പ്രിയപ്പെട്ടവരേ, നമ്മള്‍ പശ്ചാത്തപിച്ചുവൊ, കാരുണ്യവാനായ റബ്ബിനോട് നാം ഖേദിച്ചു മാപ്പിരന്നുവൊ? വിശ്വാസിയുടെ നിയതമായ ഗുണമാണ് ഇസ്തിഗ്ഫാര്‍. റമദാനിലെ നിമിഷങ്ങള്‍ പടച്ചവനില്‍ നിന്ന് മാപ്പു ലഭിക്കാനായുള്ള പ്രാര്‍ത്ഥനകള്‍ക്കായി നാം ഉപയോഗപ്പെടുത്തണം. ഇനിയും റമദാന്‍ ദിനങ്ങള്‍ ബാക്കിയുണ്ടെന്ന് കരുതി ഇസ്തിഗ്ഫാറിനെ മാറ്റിവെക്കരുത്. പരിശുദ്ധനായ പ്രവാചകന്‍(സ്വ) ജീവിതത്തില്‍ ധാരാളം ധാരാളം അസ്തഗ്ഫിറുല്ലാഹ്, അല്ലാഹുവേ, ഞാന്‍ നിന്നോട് മാപ്പിരക്കുന്നു എന്ന് പ്രാര്‍ത്ഥിച്ചിരുന്നു. തെറ്റുകളിലകപ്പെടാത്ത പ്രവാചക ശ്രേഷ്ഠന്‍ ദിനേന 100 പ്രാവശ്യം ഇസ്തിഗ്ഫാര്‍ പറഞ്ഞിരുന്നുവെന്നും വിശ്വാസികള്‍ കൂടുതല്‍ ഇസ്തിഗ്ഫാര്‍ ചൊല്ലണമെന്നും ഹദീസില്‍ വന്നിട്ടുണ്ട്.
മനുഷ്യനെന്ന നിലയ്ക്ക് തെറ്റുകള്‍ സഹജമാണ്. മാപ്പിരക്കലാണ് അതിന്നുള്ള പ്രതിവിധി. ആദം സന്താനങ്ങള്‍ തെറ്റിലകപ്പെടുമെന്നും അവര്‍ പശ്ചാത്താപത്തിലൂടെ പരിശുദ്ധരാകുമെന്നും നബി(സ്വ) പറഞ്ഞു തന്നിട്ടുണ്ട്. അങ്ങനെയുള്ളവരാണ് ഉത്തമ വിശ്വാസികള്‍. ജീവിത സാഹചര്യങ്ങളും ഉപജീവനങ്ങളും കലവറയില്ലാത്ത വിവിധ തരം അനുഗ്രഹം നല്‍കിക്കൊണ്ടിരിക്കുന്ന പടച്ചതമ്പുരാനോടുള്ള ധിക്കാരമാണ് പാപങ്ങള്‍. പാപങ്ങളിലകപ്പെട്ടുപോയാല്‍ പിന്നെ പരഹാരമില്ല എന്ന് കരുതി നമുക്ക് നിരാശപ്പെടേണ്ടതില്ല. സൂറത്തു സുമറിലെ 53ാം വചനം നമുക്ക് നല്‍കുന്നൊരു ആശ്വാസമുണ്ട്.
“പറയുക, സ്വന്തത്തോട് അതിക്രമം ചെയ്തുപോയ എന്റെ അടിമകളേ, എന്റെ കാരുണ്യത്തില്‍ നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങള്‍ മുഴുവന്‍ പൊറുത്തു തരുന്നതാണ്. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാണ്.”
റമദാന്‍ പശ്ചാത്താപത്തിനുള്ള അസുലഭ സന്ദര്‍ഭമാണ്. അത് വിനഷ്ടമാകാതെ നോക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍
Source: www.nermozhi.com