‍വംതലോടുകയും, “അബൂ ഉമൈര്‍, നിന്റെ നുഗൈര്‍ കുരുവിക്ക് എന്തു പറ്റി?” എന്ന് ചോദിക്കുകയും ചെയ്യുമായിരുന്നു. (ബുഖാരി-അദബുല്‍ മുഫ്‌റദ്)

ആരോടുമുള്ള പ്രവാചക സ്‌നേഹത്തിന്റെയും പരിഗണനയുടേയും മറ്റൊരു സംഭവം കൂടി അനസ്(റ) തന്നെ ഉദ്ധരിക്കുന്നുണ്ട്. നബി(സ്വ) ഒരിക്കല്‍ എന്തൊ തിരക്കിട്ടു നടക്കുകയായിരുന്നു. ആ സമയം ഒരു അടിമപ്പെണ്‍കുട്ടി വന്ന് പ്രവാചകന്റെ കരം കവര്‍ന്നു. എന്നിട്ട്, ഇഷ്ടമുള്ള സ്ഥലങ്ങളിലൂടെയെല്ലാം അദ്ദേഹത്തേയും കൂട്ടി അവള്‍ നടന്നു. നബി(സ്വ) സുസ്‌മേരവദനനായി അവളെ പിന്തുടര്‍ന്നു.(ബുഖാരി)

തന്റെ സഹചരന്മാരോട് പ്രവാചകന്നുണ്ടായിരുന്ന ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ ഉദാഹരണങ്ങള്‍ ഇനിയുമുണ്ട്.

അബൂഹുറയ്‌റ(റ) ഉദ്ധരിച്ച ഒരു സംഭവം കാണുക. മദീനാ മസ്ജിദ് എന്നും അടിച്ചു വൃത്തിയാക്കിയിരുന്ന ഒരു സ്ത്രീയായിരുന്നു ഉമ്മു മിഹ്ജന്‍. കറുത്തു മെലിഞ്ഞ ഒരു സാധു സ്ത്രീ. നബി(സ്വ) ഒരു യാത്ര കഴിഞ്ഞ് തിരിച്ചു വന്നപ്പോള്‍ കുറച്ചു ദിവസങ്ങളായി അവരെ കാണുന്നില്ല. അവരെവിടെയെന്ന് സ്വഹാബികളോട് അന്വേഷിച്ചു. അവര്‍ പറഞ്ഞു: മരണപ്പെട്ടു. നബി(സ്വ) പറഞ്ഞു: “നിങ്ങളെന്തേ എന്നോടക്കാര്യം പറഞ്ഞില്ല?, എനിക്കവരുടെ ഖബറിടം കാണിച്ചു തരൂ.” ശേഷം, അവരുടെ ഖബറിന്നരികില്‍ പ്രവാചകന്‍ ചെന്നു. അവിടെ വെച്ച് അവര്‍ക്കു വേണ്ടി മയ്യത്ത് നമസ്‌കരിക്കുകയും ചെയ്തു. (ബുഖാരി, മുസ്ലിം)

4. ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രചോദനം നല്‍കുക

മതപരമായ ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു മുഹമ്മദ് നബി(സ്വ). അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും നബി(സ്വ) ചെയ്തിരുന്നില്ല. സല്‍പ്രവൃത്തികളനുഷ്ഠിക്കാന്‍ അദ്ദേഹം തന്റെ സ്വഹാബികളെ എപ്പോഴും പ്രോത്സാഹിപ്പിക്കുമായിരുന്നു. ഏതു നല്ല കര്‍മ്മത്തിനും അതിന്റെ പ്രതിഫലം തിരിച്ചു ലഭിക്കുമെന്ന സന്തോഷവാര്‍ത്ത നല്‍കിയായിരുന്നു സ്വഹാബികള്‍ക്ക്അദ്ദേഹം പ്രചോദനമേകിയിരുന്നത്. ദുനിയാവിലെ സുഖാഢംബരങ്ങളോട്വിരക്തി വേണമെന്ന് ഉപദേശിക്കുമ്പോഴും, അതുമുഖേന ലഭിക്കാവുന്ന ഇഹപര നേട്ടങ്ങളെ പറഞ്ഞു പഠിപ്പിക്കുമായിരുന്നു.
വ്യക്തികളിലെ നന്മകളെ കണ്ടെത്താനും അത് പ്രോത്സാഹിപ്പിക്കാനും, വ്യക്തികള്‍ക്കാവശ്യമായ നേട്ടങ്ങളെ മനസ്സിലാക്കാനും അവയിലേക്കാവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കാനും ശ്രദ്ധിക്കുമ്പോഴാണ്, ആളുകള്‍ നമ്മളിലേക്ക് ചായുന്നതും സ്‌നേഹബന്ധങ്ങള്‍ വിപുലപ്പെടുത്തുന്നതും.

5. അനാവശ്യമായ വാഗ്വാദങ്ങള്‍ ഒഴിവാക്കുക

അനാവശ്യമായ വാഗ്വാദങ്ങള്‍ മുഹമ്മദ് നബി(സ്വ)യുടെ സ്വഭാവത്തില്‍ ഇല്ലായിരുന്നു. തര്‍ക്കങ്ങളിലേര്‍പ്പെടുന്നവനെ ആര്‍ക്കും ഇഷ്ടമല്ല. അവനുമായി സൗഹൃദത്തിന് ആരും തയ്യാറാകുകയുമില്ല. വാഗ്വാദങ്ങള്‍ പലപ്പോഴും കോപത്തിലേക്കും കോപാനുബന്ധ അപകടങ്ങളിലേക്കും നയിക്കും. അതു കൊണ്ടു തന്നെ, ആവശ്യമുള്ള കാര്യങ്ങളില്‍ പോലും അനാവശ്യമായ തര്‍ക്കങ്ങളിലേര്‍പ്പെടുന്നതിനെ നബി(സ്വ) വിലക്കിയിട്ടുണ്ട്. അറിയാനും അറിയിക്കാനുമാകണം സംവാദം. അതാകട്ടെ പരസ്പരം മാനിച്ചു കൊണ്ടുള്ളതുമാകണം. അങ്ങനെയാകുമ്പോള്‍ സ്‌നേഹബന്ധങ്ങള്‍ നിലവില്‍ വരും. സൗഹൃദം പൂത്തലയും.
ഏതു കാര്യത്തിനും ആരേയും ആക്ഷേപിക്കുന്ന പതിവും പ്രവാചകനില്ലായിരുന്നു. പ്രവാചകന്റെ സേവകനായി തിരുമേനിയുടെ കൂടെ ജീവിച്ച അനസ് ബ്‌നു മാലിക് (റ) പറയുന്നത് കാണുക. “നീണ്ട പത്തു വര്‍ഷക്കാലം ഞാന്‍ പ്രവാചകന്റെ സേവകനായി ജീവിച്ചു. ഞാനന്ന് ബാലനായിരുന്നു. അദ്ദേഹത്തിന്റെ താത്പര്യത്തിനനുസരിച്ച് ഞാന്‍ ഒരു കാര്യം ചെയ്തിട്ടില്ല എങ്കില്‍, ‘എന്തു കൊണ്ട് നീയതു ചെയ്തില്ല?’ എന്ന് ചോദിച്ച് തിരുമേനി എന്നോട് ദേഷ്യപ്പെടുമായിരുന്നില്ല. ഞാന്‍ ചെയ്ത ഏതെങ്കിലുമൊരു പണിയെ ചൂണ്ടി, ‘നീയെന്തിനാണിത് ചെയ്തത്?’ എന്ന് തിരുമേനി എന്നോട് കയര്‍ത്തിട്ടുമില്ല. (അബൂദാവൂദ്)

6. അംഗീകരിക്കുകയും നന്ദി പ്രകാശിപ്പിക്കുയും ചെയ്യുക

മുഹമ്മദ് നബി(സ്വ)യുടെ വിശിഷ്ഠമായ ഗുണമാണ് കൃതജ്ഞത. തനിക്കും മറ്റുള്ളവര്‍ക്കും നന്മ ചെയ്യുന്നവരെ അംഗീകരിക്കാനും അവര്‍ക്ക് നന്ദി പ്രകാശിപ്പിക്കാനും നബി(സ്വ) എപ്പോഴും ശ്രദ്ധിച്ചിരുന്നു. അവരോടുള്ള കടപ്പാട് വര്‍ഷങ്ങളോളം അദ്ദേഹം നിലനിര്‍ത്തിയിരുന്നു. പ്രവാചകന്റെ ഇഷ്ടഭാര്യയായിരുന്ന ഖദീജ(റ)യുടെ വിയോഗാനന്തരം അവരുടെ സ്‌നേഹിതകളുടെ കുടുംബത്തിലേക്ക് സമ്മാനങ്ങള്‍ കൊടുത്തു വിടുക എന്നത് പ്രവാചകന്റെ ശീലമായിരുന്നു.
അന്യരെ അംഗീകരിക്കുക. അവരുടെ നല്ല ചെയ്തികളെ ആദരിക്കുക. അവര്‍ ചെയ്തു തരുന്ന നന്മകള്‍ക്ക് നന്ദി പറയുക എന്നിവയെല്ലാം വ്യക്തി ബന്ധങ്ങളെ പുഷ്ടിപ്പെടുത്തുന്നതാണ്.
“ജനങ്ങള്‍ക്ക് നന്ദി കാണിക്കാത്തവനോട് അല്ലാഹു നന്ദി കാണിക്കില്ല” എന്ന പ്രവാചക ഉദ്‌ബോധനം അബൂഹുറയ്‌റ(റ) പ്രസ്താവിച്ചിട്ടുണ്ട്. (തിര്‍മിദി)

മറ്റൊരു പ്രവാചക വചനം ഇങ്ങനെയാണ്.
“ആരില്‍ നിന്നെങ്കിലും വല്ല ഗുണവും ലഭിച്ചാല്‍ കഴിയുമെങ്കില്‍ ഉടന്‍ തന്നെ അവനോട് നന്ദി പറയുക. അവനെ കാണുന്നില്ല എങ്കില്‍ അവന്നു വേണ്ടി നീ പ്രാര്‍ത്ഥിക്കുക.. അവനു വേണ്ടി പ്രാര്‍ത്ഥിക്കുക വഴി നീയവന്ന് നന്ദി ചെയ്തു കഴിഞ്ഞു. ഗുണം ചെയ്തവന്ന് നന്ദി കാട്ടാത്തവന്‍ കൃതഘ്‌നനാണ്.” (അബൂദാവൂദ്).

നല്ല കൂട്ടുകാരെ ലഭിക്കാന്‍, കിട്ടിയ കൂട്ടുകാരുമായുള്ള സൗഹൃദം നിലനിര്‍ത്താന്‍ പ്രവാചക ശ്രേഷ്ഠന്റെ ജീവിത മാതൃകകള്‍ സത്യവിശ്വാസികള്‍ക്ക് തീര്‍ച്ചയായും ഉപകരിക്കും. അവ പഠിച്ചെടുത്ത് ജീവിതത്തില്‍ പാലിക്കുന്നതിന്നമ്മില്‍ അല്ലാഹുവിന്റെ തൗഫീഖുണ്ടാകട്ടെ. ആമീന്‍