പ്രിയപ്പെട്ടവരേ, റമദാനിന്റെ ദിനരാത്രങ്ങളില്‍ നാം തഖ് വ നേടിക്കൊണ്ടിരിക്കുകയാണ്. നോമ്പിന്റെ ചൈതന്യം തന്നെ തഖ് വയാണ്. ഖുര്‍ആനത് പറഞ്ഞിട്ടുണ്ട്.
“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ് വയുള്ളവരാകുവാന്‍ വേണ്ടിയത്രെ അത്.” (ബക്വറ/183)
അല്ലാഹുവിലുള്ള സൂക്ഷ്മത, ധര്‍മ്മനിഷ്ഠാപാലനം, ദോഷബാധയെ സൂക്ഷിക്കല്‍ തുടങ്ങിയ ആശയങ്ങള്‍ തഖ് വയ്ക്ക് കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഏതര്‍ത്ഥവും മുഅ്മിനിന്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. എന്താണ് തഖ് വയുടെ ഇസ്ലാമിക വിശദീകരണം? അല്ലാഹുവിന്റെ കല്‍പനകളെ അവലംബിച്ചു ജീവിക്കുക, അവന്റെ നിരോധങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക, മിതമായി പറഞ്ഞാല് ഇതാണ് തഖ് വ.
തഖ് വയുടെ ആവശ്യകതയെക്കുറിച്ച് അതിന്റെ ശ്രേഷ്ഠതയെക്കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ ഒരുപാട് പറഞ്ഞിട്ടുണ്ട്. ഇഹലോകജീവിതമെന്നത് ഒരു യാത്രയാണ്. പ്രസ്തുത യാത്രയില്‍ നാം കൊണ്ടുനടക്കുന്ന ഉത്തമമായ ഭക്ഷണമാണ് തഖ് വ അഥവാ സൂക്ഷ്മത. അല്ലാഹു പറഞ്ഞു:
“നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക.” (ബക്വറ/197)
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, തീര്‍ച്ചയായും അല്ലാഹു സൂക്ഷ്മതയുള്ളവരുടെ കൂടെയാണ്. തീര്‍ച്ചയായും മുത്തക്വികളില്‍ നിന്നാണ് കര്‍മ്മങ്ങള്‍ സ്വീകരിക്കുന്നത്. അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവന്ന് അവന്റെ കാര്യങ്ങള്‍ അല്ലാഹു എളുപ്പമാക്കിക്കൊടുക്കുന്നതാണ്. മുത്തക്വികള്‍ക്ക് സ്വര്‍ഗ്ഗം അടുപ്പിക്കപ്പെടുന്നതാണ്. തുടങ്ങിയ ആയത്തുകള്‍ ഈ റമദാനിന്റെ നാളുകളില്‍, നാം പ്രാധാന്യപൂര്‍വ്വം മനസ്സിലേക്കെടുക്കുക. നോമ്പിലൂടെ നമ്മുടെ ഹൃദയത്തില്‍ തഖ് വയുടെ ആധിക്യമുണ്ടാകട്ടെ. അല്ലാഹു നമുക്കതിന് തൗഫീഖ് പ്രധാനം ചെയ്യട്ടെ.
Source: www.nermozhi.com