ഖുർആൻ ഹൃദയങ്ങളെ സ്പർശിക്കാൻ

2105

ഞാന്‍ ഖുര്‍ആന്‍ ഓതുകയാണ്.
ഞാനും എന്‍റെ രക്ഷിതാവും തമ്മിലുള്ള ഒരു ബന്ധം ഈ സമയം എനിക്കനുഭവപ്പെടുന്നുണ്ടൊ?

എന്താണ് ഞാന്‍ വായിച്ചു കൊണ്ടിരിക്കുന്നത് എന്നതിനെ സംബന്ധിച്ച കൃത്യമായ ധാരണയുണ്ടൊ?

അല്ലാഹുവിന്‍റെ വാക്കുകളുടെ സൗന്ദര്യവും അതിന്‍റെ സ്വാധീനവും അനുഭവവേദ്യമാകുന്നുണ്ടൊ?

ഓതിക്കഴിഞ്ഞ എത്ര ആയത്തുകള്‍ എന്‍റെ ജീവിതത്തില്‍ ഞാന്‍ പ്രായോഗികമാക്കിയിട്ടുണ്ട്?

ഖുര്‍ആന്‍ എന്നത് കുറച്ചു പേജുകളില്‍ കുറിച്ചിട്ട വാക്കുകളല്ല. തീര്‍ച്ചയായും അവ അല്ലാഹുവിന്‍റെ വചനങ്ങളാണ്. ഖുര്‍ആന്‍ വായിക്കുക എന്നാല്‍ അല്ലാഹു നമ്മോട് സംസാരിക്കുന്നൂ എന്നാണര്‍ത്ഥം. സ്വര്‍ഗ്ഗ നരകങ്ങളെപ്പറ്റി അവന്‍ പറഞ്ഞു തരുന്നു. പ്രവാചകന്മാരുടെ കഥകള്‍ അവനോതിത്തരുന്നു. അവരനുഭവിച്ച പ്രയാസങ്ങളക്കുറിച്ചും അവന്‍ വിശദമാക്കുന്നു.

അതെ, നമ്മളുമായുള്ള അല്ലാഹുവിന്‍റെ സംഭാഷണമാണ് ഖുര്‍ആന്‍. അതിനെ പഠിക്കുക, മനപ്പാഠമാക്കുക, പാരായണം ചെയ്യുക എന്നതൊക്കെയാണ് നമ്മുടെ കടമ.

സ്വഹാബികളുടെ രീതിയാണ് നാം അതിന് സ്വീകരിക്കേണ്ടത്. അവര്‍ ഖുര്‍ആന്‍ പഠിക്കുന്നതോടൊപ്പം 10 ആയത്തുകള്‍ മന:പ്പാഠമാക്കുകയും അവയുടെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുമായിരുന്നു.
അങ്ങനെയാകുമ്പോഴാണ് ഖുര്‍ആനുമായുള്ള നമ്മുടെ ബന്ധം സുദൃഢമാകുന്നതും നമ്മുടെ ജീവിതത്തില്‍ അതിന്‍റെ സ്വാധീനം നിരന്തരം നിലനില്‍ക്കുന്നതും.
ഖുര്‍ആനിനനുസരിച്ചാണ് നമ്മുടെ ജീവിതം എന്ന് പറയാനാകുന്നതും അപ്പോഴാണ്.

ഖുര്‍ആനുമായുള്ള ബന്ധം തുടരാനും അതിന്‍റെ ആശയങ്ങള്‍ ജീവിതത്തില്‍ പ്രയോഗിക്കാനും സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗമുണ്ട്. ഓരോ ആയത്തിന്‍റെ പാരായണ ശേഷവും അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക.

സൂറത്തുല്‍ ഫാതിഹ ഓതാറില്ലെ നാം.
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍.
സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
പരമകാരുണികനും കരുണാനിധിയും.
പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍.

ഇവ ഓതിക്കഴിയുമ്പോള്‍, കാരുണ്യവാനായ റബ്ബിനോട് അവന്‍റെ കരുണാകടാക്ഷങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക. വിചാരണാ നാളില്‍ സ്വന്തത്തിനും കുടുംബത്തിനും പ്രയാസങ്ങളില്ലാതെ സ്വര്‍ഗ്ഗംപൂകാന്‍ അനുഗ്രഹിക്കണേ എന്ന് ദുആ ചെയ്യുക. അങ്ങനെയാകുമ്പോള്‍, ശ്രദ്ധിയില്ലാതെ പാരായണം ചെയ്യുന്നതിനേക്കാള്‍ ഫലദായകമായി ഖുര്‍ആന്‍ നമുക്ക് അനുഭവപ്പെടും.

ശരിയാണ്, ഖുര്‍ആനിക വചനങ്ങളുടെ അര്‍ത്ഥവും ആശയവും പൂര്‍ണ്ണമായും നമുക്ക് അറിഞ്ഞു കൊള്ളണമെന്നില്ല. പക്ഷെ, ഒന്നുണ്ട്; ആയത്തുകളില്‍ വരുന്ന സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള പദങ്ങളും നരകത്തെക്കുറിച്ചുള്ള പദങ്ങളും പാപങ്ങളെക്കുറിച്ചുള്ള പദങ്ങളും നമുക്ക് അറിയാതെ പോകില്ലല്ലൊ? ഉദാഹരണമായി, ജന്നത്ത്, ജഹന്നം, സയ്യിആത്ത്, മഗ്ഫിറത്ത് എന്നിങ്ങനെയൊക്കെയുള്ള പദങ്ങള്‍?

തീര്‍ച്ചയായും! എങ്കില്‍, ആ പദങ്ങളുള്ള ആയത്തുകളിലൂടെ കടന്നു പോകുമ്പോള്‍, അല്ലാഹുവേ, നീയെനിക്ക് സ്വര്‍ഗ്ഗം നല്‍കിയാലും, അല്ലാഹുവേ, നരകത്തില്‍ നിന്നും എനിക്ക് മോചനം തന്നാലും, അല്ലാഹുവേ എന്‍റെ പാപങ്ങള്‍ക്ക് മാപ്പേകിയാലും എന്നിങ്ങനെ പ്രാര്‍ത്ഥിക്കുക.

എല്ലാ സന്ദര്‍ഭങ്ങളിലും ഇപ്രകാരം നാം ചെയ്യുന്നുവെങ്കില്‍ നമ്മുടെ ജീവിതത്തിലേക്ക് ഖുര്‍ആന്‍ പടര്‍ന്നുകയറുന്ന അനുഭൂതി അനുഭവിക്കാനാകുന്നതാണ്.

ഖുര്‍ആനിലൂടെ അല്ലാഹു നമ്മോട് സംസാരിക്കുമ്പോള്‍, നമ്മളും അല്ലാഹുവുമായി സംസാരിക്കുന്നൂ എന്ന അനുഭൂതി!
യഥാര്‍ത്ഥത്തില്‍, ഖുര്‍ആനുമായുള്ള ബന്ധം അല്ലാഹുവുമായുള്ള ശക്തമായ ബന്ധത്തെയാണ് നമ്മുടെ ജീവിതത്തിന് സാധ്യമാക്കിത്തരുന്നത്.

ഈ തൗഫീഖ് അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന ഔദാര്യമാണ്.
ഖുര്‍ആന്‍ പാരായണം ചെയ്യാനും മന:പ്പാഠമാക്കാനും ആശയമുള്‍ക്കൊണ്ട് ദൈനംദിന ജീവിതത്തില്‍ അതിനെ പാലിക്കാനും കാരുണ്യവാനായ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.