പ്രിയപ്പെട്ടവരേ, അല്ലാഹുവിനെ സൂക്ഷിക്കുക. ത്ഖ് വയുള്ളവരാകുക. തഖ് വയാണ് ഇരുലോക വിജയത്തിനുമുള്ള ആധാരം.
ദിനങ്ങള്‍ നടന്നു നീങ്ങുന്നു. വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോകുന്നു. നമ്മുടെ ജീവതത്തിലെ പലഘട്ടങ്ങളും പോയ്ക്കഴിഞ്ഞു. ആയുസ്സിന്റെ ക്ഷിപ്രവേഗതക്കു മുന്നില്‍ മനുഷ്യന്‍ പകച്ചു നില്‍ക്കുകയാണ്. ഓരോ വര്‍ഷങ്ങളുടേയും പോക്കു വരവുകള്‍ എത്ര പെട്ടെന്നാണ് നടക്കുന്നത്! ജീവിത സംഭവങ്ങളെല്ലാം ഒന്നിനു പിറകെ മറ്റൊന്നെന്നോണം മാറിമറിയുകയാണ്. ഒരു കാര്യം ഉറപ്പാണ്, നമ്മുടെ ജീവിതത്തില്‍ പിറവികൊണ്ട ഒരു വാക്കും ഒരു പ്രവൃത്തിയും കാലത്തിന്റെ മാറ്റത്തില്‍ മാഞ്ഞു പോകുന്നില്ല. കാറ്റിനോടൊപ്പം മറഞ്ഞു പോകുന്നില്ല. ഓരോ മുസ്ലിമും സജീവമായി ചിന്തിക്കേണ്ട കാര്യമാണിത്. അല്ലാഹു പറഞ്ഞു
“എന്നാല്‍ നിന്റെ രക്ഷിതാവിനെത്തന്നെയാണ, അവരെ മുഴുവന്‍, അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനെ സംബന്ധിച്ച്. നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും.” (ഹിജ്‌റ്/92, 93)
നബി(സ്വ) അരുളി: “തന്റെ ആയുസ്സ് എന്തില്‍ വിനിയോഗിച്ചു, തന്റെ അറിവുകള്‍ എന്തിന് ഉപയോഗിച്ചു, തന്റെ സമ്പത്ത് എവിടെ നിന്ന് നേടി, എന്തിനാണ് ചെലവഴിച്ചു, തന്റെ ശരീരം എന്തിനായി പ്രവര്‍ത്തിച്ചു എന്നാ കാര്യങ്ങളില്‍ ചോദ്യം ചെയ്യപ്പെടാതെ ഖിയാമത്തു നാളില്‍ ഒരാളുടെ കാലുകളും മുന്നോട്ടു ചലിക്കുകയില്ല.”
മനുഷ്യരുടെ മുഴുവന്‍ വാക്കുകളും കര്‍മ്മങ്ങളും അല്ലാഹുവിന്റെ നിരീക്ഷണത്തിലാണെന്നും അവ രേഖപ്പെടുത്തപ്പെടുന്നുണ്ടെന്നും ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്ന് ഒരോ മുസ്ലിമിനും അറിയാവുന്നതാണ്. മുന്‍കൂട്ടി ചെയ്തതും ചെയ്യാനായി പ്ലാന്‍ ചെയ്തതുമൊക്കെ അല്ലാഹുവിന്റെ രേഖയിലുണ്ട്. അവയില്‍ രാപ്പകല്‍ ഭേദമില്ല. എല്ലാം സൂക്ഷ്മമാണ്. ഓരോ രാത്രിയിലും പകലിലെ കണക്കെടുപ്പും ഓരോ പകലിലും രാത്രിയിലെ കണക്കെടുപ്പും കണിശമായി നടക്കുന്നുണ്ട്.
അബൂമൂസല്‍ അശ്അരി(റ) നിവേദനം ചെയ്ത ഒരു ഹദീസിന്റെ താത്പര്യം ഇപ്രകാരമാണ്. നബിയൊരിക്കല്‍ അഞ്ചു കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞു “അല്ലാഹു ഉറങ്ങുന്നില്ല. അവന്ന് ഉറങ്ങേണ്ട ആവശ്യവുമില്ല. അവന്‍ നീതി നിലര്‍ത്തുന്നു. രാത്രിയലെ മനുഷ്യ കര്‍മ്മങ്ങള്‍ പകലുണരും മുമ്പ് അവനിലേക്കെത്തുന്നു. പകലിലെ കര്‍മ്മങ്ങള്‍ രാവണയും മുന്നെ അവനിലേക്കെത്തു.” (മുസ്ലിം)
കിയാമത്തു നാള്‍ ആസന്നമായാല്‍ കര്‍മ്മങ്ങളുടെ പുസ്തകം തുറന്നു വെച്ചാല്‍, തുലാസുകള്‍ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍ അല്ലാഹു പറയും: “ഓരോ മനുഷ്യന്നും അവന്റെ ശകുനം അവന്റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണെ്ടത്തും. നീ നിന്റെ ഗ്രന്ഥം വായിച്ചുനോക്കുക. നിന്നെസ്സംബന്ധിച്ചിടത്തോളം കണക്ക് നോക്കാന്‍ ഇന്ന് നീ തന്നെ മതി.”
വിഹ്വലമായ വല്ലാത്തൊരു സന്ദര്‍ഭമാണത്. ഹൃദയത്തില്‍ ഭയാശങ്കകള്‍ നിറഞ്ഞു പൊന്തുന്ന അവസരം. അല്ലാഹു പറഞ്ഞു:
“(അന്ന്) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍ നീ കാണുന്നതാണ്. ഓരോ സമുദായവും അതിന്റെ രേഖയിലേക്ക് വിളിക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണ്. (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.) ഇതാ നമ്മുടെ രേഖ. നിങ്ങള്‍ക്കെതിരായി അത് സത്യം തുറന്നുപറയുന്നതാണ്. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു.” (ജാഥിയ 28-29)
വലിയൊരു വിചാരണാ സദസ്സാണത്. വിചാരണക്കു ശേഷം എവിടേക്ക് തങ്ങള്‍ നയിക്കപ്പെടും എന്ന ആശങ്കയിലാണ് മനുഷ്യ സഞ്ചയം.സന്തോഷത്തിലേക്കാണൊ സന്താപത്തിലേക്കാണൊ തങ്ങളുടെ യാത്ര. നിത്യദുഖത്തിലേക്കും ദുരിതത്തിലേക്കുമായിരിക്കുമൊ? ഒന്നുമറിഞ്ഞുകൂടാ! പക്ഷെ, ഒന്നുണ്ട്, വലതു കയ്യില്‍ തന്റെ കര്‍മ്മ പുസ്തകം കിട്ടിയവന്ന് സന്തോഷിക്കാം. ഇടതു കയ്യില്‍ തന്റെ പുസ്തകം ലഭിച്ചവന്ന് വിലപിക്കാം. അല്ലാഹു പറഞ്ഞു:
“എന്നാല്‍ ( പരലോകത്ത് ) ഏതൊരുവന്ന് തന്റെ രേഖ വലതുകൈയ്യില്‍ നല്‍ക പ്പെട്ടുവോ, അവന്‍ ലഘുവായ വിചാരണയ്ക്ക് ( മാത്രം ) വിധേയനാകുന്നതാണ്.” (ഇന്‍ശിക്വാക്-7,8)
“എന്നാല്‍ ഏതൊരുവന് തന്റെ രേഖ അവന്റെ മുതുകിന്റെ പിന്നിലൂടെ കൊടുക്ക പ്പെട്ടുവോ അവന്‍ നാശമേ എന്ന് നിലവിളിക്കുകയും, ആളിക്കത്തുന്ന നരകാഗ്‌നിയില്‍ കടന്ന് എരിയുകയും ചെയ്യും.” (ഇന്‍ശിഖാഖ് 10, 11, 12)
ഖിയാമത്തുനാളിലെ വിചാരണ സത്യസന്ധമാണ്, നീതിപൂര്‍ണ്ണമാണ്. അവിടെ സ്ഥാനമാങ്ങള്‍ പരിഗണിക്കപ്പെടില്ല, മനുഷ്യന്റെ ആകാരാകൃതികളും പരിഗണനീയമല്ല. അവന്റെ കര്‍മ്മങ്ങള്‍ മാത്രമാണ് പരിഗണനീയം. നീതിയുടെ തുലാസില്‍ കര്‍മ്മങ്ങളുടെ ഏറ്റക്കുറിച്ചിലാണ് നടക്കുക. പാപികള്‍ പരിതാപകരമായി നിന്ദിക്കപ്പെടും. അല്ലാഹുവിനെ സുക്ഷിച്ചും അവന്റ വിധിവിലക്കുകളെ മാനിച്ചും ജീവിച്ചവന്‍ ഉയര്‍ത്തപ്പെടും. പ്രവാചകന്‍(സ്വ) പറഞ്ഞു;
“കിയാമത്തുനാളില്‍ തടിച്ചു കൊഴുത്ത ആകാരമുളള ഒരുത്തന്‍ വിചാരണക്കെത്തും. പക്ഷെ അല്ലാഹുവിങ്കല്‍ ഒരു കൊതുകിന്റെ ചിറകിനോളും അവന്ന് തൂക്കമുണ്ടാകില്ല. ശേഷം നബി(സ്വ), “അതിനാല്‍ നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ യാതൊരു തൂക്കവും (സ്ഥാനവും) നിലനിര്‍ത്തുകയില്ല.” എന്ന കഹ്ഫിലെ 105മത്തെ വചനം ഓതുകയുണ്ടായി.
അര്‍ശിനു മുകളില്‍ ഉപവിഷ്ടനായ അല്ലാഹു തന്റെ ദാസന്മാരോട് ദയാലുവും കരുണാവാരിധിയുമായവനാണ്. അവരുടെ ജീവിതത്തില്‍ അവനെപ്പോഴും പ്രതീക്ഷ നല്‍കുന്നു. നഷ്ടപ്പെട്ട സല്‍കര്‍മ്മങ്ങള്‍ നേടിയെടുക്കാന്‍ അവന്‍ ആഹ്വാനവും അവസരവും നല്‍കിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ, മരണം വന്നെത്തും മുമ്പെ, പാപങ്ങള്‍ മായ്ച്ചു കളയുന്ന സല്‍വൃത്തികളില്‍ ഏര്‍പ്പെടുക എന്നതാകണം വിശ്വാസികളുടെ ഗുണം.
ഓരോ വര്‍ഷവും വ്യത്യസ്തങ്ങളായ നന്മകളുമായി ബന്ധപ്പെടാനുള്ള സൗകര്യങ്ങള്‍ അല്ലാഹു ഒരുക്കുകയാണ്. അവ മുഖേന പ്രതിഫലങ്ങള്‍ അധികരിപ്പിക്കാന്‍ വേണ്ടി. പാപം ചെയ്തവന്റെ പശ്ചാത്താപം സ്വീകരിച്ച് മാപ്പു നല്‍കുന്നവനാണ് അല്ലാഹു. അടിമകളുടെ രാപ്പകലുകളിലെ പശ്ചാത്താപങ്ങള്‍ക്ക് അല്ലാഹു ചെവികൊടുക്കുക തന്നെ ചെയ്യും. തന്റെ ദാസന്‍ ഒരു നന്മചെയ്താല്‍ അവന്‍ പത്ത് നന്മകളുടെ പ്രതിഫലമാണ് രേഖപ്പെടുത്തുന്നത്. അതിനേക്കാള്‍ ഇരട്ടിയായും നല്‍കുന്നതാണ്. എന്നാല്‍ ഒരു പാപത്തിന്റെ ഫലമായി ഒന്നേയൊന്ന് മാത്രമാണ് രേഖപ്പെടുത്തപ്പെടുന്നത്. അല്ലാഹു വിന്‍റെ കാരുണ്യമാണത്. അല്ലാഹു പറഞ്ഞു:
“പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക് പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു.” (ഫുര്‍ക്വാന്‍ – 70)
റമദാനിലെ നോമ്പ്, അറഫാ നോമ്പ്, സുബ്ഹാനല്ലാഹു വബിഹംദിഹി എന്ന ദിക്‌റ് ദിവസത്തില്‍ 100 തവണ ചൊല്ലുന്നത്, ഇമാമിന്റെ ഫാതിഹക്കു ശേഷം ഇമാമിനോടൊപ്പം ആമീന്‍ എന്ന് പറയുന്നത്. നമസ്‌കാരത്തിനായി നന്നായി വുളു ചെയ്യുന്നത്, അഞ്ചുനേരത്തെ നമസ്‌കാരം കൃത്യതയോടെ നിര്‍വഹിക്കുന്നത്, തെറ്റുകുറ്റങ്ങളില്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നത് തുടങ്ങിയ ഇബാദത്തകളെല്ലാം സത്യവിശ്വാസികള്‍ക്ക് പാപങ്ങള്‍ പൊറുത്തു കിട്ടാനും കൂടതല്‍ പ്രതിഫലങ്ങള്‍ കരസ്ഥമാക്കാനും സഹായകമാകുന്നവയാണ്. അതു കൊണ്ടു തന്നെ ഈ ആരാധനാ കര്‍മ്മങ്ങളിലെല്ലാം ആയുസ്സിന്റെ അവസാന ഘട്ടം വന്നെത്തും മുമ്പ് കൂടുതല്‍ ശ്രദ്ധയോടെ സൂക്ഷ്മത കാണിക്കാനും താത്പര്യം കാണിക്കാനും മുഅ്മിനുകള്‍ തയ്യാറാകേണ്ടതുണ്ട്.
പ്രിയപ്പെട്ടവരേ, നിങ്ങള്‍ ചിന്തിക്കുക. അല്ലാഹുവിന്റെ ദയയും നന്മയും പ്രവിശാലമാണ്. മുസ്ലിമിനെ ബാധിക്കുന്ന പരീക്ഷണങ്ങളെല്ലാം, എത്ര നിസ്സാരമായതാണെങ്കിലും ശരി, പാപങ്ങള്‍ പൊറുക്കാനുള്ള സന്ദര്‍ഭമായിട്ടാണ് അല്ലാഹു സംവിധാനിച്ചിരിക്കുന്നത്. നബി (സ്വ) പറഞ്ഞു: “ഏതൊരു മുസ്ലിമിന് ക്ഷീണമൊ, പ്രയാസമൊ, വേദനയൊ, ദുഖമൊ, മനപ്രയാസമൊ, ഉപദ്രവമൊ ബാധിക്കുന്നുവൊ, അല്ലെങ്കില്‍ കാലില്‍ ഒരു മുള്ള് കുത്തുന്നുവൊ അതു മുഖേന അല്ലാഹു അവന്റെ പാപങ്ങള്‍ക്ക് മാപ്പു നല്‍കുന്നതാണ്.” (ബുഖാരി)
പ്രിയപ്പെട്ടവരേ, ദിനങ്ങളും വര്‍ഷങ്ങളും നീങ്ങുകയാണ്. ധ്രുതഗതിയിലാണ് അതിന്റെ യാത്ര. കയ്യിലുള്ള ആയുസ്സും മുന്നിലുള്ള അവസരങ്ങളും സല്‍കര്‍മ്മങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുക. വാക്കുകളും കര്‍മ്മങ്ങളുമെല്ലാം അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ് എന്ന് മനസ്സിലാക്കി ജീവിക്കുക. അല്ലാഹു പറഞ്ഞു
“ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക് നല്‍കുകയും ചെയ്യും.” (നഹ്ല് – 97) അല്ലാഹു അനുഗ്രഹിക്കട്ടെ.
[അശ്ശൈഖ് അബ്ദുല്‍ ബാരീ അസ്സുബൈതി (ഹഫിളഹുല്ലാഹ്) മസ്ജിദുന്നബവിയുടെ മിമ്പറില്‍ നിര്‍വഹിച്ച ജുമുഅ ഖുതുബയുടെ സംക്ഷിപ്ത വിവര്‍ത്തനം. 06-08-2021]
Source: www.nermozhi.com