അബൂ ദറുല്‍ ഗിഫാരി (റ) നിവേദനം. നബി (സ്വ) തന്‍റെ റബ്ബില്‍ നിന്നും പ്രസ്താവിക്കുന്നു. “എന്‍റെ ദാസന്മാരേ, അതിക്രമം എനിക്ക് നിഷിദ്ധമാണ്. നിങ്ങളിലും ഞാനതിനെ നിഷിദ്ധമാക്കിയിരിക്കുന്നു. ആകയാല്‍ നിങ്ങളന്യോന്യം അതിക്രമങ്ങള്‍ ചെയ്യരുത്.”
“എന്‍റെ ദാസന്മാരെ, നിങ്ങളെല്ലാവരും വഴിയറിയാത്തവരാണ്; ഞാന്‍ വഴി കാണിച്ചവനൊഴികെ. ആകയാല്‍ നിങ്ങളെന്നോട് വഴിചോദിക്കുക, ഞാന്‍ നിങ്ങള്‍ക്ക് വഴി കാണിച്ചു തരും.”
“എന്‍റെ ദാസന്മാരെ, നിങ്ങളെല്ലാവരും വിശപ്പുള്ളവരാണ്; ഞാന്‍ ഭക്ഷിപ്പിച്ചവനൊഴികെ. ആകയാല്‍ നിങ്ങള്‍ എന്നോട് ഭക്ഷണം തേടുക, ഞാന്‍ നിങ്ങളെ ഭക്ഷിപ്പിക്കുന്നതാണ്.”
“എന്‍റെ ദാസന്മാരെ, നിങ്ങളെല്ലാവരും വസ്ത്രങ്ങളില്ലാത്തവരാണ്; ഞാന്‍ ഉടുപ്പിച്ചവനൊഴികെ. ആകയാല്‍ നിങ്ങള്‍ എന്നോട് വസ്ത്രം തേടുക, ഞാന്‍ നിങ്ങളെ ഉടുപ്പിക്കുന്നതാണ്.”
“എന്‍റെ ദാസന്മാരെ, രാവിലും പകലിലും നിങ്ങള്‍ തെറ്റുകള്‍ ചെയ്യുന്നവരാണ്. ഞാനാണ് എല്ലാ പാപങ്ങളേയും പൊറുക്കുന്നവന്‍. ആകയാല്‍ നിങ്ങള്‍ എന്നോട് മാപ്പിരക്കുവീന്‍ ഞാന്‍ നിങ്ങള്‍ക്ക് മാപ്പു നല്‍കുന്നതാണ്.”
“എന്‍റെ ദാസന്മാരെ എന്നെ ദ്രോഹിക്കാവുന്ന ഒരു ശേഷിയും നിങ്ങള്‍ക്കില്ല. എനിക്ക് ഉപകാരം ചെയ്യാനുള്ള ശേഷിയും നിങ്ങളുടെ പക്കലില്ല.”
“എന്‍റെ ദാസന്മാരേ, നിങ്ങളുടെ ആദിമ സമൂഹവും അവസാന സമൂഹവും, മനുഷ്യരും ജിന്നുകളും മുഴുവന്‍, അതിഭക്തനായ ഒരു വ്യക്തിയുടെ മാനസ്സുള്ളവരായിരുന്നാലും ശരി, അത് എന്‍റെ ആധിപത്യത്തില്‍ അല്‍പം പോലും വര്‍ദ്ധനവുണ്ടാക്കുന്നതല്ല!”
“എന്‍റെ ദാസന്മാരേ, നിങ്ങളുടെ ആദിമ സമൂഹവും അവസാന സമൂഹവും, മനുഷ്യരും ജിന്നുകളും മുഴുവന്‍, അതിദുഷ്ടനായ ഒരു വ്യക്തിയുടെ മനസ്സുള്ളവരായിരുന്നാലും ശരി, അത് എന്‍റെ ആധിപത്യത്തില്‍ അല്‍പം പോലും കുറവു വരുത്തുകയുമില്ല!”
“എന്‍റെ ദാസന്മാരേ, നിങ്ങളുടെ ആദിമ സമൂഹവും അവസാന സമൂഹവും, മനുഷ്യരും ജിന്നുകളും മുഴുവന്‍ ഒരു പ്രദേശത്ത് ഒരുമിച്ചുകൂടി എന്നോട് പ്രാര്‍ത്ഥിക്കുകയും, ഓരോരുത്തര്‍ക്കും അവനവന്‍ ചോദിച്ചത് ഞാന്‍ നല്‍കുകയും ചെയ്താലും എന്‍റെ കൈവശമുള്ളതില്‍ നിന്ന്, കടലില്‍ മുക്കിയ സൂചിമുനയിലെ ജലകണികയുടെയത്രയല്ലാതെ കുറയുകയില്ല.” (മുസ്‌ലിം)
Source: www.nermozhi.com