മാതാപിതാക്കളോട് മക്കള്‍ നിര്‍വഹിക്കേണ്ട ബാധ്യതകള്‍ നിരവധിയാണ്. വിശുദ്ധ ഖുര്‍ആനും നബി തിരുമേനി(സ്വ)യുടെ സുന്നത്തും പ്രസ്തുത വിഷയത്തിലുള്ള ഉപദേശങ്ങള്‍ ഏറെ നല്‍കിയിട്ടുണ്ട്. ഓരോ മാതാവും പിതാവും മക്കളില്‍ നിന്ന് പുണ്യം അര്‍ഹിക്കുന്നവരാണ്. പുണ്യം ചെയ്യുക എന്നത് വിശ്വാസിയുടെ സല്‍സ്വഭാവമായിട്ടാണ് നബി (സ്വ) പഠിപ്പിച്ചിട്ടുള്ളത്.
നുവ്വാസ് ബ്നു സംആന്‍ (റ) നിവേദനം. നബി(സ്വ) അരുളി: പുണ്യം സല്‍സ്വഭാവമാണ്. (മുസ്ലിം)
മക്കളുടെ വളര്‍ച്ചയിലും നേട്ടങ്ങളിലും മാതാപിതാക്കളുടെ ശ്രമവും അധ്വാനവും വളരെ വലുതാണ്. ശൈശവാവസ്ഥ മുതല്‍ സ്വന്തം കാര്യം നിര്‍വഹിക്കാനാകുന്ന അവസ്ഥ വരേക്കും മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവരാണ് മാതാവും പിതാവും. തങ്ങളുടെ സന്താനങ്ങള്‍ക്കു വേണ്ടി ജീവിതത്തില്‍ അവര്‍ പലതും ത്യജിക്കുന്നുണ്ട്.
മാതാവിന്‍റെ കാര്യം തന്നെ ചിന്തിച്ചു നോക്കൂ. എത്രയധികം പ്രയാസമാണ് മക്കള്‍ക്കു വേണ്ടി അവര്‍ സഹിക്കുന്നത്. ശാരീരികവും മാനസികവുമായ ഒട്ടേറെ ബുദ്ധിമുട്ടുകളിലൂടെയാണ് അവരുടെ ഗര്‍ഭകാലം കടന്നു പോകുന്നത്. പ്രയാസങ്ങളുടെ മേല്‍ പ്രയാസം സഹിച്ചു കൊണ്ടാണ് അവര്‍ ഒരു സന്താനത്തിന് ജന്മം നല്‍കുന്നത്. എന്നാല്‍ താന്‍ പ്രസവിച്ച കുഞ്ഞിന്‍റെ മുഖം കാണുന്നതോടെ ഒരു മാതാവിന്‍റെ വേദനകളെല്ലാം സന്തോഷത്തിലേക്ക് വഴിമാറുകയാണ്. സ്വന്തം വിശപ്പു മറന്ന് അവര്‍ തന്‍റെ കുഞ്ഞിന് മുലയൂട്ടി. ഉറക്കമൊഴിച്ച് കുഞ്ഞിനെയവര്‍ താരാട്ടു പാടി ഉറക്കി. താഴത്തും തലയിലും വെക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ അവരെ പരിപാലിച്ചു വളര്‍ത്തി. മക്കള്‍ക്കു വേണ്ടിയായിരുന്നൂ ഓരോ ഉമ്മയുടേയും ജീവിതം. അവരുടെ സന്തോഷങ്ങളായിരുന്നൂ അവരുടേയും സന്തോഷം. അല്ലാഹു പറയുന്നു:
തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. (അഹ്ക്വാഫ്: 15)
മക്കള്‍ക്കു വേണ്ടിയുള്ള പിതാവിന്‍റെ ത്യാഗങ്ങളും ചെറുതല്ല. രാവും പകലും അവര്‍ അധ്വാനിച്ചിരുന്നത് മക്കള്‍ക്കു വേണ്ടിയായിരുന്നു. അവര്‍ക്ക് ഭക്ഷണം നല്‍കാന്‍, അവര്‍ക്ക് വസ്ത്രം നല്‍കാന്‍, അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍, അവരുടെ ആവശ്യങ്ങള്‍ നിവൃത്തിക്കാന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നവരാണ് പിതാക്കള്‍. മക്കളുടെ ഓരോ വളര്‍ച്ചയിലും പിതാവൊഴുക്കിയ വിയര്‍പ്പിന്‍റെ ഗന്ധമുണ്ട്. സന്താനങ്ങളുടെ നന്മകളിലും നേട്ടങ്ങളിലും എന്നും അഭിമാനത്തോടെ സന്തോഷിക്കുന്നവരാണ് ഉപ്പമാര്‍. നല്ല ശിക്ഷണം നല്‍കി മാതൃകായോഗ്യരായ മക്കളാക്കി വളര്‍ത്താന്‍ പിതാക്കള്‍ സഹിക്കുന്ന പ്രയാസങ്ങളും ശ്രമങ്ങളും നമ്മുടെ ശ്രദ്ധയില്‍ എപ്പോഴുമുണ്ടാകണം. മാതാവും പിതാവും മക്കള്‍ക്കു വേണ്ടി ചെയ്ത ത്യാഗങ്ങളും അവരുടെ വളര്‍ച്ചയുടെ മാര്‍ഗത്തില്‍ സഹിച്ച വിഷമങ്ങളും പരിഗണിച്ചു കൊണ്ട് അല്ലാഹു സുബ്ഹാനഹു വ തആല നമുക്കു നല്‍കുന്ന ഉപദേശം നോക്കൂ.
തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാവിനും പിതാവിനും നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. (ഇസ്റാഅ്: 23)
മാതാപിതാക്കളോട് മാന്യമായും കരുണയോടെയുമാണ് നമ്മള്‍ പെരുമാറേണ്ടത്. നല്ല നിലയിലാണ് അവരോട് സംസാരിക്കേണ്ടത്. അവര്‍ക്ക് വേദനയുണ്ടാക്കും വിധമുള്ള പ്രയോഗങ്ങള്‍ പോലും നമ്മുടെ വാക്കുകളില്‍ ഉണ്ടാകരുത്. രക്ഷിതാക്കളുടെ വാര്‍ദ്ധക്യ കാലത്ത് നമ്മുടെ സ്നേഹവും പരിലാളനകളും സമൃദ്ധമായി നാമവര്‍ക്ക് നല്‍കണം. വൃദ്ധ സദനങ്ങളിലല്ല അവരുടെ വാര്‍ദ്ധക്യ കാലം കഴിച്ചു കൂട്ടേണ്ടത്. നമ്മുടെ വീടുകളില്‍ നമ്മളോടൊപ്പമാകണം അവരുടെ ജീവിതം. അവരോട് ദേഷ്യപ്പെട്ടും കയര്‍ത്തും സംസാരിക്കുന്നത് പാപമാണ് തുടങ്ങിയ കാര്യങ്ങളാണ് മേലെ വായിച്ച ക്വുര്‍ആന്‍ ആയത്തില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്.
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു: ഞാന്‍ അല്ലാഹുവിന്‍റെ റസൂലിനോട് ചോദിച്ചു: അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടമുള്ള പ്രവൃത്തി ഏതാണ്? അദ്ദേഹം പറഞ്ഞു: നമസ്കാരം അതിന്‍റെ സമയത്തു തന്നെ നിര്‍വഹിക്കുക. ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? അദ്ദേഹം പറഞ്ഞു: മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യുക. ഞാന്‍ ചോദിച്ചു: പിന്നെ ഏതാണ്? അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദു ചെയ്യുക. (ബുഖാരി, മുസ്ലിം)
രക്ഷിതാക്കളെ ആദരിക്കണം. അവരുമായി നല്ല ബന്ധം എപ്പോഴും നിലനിര്‍ത്തണം. അവര്‍ നമ്മെ ശാസിക്കുന്നതും ഉപദേശിക്കുന്നതും നമ്മുടെ നന്മക്കു വേണ്ടിയും നേട്ടങ്ങള്‍ക്കു വേണ്ടിയും മാത്രമാണ് എന്ന് നാം തിരിച്ചറിയണം. അവരുടെ വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും മുന്‍ഗണന നല്‍കണം. എന്തു കൊണ്ടെന്നാല്‍ നമ്മളേക്കാള്‍ കൂടുതല്‍ ജീവിതാനുഭവമുള്ളവര്‍ അവരാണ്. അവരുടെ അഭിപ്രായങ്ങളില്‍ വല്ല അപാകതകളും കാണുന്നുവെങ്കില്‍ മാന്യമായി തിരുത്താനാകണം നാം ശ്രമിക്കേണ്ടത്.
മാതാപിതാക്കളെ ബഹുമാനിക്കുകയും അവരുടെ ആവശ്യങ്ങള്‍ നിവൃത്തിച്ചു കൊടുക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ അവര്‍ക്കു വേണ്ടി എപ്പോഴും പ്രാര്‍ഥിക്കണം എന്നു കൂടി അല്ലാഹു കല്‍പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു:
കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക. (ഇസ്റാഅ്:24)
മാതാപിതാക്കളുടെ ജീവിത കാലത്തു മാത്രമല്ല നാം അവര്‍ക്കു വേണ്ടി നന്മകള്‍ ചെ യ്യേണ്ടത്. മരണാനന്തരവും നിര്‍വഹിക്കാനുള്ള നന്മകളെ പറ്റി മുഹമ്മദ് നബി(സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്.
ഒരു ഹദീസ് കാണുക: അബൂ ഉസയ്ദ് മാലിക് ബ്നു റബീഅ (റ) നിവേദനം. അദ്ദേഹം പറയുന്നു: ഒരിക്കല്‍ ഞങ്ങള്‍ അല്ലാഹുവിന്‍റെ റസൂലിന്നരികില്‍ ഇരിക്കുകയായിരുന്നു. ആ സമയം ബനൂ സലമ ഗോത്രത്തില്‍ പെട്ട ഒരാള്‍ വന്നു കൊണ്ട് പ്രവാചകനോട് ചോദിച്ചു: അല്ലാഹുവിന്‍റെ റസൂലേ, എന്‍റെ മാതാപിതാക്കളുടെ മരണശേഷവും അവര്‍ക്കു വേണ്ടി ഞാന്‍ ചെയ്യേണ്ടുന്ന വല്ല പുണ്യകര്‍മ്മവും അവശേഷിക്കുന്നുണ്ടൊ? അപ്പോള്‍ നബി(സ്വ) പറഞ്ഞു: ഉണ്ട്, അവര്‍ക്ക് രണ്ടാള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുക, അവര്‍ക്കുവേണ്ടി പാപമോചനത്തിന് തേടുക, അവര്‍ മുഖേനയുള്ള കുടുംബ ബന്ധങ്ങളെ നിലനിര്‍ത്തുക, അവരുടെ സ്നേഹിതന്മാരെ ആദരിക്കുക. (അബൂ ദാവൂദ്, ഇബ്നു മാജ)
നമ്മുടെ മാതാപിതാക്കളെ ആദരിക്കുവാനും അവര്‍ക്ക് സേവനങ്ങള്‍ ചെയ്യുവാനും അവരുമായി നല്ല സമ്പര്‍ക്കത്തില്‍ കഴിയുവാനും, ജീവിത കാലത്തും മരണാനന്തരവും അവരുടെ നന്മക്കു വേണ്ടി യത്നിക്കാനും അല്ലാഹു നമുക്കെല്ലാവര്‍ക്കും തൗഫീഖ് നല്‍കട്ടെ. രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും ഞങ്ങളെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ. ആമീന്‍